നെടുമങ്ങാട്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചൂടേറിത്തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ. സമ്പത്തിന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയുടെയും പാര്‍ലമെന്റ് മണ്ഡലം തലത്തിലും നിയോജകമണ്ഡലം തലത്തിലുമുള്ള കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ബിജെപി സ്ഥാനാര്‍ഥി എസ്.ഗിരിജകുമാരിയുടെ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഇന്നു നെടുമങ്ങാട്ടു നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കവലപ്പര്യടനം കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കവലകള്‍ തോറുമുള്ള പര്യടനം 23ന് അവസാനിക്കും. എല്‍ഡിഎഫിന്റെ പഞ്ചായത്ത്തല കണ്‍വന്‍ഷനുകളും പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്ത്തല തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളും തുറന്നുകഴിഞ്ഞു.
ഇനി ബൂത്ത് ഓഫിസുകള്‍ തുറക്കുന്ന പ്രവര്‍ത്തനമാണു നടക്കുന്നത്. യുഡിഎഫിന്റെ പഞ്ചായത്ത്തല കണ്‍വന്‍ഷനുകള്‍ 22നും മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ 23നുമാണ് അവസാനിക്കുക. 22 മുതല്‍ വെരിഫിക്കേഷന്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനവും ആരംഭിക്കും. മണ്ഡലം ഓഫിസുകള്‍ തുറന്നുകഴിഞ്ഞു. ബൂത്ത് ഓഫിസുകള്‍ 25നു മുന്‍പു പ്രവര്‍ത്തനം ആരംഭിക്കും.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ജീപ്പ് പര്യടന പ്രചാരണത്തിന് അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ ആലുംമൂട്ടില്‍ നിന്ന് 26നു തുടക്കും കുറിക്കും.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജീപ്പ് പ്രചാരണ പര്യടനം 24നു കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ് ആരംഭിക്കുക. പഞ്ചായത്ത്തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പു
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകും. ഇപ്പോഴും അങ്ങിങ്ങു ചുവരെ ഴുത്തുകളും പോസ്റ്റര്‍ പതിക്കലുമൊക്കെ നടക്കുന്നുണ്ടെങ്കിലും കവലകള്‍ വിട്ട് ഉള്‍പ്രദേശങ്ങളിലേക്കു പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരു മുന്നണിയും തുടങ്ങിയിട്ടില്ല. ബൂത്ത് ഓഫിസുകളുടെ പ്രവര്‍ത്തനം സജീവമാകുന്നതോടെ വെരിഫിക്കേഷനും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതു മുതല്‍ മാത്രമേ ഉള്‍പ്രദേശങ്ങളിലേക്കു തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍ വ്യാപകമാവുകയുള്ളു.

