WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label School. Show all posts
Showing posts with label School. Show all posts

Saturday, June 23, 2012

നന്ദിയോട് ഹരിശ്രീ സ്കൂളില്‍ ബാലജനസഖ്യം യൂണിറ്റ് തുടങ്ങി


പാലോട്.നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളില്‍ ബാലജന സഖ്യം യൂണിറ്റ് തുടങ്ങി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ ദീപം തെളിച്ചു നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗ വാസനകള്‍ വളര്‍ത്തി കുട്ടികളെ  ഉത്തമ പൌരന്മാരാക്കി മാറ്റുന്ന ബാലജനസഖ്യത്തില്‍ അംഗമാകേണ്ടതു കുട്ടികളുടെ കടമയും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും ബാജിലാല്‍ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് എം. ജയകുമാറിന്റെ അധ്യക്ഷതയില്‍ ഹരിശീ സ്കൂള്‍ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. 

പിടിഎ വൈസ് പ്രസിഡന്റ് എന്‍. രാജീവ്, അംഗങ്ങളായ രാജന്‍ബാബു, തുളസീധരന്‍പിള്ള, യൂണിറ്റ് പ്രസിഡന്റ് നന്ദന, സെക്രട്ടറി സുവര്‍ണ, ശ്രീജിത് ശശി, ബാലജനസഖ്യം പാലോട് യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവ്, അധ്യാപകര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കു സഖ്യത്തിന്റെ സമ്മാനങ്ങളും വിതരണം ചെയ്തു. ഭാരവാഹികള്‍: എ.ആര്‍. നന്ദന(പ്രസി.), അബി(വൈ.പ്രസി), ആര്‍.എസ്. സുവര്‍ണ(സെക്ര.), അമല്‍( യൂണിയന്‍ പ്രതിനിധി), അശ്വതി(ബാലികാ വിഭാഗം കണ്‍വീനര്‍), ശ്യംശങ്കര്‍(കലാ വിഭാഗം കണ്‍വീനര്‍), നീരജ( സേവന വിഭാഗം ഓഫിസര്‍), വര്‍ഷ(ട്രഷ.)

Saturday, June 2, 2012

ജവഹര്‍ നവോദയാ വിദ്യാലയത്തില്‍ 11-ാം ക്ലാസ് പ്രവേശനം


പാലോട്: തിരുവനന്തപുരം ജില്ലയിലെ ജവഹര്‍ നവോദയാ വിദ്യാലയത്തിലെ 2012- 2013 അധ്യയന വര്‍ഷത്തിലെ 11-ാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ സംസ്ഥാന ഗവ. അംഗീകൃത വിദ്യാലയത്തില്‍ നിന്നും 10-ാം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രായം ജൂലായ് ഒന്നിന് 18 കവിയാന്‍ പാടില്ല.

അപേക്ഷാഫാമുകള്‍ വിദ്യാലയത്തില്‍നിന്നോ, www.navodayatrivandrum.gov.in എന്ന വെബ് സൈറ്റില്‍ നിന്നോ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 9 ന് മുമ്പ് ലഭിക്കേണ്ടതാണ്.

Sunday, May 27, 2012

വിതുര സ്കൂളില്‍ ഭൌമശാസ്ത്ര മേള

വിതുര. ട്രാന്‍സെക്ടിന്റെ നേതൃത്വത്തില്‍ വിതുര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഭൌമശാസ്ത്ര പഠന-പ്രദര്‍ശ നമേള (ശില-2012)ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ.എസ്.രാമശര്‍മ അധ്യക്ഷതവഹിച്ചു. 

ഡോ.എസ്.എന്‍.കുമാര്‍,സ്കൂള്‍പ്രിന്‍സിപ്പല്‍ കിഷ്ണകിഷോര്‍,പിടിഎ പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂളില്‍നിന്നു തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കു പരിശീലനക്ളാസും നല്‍കും. എക്സിബിഷന്‍ കാണാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. ഇന്നു വൈകിട്ട് സമാപിക്കും.

