WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label 2011. Show all posts
Showing posts with label 2011. Show all posts

Sunday, December 25, 2011

ക്രൈസ്തവ ദേവാലയങ്ങള്‍ ഭക്തിയുടെ പ്രഭാപൂരത്തില്‍


ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി നന്ദിയോട് കുരുവിലാഞ്ചാല്‍ സിഎസ്ഐ ചര്‍ച്ച് നക്ഷത്രവിളക്കുകളുടെ ദീപപ്രഭയില്‍ മുങ്ങിയപ്പോള്‍
പാലോട്: ക്രിസ്മസിന്റെ ആഘോഷത്തില്‍  ക്രൈസ്തവ ദേവാലയങ്ങള്‍ ഭക്തിയുടെ പ്രഭാപൂരത്തിലായി. എങ്ങും ആഘോഷങ്ങള്‍ക്കു വര്‍ണപ്പൊലിമയാണ്. ദീപാലങ്കാരത്താല്‍ തിളങ്ങുന്ന പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും നക്ഷത്രവിളക്കുകളും പ്രകാശം പരത്തി നിറഞ്ഞു. സ്വര്‍ഗീയ സംഗീതത്തിന്റെ അലയടിയില്‍ ദേവാലയങ്ങളില്‍ അനവധി വിശ്വാസികള്‍ പങ്കെടുത്ത പ്രത്യേക  കുര്‍ബാനകളും നടന്നു.

നന്ദിയോട്: കുരുവിലാഞ്ചാല്‍ സിഎസ്ഐ ചര്‍ച്ചില്‍ ഒരുക്കിയ ദീപാലങ്കാരവും നക്ഷത്രദീപങ്ങളും കാഴ്ചയ്ക്കു വിരുന്നായി. അന്‍പതിലേറെ നക്ഷത്രങ്ങളില്‍ തീര്‍ത്ത നക്ഷത്രമാലയും ദീപാലങ്കാരവും കൊണ്ടു ദേവാലയവും പരിസരവും പ്രഭാപൂരത്തിലായി. കുര്‍ബാനയ്ക്കു സഭാ അധ്യക്ഷന്‍ ഫാ. പി.എ. ജോര്‍ജ്കുട്ടി നേതൃത്വം നല്‍കി.

പാലുവള്ളി: സെന്റ് മേരീസ് ചര്‍ച്ചും നക്ഷത്രവിളക്കുകളുടെയും പുല്‍ക്കൂടിന്റെയും ദീപാലങ്കാരത്തിന്റെയും  മനോഹാരിതയിലും പ്രഭാപൂരത്തിലുമാണ്.  കുര്‍ബാനയ്ക്കു ഫാ. ജോയി സാബു നേതൃത്വം നല്‍കി.

പാലോട്: സെന്റ് ജോര്‍ജ് ദേവാലയവും ക്രിസ്മസ് ആഘോഷത്തിന്റെ പ്രഭാപൂരത്തിലായി. സ്വര്‍ഗീയ സംഗീതം അലയടിച്ച കുര്‍ബാനയ്ക്കു ഫാ. ജോസഫ് ഷാജി നേതൃത്വം നല്‍കി.

ഇളവട്ടം: സിഎസ്ഐ ചര്‍ച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ദീപപ്രഭയാലും നക്ഷത്രവിളക്കുകളാലും നിറഞ്ഞു. കുര്‍ബാനയ്ക്കു ഫാ. ജെ.വൈ. വിശ്വദാസ് നേതൃത്വം നല്‍കി.

അഗ്രിഫാം: കൊച്ചുവിള സെന്റ് മേരീസ് ചര്‍ച്ചില്‍ കുര്‍ബാനയ്ക്കു
ഫാ. ഫിലിപ്പ് കാഞ്ചിക്കല്‍ നേതൃത്വം നല്‍കി. ചര്‍ച്ചും പരിസരവും ദീപപ്രഭയിലാണ്.

ഇടിഞ്ഞാര്‍: സെബാസ്ത്യാനോസ് ചര്‍ച്ചിലും  ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നു.   കുര്‍ബാനയ്ക്കു ഫാ. ജോസഫ് ഷാജി നേതൃത്വം നല്‍കി.

