WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label Help. Show all posts
Showing posts with label Help. Show all posts

Saturday, February 4, 2012

നാലുവയസ്സുകാരന്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു


പാങ്ങോട്: നിര്‍ധന കുടുംബത്തിലെ നാലുവയസുകാരനായ ബാലന്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാങ്ങോട് നെടുംകൈത കാഞ്ചിനട വട്ടപ്പുല്ല് ചരുവിള പുത്തന്‍വീട്ടില്‍ ബിന്ദുവിന്റെ മകന്‍ ഗോകുല്‍ (നാല്) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്.

ഗോകുലിന്റെ ഹൃദയത്തിന് ജന്മനാ തകരാറുകളുണ്ട്. നാലുവര്‍ഷമായി ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്രയിലും എറണാകുളം അമൃതാ ഇന്‍സ്റ്റിറ്റിയൂട്ടിലും ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാണ്. ശസ്ത്രക്രിയ എത്രയുംവേഗം നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രണ്ടുലക്ഷത്തോളം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് ബിന്ദു.

കൂലിവേല ചെയ്താണ് ബിന്ദു കുടുംബം പോറ്റുന്നത്. ഗോകുലിന് ഒരാഴ്ചത്തെ മരുന്നിന് മാത്രം 500 രൂപ വേണം. പലപ്പോഴും ഈ തുക പോലും കണ്ടെത്താന്‍ കഴിയാറില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സകള്‍ നടന്നത്. പണമില്ലാതെ മരുന്നുകള്‍ മുടങ്ങിത്തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഗോകുലിന്റെ ചികിത്സാ ചെലവിനുള്ള ധനം സ്വരൂപിക്കുന്നതിന് വാര്‍ഡ് പ്രതിനിധി പ്രഭാകരന്‍നായര്‍ കണ്‍വീനറായി സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിലേക്കായി പാങ്ങോട് എസ്.ബി.ടി.യില്‍ 67126896722 എന്ന നമ്പരില്‍ അക്കൗണ്ടും തുറന്നു.

വിലാസം : ബിന്ദു, നെടുംകൈത ചരുവിള പുത്തന്‍വീട്, വട്ടപ്പുല്ല്, കാഞ്ചിനട പി.ഒ., പാങ്ങോട്.

Monday, January 30, 2012

ആയിരത്തിലേറെ പേര്‍ക്കു 'സാന്ത്വന'മായി സഹായവിതരണവും മെഡിക്കല്‍ ക്യാംപും


പാലോട്: സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപും സഹായ വിതരണവും ആയിരത്തിയഞ്ഞൂറോളം പേര്‍ക്കു സാന്ത്വനത്തിന്റെ  തൂവല്‍സ്പര്‍ശമായി. ഇന്നലെ പെരിങ്ങമ്മല ഗവ. യുപിഎസില്‍ നടന്ന മെഡിക്കല്‍ ക്യാംപും സഹായ വിതരണവുമാണു മാതൃകയായത്. മെഡിക്കല്‍ കോളജ്, ഗവ. കണ്ണാശുപത്രി, ആര്‍സിസി, കിംസ്  എന്നിവിടങ്ങളില്‍ നിന്നു മുപ്പതില്‍പ്പരം ഡോക്ടര്‍മാര്‍ പങ്കെടുത്ത ക്യാംപില്‍ രോഗനിര്‍ണയവും  സൌജന്യ മരുന്നു വിതരണവും നടന്നു.

