WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label കല. Show all posts
Showing posts with label കല. Show all posts

Sunday, May 20, 2012

മരുതുംമൂട്ടില്‍ ഇന്നു നാടക ശില്‍പശാല

വിതുര.ചെറ്റച്ചല്‍ മരുതുംമൂട് സ്വദേശാഭിമാനി ബാലവേദിയുടെ നേതൃത്വത്തില്‍ 'നാടകപഠനവും ആവിഷ്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നു രാവിലെ പത്തിന് ഗ്രന്ഥശാലാ ഹാളില്‍ ശില്‍പശാല നടക്കും. നാടകകൃത്തും സംവിധായകനുമായ അരുണേഷ് ശങ്കര്‍, ഡോ. കെ.ഷിബു, എസ്.കെ. സുനീഷ്കുമാര്‍ എന്നിവര്‍ ക്ളാസെടുക്കും. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി കാഞ്ഞിരംപാറ മോഹന്‍ ഉദ്ഘാടനം ചെയ്യും.


Saturday, May 5, 2012

കല്ലറയില്‍ ഗ്രാമം ഫിലിം സൊസൈറ്റിയുടെ സൗജന്യചലച്ചിത്ര ആസ്വാദന ക്യാമ്പ്


പാലോട്: ഗ്രാമം ഫിലിം സൊസൈറ്റി കല്ലറയില്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് 20, 21 തീയതികളില്‍ ചലച്ചിത്ര ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുന്നു. സിനിമയുടെ സാങ്കേതികവും സൃഷ്ടിപരവുമായ വിഷയങ്ങളില്‍ ചലച്ചിത്രരംഗത്തെ പ്രശസ്തര്‍ നയിക്കുന്ന ക്ലാസുകള്‍, ലോകോത്തര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും വിലയിരുത്തലും പരിശീലനക്കളരി തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14നും 20നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഗ്രാമം ഫിലിം സൊസൈറ്റി, കല്ലറ പി.ഒ, തിരുവനന്തപുരം 695 608 എന്ന വിലാസത്തിലോ gramamfilmQgmail.com ലോ 8891769339, 9846043613, 9747971308 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.

Tuesday, May 1, 2012

കലയുടെ കൂട്ടായി 'തരണി' തുടക്കമായി

പാലോട്: കലയുടേയും സംഗീതത്തിന്‍േറയും അവധിക്കാല കൂട്ടായ്മയായ 'തരണി'യുടെ പ്രവര്‍ത്തനോദ്ഘാടനം പാലോട്ട് നടന്നു. കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി തരണിക്ക് ഭദ്രദീപം തെളിച്ചു. ഡി. രഘുനാഥന്‍നായര്‍, ബി. പവിത്രകുമാര്‍, പി.എസ്. ദിവാകരന്‍നായര്‍, സുഭാഷ് അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗീത നാടക സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ലീലാ റിഗാറ്റയെ ചടങ്ങില്‍ ആദരിച്ചു.

Saturday, March 24, 2012

സ്വവര്‍ഗപ്രേമം പ്രമേയമാക്കിയ നാടകം പുനരാവിഷ്‌കരിക്കാന്‍ വിദ്യാര്‍ഥികള്‍


വിതുര: സ്വവര്‍ഗപ്രേമം ആധാരമാക്കി ഹാരോള്‍ഡ് പിന്റര്‍ രചിച്ച നാടകം ഒരുകൂട്ടം നാടകവിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരാവിഷ്‌കരിക്കുന്നു. സ്വവര്‍ഗാനുരാഗം കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് ഈ വിഷയം പ്രമേയമാക്കിയ നാടകം പുനര്‍ജനിക്കുന്നത്. ലോക നാടകദിനമായ മാര്‍ച്ച് 27 ന് വൈകീട്ട് 7.15 ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിലാണ് നാടകം.

രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുണ്ടായ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് നോബല്‍ സമ്മാന ജേതാവായ പിന്റര്‍ സ്വവര്‍ഗപ്രേമം മുഖ്യവിഷയമാക്കി 'ഓള്‍ഡ് ടൈംസ്' എന്ന നാടകം രചിച്ചത്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും വിതുര സുഹൃത്ത് നാടകക്കളരിയിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് നാടകം പുനരവതരിപ്പിക്കുന്നത്.

വിതുര സ്വദേശി വിഷ്ണു ബി. നായരാണ് നാടകത്തിന്റെ രൂപകല്‍പനയും സംവിധാനവും. വിഷ്ണു, അലക്‌സ്, കിച്ചു എന്നിവരാണ് അരങ്ങില്‍. അച്ചുജോര്‍ജ്, ജയകൃഷ്ണന്‍, അഭിലാഷ് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. സുഹൃത്ത് നാടകക്കളരി സംഘാടകന്‍ ആര്‍. സുധാകരന്‍ നിര്‍മിച്ച 'ഓള്‍ഡ് ടൈംസി' ന് ഒരു മണിക്കൂറാണ് ദൈര്‍ഘ്യം.

Friday, March 9, 2012

പുരോഗമന കലാസാഹിത്യ സംഘം നന്ദിയോട് യൂണിറ്റ്


പാലോട്: പുരോഗമനകലാസാഹിത്യസംഘം നന്ദിയോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  'ക്രിസ്തുവും മാര്‍ക്സിസവും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദം 10ന് വൈകുന്നേരം 4ന്  നന്ദിയോട് പ്രതിഭാരംഗം ഓഫീസില്‍ നടക്കുമെന്ന് പ്രസിഡന്റ് ഡി. വാമദേവനും സെക്രട്ടറി ടി. രാജഗോപാലും അറിയിμു. എന്‍. ഗോപാലകൃഷ്ണന്‍, കെ. രത്നാകരന്‍ കാണി, ഡോ. കെ. ഷിബു, കെ.പി. രവി, രമ്യ രവി
ബാലന്‍ എന്നിവര്‍ സംസാരിക്കും.

Wednesday, February 22, 2012

ചിത്രരചനാക്ലാസ്


പാലോട്: പാലോട് ചിന്ത സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാക്ലാസ് ആരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിക്കും. താത്പര്യമുള്ളവര്‍ 9447928686, 9946595580 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

Wednesday, February 8, 2012

ഹിന്ദി ഉല്‍സവ് ആരംഭിച്ചു


പാലോട്: ബിആര്‍സിയുടെ തനതു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല ഗ്രാമപഞ്ചായത്തുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഹിന്ദി ഉല്‍സവ് (മിലന്‍- 2012) പെരിങ്ങമ്മല ഗവ. യുപിഎസില്‍ ആരംഭിച്ചു. വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയെ തുടര്‍ന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല  ഉദ്ഘാടനം ചെയ്തു. ബിപിഒ: ജി.എസ്. മോഹനകുമാര്‍, എഇഒ: എസ്. ഷാജു, ബ്ളോക്ക് പഞ്ചായത്ത് അംഗം ബി. പവിത്രകുമാര്‍, കൊച്ചുവിള അന്‍സാരി, വി. പ്രസാദ്, ഹെഡ്മാസ്റ്റര്‍ ജെ. ബാലചന്ദ്രന്‍നായര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. ജ്യോതിസ്മതി  എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി കോല്‍ക്കളി, ചരടുപിന്നിക്കളി എന്നിവയും രചനാമല്‍സരങ്ങളും നടന്നു. ഖാദിവസ്ത്ര പ്രദര്‍ശനവും വില്‍പനയും ഹിന്ദി പുസ്തക പ്രദര്‍ശനം, നൂല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്നു. ഇന്നു സ്റ്റേജ് പ്രോഗ്രാമുകള്‍ നടക്കും. നാലിനു നടക്കുന്ന   സമാപന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖയുടെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Wednesday, February 1, 2012