ഭരതന്നൂര്‍: സെബാസ്ത്യനോസ് ചര്‍ച്ചില്‍ നടന്ന  കുര്‍ബാനയ്ക്കു ഫൊറോനാ വികാരി കെ.ജെ. വിന്‍സന്റ് നേതൃത്വം നല്‍കി. അനവധി വിശ്വാസികള്‍ പങ്കെടുത്തു

Thursday, December 22, 2011

അല്ലാമ ഇക്ബാലില്‍ എംബിഎ കോഴ്സ്



പാലോട്:  പെരിങ്ങമ്മല അല്ലാമ ഇക്ബാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഫുള്‍ടൈം എംബിഎ അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. 50% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലാ ബിരുദവും മാറ്റ് സ്കോറും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും കോളജില്‍ നിന്നു നേരിട്ടും ന്ദന്ദന്ദ.ന്റദ്ധദ്ധണ്ഡ.nനPadma_chandrakkalaന്ധ.ദ്ധn എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. സെപ്റ്റംബര്‍/ഡിസംബറില്‍ മാറ്റ് എഴുതിയവര്‍ക്കുള്ള ജിഡിയും ഇന്റര്‍വ്യൂവും ജനുവരി നാലിനു രാവിലെ 10നു നടക്കും. ഫോണ്‍: 9446749180.

Saturday, December 17, 2011

'ഇഗേ്‌നാ' യാഥാര്‍ഥ്യത്തിലേയ്ക്ക്; സര്‍വേ പൂര്‍ത്തിയായി


വിതുര: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ദിരാഗാന്ധി ദേശീയ ഓപ്പണ്‍ സര്‍വകലാശാല (ഇഗേ്‌നാ)യുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം യാഥാര്‍ഥ്യത്തിലേയ്ക്ക്. വിതുര അടിപറമ്പ് ജഴ്‌സിഫാമില്‍ ആദ്യം സര്‍വേ തുടങ്ങിയ സ്ഥലത്തുതന്നെ 'ഇഗേ്‌നാ' സ്ഥാപിക്കും. ഇവിടെ 25 ഏക്കര്‍ അളന്നുതിരിക്കുന്നജോലി വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി.

ഈ മാസം ആറിന് മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ.പി. മോഹനന്റെ ചേംബറില്‍ നടന്ന യോഗമാണ് ഇക്കാര്യത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. ജഴ്‌സിഫാം തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങള്‍ പരിഹരിച്ചുകൊടുക്കുമെന്ന് ഉറപ്പുനല്‍കിയായിരുന്നു 'ഇഗേ്‌നാ' ഫാമില്‍തന്നെ വരുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചത്. തുടര്‍ന്ന് അടിപറമ്പില്‍ ആരംഭിച്ച സര്‍വേയാണ് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായത്.

സ്ഥലത്തിന്റെ സ്‌കെച്ചും മറ്റു രേഖകളും നെടുമങ്ങാട് തഹസില്‍ദാറില്‍ നിന്ന് 'ഇഗേ്‌നാ' ദക്ഷിണ മേഖലാ ഡയറക്ടര്‍ ഡോ. എം.ടി. സുലേഖ ശനിയാഴ്ച ഏറ്റുവാങ്ങും. താലൂക്കിലെ സര്‍വേ ഉദ്യോഗസ്ഥര്‍ അളന്നുതിരിച്ച 25 ഏക്കര്‍ സ്ഥലം സന്ദര്‍ശിച്ചശേഷമായിരിക്കും രേഖകള്‍ ഏറ്റുവാങ്ങുന്നത്.

നിര്‍ദിഷ്ട ഭൂമിയില്‍ ചുറ്റുമതില്‍ നിര്‍മാണമായിരിക്കും ആദ്യം തുടങ്ങുക. കരാര്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മന്ദിരസമുച്ചയത്തിന്റെ പണി തുടങ്ങും.

Friday, December 16, 2011

പാലോട്ട് ഓടയിലെ മാലിന്യം മാറ്റി


പാലോട്: പാലോട് ഓടയില്‍ മാസങ്ങളായി അടിഞ്ഞുകൂടിയിരുന്ന മാലിന്യം നീക്കം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം പാലോട് സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. ഇതോടെ ടൗണിന് ദുര്‍ഗന്ധം പരത്തുന്ന അവസ്ഥ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

തുടര്‍ന്ന് ഓടയില്‍ മാലിന്യം തള്ളരുതെന്ന അറിയിപ്പ് ബോര്‍ഡ് വെച്ചു. കൂടാതെ കച്ചവടക്കാരെ ബോധവത്കരിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ഇവിടത്തെ അപകടക്കുഴി ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

Sunday, December 11, 2011

ഓപ്പണ്‍ഹൌസ് സമാപിച്ചു


പാലോട്: പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവന്ന ഓപ്പണ്‍ഹൌസ് സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ അഡ്വ. എ.സമ്പത്ത് എംപി പങ്കെടുത്തു. സസ്യവൈവിധ്യഷ്ഠിത ഗവേഷണ പ്രവര്‍ത്തനങ്ങളുടെ സ്റാളുകള്‍ എംപി സന്ദര്‍ശിച്ചു.

ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ ഡയറക്ടര്‍ ഡോ.പി.ജി.ലത സീനിയര്‍ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. അരലക്ഷത്തോളം പേര്‍ കഴിഞ്ഞ അഞ്ചുദിവസമായി ഓപ്പണ്‍ഹൌസ് സന്ദര്‍ശിച്ചെന്നാണ് കണക്കാക്കുന്നത്. സന്ദര്‍ശകരുടെ അഭിപ്രായം മാനിച്ച് എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള ഓപ്പണ്‍ഹൌസ് നടത്താന്‍സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.




Thursday, December 8, 2011

പാലോട് ഗവ. ആസ്‌പത്രിയിലെ അന്നദാനസദ്യയുടെ അഞ്ചാം വാര്‍ഷികം ആചരിച്ചു


പാലോട്: സേവാഭാരതിയുടെ കീഴില്‍ പാലോട് ഗവ. ആസ്​പത്രിയില്‍ നടന്നുവരുന്ന സൗജന്യ അന്നദാനവിതരണത്തിന്റെ അഞ്ചാംവാര്‍ഷികം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനംചെയ്തു.

സേവാസമിതി പ്രസിഡന്റ് അഡ്വ. എന്‍.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, ബ്ലോക്ക് അംഗം ബി.പവിത്രകുമാര്‍, അഡ്വ. ജി.അനില്‍കുമാര്‍, ഡോ. പി.ഫ്രാന്‍സിസ്, ഡോ. എം.എസ്.മനു, ബി.അജയകുമാര്‍, എ.പി.സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഇലവുപാലത്തും പുലിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍; ജനം ഭീതിയില്‍


പാലോട്: ഇലവുപാലത്തു പുലിയെ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി നാട്ടുകാര്‍.  തിങ്കളാഴ്ച സന്ധ്യയോടെ ഇലവുപാലം തേരിയില്‍ ആളില്ലാത്ത വീടിന്റെ മുറ്റത്തു പുലി കിടക്കുന്നതു കണ്ടതായി  ഒരു യുവാവാണു നാട്ടുകാരോടു പറഞ്ഞത്.  യുവാവ് പേടിച്ചോടുകയായിരുന്നു. ഇതേ ദിവസം രാവിലെ സമീപത്തെ കൃഷിയിടത്തിലും  പുലിയെ കണ്ടവരുണ്ടത്രെ. പ്രദേശം ഭീതിയിലാണ്. അതേസമയം കഴിഞ്ഞ മാസം 17നു പാപ്പനംകോട് ഒഴുകുപാറയില്‍ രാത്രി റോഡിനു കുറുകെ വാഹനത്തിനു മുന്നില്‍ പുലി ചാടിയതായും റബര്‍ത്തോട്ടത്തിലേക്ക് ഒാടിമറഞ്ഞതായും വാര്‍ത്ത പരന്നിരുന്നു. ഇലവുപാലത്തു പുലിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ ഉറപ്പിച്ചു പറയുമ്പോള്‍, പ്രദേശത്തു പുലിയുടെ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. നാട്ടുകാരുടെ ഭീതിയകറ്റാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Wednesday, November 30, 2011

ചെറ്റച്ചലില്‍ ഹൈടെക് ഫാം വരും; ശമ്പള വര്‍ധന അടുത്ത മാസം: മന്ത്രി


വിതുര: ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചെറ്റച്ചല്‍ ജഴ്സിഫാമിനെ ഹൈടെക് ഫാമാക്കി ഉയര്‍ത്തുമെന്നു മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. ഫാമില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നല്‍കാന്‍  ഫാം ഡപ്യൂട്ടി ഡയറക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും മന്ത്രി നിര്‍ദേശം നല്‍കി.

Friday, November 25, 2011

ദേശീയ ആദിവാസി മെഡിക്കല്‍ കോളജ് തലസ്ഥാനത്തു സ്ഥാപിക്കണമെന്ന്


പാലോട്: ദേശീയ ആദിവാസി മെഡിക്കല്‍ കോളജ് തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ അതു വയനാട്ടിലേക്കു മാറ്റിക്കൊണ്ടുപോകുന്നതു പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ ട്രൈബല്‍ സര്‍വീസ് ചെയര്‍മാന്‍ ചെമ്പന്‍കോട് വി. മണികണ്ഠന്‍ പറഞ്ഞു.

കോളജ് സ്ഥാപിക്കുന്നതിന്റെ ആവശ്യകതയിലേക്കും അതിന് അനുയോജ്യമായ നന്ദിയോട് പഞ്ചായത്തിലെ  നീര്‍പ്പാറ സര്‍ക്കാര്‍ വക ഭൂമിയെ സംബന്ധിച്ചും 2009ല്‍  മണികണ്ഠന്‍ കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ചു കോളജ് സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും എന്നാല്‍ പിന്നീടു മാറ്റിക്കൊണ്ടുപോയതു പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു.

