WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label സേവനം. Show all posts
Showing posts with label സേവനം. Show all posts

Saturday, June 23, 2012

യൂത്ത് കോണ്‍ഗ്രസ് പഠനോപകരണ വിതരണം നടത്തി


നന്ദിയോട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. രാജ്കുമാറിന്റെ അധ്യക്ഷതയില്‍ ജവാഹര്‍ ബാലവേദിയുടെ ഉദ്ഘാടനം ജില്ലാ ചെയര്‍മാന്‍ വെള്ളൈക്കടവ് വേണുകുമാര്‍ നിര്‍വഹിച്ചു. കെപിസിസി അംഗം ബി.എല്‍. കൃഷ്ണപ്രസാദ്, ഡിസിസി അംഗങ്ങളായ പച്ചരവി, പി.എസ്. ബാജിലാല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍രാജന്‍, ആനന്ദ് കണ്ണശ, ബി. സുശീലന്‍, എന്‍. മോഹനന്‍, സന്തോഷ്, എസ്. സുജിത്, യു.വി. അഭിജിത് എന്നിവര്‍ പ്രസംഗിച്ചു.

Sunday, June 17, 2012

വിതുരയില്‍ ഇന്ന് കാന്‍സര്‍ നിര്‍ണയക്യാംപ്


വിതുര.കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന്റെയും നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിന് വിതുര തലത്തൂതക്കാവ് സ്കൂളില്‍  സമഗ്ര വൈദ്യപരിശോധനയും കാന്‍സര്‍ നിര്‍ണയ ക്യാംപും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അധ്യക്ഷതവഹിക്കും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍സിസിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാംപിനു നേതൃത്വം നല്‍കും.

Thursday, June 7, 2012

അംഗന്‍വാടി മന്ദിരം ഉദ്ഘാടനം ചെയ്തു


നന്ദിയോട്. പഞ്ചായത്ത്  ആലുംമൂട്ടില്‍ പണികഴിപ്പിച്ച അംഗന്‍വാടി മന്ദിരത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശൈലജാ രാജീവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ പി.എസ്. ബാജിലാലിന്റെ അധ്യക്ഷതയില്‍ ബ്ളോക്ക് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ ഉഷാവിജയന്‍, അംഗം മഞ്ചു മധുസൂദനന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ എ. സുജാത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ പി.ആര്‍. സുമ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. വേണുഗോപാല്‍, ഉദയകുമാര്‍, ജി. പ്രകാശ്, സിഡിപിഒ: ഷീല, സൂപ്പര്‍വൈസര്‍ ഷീജ, സ്വാഗത സംഘം ചെയര്‍മാന്‍ ബി.എസ്. രമേശന്‍, എന്‍. മോഹനന്‍, കെ.ആര്‍. മോഹനന്‍പിള്ള, എ. രത്നാകരന്‍, അംഗന്‍വാടി ടീച്ചര്‍ ശോഭ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, June 5, 2012

