പാലോട്. ഇടിഞ്ഞാര്‍ ഗവ. ട്രൈബല്‍ സ്കൂളിന്റെ വക വസ്തുവില്‍ നിന്ന് ഉടച്ചിട്ടിരുന്ന നാലു ലോഡ് പാറ സ്വകാര്യ വ്യക്തി കടത്തി പാപ്പനംകോട്ടെ തന്റെ വസ്തുവില്‍ കൊണ്ടിട്ടതായി പരാതി. ഇതു സംബന്ധിച്ചു പിടിഎ കമ്മിറ്റിയില്‍ വിഷയങ്ങളായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിനു പരാതി നല്‍കിയെങ്കിലും പരിഹാരമാകാതെ വിഷയം തുടരുകയാണ്.
പാറ തിരിച്ചെടുക്കാന്‍ സ്കൂള്‍ അധികൃതരോ സ്കൂള്‍ പിടിഎയ്ക്ക് പാറയുടെ വില നല്‍കാന്‍ ഈ വ്യക്തിയോ തയ്യാറായിട്ടില്ലെന്നുമാണ് ആക്ഷേപം. ലോഡിങ് തൊഴിലാളികളുടെ സഹായത്തോടെയാണു പാറ കയറ്റിപോയതെന്നു പറയുന്നു. സ്കൂളിന്റെ വസ്തുവിലെ പാറ പരിസരവാസികള്‍ക്കു വഴിക്കു വേണ്ടിയാണ് ഉടച്ചു മാറ്റിയത്.
പാറ ഉടച്ചുമാറ്റാന്‍ പണം മുടക്കിയ വ്യക്തി തന്നെയാണു പാറ കൊണ്ടു പോയതെന്നു പറയുന്നുണ്ടെങ്കിലും സ്കൂളുമായി ആലോചിക്കാതെ പൊതു മുതല്‍ കൊണ്ടു പോയത് കുറ്റകരമാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