Wednesday, November 23, 2011

ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ : ഒറ്റമണിച്ചിലങ്കയ്ക്ക് അഞ്ച് അവാര്‍ഡ്

വിതുര: സംസ്ഥാന ഗവണ്‍മെന്റിന്റെ നാലാമത് ചില്‍ഡ്രന്‍സ് എഡ്യുക്കേഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പാലോട് ബിആര്‍സി അവതരിപ്പിച്ച "ഒറ്റമണിച്ചിലങ്ക"യ്ക്ക് മികച്ച ചിത്രമുള്‍പ്പെടെ അഞ്ച് അവാര്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ശബ്ദലേഖനം, ഛായാഗ്രഹണം, പശ്ചാത്തലസജ്ജീകരണം എന്നിവയിലാണ് അവാര്‍ഡ്. വികലാംഗനായ അപ്പുവെന്ന കേന്ദ്രകഥാപാത്രത്തിന് സ്കൂളിലും ചുറ്റുപാടും നേരിടുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ് ഒറ്റമണിച്ചിലങ്കയിലെ ഇതിവൃത്തം. വിതുര യുപിഎസിലെ ആഹ്ലാദയും രൂപയുമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. പാങ്ങോട് കെവിയുപിഎസിലെ വൈദേഹിയാണ് പശ്ചാത്തലസജ്ജീകരണം ഒരുക്കിയത്. ശബ്ദലേഖനം നിര്‍വഹിച്ചത് മടത്തറ കാണി യുപിഎസിലെ ചന്തുവാണ്. അരുണേഷ്ശങ്കറും സുരേഷ് അഞ്ജലിയുമാണ് ക്യാമറ. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടച്ച ചലച്ചിത്രോത്സവത്തില്‍ ബിആര്‍സി വിഭാഗത്തിലാണ് ഒറ്റമണിച്ചിലങ്ക ഒന്നാമതെത്തിയത്.

വീടിനുള്ളില്‍ ചിതയൊരുക്കി ഒരു ജനത...


കല്ലറ: പാങ്ങോട് പഞ്ചായത്തിലെ പൊതുശ്മശാനം ഇനിയും യാഥാര്‍ത്ഥ്യമാകാത്തതില്‍ നാട്ടുകാരില്‍ അമര്‍ഷം പുകയുന്നു. ഇവിടെ പൊതുശ്മശാനം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്   വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 19 വാര്‍ഡുകളിലായി നാല്പതിനായിരത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണിത്. പന്ത്രണ്ട് ദളിത് കോളനികളും അതിന്റെ പകുതിയോളം സെറ്റില്‍മെന്റ് ഏരിയകളുമുണ്ട്. കഷ്ടിച്ച് പാര്‍പ്പിടസൌകര്യം മാത്രമാണ് കോളനിനിവാസികള്‍ക്കുള്ളത്.
  അതുകൊണ്ടുതന്നെ കുടുംബത്തിലാരെങ്കിലും മരിച്ചാല്‍ മൃതദേഹം   വീട്ടിനുള്ളില്‍ മറവുചെയ്യേണ്ട ഗതികേട്!  ഒരു വീട്ടിനുള്ളില്‍ത്തന്നെ ഒന്നിലധികം പേരെ അടക്കിയവരുമുണ്ട്. വാര്‍ഷിക പദ്ധതികളില്‍  ശ്മശാനത്തിനായി തുക വകയിരുത്തുന്നത് ഒരു കീഴ്വഴക്കമായി മാറിയതല്ലാതെ ക്രിയാത്മകമായ നടപടികള്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്

Sunday, November 20, 2011

വി.എസ്.എസ്.സി ബസ് തട്ടി ഭാര്യ മരിച്ചു; ഭര്‍ത്താവിനും കുഞ്ഞിനും ഗുരുതര പരിക്ക്



പേരയം: അമിതവേഗതയില്‍ പാഞ്ഞ വി.എസ്.എസ്.സി ബസ് തട്ടി ബൈക്ക് യാത്രക്കാരായ ദമ്പതികളില്‍ ഭാര്യ മരിച്ചു. പേരയം ആര്‍.എസ് ഭവനില്‍ സന്തോഷ്കുമാറിന്റെ ഭാര്യ ഷീജ (27) ആണ് മരിച്ചത്. സന്തോഷ്കുമാറും മകള്‍ അഞ്ചു വയസ്സുള്ള സാന്ദ്രയും പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 7.45 ഓടെ പുരവൂര്‍ക്കോണത്താണ് സംഭവം. പാലോടേക്ക് വരികയായിരുന്ന ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നതറിഞ്ഞിട്ടും നിറുത്താതെ പോയ ബസിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് എട്ടാംകല്ലില്‍ തടഞ്ഞിട്ടു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
സതീഷ് എന്നു വിളിക്കുന്ന സന്തോഷ്കുമാര്‍ ആശാരി പണിക്കാരനാണ്.