മെഡിക്കല്‍  ബോര്‍ഡ്, വികലാംഗ ക്ഷേമ ബോര്‍ഡ്,  സാമൂഹികക്ഷേമ വകുപ്പ് എന്നിവയുടെ സേവനവും ക്യാംപില്‍ ലഭ്യമായിരുന്നു.  സഹായ വിതരണത്തിന്റെ ഭാഗമായി കാന്‍സര്‍ ബാധിതരായ രോഗികളടക്കമുള്ള അഞ്ഞൂറോളം പേര്‍ക്കു വസ്ത്രവിതരണവും  നിരാലംബരായ 250 പേര്‍ക്ക് അരി വിതരണവും  നടത്തി. സ്ത്രീധന സംബന്ധമായ പരാതികള്‍ക്ക് അപേക്ഷ സ്വീകരിക്കാന്‍ ക്യാംപില്‍ സാമൂഹികക്ഷേമ വകുപ്പിന്റെയും ആശ്വാസ് കിരണ്‍ പദ്ധതിപ്രകാരം എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു  പ്രതിമാസം 400 രൂപ പെന്‍ഷന്‍ ലഭിക്കാനുള്ള സേവന കൌണ്ടറും  ക്യാംപില്‍ പ്രവര്‍ത്തിച്ചു.

ക്യാംപിലെത്തിയ മുഴുവന്‍ പേര്‍ക്കും ഭക്ഷണക്കിറ്റും വിതരണം ചെയ്തു. രാവിലത്തെ ലഘുഭക്ഷണം പാലോട് പൊലീസിന്റെ വകയായി നല്‍കിയതും ശ്രദ്ധേയമായി.
ക്യാംപില്‍ സന്നദ്ധ സേവകരായി ത്രിതല പഞ്ചായത്ത് ഭാരവാഹികളും സാമൂഹിക പ്രവര്‍ത്തകരം അണിചേര്‍ന്നു. പരിപാടി തിരുവനന്തപുരം ലയണ്‍സ് ഗിംഗോ ഗവര്‍ണര്‍ എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ് ഒഴുകുപാറ അസീസിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ഡി. രഘുനാഥന്‍നായര്‍, ബി. പവിത്രകുമാര്‍, വി.കെ. മധു, കൊച്ചുകരിക്കകം നൌഷാദ്, അഡ്വ. അനില്‍കുമാര്‍ എം.പി. വേണുകുമാര്‍, കൊറ്റാമം വിമല്‍കുമാര്‍, കെ.ജി. സജന്‍ എന്നിവര്‍ പ്രസംഗിച്ചു.

നാലുവയസ്സുകാരന്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു


പാങ്ങോട്: നിര്‍ദ്ധന കുടുംബത്തിലെ നാലുവയസ്സുകാരനായ ബാലന്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാങ്ങോട് നെടുംകൈത കാഞ്ചിനട വട്ടപ്പുല്ല് ചരുവിള പുത്തന്‍വീട്ടില്‍ ബിന്ദുവിന്റെ മകന്‍ ഗോകുല്‍ (നാല്) ആണ് സുമനസുകളുടെ സഹായം തേടുന്നത്.

ഗോകുലിന്റെ ഹൃദയത്തിന് ജന്മനാ തകരാറുകളുണ്ട്. നാലുവര്‍ഷമായി ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്രയിലും എറണാകുളം അമൃതാ ഇന്‍സ്റ്റിട്യൂട്ടിലും ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ എത്രയുംവേഗം നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രണ്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ ബിന്ദുവിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് ബിന്ദു.

പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് നല്‍കിയ നാലുസെന്റ് ഭൂമി മാത്രമാണ് ബിന്ദുവിനാകെയുള്ള മുതല്‍. കൂലിവേല ചെയ്താണ് ബിന്ദു കുടുംബം പോറ്റുന്നത്. ഗോകുലിന് ഒരാഴ്ചത്തെ മരുന്നിന് മാത്രം 500 രൂപ വേണം. പലപ്പോഴും ഈ തുകപോലും കണ്ടെത്താന്‍ കഴിയാറില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സകള്‍ നടന്നത്. പണമില്ലാതെ മരുന്നുകള്‍ മുടങ്ങിത്തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വളരെ വഷളായിട്ടുണ്ട്. ഗോകുലിന്റെ ചികിത്സാ ചെലവിനുള്ള ധനം സ്വരൂപിക്കുന്നതിന് വാര്‍ഡ് പ്രതിനിധി പ്രഭാകരന്‍ നായര്‍ കണ്‍വീനറായി ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിലേക്കായി പാങ്ങോട് എസ്.ബി.ടി. യില്‍ 67126896722 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: ബിന്ദു, നെടുംകൈത ചരുവിള പുത്തന്‍വീട്, വട്ടപ്പുല്ല്, കാഞ്ചിനട പി.ഒ., പാങ്ങോട്.