നന്ദിയോടിനെ പച്ചപ്പിന്റെ കുട ചൂടിക്കാന്‍ ഉണ്ണിയുടെ ഒറ്റയാള്‍പ്പോരാട്ടം

ഇന്ന് ലോകപരിസ്ഥിതിദിനം


പാലോട്: ഗ്രാമചന്തകള്‍ അന്യമാകുന്ന ആധുനിക കാലത്തിലും നന്ദിയോട് ചന്തയേയും പട്ടണത്തേയും പച്ചപ്പിന്റെ കുടക്കീഴിലാക്കുക എന്നതാണ് കൃഷ്ണന്‍കുട്ടി എന്ന ഉണ്ണിയുടെ സ്വപ്നം. ചന്തയിലെ കച്ചവടക്കാരന്‍ കൂടിയായ ഉണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ലക്ഷ്യത്തിനായി അക്ഷീണം യത്‌നിക്കുന്നു. ഇദ്ദേഹം നട്ടുവളര്‍ത്തി പരിപാലിക്കുന്ന അന്‍പതിലധികം മരങ്ങളാണ് ഇപ്പോള്‍ ഇവിടെ തണല്‍ വിരിച്ചുനില്‍ക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ണി മരങ്ങള്‍നട്ട് വെള്ളം കോരിത്തുടങ്ങിയപ്പോള്‍ നെറ്റി ചുളിച്ചവരും ഈ കഠിനവേനലില്‍ അല്പം തണല്‍ സ്വന്തമാക്കാന്‍ ഓടിയെത്തുന്നുണ്ട്. നാട്ടിലെ വികസനമെല്ലാം മരങ്ങളുടെ കടയ്ക്കല്‍ കോടാലി വെച്ച് മുന്നേറുമ്പോള്‍ ചന്തയുംപരിസരങ്ങളും ഹരിതാഭമാക്കുകയെന്ന ഉണ്ണിയുടെ വികസനസ്വപ്നം ലോകപരിസ്ഥിതി ദിനത്തില്‍ നാടിന് മാതൃകയാകുന്നു. കച്ചവടത്തിനിടയ്ക്ക് വീണുകിട്ടുന്ന സമയമെല്ലാം ഉണ്ണി ഓടിയെത്തുന്നത് ഈ മരച്ചോട്ടിലേക്കാണ്. ഉണ്ണി കച്ചവടത്തിനെത്തുമ്പോള്‍ ചന്തയില്‍ മരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല.

ഇപ്പോള്‍ ചന്തയില്‍ മാത്രമല്ല കൃഷിഭവന്‍േറയും പട്ടണത്തിന്‍േറയും പലഭാഗങ്ങളിലും ഉണ്ണിയുടെ താമസസ്ഥലമായ പൗവ്വത്തൂര്‍ കവലയിലും എണ്‍പതിലധികം മരങ്ങള്‍ കാറ്റിലാടി നില്‍ക്കുന്നു.

ഉണ്ണി കച്ചവടക്കാരനായതും ലാഭം കൊതിച്ചിട്ടല്ല. സ്വന്തം കാര്‍ഷിക വിളകള്‍ വില്‍ക്കാനായി വിപണി തേടിയലഞ്ഞൊരു കാലമുണ്ടായിരുന്നു ഉണ്ണിക്ക്. തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനത്തിന് നന്ദിയോട് കൃഷിഭവന്‍ കൂടി കൂട്ടായതോടെയാണ് നാടന്‍ ഉല്പന്നങ്ങള്‍ക്ക് മാത്രമായി കച്ചവടകേന്ദ്രം എന്ന ആശയം സാക്ഷാത്കരിച്ചത്. ഇന്ന് ഏത് കാര്‍ഷിക വിളയുമായി ഉണ്ണിയുടെ കടയിലെത്തുന്ന കര്‍ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടിവരില്ല.

ഇതിനെല്ലാം പുറമേയാണ് കരനെല്‍കൃഷിയടക്കമുള്ള സ്വന്തം കൃഷികള്‍. ചന്തയില്‍ നിന്നുള്ള മാലിന്യം തന്റെ വിളകള്‍ക്ക് ജൈവവളം കൂടിയാകുന്നതോടെ ഉണ്ണി ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം എന്ന ആശയവും സാധ്യമാക്കുന്നു.

അങ്ങനെ തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായി, കര്‍ഷകസ്‌നേഹിയായ കച്ചവടക്കാരനായി നല്ലൊരു ജൈവകര്‍ഷകനായി ഉണ്ണി നന്ദിയോട് ചന്തയില്‍ തന്നെയുണ്ട്.

നന്ദിയോട് ചന്തയില്‍ ഉണ്ണി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍. ഇന്‍സെറ്റില്‍ ഉണ്ണി

Tuesday, April 10, 2012

കെട്ടിട ഉദ്ഘാടനവും ദുആ സമ്മേളനവും

പാങ്ങോട്: മന്നാനിയ്യാ യത്തീംഖാനയ്ക്കായി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ദുആ സമ്മേളനവും 11ന് വൈകീട്ട് 4ന് നടക്കും. അതിരംപട്ടണം കെ.ടി.മുഹമ്മദ്കുട്ടി ഹസ്രത്ത് പങ്കെടുക്കും.