Tuesday, May 15, 2012

മൂന്നാംവര്‍ഷം നാല് അവാര്‍ഡുകള്‍ ഇത് കഠിനപരിശ്രമത്തിന്റെ വിജയഗാഥ


പാലോട്: ഉഴുതുമറിച്ച വിളഭൂമിയിലേക്ക് വിത്തെറിയുമ്പോള്‍ അവര്‍ക്ക് തികഞ്ഞൊരു ലക്ഷ്യമുണ്ടായിരുന്നു. ഇത്തവണയും ഒന്നാംസ്ഥാനംതന്നെ നേടണം. വിളകള്‍ നൂറുമേനി വിളവ് നല്‍കി. സീഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാലയത്തിന് നാല് അവാര്‍ഡുകളും. ഇതിന്റെ സന്തോഷത്തിലാണ് നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും.

'മാതൃഭൂമി' സീഡ് പുരസ്‌കാരത്തില്‍ ഊര്‍ജ സംരക്ഷണത്തിനുള്ള സംസ്ഥാന അവാര്‍ഡ്, ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ 'ഹരിതവിദ്യാലയ' അവാര്‍ഡ്, ബസ്റ്റ് ടീച്ചര്‍, ജെം ഓഫ് സീഡ് അവാര്‍ഡുകള്‍ എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ഇക്കുറി ജവഹര്‍ നവോദയ വിദ്യലയത്തിനെത്തേടി എത്തിയത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് നവോദയ ഹരിതവിദ്യാലയ പുരസ്‌കാരം നിലനിര്‍ത്തുന്നത്. ഇത്തവണ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന അധ്യാപകന്‍ എന്‍. വിജയകുമാറിനാണ് ബെസ്റ്റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്. നെല്‍കൃഷിയുടെ അപചയം, നഷ്ടമാകുന്ന നാടന്‍പൂക്കള്‍ എന്നിവയെപ്പറ്റി പഠനങ്ങള്‍ നടത്തിയ എസ്. ഹരികൃഷ്ണന്‍ ജെം ഓഫ് സീഡ് പുരസ്‌കാരത്തിനും അര്‍ഹനായി.

പാചകത്തിന് നീരാവി ഉപയോഗപ്പെടുത്തുന്ന സ്റ്റീം കുക്കിങ്, മാലിന്യത്തില്‍ നിന്നുള്ള ബയോഗ്യാസ്, വൈദ്യുതി ലാഭിക്കുന്നതിന് വിദ്യാലയത്തിലാകെ സി.എഫ്. ലാമ്പുകള്‍, പ്ലാസ്റ്റിക്‌രഹിത വിദ്യാലയം എന്നീ പദ്ധതികള്‍ നടപ്പിലാക്കി. അഗതികള്‍ക്ക് വസ്ത്രങ്ങളും ധാന്യകിറ്റുകളും വിതരണംചെയ്തു. ഗ്രാമീണ തൊഴിലുറപ്പിന് പോകുന്നവര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി. മൂന്നുഘട്ടങ്ങളിലായി വിളയിച്ചെടുത്ത പച്ചക്കറികള്‍ സമീപവിദ്യാലയങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തു. പരിസരവാസികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവ കീടനാശിനികള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു. ഓല, കവുങ്ങിന്‍പാള എന്നിവയില്‍ നിന്നും പരമ്പരാഗത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങി. സ്‌കൂളിനാവശ്യമായ പച്ചക്കറിയുടെ 80 ശതമാനം സ്വന്തമായി ഉത്പാദിപ്പിച്ചു. ഇങ്ങനെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളിലൂടെയാണ് നവോദയ ഇത്തവണ മുന്നേറിയത്.

മൂന്നാംവര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ തങ്ങളുടെ വിദ്യാലയത്തിന് നാല് അവാര്‍ഡുകള്‍ കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നും നവോദയാ പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരനും സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിജയകുമാറും പറഞ്ഞു.

Monday, May 14, 2012

അവധിക്കാല ക്ലാസ്


പെരിങ്ങമ്മല: പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ 14 ന് ആരംഭിക്കും.

ഭരതന്നൂര്‍: ഭരതന്നൂര്‍ ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസുകാര്‍ക്കുള്ള അവധിക്കാല പരിശീലന ക്ലാസ് 14 ന് ആരംഭിക്കും.