Monday, December 5, 2011

ചിറക് തേടി മൂന്ന് കുഞ്ഞിക്കിളികള്‍

വിതുര: ക്രൂരമായ വിധിക്ക് മുമ്പില്‍ തളര്‍ന്നുനില്‍ക്കുകയാണ് ഈ മൂന്ന് കുഞ്ഞിക്കിളികള്‍. വളര്‍ത്തി വലുതാക്കേണ്ടവര്‍ ഇന്നിവര്‍ക്ക് ഒപ്പമില്ല. അനാഥത്വം എന്നത് കേട്ടിട്ടില്ലെങ്കിലും അനുഭവിച്ചറിയുകയാണ് ഏഴ് വയസുകാരി സാന്ദ്രയും അനിയത്തിമാരായ സാനിയ (നാല്), സോന (മൂന്ന്) എന്നിവരും.

വിതുര ആനപ്പാറ വെടിവച്ചപാറ തോട്ടരികത്തുവീട്ടില്‍ മോളി-സിജി ദമ്പതിമാരുടെ മക്കളാണ് മൂവരും. പ്രണയിച്ച് വിവാഹംകഴിച്ച മോളിയുടെയും സിജിയുടെയും കലഹം കണ്ടാണ് കുട്ടികള്‍ വളര്‍ന്നത്. ഒടുവില്‍ കഴിഞ്ഞ 20ന് വഴക്കിനിടെ മോളി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. സിഗരറ്റ് ലൈറ്റര്‍ കൊണ്ട് അച്ഛന്‍ അമ്മയെ കത്തിക്കുന്നത് കാണേണ്ടിവന്നതിന്റെ നടുക്കം ഇനിയും ഈ കുട്ടികളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.

മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ 25ന് മോളി മരിച്ചു. മോളിയുടെ ദേഹത്ത് നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ സിജി ഇപ്പോഴും ആസ്​പത്രിയിലാണ്. പരിക്ക് ഭേദമായാലും സിജി പോകേണ്ടത് ജയിലിലേക്ക്. മോളിയുടെ മരണമൊഴിയനുസരിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയാണിയാള്‍.

മോളിയുടെ അമ്മ ലളിതയ്ക്കും അച്ഛന്‍ അശോകനുമൊപ്പമാണ് ഇപ്പോള്‍ കുട്ടികള്‍. ലളിതയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതാണ് കുട്ടികളെ വളര്‍ത്താന്‍ തടസ്സമായിരിക്കുന്നത്. അശോകന്‍ കൂലിവേലയ്ക്ക് പോയിക്കിട്ടുന്നതാണ് ഏക വരുമാനം.

ആകെയുള്ള രണ്ട് സെന്റ് സ്ഥലത്തെ കുഞ്ഞുവീടിനോട് ചേര്‍ന്നാണ് മോളിയുടെ കുഴിമാടം. ഇവിടെ ഇടയ്ക്കിടക്ക് ചെന്നുനിന്ന് കരയുന്ന സോനയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ഈ ചേച്ചിമാര്‍ക്കറിയില്ല.


Saturday, November 19, 2011

വൈകല്യം ബാധിച്ച സഹോദരങ്ങള്‍ക്ക് കൂട്ട് പട്ടിണിയും ദുരിതവും


പാലോട്: ഡെയ്‌സി തപ്പിപ്പിടിച്ചെങ്കിലും നടക്കും. എന്നാല്‍ ബാബുവിന് അതിനുമാവുന്നില്ല. രണ്ട് ഊന്നുവടിയുടെ സഹായം വേണം ബാബുവിന് നിവര്‍ന്നുനില്‍ക്കാന്‍. ഇടിഞ്ഞുവീഴാറായ വീട്ടില്‍ പട്ടിണിയും ദുരിതവും രോഗവുമായിക്കഴിയുന്ന ഇടിഞ്ഞാര്‍ കിഴക്കുംകര വീട്ടില്‍ ബാബു (52)വിന്റെയും സഹോദരി ഡെയ്‌സി (47)യുടെയും ജീവിതം സമാനതകളില്ലാത്ത വേദനയാകുന്നു.

