WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label ഗതാഗതം. Show all posts
Showing posts with label ഗതാഗതം. Show all posts

Saturday, June 23, 2012

ചെല്ലഞ്ചിപ്പാലം പണിക്ക് ആമയിഴയുന്ന വേഗം


പാലോട്: മൂന്നുഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം അന്‍പത്‌വര്‍ഷത്തെ കഠിനപരിശ്രമത്തിനൊടുവില്‍ പദ്ധതി പ്രഖ്യാപിച്ചു. നിര്‍മാണ ചെലവ് 11.5 കോടി. 2010 ജനവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ടു. 2012- ജനവരിയില്‍ പാലം തുറന്നുകൊടുക്കുമെന്ന് അന്ന് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ഉറപ്പും നല്‍കി. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് ചെല്ലഞ്ചിപ്പാലത്തിനായി ആകെ പണികഴിപ്പിച്ചത് വെള്ളത്തിനു മുകളില്‍ നാലടി പൊക്കത്തില്‍ കാണാവുന്ന രണ്ട് തൂണുകളും രണ്ട് കരയിലും പേരിനുമാത്രം നിര്‍മിച്ച രണ്ട് ബെയ്‌സ് ബീമുകളും മാത്രം.

കല്ലറ, പുല്ലമ്പാറ, നന്ദിയോട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ചെല്ലഞ്ചിപ്പാലം പണിയുന്നത്. സര്‍ക്കാറിനു കീഴില്‍വരുന്ന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. ഇവര്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഹോപ്പ്' എന്ന കമ്പനിക്ക് കരാര്‍ കൈമാറി. ഇങ്ങനെ സബ്ബ് ടെന്‍ഡര്‍ നല്‍കിയതാണ് പണി ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്നു പറയുന്നു.

നല്ലവേനല്‍ കാലത്ത് വാമനപുരം നദി വറ്റിക്കിടന്ന ആറ് മാസവും കാര്യമായ പണി ഒന്നും നടന്നില്ല. ഇടയ്ക്ക് മഴക്കാലം വന്നതോടെ രണ്ട് ബീമുകളുടെ പ്രാരംഭ പണിമാത്രം തുടങ്ങിവച്ചു. ഇങ്ങനെ പോവുകയാണെങ്കില്‍ പത്ത്‌വര്‍ഷം കൊണ്ടും പാലംപണി എങ്ങുമെത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

2012 ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ പാലത്തിലൂടെ കുട്ടികള്‍ക്ക് ചെല്ലഞ്ചി സര്‍ക്കാര്‍ സ്‌കൂളിലെത്താം എന്നാണ് അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. കടത്തുവള്ളങ്ങളെ ആശ്രയിച്ചാണ് കല്ലറ പഞ്ചായത്തില്‍ നിന്നുള്ള കുട്ടികള്‍ ആറ്റിനിക്കരെ എത്തി പള്ളിക്കൂടത്തില്‍ പോയിരുന്നത്. പാലം പണിക്കായി ആറിന്റെ ഗതി തിരിച്ചുവിട്ടതോടെ ഉണ്ടായിരുന്ന കടത്തും നിലച്ചു. ഈ അധ്യയന വര്‍ഷം ആറ്റിനക്കരെ നിന്നും ഒരു കുട്ടി പോലും ചെല്ലഞ്ചി സ്‌കൂളില്‍ പഠിക്കാന്‍ എത്തിയില്ല. സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

പാലത്തിനു വേണ്ടി മുറവിളി കൂട്ടിയിരുന്നവരെ ആരെയും ഇപ്പോള്‍ കാണാനേയില്ല. പണി ആമയിഴയുന്ന സ്ഥിതിയിലായിട്ടും പ്രാദേശിക ഭരണകൂടത്തിനും അനക്കമില്ല. പൊതുമരാമത്തധികൃതരും ഈ വഴിക്ക് വന്നിട്ട് നാളേറെയായെന്ന് ഗ്രാമവാസികള്‍ പറയുന്നു. കടത്ത് മുടങ്ങിയതോടെ നന്ദിയോട്, കല്ലറ പഞ്ചായത്തുകള്‍ തമ്മിലുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ കൈമാറ്റവും നിലച്ചു. ചെറിയ കാര്യങ്ങള്‍ക്കുപോലും അന്‍പതിലധികം കിലോമീറ്ററുകള്‍ താണ്ടി ബസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും പോകേണ്ട ഗതികേടിലാണ് ആറ്റിന്റെ ഇരുകരകളിലുമുള്ള നിരവധി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍.

Thursday, June 14, 2012

ജീപ്പ് സര്‍വീസ് തുടങ്ങി


വിതുര: പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ കുട്ടികള്‍ക്കായി പട്ടികവര്‍ഗ വകുപ്പിന്റെ ജീപ്പ് സര്‍വീസ് തുടങ്ങി. മീനാങ്കല്‍ ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലേക്ക് രണ്ട് ജീപ്പുകളാണ് സര്‍വീസ് നടത്തുക. കാട്ടാനകളില്‍നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ കഴിഞ്ഞ അധ്യയനവര്‍ഷമാണ് ആദ്യമായി ജീപ്പ് സര്‍വീസ് തുടങ്ങിയത്. മധ്യവേനലവധിക്ക് നിര്‍ത്തിയ സര്‍വീസ് സ്‌കൂള്‍ തുറന്നിട്ടും തുടങ്ങാത്തതിനെപ്പറ്റി 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജീപ്പ് സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫീസില്‍ ധര്‍ണ നടത്തുകയുംചെയ്തു.

Saturday, June 9, 2012

ജഴ്സിഫാം ബസ് ചാത്തന്‍കോട് വരെ നീട്ടണം


വിതുര. ആദിവാസി വിദ്യാര്‍ഥികളുടെയും മറ്റും യാത്രാസൌകര്യം കണക്കിലെടുത്തു വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു ജഴ്സിഫാം വരെ സര്‍വീസ് നടത്തുന്ന ബസുകള്‍ ചാത്തന്‍കോട് വരെ നീട്ടണമെന്ന് ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചാത്തന്‍കോട്,ചെമ്മാംകാല,വലിയകാല പ്രദേശത്തു കാട്ടാനശല്യം വര്‍ധിച്ചിരിക്കുകയാണ്.