ദുരന്ത ചിത്രം


പാലോട് പൌള്‍ട്രി ഫാം ദുരന്തത്തില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഥലം അന്‍വര്‍ ഷാന്‍ പാലോട് പകര്‍ത്തിയ ചിത്രം


പാലോട് പൌള്‍ട്രി ഫാം ദുരന്തത്തില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഥലം രക്ഷ പ്രവര്‍ത്തനം നടത്തുന്നതിന്റെ ചിത്രം അന്‍വര്‍ ഷാന്‍ പാലോട് ആണ് പകര്‍ത്തിയത്

അധികൃതരും നാട്ടുകാരും കൈ കോര്‍ത്തപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് അതിവേഗം




പാലോട്: മാലിന്യ ടാങ്ക് തകര്‍ന്നുണ്ടായ ദുരിതത്തില്‍ നടന്ന അതിവേഗ രക്ഷാപ്രവര്‍ത്തനം മാതൃകയായി. കരിമണ്‍കോടുനിന്നു മൂന്നു കിലോമീറ്ററിലേറെ ഉള്‍വനത്തിലാണു സംഭവം നടന്നതെങ്കിലും  അറിഞ്ഞയുടന്‍ തന്നെ പൊലീസ് പാഞ്ഞെത്തി. പിന്നാലെ ഫയര്‍ഫോഴ്സും നാട്ടുകാരും. മരണം ഉറപ്പിച്ചെങ്കിലും അടുക്കാനാവാത്ത വിഷവാതകത്തിന്റെ അസഹനീയ ദുര്‍ഗന്ധത്തിലും ഒരു നിമിഷം പോലും ചിന്തിച്ചു നില്‍ക്കാതെ പൊലീസും ഫയര്‍ഫോഴ്സും കര്‍മനിരതരായി. നാട്ടുകാരും കഴിയുന്ന സഹായങ്ങളെല്ലാം നല്‍കി.

ഞൊടിയിടയില്‍ ഫയര്‍ഫോഴ്സുകാര്‍ പഴയ ടാങ്കില്‍നിന്നുള്ള മാലിന്യത്തിന്റെ ഒഴുക്ക് തടഞ്ഞുനിര്‍ത്തി. പാലോട് എസ്ഐ: ബൈജുവിന്റെ നിര്‍ദേശാനുസരണം അടിയന്തരമായി ജെസിബി വരുത്തി. സ്ഥലത്തേക്കു റോഡുവെട്ടിയാണ് ജെസിബി കടന്നെത്തിയത്.

സംഭവമറിഞ്ഞു ഡിവൈഎസ്പി:  മുഹമ്മദ് ഷാഫി, സിഐ: പ്രദീപ് കുമാര്‍ എന്നിവര്‍ എത്തി നേതൃത്വം നല്‍കി. ഉടന്‍തന്നെ തഹസില്‍ദാറും പാലോട് സിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പും ജനപ്രതിനിധികളും എത്തി. ജീവന്റെ തുടിപ്പെങ്കിലും ഉണ്ടെങ്കിലോ എന്ന നിഗമനത്തില്‍ 108 ആബുലന്‍സ് അടക്കം സ്ഥലത്തെത്തി.

മാലിന്യത്തില്‍ കുളിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലും നാട്ടുകാര്‍ കൂടെയുണ്ടായിരുന്നു. എല്ലാവരും മാലിന്യത്തില്‍ ചവിട്ടി നിന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അത് പ്രദേശം ഇന്നുവരെ കാണാത്ത ഒത്തൊരുമയായി.

Saturday, November 19, 2011

വിതുര യൂണിയന്‍ സിനിമ നിര്‍മിക്കുന്നു


വിതുര: ബാലജനസഖ്യം വിതുര യൂണിയന്റെയും വിതുര സുഹൃത് നാടകകളരിയുടെയും ബാലഭവന്റെയും നേതൃത്വത്തില്‍ കുട്ടികളുടെ ഒരു സിനിമ നിര്‍മിക്കുന്നു.  സിനിമയിലേക്കുള്ള കഥാരചന, ഗാനരചന, സംഗീതം, ഫോട്ടോഗ്രഫി, നടീനടന്‍മാര്‍, നൃത്തം, കലാസംവിധാനം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നതിനായി താല്‍പര്യമുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിലാസം: സെക്രട്ടറി സുഹൃത് നാടകകളരി ആന്‍ഡ് ബാലഭവന്‍, വിതുര. വിതുര പി.ഒ. തിരുവനന്തപുരം. ഫോണ്‍: 94471 28586,  0472 2858687.

