പാലോട്. ക്ഷീര കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചതു ചോദ്യം ചെയ്തതിനു പാലുവള്ളി ക്ഷീരസംഘത്തിനു കീഴില്‍ എട്ടുവര്‍ഷമായി ആനകുളത്തു പ്രവര്‍ത്തിക്കുന്ന പാല്‍ സംഭരണകേന്ദ്രം അടച്ചുപൂട്ടിയതായി പരാതി. പാലിന്റെ വിലയോ ഗുണനിലവാരമോ കൃത്യമായി രേഖപ്പെടുത്തി നല്‍കാറില്ലെന്നും ക്ഷേമനിധിയിലേക്കു പിടിക്കുന്ന തുകയ്ക്കു രസീതു നല്‍കുന്നില്ലെന്നും 60 വയസ്സു കഴിഞ്ഞ കര്‍ഷകര്‍ക്കു പെന്‍ഷന്‍ നല്‍കാനോ കാലിത്തീറ്റ സബ്സിഡി നല്‍കാനോ കുളമ്പുരോഗം വന്നു ചത്ത പശുക്കളുടെ ഉടമകള്‍ക്ക് ആനുകൂല്യം വാങ്ങി നല്‍കാനോ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.
വിഷയങ്ങള്‍ പ്രസിഡന്റിനോടു പറഞ്ഞപ്പോള്‍ നിഷേധ നിലപാടു സ്വീകരിച്ചതിനെ തുടര്‍ന്നു കര്‍ഷകര്‍ വാമനപുരം ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്കു പരാതി നല്‍കിയതിന്റെ പിറ്റേദിവസം പാലിന്റെ വില പോലും നല്‍കാതെ സബ്സെന്റര്‍ അടച്ചുപൂട്ടുകയായിരുന്നെന്നും പറയുന്നു. കര്‍ഷകര്‍ ഇപ്പോള്‍ നന്ദിയോട്ടാണു പാല്‍ നല്‍കുന്നത്. ഇത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ്. എന്നാല്‍ സെന്റര്‍ കുറേ വര്‍ഷങ്ങളായി നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അടച്ചുപൂട്ടിയതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് അംബിലൂക്കസ് അറിയിച്ചു.