സ്കൂള്‍വിട്ടു കാട്ടാനകള്‍ താണ്ഡവമാടുന്ന ഘോരവനത്തിലൂടെ നാലു കിലോമീറ്റര്‍ നടന്നാണു വിദ്യാര്‍ഥികള്‍ക്കു വീട്ടിലെത്തേണ്ടത്്.  ഇപ്പോള്‍ വിതുര ഡിപ്പോയില്‍ നിന്നു രണ്ടു സര്‍വീസുകളാണു ചാത്തന്‍കോട്ടേക്കുള്ളത്.  ബസ് സര്‍വീസ് നീട്ടിയാല്‍ കുട്ടികള്‍ക്കു രാത്രിയാകുംമുന്‍പു വീട്ടിലെത്താന്‍ കഴിയും. ആവശ്യം ഉന്നയിച്ച് എഎംഎസ് സെക്രട്ടറി എം.നാരായണന്‍ മന്ത്രിക്കും വിതുര ഡിപ്പോയിലും നിവേദനം നല്‍കി.

Tuesday, May 1, 2012

കുരിശടി - ബ്രൈമൂര്‍ റോഡ് തകര്‍ന്നു, യാത്ര അപകടകരമായി


പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം കുരിശടി മുതല്‍ ബൈമൂര്‍ വരെയുള്ള ഭാഗം തകര്‍ന്ന് യാത്ര ദുരിതവും അപകടകരവുമായി. വീതികുറഞ്ഞതും വളവുകള്‍ നിറഞ്ഞതുമായ റോഡിന്റെ വശങ്ങളെല്ലാം ഇടിഞ്ഞു നശിച്ച നിലയിലാണ്. കനത്ത മഴ കൂടിയായതിനാല്‍ യാത്ര അപകടം നിറഞ്ഞതായിരിക്കുകയാണ്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു

Saturday, April 28, 2012

പൊന്മുടിയില്‍ കയറ്റത്ത് ടൂറിസ്റ്റ്ബസ് ബ്രേക്ക് ഡൌണായി: അപകടം ഒഴിവായി


വിതുര.വിനോദസഞ്ചാരാര്‍ഥം പൊന്മുടി സന്ദര്‍ശിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് പൊന്മുടി എട്ടാംവളവിനു സമീപം നടുറോഡില്‍ ബ്രേക്ക് ഡൌണായതുമൂലം വിതുര- പൊന്മുടി റൂട്ടില്‍ മൂന്നര മണിക്കൂര്‍ ഗതാഗതം നിലച്ചു. ദുരന്തം ഒഴിവായി. കുത്തനെയുള്ള കയറ്റത്തിലാണു ബസ് ബ്രേക്ക് ഡൌണായത്. സാധാരണ വലിയ ബസുകള്‍ അപൂര്‍വമായാണു ടൂറിസ്റ്റുകളുമായി പൊന്മുടിയിലെത്താറുള്ളത്.

ഡ്രൈവറുടെ മനസാന്നിധ്യം മൂലമാണു വന്‍ അപകടം ഒഴിവായത്. ഡ്രൈവര്‍ ഭയന്നെങ്കിലും ബസ് മറിയാതെ നിര്‍ത്തിയിട്ടു. എട്ടാം വളവിനു സമീപം വന്‍കൊക്കയുള്ള ഭാഗത്താണു ബസ് നിന്നത്. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ നിന്നെത്തിയ ക്വയര്‍ഗ്രൂപ്പ് സഞ്ചരിച്ച ബസാണു  കുത്തനെയുള്ള നടുറോഡില്‍ നിന്നുപോയത്. 33 കുട്ടികളും, ഫാദറും, ആയമാരും ബസിലുണ്ടായിരുന്നു. കുട്ടികള്‍ ഭയന്നു നിലവിളിച്ചെങ്കിലും പെട്ടെന്ന് ബസില്‍ നിന്നിറങ്ങാന്‍ ഡ്രൈവറും ഫാദറും നിര്‍ദേശം നല്‍കി.

ബസ് വഴിയിലായെങ്കിലും കുട്ടികള്‍ കിലോമീറ്ററുകളോളം നടന്ന് പൊന്മുടി സന്ദര്‍ശിച്ചു. പൊന്മുടി സ്റ്റേഷനിലെ പൊലീസുകാര്‍ കുട്ടികള്‍ക്കു വേണ്ട സഹായം ചെയ്തു. വിതുരയില്‍ നിന്ന് മെക്കാനിക് എത്തി റിപ്പയറിങ് നടത്തി പൊന്മുടിയിലേക്കു പോകാതെ ബസ് മടക്കി അയച്ചു.

Friday, April 27, 2012

ആലമ്പാറ വഴി മെഡിക്കല്‍ കോളജ് ബസ് വേണമെന്ന്

പാലോട്. പേരയം ചെല്ലഞ്ചിയില്‍നിന്ന് ആനകുളം, പാലുവള്ളി, ആലമ്പാറ വഴി മെഡിക്കല്‍ കോളജ് ബസ് സര്‍വീസ് വേണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ആലമ്പാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കൌണ്‍സില്‍ അംഗം ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്. രാജേന്ദ്രന്‍, പുലരി രാജേന്ദ്രന്‍, ഡി.എസ്. വിജയന്‍, എം. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.കെ. രാജേന്ദ്രന്‍(പ്രസി.), കെ. രവീന്ദ്രന്‍ (വൈ.പ്രസി), എസ്. രാജേഷ്(സെക്ര), കെ. വിജയന്‍ (ജോ.സെക്ര), കെ. കുമാര്‍(ട്രഷ) പുലരി രാജേന്ദ്രന്‍ (രക്ഷാ.)