പാഴ്‌നിലത്തെ നൂറുമേനി വിളവെടുപ്പിന് കൊയ്ത്ത്-മെതിയന്ത്രം


വിതുര: തൊളിക്കോട് കൃഷിഭവന്റെ കൈത്താങ്ങില്‍ ഒരു പാഴ്‌നിലം നൂറുമേനി വിളഞ്ഞപ്പോള്‍ വിളവെടുപ്പിനെത്തിയത് അത്യാധുനിക കൊയ്ത്ത് -മെതിയന്ത്രം. വിതുര ചായം ചാരുപാറ ഏലായില്‍ വെള്ളിയാഴ്ച എത്തിയവര്‍ ഇരട്ടി അത്ഭുതത്തിലായിരുന്നു. വെള്ളംകെട്ടി കൃഷിയില്ലാതെ കിടന്ന പാടത്തെ വിളസമൃദ്ധിക്കൊപ്പം ശരവേഗത്തില്‍ കൊയ്ത്തും മെതിയും സാധ്യമാക്കുന്ന യന്ത്രവും. ആവേശം വിദ്യാര്‍ഥികളിലേക്കും പടര്‍ന്നപ്പോള്‍ വിളവെടുപ്പ് ശരിക്കും ഉത്സവമായി.

സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് ചാരുപാറ രവിയുടെ ഒന്നരയേക്കര്‍ പാഴ്‌നിലമാണ് ജൈവ രീതിയില്‍ നെല്‍പ്പാടമാക്കി മാറ്റിയത്. വെള്ളക്കെട്ട് നിയന്ത്രിച്ചശേഷം തൊളിക്കോട് കൃഷിഭവന്‍ നല്‍കിയ ജൈവ വളവും നെല്‍വിത്തും ഉപയോഗിച്ച് കൃഷിയിറക്കുകയായിരുന്നു. മധ്യകാല മൂപ്പുള്ള 'ഉമ' എന്ന വിത്തിനമാണ് ഉപയോഗിച്ചത്. നെല്‍ച്ചെടികള്‍ക്ക് അധികം ഉയരം വെയ്ക്കാത്തതിനാല്‍ ചാഞ്ഞുപോകാത്ത ഈ ഇനത്തിന് 115-125 ദിവസമാണ് മൂപ്പ്. ഏത് സീസണിലും കൃഷിയിറക്കാന്‍ അനുയോജ്യമാണ് 'ഉമ'.

കാര്‍ഷിക കര്‍മ്മസേന എന്ന സംഘടനയാണ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ വക കൊയ്ത്ത് -മെതി യന്ത്രം ചായത്ത് എത്തിച്ചത്. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനെ അടുത്തുകാണാന്‍ വിതുര യു.പി.എസ്., ചായം എല്‍.പി.എസ്, ചാരുപാറ പൊന്മുടിവാലി പബ്ലിക് സ്‌കൂള്‍, എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുമെത്തി. വാര്‍ഡംഗം ആര്‍.ശോഭനകുമാരി, ചാരുപാറ രവി, ചായം ബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍, മാതൃകാ കര്‍ഷകന്‍ തച്ചന്‍കോട് മനോഹരന്‍നായര്‍, തൊളിക്കോട് കൃഷി ഭവന്‍ അസിസ്റ്റന്റുമാരായ എസ്.കെ.പ്രകാശ്, ദിലീപ്കുമാര്‍, പൊന്മുടിവാലി സ്‌കൂള്‍ സെക്രട്ടറി സി.ആര്‍.അരുണ്‍, ആര്‍.ശേഖരപിള്ള തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.


ചായത്ത് ഇപ്പോള്‍ ഒന്നര ഏക്കര്‍ ഭൂമിയില്‍ മാത്രമാണു നെല്‍കൃഷിയുള്ളത്.  ചാരുപാറ രവി ഒരേക്കറിലും
പി. വിജയന്‍നായര്‍ അരയേക്കറിലും കൃഷിനടത്തി മാതൃക കാട്ടുന്നു.  പക്ഷേ നെല്‍കൃഷി നഷ്ടമാണെന്ന് ഇവര്‍ക്ക് അഭിപ്രായമില്ല.  ഇക്കുറി ഒരേക്കറില്‍ കൃഷി നടത്തിയപ്പോള്‍ 20,000 രൂപ ലാഭം കിട്ടിയതായി ചാരുപാറ രവി പറഞ്ഞു.  ഒരേക്കറില്‍ കൃഷിയിറക്കിയപ്പോള്‍ 200 പറ നെല്ല് ലഭിച്ചു.  ജൈവവളമാണ് ഉപയോഗിച്ചത്.  കൊയ്യുവാന്‍ ആളില്ലാത്തതുമൂലം കൊയ്ത്ത്യന്ത്രത്തെ ആശ്രയിക്കേണ്ടിവന്നു.  ആദ്യമായാണു ചായം ഏലയില്‍ കൊയ്ത്ത്യന്ത്രം കടന്നെത്തിയത്.

