ഭരതന്നൂർ: ഭരതന്നൂർ ശിവക്ഷേത്രത്തിന് സമീപമുള്ള കുളം നവീകരിച്ച് നീന്തൽ കുളമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാരും സ്കൂൾഅധികൃതരും ക്ഷേത്രഉപദേശകസമിതി അംഗങ്ങളും പല തവണ സ്പോർട്സ് കൗൺസിൽ, ത്രിതലപഞ്ചായത്തുകൾക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് പാങ്ങോട് പഞ്ചായത്ത് അധികർതരും ജില്ലാപഞ്ചായത്ത് മെമ്പറും ഇക്കാര്യം പരിഗണിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി. എന്നാൽ പിന്നീട് ഒന്നും നടന്നില്ലെന്ന് മാത്രമല്ല കുളം വൃത്തിയാക്കാൻപോലും അധികൃതർ തയാറായില്ല. പാങ്ങോട്ടെ ഏറ്റവും വലിയ കുളമാണിത്. വേനലിൽപോലും വറ്റാറില്ല. ആധുനിക രീതിയിൽ നവീകരിച്ചെടുത്താൽ നല്ലൊരു നീന്തൽ പരിശീലനകേന്ദ്രമാക്കി മാറ്റാനാകും. ഏകദേശം 50 സെന്റ് സ്ഥലത്ത് ദീർഘചതുരാകൃതിയിലുള്ള കുളം കൃഷിവകുപ്പിന്റെ കീഴിലാണ്. അതുകൊയുതന്നെ സർക്കാരിന് കുളം ഏറ്റെടുക്കാൻ മറ്റു ബുദ്ധിമുട്ടുകളില്ല. കുട്ടികളെ നീന്തൽ പരിശീലിപ്പിക്കണമെന്ന് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ഉണ്ടായിരുന്നങ്കിലും നീന്തൽ കുളമില്ലാത്തതിനാൽ ഇവിടെ അതിന് കഴിഞ്ഞിരുന്നില്ല.