Wednesday, April 25, 2012

പാലോട് ഡിപ്പോയില്‍ നിന്ന് അഞ്ചു സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ പെരുവഴിയിലായി


പാലോട്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന്   ഇന്നലെ രാവിലെ പെരിങ്ങമ്മല ഭാഗത്തേക്കുള്ള അഞ്ചു സര്‍വീസുകള്‍ നടത്താത്തതുമൂലം  യാത്രക്കാര്‍ വലഞ്ഞു. രാവിലെ 6.10നുള്ള തെന്നൂര്‍, 6.25നുള്ള അഗ്രി ഫാം, 6.45നുള്ള കാട്ടിലക്കുഴി, 7.10നുള്ള പെരിങ്ങമ്മല - തിരുവനന്തപുരം ലോ ഫ്ളോര്‍, 7.30നുള്ള തെന്നൂര്‍ എന്നീ സര്‍വീസുകളാണ് ഇന്നലെ  മുടങ്ങിയത്.

മുന്നറിയിപ്പില്ലാതെ ഇത്രയേറെ സര്‍വീസുകള്‍ മുടങ്ങിയതുമൂലം വിദ്യാര്‍ഥികളും പരീക്ഷാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും അടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായി. പലര്‍ക്കും യഥാസമയം ലക്ഷ്യസ്ഥാനത്തെത്താനായില്ല. മേല്‍പ്പറഞ്ഞ സര്‍വീസില്‍ 6.20നുള്ള അഗ്രി ഫാം അവിടെ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു നടത്തുന്നതാണ്. ഈ സര്‍വീസിനെ ആശ്രയിച്ചു യാത്രചെയ്യുന്ന പതിവു യാത്രക്കാര്‍ ധാരാളമുണ്ട്.  അവരും ഇന്നലെ വലഞ്ഞു. സര്‍വീസുകളുടെ കുറവ് മറ്റു മേഖലകളിലും പ്രതിഫലിച്ചു.

പാലോട് ഡിപ്പോ അധികൃതര്‍ കാട്ടിയതു തികഞ്ഞ അനാസ്ഥയാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇത്രയും സര്‍വീസുകള്‍ ഒറ്റയടിക്കു മുടക്കി യാത്രക്കാരെ ദുരിതക്കയത്തിലാക്കിയ നടപടി  ചൂണ്ടിക്കാട്ടി മന്ത്രിക്കു നിവേദനം നല്‍കാനുള്ള നീക്കത്തിലാണു യാത്രക്കാര്‍.  അതേസമയം ഡൈവര്‍മാരുടെ കുറവാണു സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണു  ഡിപ്പോ അധികൃതരുടെ ഭാഷ്യം.

Monday, April 23, 2012

കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ ടയറുകള്‍ ഊരിത്തെറിച്ച് അപകടം പതിവാകുന്നു


പാലോട്: പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നും കഴിഞ്ഞ രണ്ട് ദിവസമായി ഓട്ടംപോയ ബസ്സുകള്‍ രണ്ടും മെക്കാനിക്കല്‍ തകരാര്‍ കാരണം വഴിയില്‍ അപകടം സംഭവിച്ചു. രണ്ടപകടങ്ങളിലും തലനാരിഴയ്ക്കാണ് നൂറുകണക്കിന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച നെടുമങ്ങാട്-കുളത്തൂപ്പുഴ സര്‍വീസ് നടത്തിയ ആര്‍.ടി. 130 എന്ന ബസ് വഞ്ചുവം ഇറക്കം ഇറങ്ങുന്നതിനിടെ 'സ്റ്റിയറിങ് റാഡ് എന്‍ഡ്' ഊരി നിയന്ത്രണംവിട്ടു. കൊടും വളവും ഇറക്കവുമായിരുന്നിട്ടും ഡ്രൈവറുടെ മനോധൈര്യംകൊണ്ടുമാത്രം സമീപത്തെ മണ്‍തേരിയില്‍ ഇടിച്ച് ബസ് നിര്‍ത്തുകയായിരുന്നു.

ഉച്ചയ്ക് 3.30ന് ഈ അപകടം നടക്കുമ്പോള്‍ ബസ്സില്‍ 82 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ ഭാഗ്യംകൊണ്ടുമാത്രമാണ് ആര്‍ക്കും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ചയും സമാനമായ അപകടം നടന്നു. നെടുമങ്ങാട്ടുനിന്നും അഗ്രിഫാമിലേക്ക് വരികയായിരുന്ന ആര്‍.ടി. 130 എന്ന ബസ്സാണ് മുന്‍ ചക്രം ഊരിത്തെറിച്ച് വലിയ അപകടത്തില്‍പ്പെട്ടത്.

കല്ലംപാറ വളവിനടുത്തെ തടി മില്ലിനടുത്തുവെച്ചാണ് ബസ്സിന്റെ ഇടതുവശത്തെ ചക്രം ഊരി തടിക്കൂട്ടത്തിന്റെ മുകളിലേക്ക് പോയത്. എന്നിട്ടും ബസ് ആക്‌സില്‍ തറയിലുരഞ്ഞ് ഇരുപത് മീറ്ററിലധികം ദുരം സഞ്ചരിച്ചു. അപകടസമയത്ത് ബസ്സില്‍ 80 യാത്രക്കാരുണ്ടായിരുന്നു. കൂട്ട നിലവിളിയും നിലയ്ക്കാത്ത പ്രാര്‍ഥനയുംകൊണ്ടാണ് വന്‍ ദുരന്തത്തില്‍നിന്നും യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടത്. തടിമില്ലിലെ തടി ഇല്ലായിരുന്നെങ്കില്‍ ബസ് ഒരുപക്ഷേ സമീപത്തെ തോട്ടിലേക്ക് മറിയുമായിരുന്നു.