Saturday, March 10, 2012

വയോജനങ്ങള്‍ക്ക് ആശ്വാസമായി പുനര്‍ജനി പദ്ധതി


പാലോട്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടു വാമനപുരം ബ്ളോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'പുനര്‍ജനി വയോജന പദ്ധതിയുടെ ഭാഗമായുള്ള ആയുര്‍വേദ മരുന്നിന്റെ വിതരണോദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രികള്‍ മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ്സ് കഴിഞ്ഞവര്‍ക്കായി അതത് പഞ്ചായത്തുകളില്‍ നിന്നു ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നവര്‍ക്ക്  ആശുപത്രികളില്‍ പരിശോധനയും ഡോക്ടറുടെ നിര്‍ദേശാനുസരണം 1000 രൂപയുടെ മരുന്നും  സൌജന്യമായി ലഭിക്കുന്നതാണു പദ്ധതി. രോഗമില്ലാത്തവര്‍ക്കും ആരോഗ്യ സംരക്ഷണത്തിനായി മരുന്ന് ലഭിക്കും.

Wednesday, February 29, 2012

ആഘോഷത്തിനൊപ്പം ചികിത്സാ സഹായവും


വിതുര: ഒന്നാംവാര്‍ഷിക ആഘോഷത്തിനൊപ്പം കലുങ്ക് ജങ്ഷന്‍ ബ്രദേഴ്‌സ് ചികിത്സാസഹായം വിതരണം ചെയ്തു. വിതുര സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഗംഗാധരന്‍ നായര്‍ ഇവ വിതരണം ചെയ്തു. സംഘടനാ ഭാരവാഹികളായ എസ്. സതീശചന്ദ്രന്‍ നായര്‍, മുരുകേശന്‍, കെ.സുലോചനന്‍ നായര്‍, പ്രസിഡന്റ് നജുമുദ്ദീന്‍, സെക്രട്ടറി രശാന്ത് രാജ്, ഖജാന്‍ജി ബിനു കൈതക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. മഹാദേവര്‍ ക്ഷേത്രോത്സവ ഘോഷയാത്രക്ക് സ്വീകരണം, കലാസന്ധ്യ, നാടന്‍പാട്ട്, ചൈനീസ് പൂത്തിരിമേള തുടങ്ങിയവയും സംഘടിപ്പിച്ചു.

Friday, February 10, 2012

മെഡിക്കല്‍ ക്യാമ്പ്

നന്ദിയോട്: പച്ച മഹാത്മ സ്വയംസഹായസംഘം തിരുവനന്തപുരം ക്യാപ്പിറ്റല്‍ ലയണ്‍സ് ക്ലബ്ബിന്റെയും നിംസ് മെഡിസിറ്റിയുടെയും നേതൃത്വത്തില്‍ ഫിബ്രവരി 11ന് രാവിലെ 9 മുതല്‍ പാലുവള്ളി യു.പി.എസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.

Sunday, February 5, 2012

കാട്ടിലക്കുഴി ചിറക്ക് ശാപമോക്ഷം

പാലോട്: 35 വര്‍ഷത്തിലേറെയായി കാടുമൂടി, ചെളിനിറഞ്ഞു കിടക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ കാട്ടിലക്കുഴി ചിറ ശാപമോക്ഷം നേടുന്നു.  തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ നവീകരണത്തിനു തുടക്കം കുറിച്ചു. 35 മീറ്റര്‍ വീതിയും  27 മീറ്റര്‍ നീളവുമുള്ള ചിറയുടെ ഒന്നാംഘട്ട നവീകരണത്തിനായി 1,70, 000 രൂപയാണു വക കൊള്ളിച്ചിരിക്കുന്നത്. 
899 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന  പ്രവര്‍ത്തനത്തില്‍  35 തൊഴിലുറപ്പു തൊഴിലാളികളാണു  ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. നവീകരണത്തിനു ശേഷം മല്‍സ്യക്കൃഷി ആരംഭിക്കാനുള്ള നീക്കത്തിലാണു പഞ്ചായത്ത്.  നവീകരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി. വല്‍സല നിര്‍വഹിച്ചു. വാര്‍ഡ് അംഗം നസീമാ ഇല്യാസ്, കൊച്ചുവിള അന്‍സാരി, തൊഴിലുറപ്പ് ഓവര്‍സിയര്‍ സജീബ്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, January 20, 2012