Saturday, May 12, 2012

പാലോട് യൂണിയനില്‍ 'ഞാനും മരവും' വിജയികള്‍ക്കു ട്രോഫികള്‍ സമ്മാനിച്ചു

പാലോട്. ബാലജനസഖ്യത്തിന്റെ 'ഭൂമിക്കായി ഒരു വര്‍ഷം പരിപാടിയുടെ ഭാഗമായി പാലോട് യൂണിയന്‍ കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളുകളില്‍ നടപ്പിലാക്കിയ 'ഞാനും മരവും പദ്ധതിയുടെ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിനു മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസും രണ്ടാം  സ്ഥാനം നേടിയ പെരിങ്ങമ്മല ഗവ. യുപിഎസിനു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവനും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായ നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളിനു ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസും

മടത്തറ കാണി ഗവ. എച്ച്എസിനു ബ്ളോക്ക് പഞ്ചായത്ത് ചെയര്‍പഴ്സന്‍ ഉഷാ വിജയനും പാലുവള്ളി സെന്റ് ജോസഫ്സ് യുപിഎസിനു ബ്ളോക്ക് പഞ്ചായത്ത് അംഗം മഞ്ചു മധുസൂദനനും  ട്രോഫികള്‍ സമ്മാനിച്ചു. കൊല്ലായില്‍ സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് വി. ജലജയുടെ നേതൃത്വത്തിലും പെരിങ്ങമ്മല യുപിഎസിനു വേണ്ടി അധ്യാപകന്‍ ക്ളീറ്റസ് തോമസിന്റെ നേതൃത്വത്തിലും ഹരിശ്രീ സ്കൂളിനു വേണ്ടി പ്രിന്‍സിപ്പല്‍ പാലുവള്ളി ശശിയുടെ നേതൃത്വത്തിലും  പാലുവള്ളി യുപിഎസിനു വേണ്ടി അധ്യാപകന്‍ ലോറന്‍സിന്റെ നേതൃത്വത്തിലും  വിദ്യാര്‍ഥികള്‍ ട്രോഫി ഏറ്റുവാങ്ങി. മടത്തറ എച്ച്എസിനു വേണ്ടി വിദ്യാര്‍ഥികളായ ദില്‍ദിനേശും നന്ദു രാമചന്ദ്രനും ചേര്‍ന്ന് ഏറ്റുവാങ്ങി.

സഖ്യം മേഖലാ ബാലികാ വിഭാഗം കണ്‍വീനര്‍ നീതു ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവ് പ്രസംഗിച്ചു. സ്കൂള്‍വളപ്പിന് അനുയോജ്യമായ മരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയില്‍ 18 സ്കൂളുകളാണു പങ്കെടുത്തത്. ഓരോ സ്കൂളിനും അഞ്ചു മരത്തൈകള്‍ വീതം നല്‍കുകയും പത്തു മാസത്തിനു ശേഷം അതിന്റെ വളര്‍ച്ച നിരീക്ഷിക്കുകയും കാര്യക്ഷമതയോടെ മരത്തൈകള്‍ വളര്‍ത്തിയെടുത്ത അഞ്ചു സ്കൂളുകളെ തിരഞ്ഞെടുക്കുകയുമായിരുന്നു. പരിപാടിക്ക് ആവശ്യമായ മരത്തൈകള്‍ നല്‍കിയതു വനം വകുപ്പ് പാലോട് റേഞ്ചാണ്.

വിതുരയില്‍ ആദിവാസിവിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കി


വിതുര.പഞ്ചായത്തിലെ വിതുര ഗവ.യുപിഎസ്, ആനപ്പാറ ഗവ എച്ച്എസ്, കല്ലാര്‍ ഗവ. എല്‍പിഎസ്, മരുതാമല ട്രൈബല്‍ സ്കൂള്‍, തലത്തൂതക്കാവ് എല്‍പിഎസ് എന്നീ സ്കൂളുകളിലെ എല്‍പി വിഭാഗത്തിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കു സൌജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തി ജി. നായര്‍ അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