രണ്ടാളും തനിച്ചാണ് വീട്ടില്‍. വീടെന്നു പറയാന്‍ ഒന്നുമില്ല. പച്ചക്കട്ട കൊണ്ട് കെട്ടിയ ചെറിയ രണ്ട് മുറികള്‍, മേല്‍ക്കൂര ഏതുസമയത്തും താഴെ വീഴാം. വെള്ളപ്പൊക്കത്തില്‍ ഉണ്ടായിരുന്ന വീട് ഒലിച്ചുപോയപ്പോള്‍ കിട്ടിയ വീടാണിത്.

ബാബുവിന്റെ കാലുകള്‍ വളഞ്ഞ് നടക്കാനാകാത്ത സ്ഥിതിയിലെത്തി. എഴുന്നേറ്റുനിന്നാല്‍ അസ്ഥികള്‍ പൊട്ടുന്ന വേദന. അണ്ണന് താങ്ങും തണലും പെങ്ങള്‍ ഡെയ്‌സി തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഡെയ്‌സിയേയും രോഗം കീഴടക്കി. നേരത്തേ തന്നെ അച്ഛനും അമ്മയും മരിച്ച ഈ സഹോദരങ്ങള്‍ക്ക് ചേച്ചിയായിരുന്നു കൂട്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അസ്ഥികള്‍ വളയുന്ന ഇതേ രോഗം വന്ന് ചേച്ചിയും മരിച്ചതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടുപോയത്.

വീടിനടുത്ത ചിലര്‍ കൊണ്ടുവരുന്ന ഈറ്റകള്‍ കൊണ്ട് വട്ടി, ചൂരലാമി (ചിപ്പിലി), മുറം എന്നിവ ഉണ്ടാക്കിക്കൊടുക്കാറുണ്ട് ഇവര്‍. ഇതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ജീവിതം. പിന്നെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും ഇവരുടെ വിശപ്പടക്കുന്നു.

തങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന രോഗത്തെപ്പറ്റി ഇരുവര്‍ക്കും കാര്യമായ അറിവില്ല. നേരത്തെ ചികിത്സിച്ചിരുന്ന ആസ്​പത്രി രേഖകളെല്ലാം നഷ്ടമായി. ഇരിക്കാനും നടക്കാനും കഴിയുന്നില്ല. ശരീരമാസകലം വേദനയാണ്. പുറത്തിറങ്ങി സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ഇവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ അതെല്ലാം പ്രതീക്ഷകള്‍ മാത്രമാണ്. ആള്‍മറയില്ലാത്ത കിണറും അടച്ചുമുറിയില്ലാത്ത അടുക്കളയും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും മാത്രമാണിവര്‍ക്ക് സ്വന്തം. അപ്പോഴും സങ്കടങ്ങള്‍ സ്വയം പങ്കുവെച്ച് ആരോടും പരാതി പറയാതെ ഈ സഹോദരങ്ങള്‍ ദുരിതദിനങ്ങള്‍ തള്ളിനീക്കുന്നു.

Sunday, November 6, 2011

നട്ടെല്ല് തകര്‍ന്ന ഗൃഹനാഥന്‍ തുടര്‍ചികിത്സക്ക് സഹായം തേടുന്നു


വിതുര: മരത്തില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട ഗൃഹനാഥന്‍ തുടര്‍ചികിത്സക്ക് ഉദാരമതികളുടെ സഹായം അഭ്യര്‍ഥിക്കുന്നു. വിതുര ആനപ്പാറ കൊച്ചുമുല്ലച്ചിറ മണ്‍പുറത്തുവീട്ടില്‍ ബി. പ്രഭാകരന്‍ നായരാ (52) ണ് അഞ്ച് വര്‍ഷമായി കിടക്കയില്‍ കഴിയുന്നത്.