പാലോട് മേളയ്ക്ക് ഫെബ്രു. 7 ന് കൊടിയേറും


പാലോട്: തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായ പാലോട് മേളയ്ക്ക് ഫെബ്രു. 7 ന് കൊടിയേറും. 49 ാമത് മേളയാണ് ഇത്തവണത്തേത് ഒന്‍പതു ദിവസം നീണ്ടു നില്‍ക്കും. സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടേതടക്കം 150 ഓളം പ്രദര്‍ശന വിപണന സ്റ്റാളുകളുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൌജന്യമെഡിക്കല്‍ ക്യാമ്പുകള്‍, കുടുംബശ്രീ സംഗമം, സെമിനാറുകള്‍, നാടന്‍ കലാമത്സരങ്ങള്‍, കര്‍ഷകരെ ആദരിക്കല്‍, വടംവലി- ഫോട്ടോഗ്രാഫി മത്സരങ്ങള്‍ ചെസ്- കാരംസ് ടൂര്‍ണമെന്റ് , കുട്ടികളുടെ പുഞ്ചിരിമത്സരം , ഇരട്ടകളുടെ സംഗമംതുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികളും നടക്കും. 7 നു രാവിലെ 8 ന് ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് വി.കെ. മധു ഭദ്രദീപം തെളിക്കും. വൈകിട്ട് ആറിന് വിനോദ സഞ്ചാര വാരാഘോഷം നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.സമ്പത്ത് എം.പി, എം.എല്‍.എ മാരായ കോലിയക്കോട് കൃഷ്ണന്‍നായര്‍, പാലോട്രവി തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 9 ന് നാടകം.

8 നു രാവിലെ 10 ന് കാര്‍ഷിക സെമിനാര്‍, വൈകിട്ട് 6 ന് ഗ്രാമസന്ധ്യ, 9 ന് നൃത്തനൃത്യങ്ങള്‍, 9 ന് വൈകിട്ട് മൂന്നിന് ഓലമെടയല്‍ , തേങ്ങാപൊതിക്കല്‍ മത്സരം, 5 ന് ഉപഭോക്തൃ സെമിനാര്‍. 11 നു കൌമാരക്കാരുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് സെമിനാര്‍, ഉച്ചയ്ക്ക് കുടുംബശ്രീ സംഗമം ടി.എന്‍.സീമ എം.പി ഉദ്ഘാടനം ചെയ്യും, തുടര്‍ന്ന് നാടകം. 12 നു രാവിലെ ചിത്രരചനാ മത്സരം വൈകിട്ട് കെ. മുരളീധരന്‍ എം.എല്‍.എ കര്‍ഷകരെ ആദരിക്കും.

13 നു വൈകിട്ട് സാംസ്കാരിക സന്ധ്യ ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും, 15 നു രാവിലെ വനിതാ സെമിനാര്‍ ജസ്റ്റിസ് ഡി.ശ്രീദേവി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ജഗതി ശ്രീകുമാര്‍ മുഖ്യാതിഥിയാകും. എം.എം.സലിം (ചെയര്‍മാന്‍), മനേഷ്ജി. നായര്‍ (ജന. സെക്രട്ടറി), പി.എസ്. ദിവാകരന്‍ നായര്‍ (ട്രഷറര്‍), കെ.സന്തോഷ് (കണ്‍വീനര്‍) ഇ. ജോണ്‍കുട്ടി, എം.പി വേണുകുമാര്‍, പുതുവല്‍ മുരളി, പാപ്പനംകോട് അനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, January 31, 2012