വിതുര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ഷിഹാബ്ദീന്‍, വിതുര യുപിഎസ് ഹെഡ്മാസ്റ്റര്‍ എല്‍. പുഷ്പലത, ബ്ളോക്ക്പഞ്ചായത്ത് അംഗങ്ങളായ ഒ. ശകുന്തള, എല്‍. ദീക്ഷിത്, പഞ്ചായത്ത് അംഗങ്ങളായ എ. അല്‍ഫോണ്‍സ്, കെ. വിജയകുമാര്‍, എം.എസ്. റഷീദ്, ജി.ഡി. ഷിബുരാജ്, എല്‍. അംബിക, എം. ശാന്ത, കെ. ഷീല, പി.കെ. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി. സുരേഷ്, വി. അനിരുദ്ധന്‍നായര്‍, എന്‍. ഗംഗാധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, May 8, 2012

സ്‌കോളര്‍ഷിപ്പ് വിതരണം 8 മുതല്‍


വിതുര: ഗവണ്മെന്റ് യു.പി. സ്‌കൂളില്‍ 2011-2012 അധ്യയനവര്‍ഷം 6, 7 ക്ലാസുകളില്‍ പഠിച്ചിരുന്ന ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സ്‌കൂള്‍ ഓഫീസില്‍ ചൊവ്വാഴ്ച മുതലാണ് വിതരണം. അര്‍ഹതയുള്ളവരുടെ പട്ടിക സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി പ്രഥമാധ്യാപിക അറിയിച്ചു

Sunday, April 29, 2012

സ്വീകരണവും മെഡിക്കല്‍ ക്യാമ്പും ഒന്നിന്


വിതുര: ഗവണ്മെന്റ് എച്ച്.എസ്.എസ്സിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'സംഗമം 1970-71ന്റെ ആഭിമുഖ്യത്തില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പും ജെ. ഹരീന്ദ്രന്‍നായര്‍ക്ക് സ്വീകരണവും സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 9ന് വിതുര ഹോട്ടല്‍ രോഹിണി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എല്‍. ബീന പൊതുയോഗം ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്യും. വട്ടപ്പാറ എസ്.യു.ടി. ആസ്​പത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ എട്ടുമണിക്ക് എത്തണമെന്ന് സംഗമം പ്രസിഡന്റ് രോഹിണി പി. വിജയന്‍നായര്‍ അറിയിച്ചു.

Saturday, April 28, 2012

പാലോട് യൂണിയന്റെ 'വേനല്‍ക്കൂട്ടം' ഇന്ന്


പാലോട്. കുട്ടികളില്‍ അറിവിന്റെയും ആസ്വാദനത്തിന്റെയും വേദിയൊരുക്കി,  സമഭാവനയുടെയും സഹാനുഭൂതിയുടെയും സേവനത്തിന്റെയും വിത്ത് പാകി  ബാലജനസഖ്യം പാലോട് യൂണിയന്‍ സംഘടിപ്പിക്കുന്ന  അവധിക്കാല ക്യാംപ് 'വേനല്‍ക്കൂട്ടം ഇന്ന്  നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ നടക്കും.

രാവിലെ 8.30നു റജിസ്ട്രേഷന്‍ ആരംഭിക്കും.  9.25നു ഹെഡ്മാസ്റ്റര്‍ വിജയകുമാരന്‍നായര്‍ പതാക ഉയര്‍ത്തും. 9.30നു 'കുട്ടികളിലെ  ആരോഗ്യശീലങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മഞ്ചു ഇക്ബാല്‍ ക്ളാസ് നയിക്കും. 10.30നു 'കരവിരുത് വിവിധ ഉല്‍പന്നങ്ങളില്‍ നിര്‍മാണ പരിശീലനം. ചിതറ ഗവ. എച്ച്എസ്എസിലെ വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ എ. നൂര്‍ജഹാന്‍  നയിക്കും. 11.30നു 'കളിക്കൂട്ടം ബുദ്ധിവികസന മല്‍സരങ്ങള്‍, കൌതുക മല്‍സരങ്ങള്‍, നിരീക്ഷണപാടവ മല്‍സരങ്ങള്‍. 1.30നു വാവ സുരേഷിന്റെ പാമ്പുവിശേഷങ്ങളും പ്രദര്‍ശനവും.