രണ്ടു മണിക്കൂര്‍ കൊണ്ടു യന്ത്രം ഒന്നര ഏക്കര്‍ വയല്‍ കൊയ്തു നെല്ല് പാറ്റി ചാക്കില്‍ നിറച്ചു നല്‍കി.  കൊയ്ത്ത് യന്ത്രത്തിന്റെ പ്രവര്‍ത്തനം കാണാന്‍ നൂറുകണക്കിനു കുട്ടികളും കര്‍ഷകരും നാട്ടുകാരും വയലില്‍ തടിച്ചുകൂടി.  കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നെല്‍കൃഷിയുടെ മഹത്വത്തെ കുറിച്ചും കൊയ്ത്ത്യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ബോധവല്‍ക്കരണവും നടത്തി.  അടുത്ത വര്‍ഷം മുതല്‍ വാഴകൃഷി മാറ്റി നെല്‍കൃഷി നടത്താമെന്നു വാഗ്ദാനം നല്‍കി അനവധി പേര്‍ മുന്നോട്ടുവരികയും ചെയ്തു.

Friday, November 18, 2011

പാപ്പനംകോട്ട് പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍


പാലോട്: പാപ്പനംകോട് ക്രസന്റ് സ്‌കൂള്‍ ഭാഗത്ത് പുലിയിറങ്ങിയതായി സംശയം. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഇരുചക്രവാഹനങ്ങളിലും കാറുകളിലും സഞ്ചരിച്ചിരുന്ന ഏതാനുംപേര്‍ പാലോട്- ബ്രൈമൂര്‍ റോഡില്‍ പുലിയെ കണ്ടത്.

കാറിലും ബൈക്കിലുമായെത്തിയവര്‍ പുലിയെ കണ്ട് കുറേ സമയം ഭയന്നു. തുടര്‍ന്ന് റോഡ് മുറിച്ചുകടന്ന പുലി പത്തേക്കര്‍ എസ്റ്റേറ്റിനുള്ളിലേക്ക് ഓടിപ്പോയതായി ദൃക്‌സാക്ഷകള്‍ പറയുന്നു. പാലോട് പോലീസും സംഘവും സ്ഥലത്തെത്തി. എന്നാല്‍ പുലിയിറങ്ങിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്ന് പാലോട് റെയ്ഞ്ച് ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

കൂട്ടക്കരച്ചില്‍; നിലയ്ക്കാത്ത പ്രാര്‍ഥന; ഒടുവില്‍ നാല് പെണ്‍കുട്ടികളെ കണ്ടെത്തി


പാലോട്: ഒരു നാടിനെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ 15 മണിക്കൂര്‍ നിര്‍ത്തിയശേഷം വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളെ നാട്ടുകാര്‍ കണ്ടെത്തി. പെരിങ്ങമ്മല ഇക്ബാല്‍ എച്ച്.എസ്.എസ്സിലെ നാല് വിദ്യാര്‍ിഥിനികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെ മൈലമൂട് ഗാര്‍ഡര്‍ സ്റ്റേഷനില്‍നിന്നും കണ്ടെത്തിയത്.

സംഭവത്തെപ്പറ്റി പാലോട് പോലീസ് പറയുന്നു- ബുധനാഴ്ച നാലുമണിക്ക് സ്‌കൂള്‍ വിട്ടശേഷം നാലുപേരും ചേര്‍ന്ന് സ്വകാര്യ ബസ്സില്‍ കയറി പാലോട് ജങ്ഷനിലിറങ്ങി. സംഘത്തില്‍ ഒരാളുടെ പ്രേമബന്ധം വീട്ടില്‍ ചോദ്യം ചെയ്തതാണ് ഒളിച്ചോടാന്‍ നാലുപേരെയും പ്രേരിപ്പിച്ചത്. പാലോട് നിന്നും അടപ്പുപാറയിലിറങ്ങി എങ്ങോട്ട് പോകുമെന്ന് ആലോചന. അടുത്തുവന്ന കല്ലറ ബസ്സില്‍ കയറി കോട്ടപ്പന്‍കാവ് അമ്പലത്തിനടുത്തിറങ്ങി കാണിക്കവഞ്ചിയില്‍ പണവുമിട്ടശേഷമാണ് ഗാര്‍ഡര്‍ സ്റ്റേഷനില്‍ വരെ നടന്നത്. സന്ധ്യയായതോടെ തൊട്ടടുത്തുകണ്ട വാഴപ്പണയില്‍ കയറി ഒളിച്ചെന്ന് വിദ്യാര്‍ഥിനികള്‍ പോലീസിനോട് പറഞ്ഞു.