വീഴ്ച സംഭവിച്ച സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. പകരം മുതുകില്‍ കമ്പിയിട്ട് വിടുകയായിരുന്നു. മൂത്രവിസര്‍ജനത്തിന് കുഴല്‍ ഘടിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇതിന്റെ ശുചീകരണത്തിനും മറ്റുമായി ആസ്​പത്രിയില്‍ പോകണം.

ചികിത്സയ്ക്കും വീട്ടുചെലവിനുമായി ഇതിനകം 13 സെന്റ് ഭൂമി വില്‍ക്കേണ്ടിവന്നു. കയറ്റിറക്ക് തൊഴിലാളിയായ പ്രഭാകരന്‍ നായര്‍ കിടപ്പിലായതോടെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. പഞ്ചായത്ത് പണിതുനല്‍കിയ വീട്ടില്‍ കഴിയുന്ന പ്രഭാകരന്‍ നായരുടെ മക്കള്‍ എട്ട്, അഞ്ച് ക്ലാസ്സുകളിലാണ് പഠിക്കുന്നത്.

പ്രഭാകരന്‍ നായരുടെ തുടര്‍ചികിത്സയ്ക്കായി വിതുര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി. നായരുടെ നേതൃത്വത്തില്‍ ചികിത്സാസഹായസമിതി രൂപവത്കരിച്ചു. ഭാര്യ ശാന്തിയുടെ പേരില്‍ ഇന്ത്യന്‍ബാങ്ക് വിതുര ശാഖയില്‍ 574310510 നമ്പരായി അക്കൗണ്ടും തുടങ്ങി. മേല്‍വിലാസം : ബി. പ്രഭാകരന്‍ നായര്‍, മണ്‍പുറത്ത്‌വീട്, കൊച്ചുമുല്ലച്ചിറ, ആനപ്പാറ പി.ഒ, വിതുര-695551.

Wednesday, September 14, 2011

ഹൃദയശസ്ത്രക്രിയക്ക് സഹായം തേടുന്നു

വിതുര: അടിയന്തര ഹൃദയശസ്ത്രക്രിയക്കായി പന്ത്രണ്ടുകാരന്‍ സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുന്നു. തൊളിക്കോട് ആനപ്പെട്ടി മണലയം മേക്കുംകര പുത്തന്‍വീട്ടില്‍ എസ്. കിഷോറാണ് ജന്മനാ ഹൃദ്രോഗം ബാധിച്ച് ചികിത്സയിലുള്ളത്. തിരുവനന്തപുരം ശ്രീചിത്ര ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ കിഷോറിന് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ശസ്ത്രക്രിയക്ക് ചെലവാകുന്ന ഒന്നരലക്ഷം രൂപ കണ്ടെത്താനാവാത്തതിനാല്‍ കിഷോറിനെ ആസ്​പത്രിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് വര്‍ഷംമുമ്പ് അച്ഛന്‍ മരിച്ചു. കിഷോറിന്റെ അമ്മ കുമാരിയും രോഗിയാണ്. നിത്യച്ചെലവുകള്‍ക്ക് നാട്ടുകാരുടെ സഹായം വേണ്ടിവരുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ തൊളിക്കോട് ഗ്രാമപ്പഞ്ചായത്തംഗം ആര്‍. ശോഭനകുമാരിയുടെ നേതൃത്വത്തില്‍ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കുവേണ്ട പണം സ്വരൂപിക്കാനായി ഇന്ത്യന്‍ ബാങ്ക് തൊളിക്കോട് ശാഖയില്‍ കിഷോറിന്റെ അമ്മ സി. കുമാരിയുടെ പേരില്‍ 815932290 നമ്പരായി അക്കൗണ്ടും തുടങ്ങി.