മൂന്നിന്  ഞാനും മരവും മല്‍സരത്തില്‍ വിജയിച്ച സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം,  സമ്മാന വിതരണം, എസ്എസ്എല്‍സി ജേതാക്കളായ സഖ്യാംഗങ്ങളെ ആദരിക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും.  ചടങ്ങില്‍ ചലച്ചിത്രതാരം മണിയന്‍പിള്ള രാജു മുഖ്യാതിഥിയായിരിക്കും.

സഖ്യം ശങ്കരച്ചേട്ടന്റെ പ്രതിനിധി ആര്‍. ചന്ദ്രമോഹന്‍, മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, ജനപ്രതിനിധികളായ സോഫി തോമസ്, ഉഷാ വിജയന്‍, മഞ്ചു മധുസൂദനന്‍ എന്നിവര്‍ സംബന്ധിക്കും. ക്യാംപ് അംഗങ്ങള്‍ ഒന്‍പതു മണിക്കു മുന്‍പായി തന്നെ റജിസ്ട്രേഷന്‍ കൌണ്ടറില്‍ എത്തണം.

Friday, April 27, 2012

എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രാമീണ സ്കൂളുകള്‍ക്ക് മികച്ച വിജയം


പാലോട്. എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രാമീണ സര്‍ക്കാര്‍ സ്കൂളുകള്‍ക്കു മികച്ച വിജയം. പെരിങ്ങമ്മല ഇടിഞ്ഞാര്‍ ഗവ. ട്രൈബല്‍ സ്കൂള്‍ 93.3 ശതമാനം വിജയം നേടി. ഇവിടെ പരീക്ഷയെഴുതിയ 30പേരില്‍ 28പേര്‍ വിജയിച്ചു. നന്ദിയോട് എസ്കെവി എച്ച്എസ്  88ശതമാനം വിജയം നേടി. മൂന്നുപേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ളസ് ലഭിച്ചു. ഇളവട്ടം ബിആര്‍എം ഹൈസ്കൂളില്‍ 92 ശതമാനം വിജയമുണ്ട്. 193 കുട്ടികള്‍ എഴുതിയതില്‍ 184  പേര്‍ വിജയിച്ചു. മടത്തറ കാണി ഗവ എച്ച്എസില്‍ 90 ശതമാനം വിജയം നേടി.

Saturday, April 21, 2012

മള്‍ട്ടി സ്പോര്‍ട്സ് പ്ളേ സ്പേസ് ഫെസിലിറ്റി നടപ്പാക്കും: ജി. കാര്‍ത്തികേയന്‍

വിതുര. വിതുര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മള്‍ട്ടി സ്പോര്‍ട്സ് പ്ളേ സ്പേസ് ഫെസിലിറ്റി നടപ്പാക്കുമെന്നും ഇതിനായി 25 ലക്ഷം രൂപ അനുവദിച്ചതായും സ്ഥലം എംഎല്‍എയും സ്പീക്കറുമായ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. വിദ്യാര്‍ഥികളെ വിവിധ കായിക ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി കളിസ്ഥലം നിര്‍മിച്ചു നല്‍കുന്നതിനുള്ള കേരള സര്‍ക്കാരിന്‍െറയും സ്പോര്‍ട്സ് ഡയറക്ടറേറ്റിന്‍െറയും നേതൃത്വത്തില്‍ നടപ്പാക്കുന്ന നൂതന സംരഭമാണ് മള്‍ട്ടി പ്ളേ സ്പേസ് പദ്ധതി.
ആദ്യഘട്ടത്തില്‍ ബാസ്കറ്റ്ബോള്‍, വോളിബോള്‍, ടെന്നീസ് എന്നീ മൂന്നു കളികള്‍ക്കും കൂടി ഒരു കളിക്കളം ഉപയോഗിച്ചു പരിശീലനം നല്‍കാന്‍ കഴിയും. മൂന്നു കളികളുടെയും കളിക്കളങ്ങള്‍ വിവിധ നിറങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. സിന്തറ്റിക് സര്‍ഫസില്‍ നിര്‍മിക്കുന്ന ഇത്തരം കളിക്കളങ്ങളുടെ നിര്‍മാണ തുക 25 ലക്ഷം രൂപയാണ്. കളിക്കളത്തിനു ചുറ്റും ഫെന്‍സിങ്, 200 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഗാലറി എന്നിവയും നിര്‍മിക്കുമെന്നു കാര്‍ത്തികേയന്‍ അറിയിച്ചു