ചിപ്പന്‍ചിറയില്‍ മെഡിക്കല്‍ ക്യാംപ് നാളെ

പാലോട്: ചിപ്പന്‍ചിറ യുവസാഗര യുവജന സംഘവും സേവാഭാരതി പാലോട് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ക്യാംപ് നാളെ രാവിലെ 7.30മുതല്‍ ഒരുമണിവരെ ചിപ്പന്‍ചിറ അംഗന്‍വാടിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഉദ്ഘാടനം ചെയ്യും. ഹിമേഷ്, സോനു, സുധ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപില്‍ സൌജന്യ മരുന്നുവിതരണവും ഉണ്ടാവും.

പൊടിയക്കാലയില്‍ നിന്നു ജീപ്പ് സര്‍വീസ് തുടങ്ങി


വിതുര:  പൊടിയക്കാലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ചിരകാലസ്വപ്നം പൂവണിയിച്ചുകൊണ്ട് ഇവിടെ നിന്നു മീനാങ്കല്‍ സ്കൂളിലേക്കു ജീപ്പ് സര്‍വീസ് ആരംഭിച്ചു.  ഇനി കുട്ടികള്‍ക്കു വഴിമധ്യേ ആനയെക്കണ്ടു ഭയന്നോടാതെ സ്കൂളിലെത്താം.  പട്ടികജാതി- പട്ടികവര്‍ഗ വികസനവകുപ്പാണു കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്നതിനും മടങ്ങുന്നതിനുമായി രണ്ടരമാസത്തേക്കു രണ്ട് ജീപ്പ് സര്‍വീസ് ഏര്‍പ്പെടുത്തിയത്.  അടുത്ത വര്‍ഷം വനംവകുപ്പ് ഇൌ ചുമതല ഏറ്റെടുക്കും.

സാധാരണ ആനകളുടെ വിഹാരകേന്ദ്രങ്ങളിലൂടെ ആനത്താരകള്‍ താണ്ടി മൂന്നു കിലോമീറ്ററോളം കൊടുംകാട്ടിലൂടെ ജീവന്‍ പണയംവച്ചു നടന്നാണു വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത്.  അനവധി തവണ കുട്ടികളെ കാട്ടാനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.  മിക്കപ്പോഴും കഷ്ടിച്ചാണു രക്ഷപ്പെട്ടിട്ടുള്ളത്. ആനയെ ഭയന്നു വിദ്യാഭ്യാസം നിര്‍ത്തിയവരുമുണ്ട്.  18 വിദ്യാര്‍ഥികളാണു പൊടിയക്കാലയില്‍ നിന്നു മീനാങ്കല്‍ സ്കൂളില്‍ പോകുന്നത്.

ഇന്നലെ രാവിലെ പൊടിയക്കാലയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ജീപ്പ് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  വിദ്യാര്‍ഥികള്‍ ആഹ്ളാദത്തോടെ കരഘോഷം മുഴക്കി.  പഞ്ചായത്തംഗങ്ങളായ ശാന്താവിക്രമന്‍,ജി.ഡി.ഷിബുരാജ്,ജി.ഗിരീഷ്കുമാര്‍,നെടുമങ്ങാട് ഐടിഡിപി പ്രോജക്ട് ഒാഫിസര്‍ എസ്.സുദര്‍ശനന്‍,
പൊടിയക്കാല ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളെ പ്രസിഡന്റും സംഘവും ജീപ്പില്‍ മീനാങ്കല്‍ സ്കൂളില്‍ കൊണ്ടെത്തിച്ചശേഷമാണു മടങ്ങിയത്.