ചായം ഉത്സവം: ദേവിക്ക് സംഗീതാര്‍ച്ചന


വിതുര: ചായം ഭദ്രകാളി ക്ഷേത്രോത്സവം പ്രമാണിച്ച് ദേവിക്ക് സംഗീതാര്‍ച്ചനയും. വിതുര സ്വദേശി ബി.സുവീണ്‍ സംഗീതവും ഹരീഷ് മണ്ണറ രചനയും നിര്‍വഹിച്ച 'ശ്രീഭദ്ര' ദേവീസ്തുതികളാണ് സി.ഡി.യിലാക്കി ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. എന്‍.രവീന്ദ്രന്‍ നായരുടെ (രാഹുല്‍ സ്റ്റുഡിയോ) നേതൃത്വത്തില്‍ തയ്യാറാക്കിയ സി.ഡി. പാലോട് രവി എം.എല്‍.എയില്‍നിന്ന് ക്ഷേത്ര പ്രസിഡന്റ് കെ.സോമശേഖരന്‍ നായര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ഷേത്ര സെക്രട്ടറി എന്‍.ശശിധരന്‍ നായര്‍ അധ്യക്ഷനായി. മണ്ണറ വേണു, പി.എസ്.പ്രശാന്ത്, ഗാനങ്ങള്‍ ആലപിച്ച അനില്‍കുമാര്‍, രാജി, ക്ഷേത്ര ഖജാന്‍ജി കെ.ജെ.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, January 26, 2012

സിപിഎം സമ്മേളനം: കാര്‍ഷിക മല്‍സരങ്ങള്‍ ആവേശം വിതറി


പാലോട്: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാതല കാര്‍ഷിക മല്‍സരങ്ങള്‍ ആവേശം വിതറി. ഓലമെടയലും, തെങ്ങുകയറ്റവും ഉള്‍പ്പെടെ വ്യത്യസ്തമായ മല്‍സരങ്ങളാണു നടന്നത്. ഓലമെടയല്‍ മല്‍സരത്തില്‍ വിതുര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന്‍കാണിയും പങ്കെടുത്തു. നാടന്‍പാട്ട് അവതരണവും ഗാനമേളയും ഇതോടൊപ്പം നടന്നു. കാര്‍ഷിക മല്‍സരങ്ങളുടെ ഉദ്ഘാടനം കായിക താരം ബോബി അലോഷ്യസ് നിര്‍വഹിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വികെ. മധു, ഏരിയ സെക്രട്ടറി പേരയം ശശി എന്നിവരടക്കം അനവധിപേര്‍ സംബന്ധിച്ചു. മല്‍സര വിജയികള്‍(യഥാക്രമം ഒന്ന്, രണ്ട് സ്ഥാനക്കാര്‍): ഒാലമെടയല്‍: സുമതി വേലന്‍കോണം, ത്യാഗരാജന്‍ ആനകുളം. തെങ്ങു കയറ്റം: പ്രദീപ് കുന്നുംപുറം, സതീശന്‍ പനങ്ങോട്.

കല്ലറയില്‍ ഇറാന്‍ ചലച്ചിത്രോത്സവം


പാലോട്: കല്ലറ ഗ്രാമം ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇറാന്‍ ചലച്ചിത്രമേള 26ന് കല്ലറയില്‍ നടക്കും. കല്ലറ എ.ആര്‍.എസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

രാവിലെ 10ന് 'ദി സോങ്‌സ് ഓഫ് സ്പാറോ', 11.30ന് 'ദ ഡേ ഐ ബിക്കം എ വുമണ്‍,' 3ന് 'വെയര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹോം', 5ന് ഇറാന്‍ ഭരണകൂടം തടവിലാക്കിയ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ വിമോചനം - ചര്‍ച്ച, 6ന് ജാഫര്‍ പനാഹിയുടെ സിനിമ 'ദ സര്‍ക്കിള്‍'.

കൂടാതെ രാവിലെ 10 മണിമുതല്‍ 'എലബന്റ്‌സ്' ഫോട്ടോ പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

അഴീക്കോടിനെ ആരാധിച്ച ശ്യാമയ്ക്ക് പ്രസംഗത്തില്‍ ഒന്നാംസ്ഥാനം


പാലോട്: പ്രസംഗമത്സരത്തിന് തട്ടകത്തില്‍ കയറുന്നതിനുമുമ്പ് ശ്യാമയ്ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ഗുരുവായൂരപ്പനെയും അഴീക്കോട് മാഷിനെയും കാണണം. ഗുരുവായൂരപ്പനെ കണ്ട് തൊഴാന്‍ കഴിഞ്ഞില്ലെങ്കിലും വാക്കിന്റെ കുലപതിയെ ആസ്പത്രി കിടക്കയിലെത്തി കാല്‍ തൊട്ടുവണങ്ങിയശേഷമാണ് ശ്യാമ മത്സരത്തിനൊരുങ്ങിയത്. ഫലം വന്നപ്പോള്‍ 15 പേരെയും പിന്തള്ളി ശ്യാമ നേടിയത് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