Monday, April 2, 2012

സൈക്കിള്‍ വിതരണം


പാലോട്: നന്ദിയോട് എസ്.കെ.വി ഹൈസ്കൂള്‍ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക്
സൌജന്യ സൈക്കിള്‍ വിതരണം പി.ടി.എ പ്രസിഡന്റ് പവിത്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ നിര്‍വ്വഹിμു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എസ്. ബാജിലാല്‍ , മെമ്പര്‍മാരായ രാജേഷ് , ടി.കെ വേണുഗോപാല്‍, ഹെഡ്മിസ്ട്രസ് ജെ.എസ്.ഗീത  തുടങ്ങിയവര്‍ സംസാരിμു.

മരുതാമല എല്‍.പി.എസ്. വാര്‍ഷികം


വിതുര: മരുതാമല ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ വാര്‍ഷികം പി.ടി.എ പ്രസിഡന്റ് ജി. ഗിരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തംഗം ദീക്ഷിത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സി.കെ. പദ്മകുമാരി, സ്റ്റാഫ് സെക്രട്ടറി സിന്ധു, രോഷിത, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എ.കെ. ഷിഹാബ്ദ്ദീന്‍, അംഗങ്ങളായ ജി.ഡി. ഷിബുരാജ്, മറിയക്കുട്ടി, പൂര്‍വവിദ്യാര്‍ഥിയും രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ ജേതാവുമായ ആര്‍.എസ്. ജോണ്‍, മാലിനി, ആര്‍. ജയദേവന്‍, എല്‍. മധു, പി.ജെ. വിജയന്‍, എസ്. ഗോപകുമാര്‍, ശശികല, വത്സല, എം.പി.ടി.എ പ്രസിഡന്റ് സുനിത എന്നിവര്‍ സംസാരിച്ചു.

Saturday, March 31, 2012

ഞാനും മരവും: കൊല്ലായില്‍ എസ്എന്‍ യുപിഎസിന് ഒന്നാം സ്ഥാനം


പാലോട്. അഖില കേരള ബാലജനസഖ്യത്തിന്റെ 'ഭൂമിക്കായി ഒരു വര്‍ഷം പദ്ധതിയുടെ ഭാഗമായി പാലോട് യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പിലാക്കിയ 'ഞാനും മരവും മല്‍സരത്തില്‍ കൊല്ലായില്‍  എസ്എന്‍ യുപിഎസ് ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. പെരിങ്ങമ്മല ഗവ. യുപിഎസിനാണു രണ്ടാം സ്ഥാനം. പാലുവള്ളി സെന്റ് ജോസഫ് യുപിഎസ്, നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂള്‍, മടത്തറ കാണി ഗവ. ഹൈസ്കൂള്‍ എന്നിവ  പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹമായി.

പദ്ധതി നടപ്പിലാക്കിയ 12 സ്കൂളുകളില്‍ നിന്നാണ് അഞ്ചു സ്കൂളുകളെ തിരഞ്ഞെടുത്തത്. വനം വകുപ്പിന്റെ സഹായത്തോടെ സ്കൂള്‍ വളപ്പിന് അനുയോജ്യമായ  അഞ്ചു മരത്തൈകള്‍ നല്‍കുകയും അതിനെ  കാര്യക്ഷമമായി വളര്‍ത്തിയെടുക്കുകയും അനുബന്ധ പരിപാടികള്‍ നടത്തി പ്രകൃതി സംരക്ഷണ സന്ദേശം നല്‍കുക എന്നതുമായിരുന്നു പദ്ധതി. കഴിഞ്ഞ ജൂലൈ മാസത്തിലാണു പദ്ധതി ആരംഭിച്ചത്. ഒന്നാം സ്ഥാനത്തു വന്ന കൊല്ലായില്‍ എസ്എന്‍ യുപിഎസില്‍ അഞ്ചു മരത്തൈകളെയും കാര്യക്ഷമമായി വളര്‍ത്തിയെടുത്തു.