ബോര്‍ഡ്‌ലൈറ്റും വൈപ്പറുകളും ബ്രേക്കും ഇല്ലാതെ ഓടുന്ന ജന്റം ബസ്സുകളും പാലോട് ഡിപ്പോയിലെ മാത്രം കാഴ്ചയാണ്. അധികൃതരുടെ അശ്രദ്ധയും നിരന്തരപരിശോധനയും ഇല്ലാത്തതുകാരണം സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മിക്കപ്പോഴും രക്തസാക്ഷികളാകുന്നത് ഈ ഡിപ്പോയിലെ പാവം ഡ്രൈവര്‍മാരാണ്. സമീപകാലങ്ങളില്‍ പച്ചമല ബസ്സില്‍ നടന്ന അപകടംപോലും ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Friday, April 13, 2012

മന്ത്രി അറിയുന്നുണ്ടോ; കാടിന്റെ മക്കളുടെ ദുരിതം

കല്ലറ: വനം വകുപ്പിന്റെ കടുംപിടിത്തം കാരണം തീരാദുഃഖത്തിലാണ് പാങ്ങോട് മൈലമൂട്, അഞ്ചാനക്കുഴിക്കര, കോലിഞ്ചി, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങള്‍. ഇവരുടെ സ്ഥലങ്ങളിലൂടെ കടന്നുപോകുംവിധം നിര്‍മ്മിക്കുന്ന റോഡിനും പാലത്തിനും എതിരെയുള്ള വനം വകുപ്പിന്റെ നിലപാടാണ് ദുരിതങ്ങള്‍ക്ക് കാരണം.

നിലവില്‍ ഇതുവഴിയുള്ള കാനനപാത പുനര്‍നിര്‍മ്മിച്ച് തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയുമായി ബന്ധിപ്പിക്കാനായിരുന്നു പദ്ധതി. 1,60,00,000 രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിവന്നത്.


ഇതിന്റെ ഭാഗമായി റോഡിന് വീതികൂട്ടുകയും സൈഡുവാളുകള്‍ കെട്ടുകയും ചെയ്തിരുന്നു. അരക്കോടിയോളം രൂപ ഇതിനകം റോഡുപണിക്കായി ചെലവിട്ടിരുന്നു. എന്നാല്‍, റോഡുപണി വനാതിര്‍ത്തിയില്‍ എത്തിയതോടെ വനപാലകര്‍ തടസവാദങ്ങളുമായി എത്തി. നിര്‍മ്മാണസാമഗ്രികള്‍ പോലും ഇവര്‍ അവിടെ ഇറക്കാന്‍ അനുവദിച്ചില്ല. മാത്രവുമല്ല വനമേഖലയില്‍ അനുമതിയില്ലാതെ വാഹനവുമായി പ്രവേശിച്ചതിന് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കാനും തുടങ്ങി. ഇതോടെ കരാറുകാരന്‍ പിന്‍വാങ്ങി.


പണി മുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. വനത്തിലൂടെയുള്ള ചെറിയ വഴിയാണ് പുറംലോകവുമായുള്ള ബന്ധത്തിന് ഏകമാര്‍ഗം. ചിപ്പന്‍ചിറയ്ക്കു സമീപം മൂന്നാറ്റുമുക്കില്‍ നിര്‍മ്മിക്കാനൊരുങ്ങിയ പാലത്തിന്റെ പണികളും വനപാലകര്‍ തടഞ്ഞു. ആറ്റിന്റെ ഇടുങ്ങിയ ഭാഗത്ത് വെട്ടിയിട്ട കാട്ടുതടിയിലൂടെയാണ് കാലങ്ങളായി ഇവിടത്തുകാര്‍ അക്കരെയെത്തുന്നത്. റോഡിന്റെ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇവിടത്തുകാര്‍ ബഹിഷ്കരിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തിരുന്നു.

കെ.എസ്.ആര്‍.ടി.സി യാത്രക്കാരെ പെരുമഴയത്ത് ഇറക്കി വിട്ടു


പാലോട്: റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്തതില്‍ അരിശംപൂണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും സ്ത്രീകളടക്കമുള്ള യാത്രക്കാരെ രാത്രി വിജന പ്രദേശത്ത് ഇറക്കി വിട്ടതായി പരാതി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം രാത്രി 8.10 ഓടെ പാലോട് നിന്നും ഇക്കോ ടൂറിസം സെന്ററായ ഇടിഞ്ഞാറിലേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിലെ ജീവനക്കാരാണ് തന്നിഷ്ടം കാട്ടിയത്. ഇടിഞ്ഞാര്‍ ജംഗ്ഷനില്‍ നിന്ന് ഒരു കി.മീറ്റര്‍ മാറി മുല്ലച്ചല്‍ എന്ന വനപ്രദേശത്താണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഈ സമയം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നതായി യാത്രക്കാരനായ റിജു അലക്സ് പറയുന്നു. മഴയില്‍ നനഞ്ഞൊലിച്ചാണ് പലരും വീടുകളിലെത്തിയത്. 15 യാത്രക്കാരുണ്ടായിരുന്നു.

അടുത്തിടെ റീടാറിംഗ് നടത്തിയ റോഡില്‍ മുല്ലച്ചല്‍ ഭാഗത്ത് മാത്രമാണ് അറ്റകുറ്റപ്പണി അവശേഷിക്കുന്നത്. ഇതു വൈകുന്നതില്‍ ക്ഷുഭിതരായാണ് ട്രാന്‍. ജീവനക്കാരുടെ നടപടി. പാലോട് ഡിപ്പോയിലേതാണ് ബസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.