ജീപ്പ് സര്‍വീസ് ആരംഭിച്ച് ആനകളുടെ പിടിയില്‍ നിന്നു കുട്ടികളുടെ ജീവന്‍ രക്ഷിച്ച പട്ടികവര്‍ഗ വകുപ്പിനും സര്‍ക്കാരിനും പൊടിയക്കാല നിവാസികള്‍ നന്ദി രേഖപ്പെടുത്തി. പൊടിയക്കാലയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  ഇതിനായി വനംവകുപ്പ് മരങ്ങള്‍ മുറിച്ചുമാറ്റി.  അടുത്തമാസത്തോടെ ലൈനിന്റെ പണികള്‍ ആരംഭിക്കും. മാര്‍ച്ചോടെ പൊടിയക്കാലയില്‍ വെളിച്ചം എത്തിക്കാനാണു തീരുമാനം.

Wednesday, January 18, 2012

ചായത്ത് ട്രാഫിക്ബോധവല്‍ക്കരണവും പ്രതിഭകളെ ആദരിക്കലും

വിതുര:  ഫെഡറേഷന്‍ ഒാഫ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചായത്ത് ട്രാഫിക് ബോധവല്‍ക്കരണവും പ്രതിഭകളെ ആദരിക്കലും കലാകായികമല്‍സരങ്ങളും നടത്തി.  ഫ്രാറ്റ് ട്രഷറര്‍ എസ്. സതീശചന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. മരുതുംകുഴി പി.സതീഷ്കുമാര്‍, കെ.സുലോചനന്‍നായര്‍, മാന്‍കുന്നില്‍പ്രകാശ്,കെ.ജെ.ജയചന്ദ്രന്‍,കെ.എന്‍.കൃഷ്ണന്‍കുട്ടി, ജനാര്‍ദനന്‍കോക്കാട്,  ജി.ബാലചന്ദ്രന്‍നായര്‍, കെ.രഘു,ബി.രാമഭദ്രന്‍ ,നെല്‍സണ്‍തോമസ്,ജി.ഭുവനേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ട്രാഫിക്ബോധവല്‍ക്കണ ക്ളാസ് ഹരികുമാര്‍ നയിച്ചു.ചായം റസി. അസോസിയേഷന്‍പ്രസിഡന്റ് കെ.ജെ.ജയചന്ദ്രെന്റ അധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനം ഫ്രാറ്റ് രക്ഷാധികാരിഎം.വി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് മെഡല്‍ നേടിയ എന്‍.മോഹനന്‍, കെ.ജെ.ഉണ്ണിക്കൃഷ്ണന്‍,ഡോക്ടറേറ്റ് നേടിയ എ.എ.വാഹിദ് എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ മാങ്കാട്സുകുമാരന്‍,പി.കെ.പ്രകാശ്,കെ.വിജയകുമാര്‍,ചായംസഹകരണബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍,പി.സതീഷ്കുമാര്‍,കെ.ശ്രീകുമാര്‍,എല്‍.സുരേന്ദ്രന്‍നായര്‍,കെ.ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാസന്ധ്യയും ഉണ്ടായിരുന്നു.

Monday, January 16, 2012

മാജിക് ലാബ് മാന്ത്രികസന്ദേശ യാത്ര സമാപിച്ചു

കല്ലറ: വിദ്യാര്‍ഥികളില്‍ പരിസ്ഥിതിസ്നേഹം, സാമൂഹികബോധം ലഹരിവസ്തുക്കള്‍ക്കെതിരെ അവബോധം എന്നിവ വളര്‍ത്തുന്നതിനായി മജീഷ്യന്മാരായ ഡാരിസ് മിതൃമ്മല, വിഷ്ണു കല്ലറ എന്നിവര്‍ നയിച്ച മാജിക് ലാബ് മാന്ത്രികസന്ദേശ യാത്ര സമാപിച്ചു. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപതു സ്കൂളുകളില്‍ നടത്തിയ സ്വദേശ ജാലവിദ്യ കുട്ടികള്‍ക്കു പുതിയൊരുനുഭവമായി. മദ്യപാനം, പുകയില, മൊബൈല്‍ ദുരുപയോഗം, ആത്മഹത്യാപ്രവണത തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണു ജാലവിദ്യ അവതരിപ്പിക്കപ്പെട്ടത്.