ഇതിനിടെ വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന വാര്‍ത്ത നാട്ടില്‍ കാട്ടുതീപോലെ പടര്‍ന്നു. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പാലോട്, പാങ്ങോട്, കിളിമാനൂര്‍ പോലീസിന് ലഭിച്ച വിവരംവെച്ച് മൈലമൂട്, വണ്ടികിടക്കം പൊയ്ക, ഇക്ബാല്‍ കോളേജ് ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം രാത്രി മൂന്നുമണിവരെ പരിശോധന തുടര്‍ന്നു. പോലീസിനെ സഹായിക്കാന്‍ ആയിരക്കണക്കിന് നാട്ടുകാരും ഉറക്കമിളച്ച് അന്വേഷണം തുടര്‍ന്നു. എന്നാല്‍ പുലരുവോളം കണ്ടെത്താനായില്ല.

നാടെങ്ങും പ്രാര്‍ഥനകള്‍. കുട്ടികളുടെ വീടുകളില്‍ നിലയ്ക്കാത്ത നിലവിളി. സഹപാഠികളുടെ വീടുകളില്‍ ഉപദേശവും ശകാരവര്‍ഷങ്ങളും. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ അധ്യാപകര്‍ - 15 മണിക്കൂര്‍.

അപ്പോഴും ഇതൊന്നുമറിയാതെ വാഴപ്പണയില്‍ മഞ്ഞ് പുതച്ച് തണുത്തുവിറയ്ക്കുകയായിരുന്നു വിദ്യാര്‍ഥിനികള്‍. രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാര്‍ വിവരം സ്റ്റേഷനിലറിയിച്ചത്. തുടര്‍ന്ന് പാലോട് പോലീസെത്തി കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്കയച്ചു. വൈകുന്നേരത്തോടെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ രക്ഷാകര്‍ത്താക്കളോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു. രക്ഷിതാക്കളുടെ ഒപ്പം വാഹനങ്ങളില്‍ കയറുമ്പോഴും ചെയ്ത തെറ്റിന്റെ ഗൗരവമോ, സങ്കടമോ ഈ വിദ്യാര്‍ഥിനികള്‍ക്കുണ്ടായിരുന്നില്ല.

Thursday, November 17, 2011

സഹകരണ മേഖലയിലെ രാഷ്ട്രീയവല്‍ക്കരണം നല്ലതല്ല- മന്ത്രി


പാലോട്: സഹകരണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിനതീതമാകണമെന്നും, എന്തിനെയും എതിര്‍ക്കുന്ന സമീപനം നല്ലതല്ലെന്നും സഹകരണ  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ നാളികേര കോംപ്ളക്സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ പലതും നഷ്ടത്തിലാണെങ്കിലും ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുള്ള സംഘങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും, നാളികേര പ്രോജക്ട് ലാഭം തരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ കൂടി കഴിയുന്ന ജനകീയ പ്രോജക്ടുകള്‍ക്ക് ഗവണ്‍മെന്റ് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും  പറഞ്ഞു. കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എ. സമ്പത്ത് എംപി, പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, സഹകരണ റജിസ്ട്രാര്‍ എസ്. രവീന്ദ്രന്‍, ബ്ളോക്ക് അംഗം മഞ്ജു മധുസൂദനന്‍, ബാങ്ക് പ്രസിഡന്റ് കെ. ചക്രപാണി, സെക്രട്ടറി ലതാകുമാരി എന്നിവരും, ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും,  സഹകരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും, സഹകരണസംഘം പ്രസിഡന്റുമാരും ഉള്‍പ്പെടെ അനവധി പേര്‍ സംബന്ധിച്ചു.

തുടക്കമെന്ന നിലയില്‍ നാളികേരം സംഭരിച്ചു വെളിച്ചണ്ണയാക്കി വിപണിയിലെത്തിക്കുന്ന പ്രോജക്ടിനു സര്‍ക്കാരിന്റെ  ഒരു കോടി സബ്സിഡി ഇനത്തില്‍ ലഭിക്കും. നൂറിലേറെ പ്പേര്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സാധ്യതയുള്ള പദ്ധതിപ്രകാരം  ദിവസം 25,000 നാളികേരം പ്രോസസിങ് നടത്താന്‍ കഴിയുന്ന യൂണിറ്റാണു സ്ഥാപിക്കുന്നത്.