പാലോട് ഇളവട്ടം ബി.ആര്‍.എം. ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്യാമ. മുമ്പ് രണ്ടുവട്ടം റവന്യൂ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടും സംസ്ഥാന മത്സരത്തില്‍ മുന്നിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇത്തവണ കിട്ടിയ 'റിയാലിറ്റിഷോ-ജനപ്രീതിയും കലാമൂല്യവും' എന്ന വിഷയത്തില്‍ തനിക്ക് ഏറെ പറയാനുണ്ടായിരുന്നെന്ന് ശ്യാമ. അക്ഷരശ്ലോകത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ മിടുക്കി. അഴീക്കോട് മാഷിനെപ്പോലെ നിറഞ്ഞ പദസമ്പത്തില്‍ പ്രസംഗിച്ച് തിളങ്ങണമെന്നതാണ് ശ്യാമയുടെ ആഗ്രഹം.

Monday, January 23, 2012

ഗ്രാമത്തിന്റെ അഭിമാനമായി നജ്നാ നസിം

പാലോട്: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  ഹൈസ്കൂള്‍ വിഭാഗം കഥാരചനയില്‍ എ ഗ്രേഡ് നേടിയ നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി  നജ്നാ നസിം പെരിങ്ങമ്മല ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം കഥകളുടെ ലോകത്ത്  പ്രതീക്ഷയുമാകുന്നു.

ആറാമത്തെ വയസ്സില്‍ തുടങ്ങിയ കഥയെഴുത്തില്‍ പുരസ്കാരങ്ങളുടെ ഘോഷയാത്രയാണ് ഈ കൊച്ചു മിടുക്കിയെ തേടിയെത്തിയത്. ഇതിനകം  അന്‍പതോളം കഥകള്‍ രചിച്ചു കഴിഞ്ഞു. ഇതില്‍ 11 കഥകള്‍ ചേര്‍ത്ത് 2010ല്‍ ' ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മയ്ക്ക് എന്ന  സമാഹാരവും പുറത്തിറക്കി. എസ്എസ്എയാണ് ഇതു പ്രസിദ്ധീകരിച്ചത്. സ്കൂള്‍ കലോല്‍സവങ്ങള്‍ക്കു പുറമെ വിദ്യാരംഗം കലാസാഹിത്യവേദി, ഗാന്ധികലോല്‍സവം, ലൈബ്രറി കൌണ്‍സില്‍ തുടങ്ങി അനവധി വേദികളില്‍ വിജയതിലകമണിയാന്‍ നജ്നയ്ക്കു സാധിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാ രചനയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച 'പക്ഷിക്കൂട് എന്ന, എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി എഴുതിയ കഥ ഏറെ ശ്രദ്ധേയമായി. ഗ്രാമത്തനിമയുടെ കാമ്പുള്ളതാണു നജ്നയുടെ കഥകളെല്ലാം. പ്രകൃതി നിരീക്ഷണവും  വായനയുമാണു നജ്നയുടെ കഥാരചനയ്ക്കുള്ള ഊര്‍ജം ലഭ്യമാക്കുന്നത്. ഹിന്ദിയിലും ഇംഗിഷിലും നജ്ന കഥകളെഴുതിത്തുടങ്ങി. തന്റെ കഥകള്‍ക്കു ചിത്രം വരയ്ക്കുന്നത് അനുജന്‍ നാസിഫ് ആണെന്നതാണു സവിശേഷത.

