പാങ്ങോട്. പാങ്ങോട് പഞ്ചായത്തില്‍ വികസനം സാധ്യമാക്കിയില്ലെന്നാരോപിച്ചു വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധസ്വരം ഉയരുന്നു. തിരഞ്ഞെടുപ്പു കാലഘട്ടത്തില്‍ രാഷ്ട്രീയകക്ഷികള്‍ വിഷയങ്ങള്‍ ശ്രദ്ധിക്കുമെന്ന വിശ്വാസത്തിലാണു നാട്ടുകാര്‍.
തിരഞ്ഞെടുപ്പു ബഹിഷ്കരണ നോട്ടീസുകളും പതിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കല്ലുമല,പുളിക്കരക്കുന്നു,കാഞ്ചിനട,വട്ടപ്പുല്ല്,ചെമ്പന്‍കോട്,ഭരതന്നൂര്‍ അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലെ താമസക്കാര്‍ ഭൂമി, വീട്, റോഡ്, വൈദ്യുതി എന്നിവയ്ക്കായി വര്‍ഷങ്ങളായി ഒാഫിസുകള്‍ കയറിയിറങ്ങുകയാണെന്നു നാട്ടുകാര്‍ പറയുന്നു. കല്ലുമലയില്‍ അരനൂറ്റാണ്ടായി താമസിക്കുന്ന 25 കുടുംബങ്ങള്‍ക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ലെന്നതാണ് ആക്ഷേപം.
1977നു മുന്‍പു കൈവശമുണ്ടായിരുന്ന ഭൂമിയിലാണു പ്രദേശവാസികള്‍ താമസിച്ചുവരുന്നതെന്ന രേഖയും ഇവരുടെ പക്കലുണ്ട്. മാറിമാറിവരുന്ന ഭരണകര്‍ത്താക്കള്‍ ഒാരോ തിരഞ്ഞെടുപ്പുകാലത്തും പട്ടയം വാങ്ങിത്തരാം എന്ന വാഗ്ദാനം മാത്രമാണു നല്‍കുന്നതെന്നും പഞ്ചായത്തിലും വില്ലേജിലും താലൂക്കിലും കയറിയിറങ്ങിയിട്ടും നടപടിയാകുന്നില്ലെന്നുമാണു കല്ലുമല നിവാസികളുടെ പരാതി. രാഷ്ട്രീയക്കാര്‍ ദയവായി ഇവിടേക്കു വരരുതെന്നും വോട്ട് ചെയ്യാന്‍ വരുന്നില്ലെന്നും ബോര്‍ഡും സ്ഥാപിച്ചിരിക്കുകയാണ്.
കല്ലറ-പാലോട് റോഡില്‍ കരടിമുക്കില്‍ നിന്നു പുളിക്കരക്കുന്നിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയാണു പുളിക്കരക്കുന്ന് നിവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. കാല്‍നടപോലും ദുഷ്കരമായ റോഡിന്റെ
ശോചനീയാവസ്ഥ അധികൃതരെ അറിയിച്ചിട്ടും നടപടിയായില്ല. പത്തു വര്‍ഷമായി തുടര്‍ച്ചയായി പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്. വികസനം സാധ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം കുടുംബസംഗമം നടക്കുകയും തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കൊച്ചാനക്കല്ലുവിള-കോട്ടയപ്പന്‍കാവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊച്ചാനക്കല്ലുവിള നിവാസികളും പ്രതിഷേധത്തിലാണ്.
ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ശോചനീയാവസ്ഥയിലുള്ള വീടുകള്‍ നവീകരിക്കാനോ പുതിയ വീടുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നാണു കോളനിവാസികളുടെ ആരോപണം. വനമേഖലയിലൂടെ കടന്നുപോകുന്ന ഗാര്‍ഡ് സ്റ്റേഷന്‍-ചെമ്പന്‍കോട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണു ചെമ്പന്‍കോട് നിവാസികളുടെ ആവശ്യം. വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്ന വട്ടപ്പുല്ല് നിവാസികളുടെ ആവശ്യം ഇതുവരെയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവിടത്തെ വിദ്യാര്‍ഥികള്‍ രാത്രി പഠിക്കാന്‍ മണ്ണെണ്ണവിളക്കിനെയാണ് ആശ്രയിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മേഖലയില്‍ വൈദ്യുതി എത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