 

Friday, April 6, 2012

നാട്ടുകാര്‍ ശ്രമദാനമായി റോഡ് നിര്‍മിച്ചു

പാങ്ങോട്. നാട്ടുകാര്‍ ശ്രമദാനമായി റോഡ് നിര്‍മിച്ചു. പാങ്ങോട്-ചിതറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന താഴേപാങ്ങോട് മതിര റോഡാണു നാട്ടുകാര്‍ സൌജന്യമായി നിര്‍മിച്ചത്. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡിനായി നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കുകയായിരുന്നു. സഹകരണ റോഡ് എന്നു നാമകരണം ചെയ്തു പഞ്ചായത്ത് അംഗങ്ങള്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. അഷറഫ്,അബ്ദുല്‍ കരീം, പ്രസന്ന എന്നിവര്‍ പങ്കെടുത്തു.

Thursday, April 5, 2012

വികസനസ്വപ്നവുമായി കിഴക്കന്‍ മലയോര മേഖല


പാലോട്. അവഗണനയുടെ കയത്തിലാണ്ട കിഴക്കന്‍ മലയോര മേഖലയുടെ വികസനസ്വപ്നങ്ങള്‍ പൂവണിയുന്നതുകാത്ത്  പ്രതീക്ഷയുടെ ലോകത്തു ജനം കഴിയാന്‍തുടങ്ങിയിട്ടു നാളേറെയായി. ഇതുവഴിയുള്ള റയില്‍വേയും അതിവേഗ റോഡ്വേയും യാഥാര്‍ഥ്യമാകാത്തതുമൂലം ഇന്നും അവികസിതമായി കഴിയുകയാണു കിഴക്കന്‍ മേഖല. റയില്‍പ്പാത വരുമെന്ന പ്രതീക്ഷയുടെ ലോകത്തു കഴിയാന്‍തുടങ്ങിയിട്ടു  വര്‍ഷങ്ങളായി. ഇതിനകം തന്നെ റയില്‍വേയുടെ ആവശ്യകത ചൂണ്ടിക്കാട്ടി വാര്‍ത്തകളും ചര്‍ച്ചകളും അനവധി ഉയര്‍ന്നെങ്കിലും അതിനായുള്ള ശ്രമത്തിന് ആക്കം കൂടുന്നില്ല എന്നതാണു യാഥാര്‍ഥ്യം.

വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ റയില്‍വേ മന്ത്രാലയം മലയോര റയില്‍വേ എന്ന പദ്ധതിക്കു രൂപം നല്‍കി നടത്തിയ പഠനത്തില്‍ തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചെങ്കോട്ട- തിരുവനന്തപുരം, ചെങ്കോട്ട- നാഗര്‍കോവില്‍ എന്നീ പാതകള്‍ സാധ്യതാ ലിസ്റ്റില്‍ ഇടംനേടിയെങ്കിലും അതിനെ പ്രായോഗികതലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണു നടക്കാതെപോകുന്നത്.

സാധ്യതാ ലിസ്റ്റില്‍ ഒന്ന്, ചെങ്കോട്ട- തെന്മല-കുളത്തൂപ്പുഴ, മടത്തറ, പാലോട്- ചുള്ളിമാനൂര്‍-നെടുമങ്ങാട് വഴി തിരുവനന്തപുരവും മറ്റൊന്നു പാലോട് നിന്നു പെരിങ്ങമ്മല - വിതുര- പനയ്ക്കോട്- ആര്യനാട്-പൂവച്ചല്‍- കാട്ടാക്കട-നെയ്യാറ്റിന്‍കര വഴി നാഗര്‍കോവില്‍ എന്നിവയുമാണു പഠനത്തില്‍ സാധ്യത നേടിയത്. ഇതില്‍ ഏതു പാത യാഥാര്‍ഥ്യമായാലും കിഴക്കന്‍ മലയോര മേഖലയെ സംബന്ധിച്ചു മുതല്‍ക്കൂട്ടാവും.
കൃഷി മേഖലയുടെ ഉണര്‍വിനും ചരക്കു നീക്കത്തിനു വേഗം കൂട്ടാനും ഒപ്പം തെങ്കാശി, നാഗര്‍കോവില്‍, തിരുവനന്തപുരം യാത്രയ്ക്ക് അനായാസം കൈവരാനും സാധിക്കും.

അതു പോലെ തന്നെ വികസനത്തിന്റെ ഗതി മാറ്റാന്‍ പര്യാപ്തമായ കല്ലാര്‍ - അംബാസമുദ്രം അതിവേഗ റോഡും അവഗണനയുടെ കയത്തില്‍ തന്നെ.  ഈ റോഡ് ഗതാഗതയോഗ്യമാക്കുന്നതിലൂടെ തിരുവനന്തപുരം - തിരുനെല്‍വേലി യാത്രയില്‍ നിലവിലെ ദൂരത്തില്‍ 35 കി.മീ കുറയും. 1863ലെ റീസര്‍വേയില്‍ പ്രസ്തുത റോഡിനെ കുറിച്ചു പറയുന്നുണ്ട്. 'ട്രാവന്‍കൂര്‍ പാസ്വേ എന്നാണു റോഡ് അറിയപ്പെടുന്നത്. കേരളം ഇന്ന് ഈ പാത ശ്രദ്ധിക്കുന്നില്ലെങ്കിലും തമിഴ്നാടിന്റെ അതിര്‍ത്തിയിലുള്ള അംബാസമുദ്രം - പാണ്ടിപത്ത് വരെയുള്ള ഭാഗം  ഇന്നും ഗതാഗതയോഗ്യമാണ്.

പ്രസ്തുത റോഡ് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്. റയില്‍വേയും അതിവേഗ പാതയും യാഥാര്‍ഥ്യമായാല്‍ കിഴക്കന്‍ മലയോര മേഖലയിലെഇന്നത്തെ  വികസന പിന്നാക്കവസ്ഥയ്ക്കു  പരിഹാരമാകും. ലോകത്തു തന്നെ ശ്രദ്ധേയമായ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും അടക്കമുള്ള കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തിനു കൂട്ടായ്മയിലൂടെയുള്ള അതിവേഗ തീരുമാനമാണു വേണ്ടതെന്നാണു പൊതുജനാഭിപ്രായം.