പാലോട്
ബിആര്‍സി നിര്‍മിച്ച ചലച്ചിത്രങ്ങള്‍ക്കു സ്ക്രിപ്റ്റ് എഴുതിയതു നജ്നയായിരുന്നു. ഇതില്‍ അഭിനയിക്കുകയും ചെയ്തു.  സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കാണാതായ പെണ്‍കുട്ടി എന്നതായിരുന്നു വിഷയം. ' എരിയുന്ന കണ്ണിലെ നനയുന്ന കൃഷ്ണമണി എന്ന തലക്കെട്ടിലാണു നജ്ന കഥയെഴുതി എ ഗ്രേഡ് നേടിയത്. തന്റെ രണ്ടാമത്തെ കഥാ സമാഹാരം പുറത്തിറക്കാന്‍ പ്രസാധകരെ കാത്തു കഴിയുകയാണു നജ്ന. പെരിങ്ങമ്മല ഇക്ബാല്‍ കോളജ് ജീവനക്കാരന്‍ നസിമിന്റെയും ഗവ. യുപിഎസിലെ അധ്യാപിക ഷിഹാനയുടെയും മകളാണ്.

Friday, January 20, 2012

ഇക്ബാല്‍ കോളേജില്‍ ആര്‍ട്ട്സ് ഫെസ്റ്റ്

ഇന്നു നടന്ന ഇക്ബാല്‍ കോളേജ് ആര്‍ട്ട്സ് ഫെസ്റ്റ് - മുഹമ്മദ് ഷാന്‍ കൊച്ചുവിള പകര്‍ത്തിയ ചിത്രം

Saturday, January 7, 2012

യു.പി സംസ്‌കൃതം കലോത്സവത്തില്‍ ഒന്നാംസ്ഥാനം പാലോടിന്


സംസ്‌കൃതം കലോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ 84 പോയിന്റുമായി പാലോട് ഉപജില്ല ഒന്നാംസ്ഥാനവും 78 പോയിന്റുമായി തിരുവനന്തപുരം സൗത്ത് രണ്ടാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 79 പോയിന്റുമായി കാട്ടാക്കട ഉപജില്ലയും 70 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത്, ബാലരാമപുരം ഉപജില്ലയും യു.പി.രണ്ടാംസ്ഥാനവും പങ്കിട്ടു. അറബി കലോത്സവത്തില്‍ യു.പിയില്‍ കണിയാപുരം (69 പോയിന്റ്) ഒന്നാമതും തിരുവനന്തപുരം സൗത്ത് (61 പോയിന്റ്) രണ്ടാമതും എത്തി.

അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആതിഥേയരായ നെടുമങ്ങാട് 87 പോയിന്റുമായി ഒന്നാംസ്ഥാനവും 79 പോയിന്റ് നേടി പാലോട് ഉപജില്ല രണ്ടാംസ്ഥാനവും നേടി.

നെടുമങ്ങാട്: നെടുമങ്ങാട്ട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ യു.പി. വിഭാഗത്തില്‍ കിളിമാനൂരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം സൗത്ത് ഉപജില്ലയും കിരീടം ചൂടി.

യു.പി. വിഭാഗത്തില്‍ 131 പോയിന്‍േറാടെ കിളിമാനൂര്‍ ഒന്നാംസ്ഥാനത്ത് എത്തിയപ്പോള്‍ 122 പോയിന്റ് നേടി കാട്ടാക്കട, ആറ്റിങ്ങല്‍, നെടുമങ്ങാട് ഉപജില്ലകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു. 58 പോയിന്റുമായി നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് എച്ച്.എസ്.എസ്. ഒന്നാംസ്ഥാനവും 48 പോയിന്റുമായി തിരുവനന്തപുരം നിര്‍മലഭവന്‍ ജി.എച്ച്.എസും മികച്ച സ്‌കൂളുകളായി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 272 പോയിന്റ് നേടി തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലയും 262 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ല രണ്ടാംസ്ഥാനവും നേടി. 96 പോയിന്റുവീതം നേടി കടുവയില്‍ കെ.ടി.സി.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളും വഴുതക്കാട് കാര്‍മല്‍ എച്ച്.എസ്.എസും സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം പങ്കിട്ടു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 330 പോയിന്‍േറാടെ തിരുവനന്തപുരം സൗത്ത് മുന്നിലെത്തിയപ്പോള്‍ 320 പോയിന്റുമായി നോര്‍ത്ത് രണ്ടാംസ്ഥാനം നേടി. 100 പോയിന്റുള്ള കാര്‍മല്‍ എച്ച്.എസ്.എസ്. ഒന്നാംസ്ഥാനത്തും 89 പോയിന്റുള്ള കിളിമാനൂര്‍ ആര്‍.ആര്‍.വി.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും നേടി.



