പാലോട്: ഇടിഞ്ഞാറില്‍ നിന്നും ടണ്‍ കണക്കിന് ഈറ്റ കടത്തിയിരുന്ന തമിഴ്നാട് സംഘത്തെ ഇടിഞ്ഞാര്‍ നിവാസികള്‍ തുരത്തിയോടിച്ചു. ഇടിഞ്ഞാറിലെ അറുനൂറില്‍പ്പരം കുടുംബങ്ങള്‍ സംഘടിച്ച് വനംകൊള്ളയെ എതിര്‍ത്തുകൊണ്ട് വനം സംരക്ഷണ സമിതി രൂപവത്കരിച്ചതിനെ തുടര്‍ന്നാണ് അന്യസംസ്ഥാന ലോബി പലായനം ചെയ്തത്. ഇടിഞ്ഞാറിലെ ഈറ്റ കടത്തിനെ സംബന്ധിച്ച് ഞായറാഴ്ച 'മാതൃഭൂമി'യില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈറ്റക്കാടിന്റെ സര്വനാശത്തെപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ അന്നുതന്നെ തമിഴ് സംഘം യന്ത്രസാമഗ്രികളുമായി കടന്നു. ആറ് യന്ത്രവാളുകള്‍ ഉപയോഗിച്ച് മുറിച്ചെടുത്ത മരങ്ങളും ഈറ്റകളും മങ്കയത്തെ സൊസൈറ്റിയുടെ അങ്കണത്തില്‍ ശേഖരിച്ചശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിയിരുന്നത്.
ഈ സംഘത്തിന്റെ പിന്നില്‍ സ്ഥലത്തെ ഒരു കോണ്‍ഗ്രസ് നേതാവിനും സൊസൈറ്റി ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഈറ്റ ലോറികള്‍ ഇടിഞ്ഞാര്‍ ജങ്ഷനില്‍ തടഞ്ഞിരുന്നു. പെരിങ്ങമ്മലയിലെ കെ.എഫ്.ഡി.സി. സെക്ഷന്‍ ഓഫീസിന്റെ മുന്നില്‍ കൂടിയായിരുന്നു ലക്ഷങ്ങളുടെ ഈറ്റ കടത്തിയിരുന്നത്.
'മാതൃഭൂമി'യുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡി. എഫ്.ഒ. വിഷയത്തില്‍ ഇടപെട്ടു. ഇടിഞ്ഞാറിലെ അറുന്നൂറ് കുടുംബങ്ങളെ ഉള്‍പ്പെടുത്തി വനം സംരക്ഷണ സമിതി രൂപവത്കരിച്ചു. തുടര്‍ന്ന് ഇവര്‍ക്കായിരിക്കും ഉപാധികളോടെ ഈറ്റ മുറിച്ച് ഉല്പന്നങ്ങള് ഉണ്ടാക്കാനുള്ള അവകാശം. സുദര്ശനന്, സുരേഷ്, ജനീഷ്പോള് തുടങ്ങിയവരാണ് ഭാരവാഹികള്‍.
ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്ക് ഈറ്റ മുറിക്കുന്നതിന് പാസ്സ് അനുവദിക്കില്ല. ബിനാമികളെ വെച്ച് പാസ്സ്എടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വനം വകുപ്പ് സ്ക്വാഡിനെ ചുമതലപ്പെടുത്തുമെന്നും ഡി.എഫ്.ഒ. അറിയിച്ചു. രണ്ടരമാസം കൊണ്ട് മങ്കയം, ഇടിഞ്ഞാര്‍, അടിപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ ഈറ്റയാണ് തമിഴ് സംഘം കെ.എഫ്.ഡി. സി. ഉദ്യോഗസ്ഥരുടെയും സ്ഥലത്തെ ചിലരുടെയും സഹായത്തോടെ മുറിച്ചുകടത്തിയത്.

