പാലോട്. പഠന വഴിയില്‍ കാന്‍സര്‍ ബാധിച്ചെങ്കിലും അതിനെ പുഞ്ചിരിയോടെ നേരിട്ട കൊച്ചു മിടുക്കി ശില്പ പക്ഷേ ഇന്നലെ മരണത്തിനു കീഴടങ്ങി. കന്യാകുളങ്ങര ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസുകാരിയും, വെമ്പായം കുതിരകുളം മദപുരം തടത്തരികത്തു വീട്ടില്‍ പ്രീജയുടെ മൂത്തമകളുമായ ശില്പ (15) യ്ക്ക് ഒരു വര്‍ഷം മുമ്പാണ് കാന്‍സര്‍ ബാധിച്ചത്. പുസ്തകങ്ങളിലൂടെ കാന്‍സര്‍ സെല്ലുകളെ അടുത്തറിഞ്ഞ ശില്പ പക്ഷേ തളര്‍ന്നില്ല.
അതിനെ പുഞ്ചിരിയോടെ നേരിട്ടു. പണം മാത്രമായിരുന്നു തടസം. ഇതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 ന് 'മനോരമ ശില്പയ്ക്ക് ചികില്‍സാ സഹായം അഭ്യര്‍ഥിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്കൂള്‍ അധികൃതര്‍ അടക്കം സുമനസുകളായ പലരും സഹായിച്ചു ചികില്‍സ തുടരവെയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. പഠനത്തില്‍ മിടുക്കിയായിരുന്ന ശില്പയ്ക്ക് ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതാനും കഴിഞ്ഞില്ല. ഇതേ സ്കൂളിലെ എട്ടാം ക്ളാസുകാരി ഗ്രീഷ്മ സഹോദരിയാണ്. പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. അമ്മ പ്രീജയ്ക്ക് തൊഴിലുറപ്പില്‍ നിന്നു കിട്ടുന്നതാണ് വരുമാനം.