കലോത്സവ സമാപന സമ്മേളനം അഡ്വ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ സുവനീര്‍ പ്രകാശനം ചെയ്തു. ആനാട് ജയന്‍ സുവനീര്‍ ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, അന്‍സജിതാ റസല്‍, എം.എസ്.രാജു, എല്‍.ബീന, പ്രദീപ് നാരായണന്‍, നിസാം ചിതറ എന്നിവര്‍ സംസാരിച്ചു. അഡ്വ. എ.സമ്പത്ത് എം.പിയും പാലോട് രവി എം.എല്‍.എ യും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Friday, January 6, 2012

കുഞ്ഞളിയന്‍ പ്രദര്‍ശനം തുടങ്ങി

ചിതം: ജഗ്ഗു അനീഷ്
സജി സുരേന്ദ്രന്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത കുഞ്ഞളിയന്‍ പ്രദര്‍ശനം തുടങ്ങി. അനന്യയാണു നായിക. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ വിരിഞ്ഞ കുഞ്ഞളിയനില്‍ 3 സഹോദരിമാരുള്ള ഒരു ചെറുപ്പക്കാരന്റെ വേഷമാണ് ജയസൂര്യക്ക്. പെട്ടെന്നൊരു ദിവസം പണവു പ്രശസ്തിയും കൈവരുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ കഥ.  മനോജ് പാലോടന്‍ അസോസിയേറ്റ് ഡയറക്റ്ററാകുന്ന സജിയുടെ നാലാമത്തെ  ചിത്രമാണ്  കുഞ്ഞളിയന്‍. മുളകു പാടം ഫിലിംസ് ആണു നിര്‍മ്മാണം.

ജില്ലാ സംസ്‌കൃത - അറബി സാഹിത്യോത്സവം ജേതാക്കളാകാന്‍ പാലോട് ഉപ്ജില്ലയും

കൂടിതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

നെടുമങ്ങാട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 220 പോയിന്റുമായി തിരുവനന്തപുരം സൗത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 181 പോയിന്റുമായി തിരുവനന്തപുരം നോര്‍ത്താണ് മുന്നില്‍. യു.പി. വിഭാഗത്തില്‍ 80 പോയിന്റുള്ള കിളിമാനൂരാണ് ഒന്നാമത്. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.

ഹയര്‍സെക്കന്‍ഡറി, യു.പി. വിഭാഗങ്ങളിലാണ് കിരീടപ്പോരാട്ടം ഏറ്റവും രൂക്ഷം. ഹയര്‍സെക്കന്‍ഡറിയില്‍ നോര്‍ത്ത് രണ്ടാം സ്ഥാനത്തായത് ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ്. അവര്‍ക്ക് 219 പോയിന്റുണ്ട്. യു.പി. വിഭാഗത്തില്‍ രണ്ടാമതുള്ള സൗത്തിന് 78 പോയിന്റുണ്ട്. ഒന്നാം സ്ഥാനത്തുള്ള കിളിമാനൂരിനേക്കാള്‍ രണ്ടുപോയിന്റ് മാത്രം പിന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരായ കണിയാപുരത്തിന് 170 പോയിന്റാണുള്ളത്.

സംസ്‌കൃതോത്സവം യു.പി. വിഭാഗത്തില്‍ പാലോട് (74), കണിയാപുരം (72) എന്നീ ഉപജില്ലകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാട്ടാക്കട (69), ബാലരാമപുരം (65) എന്നിവയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അറബി സാഹിത്യോത്സവം യു.പി. വിഭാഗത്തില്‍ കണിയാപുരം (61), തിരുവനന്തപുരം സൗത്ത് (57) എന്നിവരാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നെടുമങ്ങാട് (64), പാലോട് (58) എന്നിവ മുന്നിട്ടുനില്‍ക്കുന്നു.