Tuesday, April 3, 2012

നിവേദനം കൊടുത്തു, ബസ് വന്നു; പക്ഷേ റൂട്ട് മാറ്റി



വിതുര: രണ്ടു വര്‍ഷത്തെ ശ്രമഫലമായി ബസ് അനുവദിച്ചപ്പോള്‍ റൂട്ട് മാറ്റി കബളിപ്പിച്ചതായി പരാതി. വിതുരയില്‍നിന്ന് നെടുമങ്ങാട്, വട്ടപ്പാറ, കേശവദാസപുരം വഴി മെഡിക്കല്‍കോളേജ് ബസ് സര്‍വീസിനായി ശ്രമിച്ചവരാണ് ഒടുവില്‍ അവഗണിക്കപ്പെട്ടത്.

കൊപ്പം മൈത്രി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, മുസാവരിയിലെ റിട്ട. അധ്യാപകന്‍ വി.ടി. കുര്യന്‍ തുടങ്ങിയവരാണ് 2009 മുതല്‍ ഈ സര്‍വീസിനായി ശ്രമം തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസ്, ഗതാഗതമന്ത്രിയുടെ ഓഫീസ്, വിതുര ബസ്‌സ്റ്റേഷന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിവേദനവും നല്‍കിയിരുന്നു.

ഒടുവില്‍ കഴിഞ്ഞദിവസം സര്‍വീസ് തുടങ്ങി. പക്ഷേ വിതുരയുടെ വാണിജ്യകേന്ദ്രമായ ചന്തമുക്ക്, ഏറ്റവും തിരക്കേറിയ കവലയായ കലുങ്ക് ജങ്ഷന്‍, ചേന്നന്‍പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ബസ് പ്രതീക്ഷിച്ചുനിന്നവര്‍ നിരാശരായി. വിതുര ഡിപ്പോയില്‍ നിന്ന് വട്ടപ്പാറ ഭാഗത്തേക്കുള്ള ഏക സര്‍വീസ് പ്രധാന റോഡുവഴിക്ക് പകരം ഉപറോഡായ മേമല വഴിയാക്കി.

സര്‍വീസ് പ്രധാന റോഡുവഴിയാക്കിയില്ലെങ്കില്‍ ഡിപ്പോ ഉപരോധമടക്കമുള്ള സമരപരിപാടികള്‍ നടത്തേണ്ടിവരുമെന്ന് ചന്തമുക്ക്, കലുങ്ക് ജങ്ഷന്‍, ചേന്നന്‍പാറ മേഖലയിലെ യാത്രക്കാരും വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.

Tuesday, March 20, 2012

നാരകത്തിന്‍കാലയിലേക്കു ബസ് സര്‍വീസ് തുടങ്ങുന്നു

വിതുര. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും നാരകത്തിന്‍കാലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കുന്നു. ആദിവാസികളുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ചാണു സര്‍വീസ് തുടങ്ങുന്നത്. ഉദ്ഘാടനം നാളെ രാവിലെ പത്തിനു വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ നിര്‍വഹിക്കും. നാരകത്തിന്‍കാലയില്‍നിന്നു വിതുര, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കാണു ബസ് സര്‍വീസ് ആരംഭിക്കുന്നത്.

Monday, March 19, 2012

ചെല്ലഞ്ചി പാലം മെല്ലെപ്പോകുന്നു


കല്ലറ : ചെല്ലഞ്ചി പാലത്തിന്റെ പണി ഇഴയുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. പാലത്തിന്റെ പണികള്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷമായി. 3 വര്‍ഷത്തിനകം പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഇതിന്റെ നിര്‍മ്മാണോദ്ഘാടനത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍, കാലാവധിയുടെ പകുതിസമയം കടന്നുപോയിട്ടും പാലത്തിന്റെ നാലിലൊന്ന് ശതമാനം പണിപോലും തീര്‍ക്കാനായിട്ടില്ല. അഞ്ച് പില്ലറുകളില്‍ മൂന്ന് എണ്ണം തറവട്ടംവരെ മാത്രം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിട്ടുണ്ട്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡും പാതിവഴിയില്‍ത്തന്നെ. പണിതുടങ്ങി ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. ഈ അവസ്ഥയില്‍ 10 വര്‍ഷം കഴിഞ്ഞാലും പാലം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.

11.5 കോടി രൂപ ചെലവിട്ടാണ് വാമനപുരം ആറ്റില്‍ ചെല്ലഞ്ചിയില്‍ പാലം പണിയുന്നത്. കല്ലറ, നന്ദിയോട്, നെല്ലനാട്, പഞ്ചായത്തുകളുടെ അതിര്‍ത്തിയാണിവിടം. തുടക്കത്തില്‍ 200-300 തൊഴിലാളികളെക്കൊണ്ട് പാലത്തിന്റെ പണികള്‍ ചെയ്യിച്ചിരുന്നു. പിന്നീടത് വിരലിലെണ്ണാവുന്നതായി. ഇതോടെ പണികളും മന്ദഗതിയിലായി. വേനല്‍ക്കാലമായതിനാല്‍ ആറ്റില്‍ വെള്ളം കുറവുള്ള സമയമാണ്. ഇത് കണക്കാക്കി കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പണി വേഗത്തിലാക്കുകയാണ് വേണ്ടത്.

കടത്തുവള്ളങ്ങളെ ആശ്രയിച്ച് കഴിഞ്ഞവരാണ് ഇവിടത്തുകാര്‍. ഏറെക്കാലത്തെ കാത്തിരുപ്പിനുശേഷമാണ് ഇവര്‍ക്ക് ഒരു പാലം അനുവദിച്ച് കിട്ടിയത്. പാലംപണി മന്ദഗതിയിലായതോടെ നാട്ടുകാര്‍ നിരാശരായി. കക്ഷി രാഷ്ട്രീയമോ ഭരണവ്യത്യാസങ്ങളോ നോക്കാതെ പാലം എത്രയും വേഗം നിര്‍മ്മിച്ച് നല്‍കണമെന്ന് മാത്രമാണ് ഇവര്‍ക്ക് ബന്ധപ്പെട്ടവരോട് പറയാനുള്ളത്.