പഞ്ചായത്തുകളില്‍ കുടുംബശ്രീ ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പ് ഇന്ന്

പാലോട്: പഞ്ചായത്തുകളില്‍ ഇന്നു കുടുംബശ്രീ സിഡിഎസ് ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പു നടക്കും. ഇതോടെ വാശിയോടെ നടന്ന  മൂന്നുഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പു പ്രകിയകള്‍ക്കു സമാപനം കുറിച്ച് പഞ്ചായത്ത് തല സമിതികള്‍ അധികാരമേല്‍ക്കും. പുറത്ത് ആരവങ്ങളില്ലാതെ എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാള്‍ വാശിയോടെയാണു തിരഞ്ഞെടുപ്പു പ്രകിയകള്‍ നടക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ തിരഞ്ഞെടുപ്പായിരുന്നു ആദ്യം.  ഒരോ അയല്‍ക്കൂട്ടത്തില്‍നിന്നും അഞ്ചുപേരെ വീതം തിരഞ്ഞെടുക്കുകയും  ഇവര്‍ ചേര്‍ന്ന് വാര്‍ഡ് തല എഡിഎസ് കമ്മിറ്റിയിലേക്ക് ഏഴു പേരെ തിരഞ്ഞെടുക്കുകയുമായിരുന്നു.

ഈ ഏഴു പേരെ വീതം ഇന്നത്തെ തിരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ച്  ഒരു വാര്‍ഡില്‍ നിന്ന് ഒാരോരുത്തരെ സിഡിഎസ് അംഗങ്ങളായി തിരഞ്ഞെടുക്കും. ഇവര്‍ ചേര്‍ന്നാണു ചെയര്‍പഴ്സന്‍, വൈസ് ചെയര്‍പഴ്സന്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയാടിസ്ഥാനത്തിലല്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് തങ്ങളുടെ ആള്‍ക്കാരെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണു തകൃതിയായിരിക്കുന്നത്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ ചെയര്‍പഴ്സന്‍ സ്ഥാനാര്‍ഥികള നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണു പാര്‍ട്ടിക്കാര്‍.

പഞ്ചായത്തിലെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്കു നിര്‍ണായക സ്വാധീനമുള്ളതു കൊണ്ടു തന്നെ ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പിനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തോടെയാണു പാര്‍ട്ടികള്‍ കാണുന്നത്.

Friday, January 13, 2012

തൊഴിലുറപ്പുതൊഴിലാളികള്‍ റോഡ് നിര്‍മിച്ചു


വിതുര: പഞ്ചായത്തിലെ വിതുര വാര്‍ഡില്‍ താവക്കല്‍ ഹരിജന്‍കോളനിയില്‍ നിന്ന് കോട്ടിയത്തറ വഴി ഗവ കമ്യൂണിറ്റി ഹെല്‍ത്ത്സെന്ററിലേക്കുള്ള റോഡ് ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ചു. വിതുരവാര്‍ഡ് അംഗം ജി. പുഷ്പലത, പൊന്നാംചുണ്ട് വാര്‍ഡ് അംഗം എം.എസ്. റഷീദ്, രാഹുല്‍, നബീസ എന്നിവര്‍ നേതൃത്വം നല്‍കി.

Monday, December 19, 2011

കാരിക്കുന്ന് പുരസ്‌കാരഗ്രാമ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

വിതുര: എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ സോഷ്യോ ഇക്കണോമിക് പദ്ധതിയുടെ ഭാഗമായി വിതുര ആനപ്പാറ കാരിക്കുന്നില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതി തിരുവനന്തപുരം വിമാനത്താവളം ഡയറക്ടര്‍ ജി. ചന്ദ്രമൗലി ഉദ്ഘാടനം ചെയ്തു. കാരിക്കുന്ന് കോളനിക്കും ആനപ്പാറ പുരസ്‌കാരഗ്രാമത്തിനും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍, വാര്‍ഡ് അംഗം എ. അല്‍ഫോണ്‍സ്, എയര്‍പോര്‍ട്ട് അതോറിട്ടി ചെയര്‍മാന്‍ വി.പി. അഗര്‍വാള്‍, എ.ജി.എം. എം. രവീന്ദ്രനാഥന്‍, അസിസ്റ്റന്റ് മാനേജര്‍ ശ്രീനിവാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ശകുന്തള, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജി.ഡി. ഷിബുരാജ്, എ.കെ. ഷിഹാബ്ദീന്‍, എം.എസ്. റഷീദ്, കെ. വിജയകുമാര്‍, ജി. ഗിരീഷ്‌കുമാര്‍, മാന്‍കുന്നിന്‍ പ്രകാശ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. അനിരുദ്ധന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Saturday, December 17, 2011