Saturday, December 24, 2011

വിതുരയില്‍ ചിത്രകലാ പഠനക്കളരി


വിതുര: സംസ്ഥാനലളിതകലാഅക്കാദമി, വിതുര ബാലഭവന്‍, ബാലജനസഖ്യം വിതുരയൂണിയന്‍, വിതുര സുഹൃത് ബാലജനസഖ്യം എന്നിവയുടെ നേതൃത്വത്തില്‍ 27,28,29 തീയതികളില്‍ വിതുര ബാലഭവനില്‍  ചിത്രകലാ പഠനക്കളരി നടത്തും. ശില്‍പകല, പെയിന്റിങ്, ചിത്രരചന, പെന്‍സില്‍ഡ്രോയിങ് എന്നിവയില്‍ പരിശീലനം നല്‍കും. ഫോണ്‍: 9447128586

Sunday, December 4, 2011

സംസ്‌കൃതോത്സവം എസ്.കെ.വി.എച്ച്.എസിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്



പാലോട്: പാലോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തില്‍ നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. യു.പി., എച്ച്.എസ്.വിഭാഗങ്ങളിലെ പത്തിനങ്ങളിലും എ.ഗ്രേഡ് നേടിയാണ് എസ്.കെ.വി.എച്ച്.എസ്. ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്.

Friday, December 2, 2011

എയ്ഡ്സ്ദിനത്തില്‍ തെരുവുനാടകവുമായി വിദ്യാര്‍ഥികള്‍



വിതുര: ലോക എയ്ഡ്സ് ദിനമായ ഇന്നലെ വിദ്യാലയങ്ങളില്‍ എയ്ഡ്സ് വിരുദ്ധപ്രതിജ്ഞയും റാലിയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. തൊളിക്കോട് തേക്കുംമൂട് ക്രിസ്തുകിരണ്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ എയ്ഡ്സിനെതിരെയുള്ള ശക്തമായ സന്ദേശവും രോഗബാധിതരുടെ ദുരിതകഥയും പ്രതിപാദിക്കുന്ന തെരുവുനാടകം വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു പ്രശംസ പിടിച്ചുപറ്റി. 'ജീവിക്കൂ...,ജീവിക്കാനനുവദിക്കൂ.... എന്ന ഇരുപതു മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകമാണു കുട്ടികള്‍ അവതരിപ്പിച്ചത്.

13പേര്‍ വേഷമിട്ടു. രചനയും സംവിധാനവും കുട്ടികള്‍ തന്നെ നിര്‍വഹിച്ചു. മന്നൂര്‍ക്കോണം ഇടനില യുപിഎസിലും, തൊളിക്കോട് ജംക്ഷനിലും നാടകം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു. നാട്ടുകാര്‍ കുട്ടികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി പ്രശംസിച്ചു. തന്റേതല്ലാത്ത കാരണത്താല്‍ എയ്ഡ്സ് ബാധിച്ചവരുടെ ദു:ഖവും, സമൂഹത്തില്‍ അവര്‍ നേരിടേണ്ടിവരുന്ന സങ്കീര്‍ണ പ്രശ്നങ്ങളുമാണു നാടകത്തിന്റെ ഇതിവൃത്തം.

എയ്ഡ് എങ്ങനെയൊക്കെ പകരാം, പകര്‍ന്നാലുള്ള ദുരവസ്ഥ, പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നിവ നാടകത്തിലൂടെ  വരച്ചുകാട്ടി. എയ്ഡ്സിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നടത്തിയാണു നാടകം സമാപിക്കുന്നത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സുജിതയുടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സി. അംഗം മാഹീന്‍, അധ്യാപകരായ പ്രദീപ്കുമാര്‍, മഹേഷ് എന്നിവരാണു നാടകത്തിന്റെ മേല്‍നോട്ടംവഹിച്ചത്.