മരത്തൈകള്‍ക്കു ചുറ്റും  കല്ലുകള്‍കൊണ്ടു തടം നിര്‍മിച്ചു ശക്തമായ സംരക്ഷണം തീര്‍ക്കുന്നതിനും പ്രതിമാസ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ശ്രദ്ധിച്ചു. പരിസ്ഥിതി സംരക്ഷണ പരിപാടികളും അനുബന്ധമായി നടത്തി. ഇത്തരം അധിക പ്രവര്‍ത്തനങ്ങളാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. പെരിങ്ങമ്മല ഗവ. യുപിഎസിലും അഞ്ചു
മരത്തൈകളും വളര്‍ത്തിയെടുത്തു മല്‍സരത്തോട്   അതീവ താല്‍പര്യമാണു കാട്ടിയത്.

മല്‍സരത്തെ ഗൌരവമായിക്കണ്ടു മരത്തൈകളെ വളര്‍ത്തിയെടുക്കാന്‍ താല്‍പര്യം കാട്ടിയ മടത്തറ എച്ച്എസ്, പാലുവള്ളി യുപിഎസ്,  നന്ദിയോട് ഹരിശ്രീ സ്കൂള്‍ എന്നിവയ്ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. ബാലജനസഖ്യത്തിന്റെ അവധിക്കാല ക്യാംപില്‍ സ്കൂളുകള്‍ക്കു ട്രോഫികള്‍ വിതരണം ചെയ്യും.

അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തിനു വേണ്ടി പരീക്ഷകള്‍ തലേദിവസം നടത്തി


പാലോട്. അധ്യാപകരുടെ യാത്രയയപ്പു സമ്മേളനത്തിനു വേണ്ടി  കുട്ടികളുടെ നാലു പരീക്ഷകള്‍  തലേദിവസം നടത്തി ഗുരുതരമായ ചട്ടലംഘനം നടത്തി.   സമീപ സ്കൂളുകളിലെ കുട്ടികള്‍ക്കു ചോദ്യങ്ങള്‍  ചോര്‍ന്നു കിട്ടിയതായും പറയുന്നു.  പാലോട് ഉപജില്ലയിലെ ഇളവട്ടം ബിആര്‍എം എച്ച്എസിലാണു ഗുരുതരമായ ചട്ടലംഘനം നടന്നത്. ഇന്നലെ നടക്കേണ്ട എട്ടാം ക്ളാസിലെ മലയാളം സെക്കന്‍ഡ്, സോഷ്യല്‍ സയന്‍സ്, ഒന്‍പതാം ക്ളാസിലെ ഹിന്ദി, ഐടി എന്നീ പരീക്ഷകളാണു സമ്മേളനത്തിനു തടസ്സമാകുമെന്നു കരുതി വ്യാഴാഴ്ച നടത്തിയത്.

പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ   ഇവിടെ  പരീക്ഷ നടന്നില്ല. സംഭവമറിഞ്ഞ് എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന്  ഡിഇഒയ്ക്കു  റിപ്പോര്‍ട്ട് നല്‍കി. സ്കൂളില്‍ നിന്ന് എച്ച്എം അടക്കം നാലു ജീവനക്കാര്‍ പിരിഞ്ഞു പോകുന്നതിന്റെ ചടങ്ങാണ് ഇന്നലെ നടന്നത്. ഇതിനു തടസ്സമാകുമെന്നു കരുതിയാണത്രെ ഒറ്റദിവസം കൊണ്ട്  'പരീക്ഷാ മാരത്തണ്‍ നടത്തിയത്.

പരീക്ഷയ്ക്കു ശേഷം കുട്ടികളില്‍ നിന്ന് ചോദ്യപേപ്പര്‍ തിരികെ വാങ്ങിയെങ്കിലും പരീക്ഷ നേരത്തേ നടത്തിയതറിഞ്ഞ സമീപ സ്കൂളുകളിലെ പല കുട്ടികളും ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്തതായും പറയുന്നു.  പരീക്ഷ നേരത്തേ നടത്തിയതു ഗുരുതര വീഴ്ചയാണെന്നും അടിയന്തര നടപടിക്കു ഡിഡി യോട് ആവശ്യപ്പെടുമെന്നും ഡിഇഒ: ആരിഫാബീവി പറഞ്ഞു.