Tuesday, March 13, 2012

റോഡു ഗതാഗതയോഗ്യമായിട്ടും ആലംപാറക്കാര്‍ക്ക് കാല്‍നട ശരണം

പാലോട്: റോഡു പണിക്ക് മുക്കാല്‍കോടി മുടക്കിയിട്ടും ആലംപാറക്കാര്‍ക്ക് കാല്‍നട തന്നെ ആശ്രയം. പ്രധാന മന്ത്രിയുടെ ഗ്രാമീണ സഡക്ക് യോജനയില്‍പ്പെടുത്തി നിര്‍മ്മിച്ച നന്ദിയോട് ആലംപാറ തോട്ടുമുക്ക് പാലുവള്ളി റോഡിലൂടെ ബസ് സര്‍വ്വീസ് നടത്താത്തതാണ് നാട്ടുകാര്‍ക്ക് വിനയായത്. ഇതു വഴി വാഹന സൌകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ താല്‍പര്യമെടുക്കുന്നില്ലെന്നാണ് പരാതി. ജനനിബിഡ കേന്ദ്രമായ ഇവിടെ വളരെ ലാഭകരമായി സര്‍വ്വീസ് നടത്താമെന്നിരിക്കെയാണ് അധികാരികളുടെ തികഞ്ഞ അവഗണനയും അനാസ്ഥയും ഈ പ്രദേശത്തോട് കാണിക്കുന്നത്. കാര്‍ഷിക വൃത്തിയില്‍ ജീവിതം നയിക്കുന്ന ബഹുഭൂരിപക്ഷം നാട്ടുകാര്‍ക്ക്തലച്ചുമടാണാശ്രയം.
റോഡ് ഗതാഗതയോഗ്യമാകുമ്പോള്‍ സര്‍വ്വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി പാലോട് ഡിപ്പോ ക്രമീകരിച്ച നാലു ഷെഡ്യൂളുകള്‍ക്ക്ഇപ്പോഴും മോക്ഷം ലഭിച്ചിട്ടില്ല. നാലു പഞ്ചായത്ത് വാര്‍ഡുകള്‍ അതിര്‍ത്തി പങ്കെടുന്ന ഈ പ്രദേശത്ത് ബസ് യാത്രാ സൌകര്യമൊരുക്കുവാന്‍ ജനപ്രതിനിധികള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മീന്‍മൂട്ടി, പേരയം, ചെല്ലഞ്ചി, ആനകുളം പ്രദേശങ്ങളില്‍ എളുപ്പമാര്‍ഗ്ഗം എത്തിച്ചേരാനുള്ള റോഡിനെ കെ.എസ്.ആര്‍.ടി.സിയും ജനനേതാക്കളും അവഗിക്കുന്നതില്‍ പ്രതിഷേധം വ്യാപകമാണ്.

Monday, March 12, 2012

വനം വകുപ്പ് മരം മുറിക്കുന്നില്ല, കെഎസ്ടിപി റോഡ് പണിയുന്നില്ല; പാലോട്ട് യാത്രക്കാര്‍ ദുരിതക്കയത്തില്‍

പാലോട്. വനം വകുപ്പ് മരം മുറിക്കുന്നില്ല, കെഎസ്ടിപി റോഡ് പണിയുന്നുമില്ല. ഒന്നര വര്‍ഷത്തിലേറെയായി പാലോട്ട് യാത്രക്കാര്‍ ദുരിതക്കയത്തില്‍. തെങ്കാശിയെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ഏറെ ഗതാഗത പ്രാധാന്യമുള്ള റോഡില്‍ പാലോടിനു സമീപം വെള്ളപ്പൊക്കത്തില്‍ നദീ തീരം ഇടിഞ്ഞതു 17 മാസമായിട്ടും പുനര്‍ നിര്‍മിക്കാത്തതാണു  യാത്രക്കാരെ ദുരിതക്കയത്തിലാക്കിയിരിക്കുന്നത്.

കെഎസ്ടിപിക്കാണ് റോഡിന്റെ ചുമതല. എന്നാല്‍  ഇവിടെ പണിക്കുതടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതാണു പണി നീണ്ടുപോകാന്‍ കാരണമെന്നാണ് ആക്ഷേപം. 2010 ഒക്ടോബര്‍ അഞ്ചിനാണു കനത്ത മഴയെ തുടര്‍ന്ന് വാമനപുരം നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നദീതീരം 10 മീറ്ററോളം ഇടിയുകയും 50 മീറ്ററോളം ഭാഗത്തു വിള്ളല്‍ വീഴുകയും ചെയ്തത്.

അപകട നിലയിലായ റോഡില്‍ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ തീര്‍ത്ത സംരക്ഷണ ഭിത്തി ഇടിഞ്ഞു നശിച്ചിട്ടും നദീതീരം പുനര്‍നിര്‍മിച്ചു യാത്രാക്ളേശത്തിനു പരിഹാരം കാണുന്ന കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണു ബന്ധപ്പെട്ടവര്‍ തുടരുന്നത്. ഇവിടെ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.  ഒരു വലിയ വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന ഇവിടെ വാഹനം പിന്നിലേക്കെടുക്കുന്നതു സംബന്ധിച്ചു ഡ്രൈവര്‍മാര്‍ തമ്മില്‍ കലഹം നിത്യ കാഴ്ചയാണ്.

നദീതീരം പുനര്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് ഇതിനകം യുവജന സംഘടനകള്‍ പല തവണ സമരം നടത്തിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മരങ്ങള്‍ മുറിച്ചു മാറ്റുന്നതു  സംബന്ധിച്ച് പാലോട് റേഞ്ച് ഓഫിസില്‍ നിന്നു ഡിഎഫ്ഒയ്ക്ക് കത്തു നല്‍കിയിട്ടുണ്ടെന്ന് ആര്‍ഒ: അനില്‍ പറഞ്ഞു.