മെഡിക്കല്‍ ഓഫിസറായി ചാര്‍ജെടുത്തു




പാലോട്: സര്‍ക്കാര്‍ സിഎച്ച്സിയില്‍ മെഡിക്കല്‍ ഓഫിസറായി ഡോ. ബിജു മോസസ് ഭാസ്കരവും പെരിങ്ങമ്മല പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫിസറായി ഡോ. പി. ഫ്രാന്‍സിസും ചാര്‍ജെടുത്തു.

Friday, December 16, 2011

വി.എച്ച്.എസ്.ഇ. കാമ്പസ് റിക്രൂട്ട്‌മെന്റ്



വിതുര: വിതുര ഗവണ്‍മെന്റ് വി. ആന്‍ഡ്എച്ച്.എസ്.എസ്സില്‍ കരിയര്‍ ഗൈഡന്‍സ് സെല്ലും തിരുവനന്തപുരം പ്രോവിന്‍സ് അഗ്രിസിസ്റ്റവും സംയുക്തമായി കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. 17ന് രാവിലെ 9.30-നാണ് റിക്രൂട്ട്‌മെന്റ്. വി.എച്ച്. എസ്.ഇ. അഗ്രികള്‍ച്ചര്‍ ആണ് യോഗ്യത. വിവരങ്ങള്‍ക്ക് ഫോണ്‍: 9496369560, 2857102.

Thursday, December 15, 2011

നടുവത്തുമുറി റസിഡന്റ്‌സ് അസോസിയേഷന്‍



വിതുര: ചായം നടുവത്തുമുറി റസിഡന്റ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ. കുമാര്‍ (പ്രസിഡന്റ്), ഇ. മാധവന്‍ (വൈസ് പ്രസിഡന്റ്), ഡി. സുദര്‍ശനന്‍ (സെക്രട്ടറി), ആര്‍. അജിത, സതീഷ്‌കുമാര്‍ (ജോയിന്റ് സെക്രട്ടറി), കെ.വി. ഷീബ (വനിതാ കണ്‍വീനര്‍), പി. ശ്രീകുമാര്‍ (ഖജാന്‍ജി).

Wednesday, December 14, 2011

വിതുര സബ്‌രജിസ്ട്രാര്‍ ഓഫീസ് മന്ദിരത്തിന് നടപടി തുടങ്ങി



വിതുര: രജിസ്‌ട്രേഷന്‍ വകുപ്പിന് വിതുരയിലുള്ള സ്ഥലത്ത് സബ്‌രജിസ്ട്രാര്‍ ഓഫീസ് മന്ദിരം പണിയാനുള്ള നടപടി തുടങ്ങി. ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുമ്പോഴും സ്വന്തം സ്ഥലമുള്ള കാര്യം വകുപ്പിനറിയില്ലെന്ന് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം ഏറ്റെടുത്തത്. പൊതുമരാമത്ത് ബില്‍ഡിങ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിതുര കലുങ്ക് കവലയ്ക്ക് അടുത്തായുള്ള 10 സെന്റ് സ്ഥലത്തെത്തി മന്ദിരം പണിയാനുള്ള അടങ്കല്‍ കഴിഞ്ഞ ദിവസം തയ്യാറാക്കി. 30 ലക്ഷത്തോളം രൂപയാണ് ചെലവ്കണക്കാക്കിയിരിക്കുന്നത്. ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനുശേഷം അടുത്ത ബജറ്റില്‍ തുക അനുവദിക്കാനാണ് സാധ്യത.