Saturday, March 10, 2012

മലയോര റയില്‍പ്പാതയ്ക്കുള്ള നടപടികള്‍ വൈകുന്നു...

News sent by: Sadirsha Palode
പാലോട്: കേരളത്തെ തമിഴ്‌നാടുമായി വളരെ കുറഞ്ഞ ദൈര്‍ഘ്യത്തില്‍ ബന്ധിപ്പിക്കുന്ന മലയോര റെയില്‍പ്പാത യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കന്യാകുമാരിയില്‍ നിന്നും നെടുമങ്ങാട്-വിതുര-പാലോട് വഴി തെന്മല-ചെങ്കോട്ടയിലെത്തുന്ന തരത്തില്‍ റെയില്‍പ്പാത വേണമെന്ന മൂന്നു പതിറ്റാണ്ടുകാലത്തെ ആവശ്യമാണ് ഇന്നും ഫയലില്‍ ഉറങ്ങുന്നത്. 1994ല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതിയാണ് അംഗീകാരവും പ്രതീക്ഷിച്ചു കിടക്കുന്നത്.

തീരദേശ റെയില്‍പ്പാത സമാന്തരമായിട്ടാണ് മലയോര റെയില്‍പ്പാതയും തയ്യാറാക്കിയിരിക്കുന്നത്. 1982-ലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം മലയോര റെയില്‍വേ പാതയ്ക്ക് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനുവേണ്ടി 1994 ഏപ്രില്‍ 29ന് ശാസ്ത്രസാങ്കേതിക ഇന്‍സ്റ്റിട്യൂട്ടിനെ സര്‍വേ നടപടികള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

1995 ഏപ്രില്‍ മാസത്തില്‍ സര്‍വേ റിപ്പോര്‍ട്ട് സതേണ്‍ റെയില്‍വേക്ക് സമര്‍പ്പിക്കുകയും ചെയ്തു. കന്യാകുമാരി മുതല്‍ ചെങ്കോട്ടവരെ 70 കി.മീ. ദൂരമാണ് അന്ന് കണക്കാക്കിയിരുന്നത്. വളരെ കുറഞ്ഞ സമയത്തില്‍ തമിഴ്‌നാട്ടില്‍നിന്നും കന്യാകുമാരിയിലെത്താം എന്നൊരു പ്രത്യേകതയും അന്ന് വിദഗ്ദ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതര പാതകളുടെ നിര്‍മാണത്തെ അപേക്ഷിച്ച് കൂടിയൊഴിപ്പിക്കല്‍ ഭീഷണിയും 70 ശതമാനം കുറവായിരുന്നു. എന്നാല്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയില്ല.

1997-ല്‍ റെയില്‍മന്ത്രിയായിരുന്ന റാംവിലാസ് പസ്വാന്‍ റിപ്പോര്‍ട്ടില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും വരുത്തി പുനഃപരിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ മാറ്റംവരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സത്വര നടപടികള്‍ അതിന്‍മേലുണ്ടായില്ല.

മലയോര റെയില്‍പ്പാത യാഥാര്‍ഥ്യമായാല്‍ കന്യാകുമാരിയില്‍ നിന്നും നെടുമങ്ങാട്-പാലോട്-തെന്മല വഴി ചെങ്കോട്ടയിലെത്താന്‍ രണ്ടു മണിക്കൂര്‍ മതിയാകും. പൊന്മുടി, മങ്കയം, മീന്‍മുട്ടി, തെന്മല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും ദേശീയ സസ്യോദ്യാനം, സി.പി.സി.ആര്‍.ഐ., ഐ.എസ്.ആര്‍.ഒ. തുടങ്ങിയ നൂറുകണക്കിന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ വികസനത്തിനും കാരണമാകും. പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിവയുടെ സുഗമമായ യാത്ര വരുന്നതോടെ വന്‍വിലക്കുറവില്‍ ഗ്രാമീണമേഖലയില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്താനും ഈ റെയില്‍പ്പാത വഴിതുറക്കും.

കനത്ത വേനല്‍മഴ: മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.


വിതുര. കനത്ത വേനല്‍മഴയെ തുടര്‍ന്ന് വിതുര- ബോണക്കാട് റോഡില്‍ അപകടാവസ്ഥയില്‍ നിന്ന മരം കടപുഴകി വീണ് ബോണക്കാട്-വിതുര റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. വ്യാഴം രാത്രിയാണു മരം നിലംപൊത്തിയത്. നെടുമങ്ങാട്ടു നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി രാത്രി പത്തരയോടെ ഗതാഗതം പുന:സ്ഥാപിച്ചു.

Friday, March 9, 2012

പുലിയൂര്‍ - പനങ്ങോട് പാലം യാഥാര്‍ഥ്യമാക്കണം, പ്രവാസി കോണ്‍ഗ്രസ്

പാലോട്. വാമനപുരം നദി വേര്‍തിരിക്കുന്ന  നന്ദിയോട് പഞ്ചായത്തിലെ പ്രദേശങ്ങളായ പുലിയൂരിനെയും പനങ്ങോടിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പാലം വേണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കണമെന്നു പ്രവാസി കോണ്‍ഗ്രസ് പുലിയൂര്‍ ഗുരുമന്ദിരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പന്തലില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാല്‍ അംഗത്വ വിതരണം നിര്‍വഹിച്ചു. ഡി.എസ്. വിജയന്‍. എം. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പന്തലില്‍ രാധാകൃഷ്ണന്‍ (പ്രസി), പി.ജെ. ജയപ്രഭാത്( വൈ പ്രസി), പി. പ്രഭാകരന്‍( ജന സെക്ര.), ജി. സുഭാഷ്( സെക്ര), നന്ദകുമാരന്‍(ട്രഷ). ഫല്‍ഗുനന്‍( മണ്ഡലം എക്സി. അംഗം).