Friday, March 30, 2012

'മധുപാനിയും പതചിത്രയും' കുരുന്നുകൈകളില്‍ പുനര്‍ജനിക്കുന്നു

പാലോട്: ബിഹാറിന്റെ 'മധുപാനി', ഒറീസയുടെ 'പതചിത്ര', മഹാരാഷ്ട്രയുടെ 'വെര്‍ളി'...എല്ലാം മലയാളത്തിന്റെ ചുവരില്‍ നിറംവിടര്‍ത്തുന്നു. നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് തങ്ങളുടെ സ്‌കൂളില്‍ ഇന്ത്യന്‍ ചുവര്‍ചിത്രകലയ്ക്ക് പുതിയ നിറപ്പൊലിമ ചാര്‍ത്തുന്നത്.

കേരളത്തിന്റെ സ്വന്തം ചുവര്‍ചിത്രശൈലിയോടൊപ്പം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുവര്‍ചിത്രരചനാ സമ്പ്രദായങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇവിടെ ചിത്രമെഴുത്ത് പുരോഗമിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും ഈജിപ്ഷ്യന്‍ ഗുഹാചിത്രങ്ങളും ഇവിടെ പകര്‍ത്തിയെഴുതുന്നു. കേരളത്തിന്റെ മ്യൂറല്‍ പെയിന്റിങ് രീതിയില്‍ ധ്യാനത്തിന്റെ അഞ്ച് അവസ്ഥകളാണ് കുട്ടികള്‍ വരയ്ക്കുന്നത്. ഒറീസയുടെ ചുവര്‍ചിത്രരചനയായ പതചിത്രയില്‍ ശിവപാര്‍വ്വതി സംഗമവും പ്രകൃതിയുമാണ് വരയ്ക്കുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യമാണ് മഹാരാഷ്ട്രയുടെ 'വെര്‍ളി' സമ്പ്രദായത്തില്‍ പിറവിയെടുക്കുന്നത്. ബിഹാറിന്റെ മധുപാനിയിലാകട്ടെ ദേവാസുരന്മാരുടെ അമൃതിനുവേണ്ടിയുള്ള 'പാലാഴിമഥനം' എന്ന പുരാണ കഥാസന്ദര്‍ഭമാണ് കരുന്നുകൈകള്‍ വരച്ചുചേര്‍ക്കുന്നത്.ഇവകൂടാതെ ഈജിപ്ഷ്യന്‍ ഗുഹാചിത്രരചനയും പുരോഗമിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിനോട് ചേര്‍ന്നുള്ള വലിയ മതിലാണ് ഇവരുട ക്യാന്‍വാസ്. രണ്ട് വലിയ മതിലുകള്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചുതീരുമ്പോള്‍ വഴിയാത്രികര്‍ക്കും ഇതൊരു കൗതുകകാഴ്ചയായി മാറും. പ്രകൃതിജന്യ നിറക്കൂട്ടുകള്‍കൊണ്ട് ഒരുക്കുന്ന ഈ നിറക്കാഴ്ച ഉടന്‍തന്നെ പൂര്‍ത്തിയാകും. വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ സജികുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ ചുവര്‍ചിത്രരചന പൂര്‍ത്തിയാക്കിവരുന്നത്.

Thursday, March 29, 2012

കരിമണ്‍കോട് എല്‍പിഎസില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ

പാലോട്. കരിമണ്‍കോട് ഗവ. എല്‍പിഎസ് വാര്‍ഷികാഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും നാളെ നടക്കും. ഉച്ചയ്ക്കു രണ്ടിന് കുട്ടികളുടെ മല്‍സരങ്ങള്‍. നാലിന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥികളായ പ്രശസ്ത വ്യക്തികളെ ആദരിക്കും.

Saturday, March 24, 2012

കെ.ഒ.രത്‌നാകരന്‍ മികച്ച പ്രിന്‍സിപ്പല്‍ അവാര്‍ഡിന്റെ നിറവില്‍ നവോദയ വിദ്യാലയം


പാലോട്: ഇന്‍ഡ്യയിലെ ഇത്തവണത്തെ ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള പ്രസിഡന്റിന്റെ പുരസ്‌കാരം നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ കെ.ഒ.രത്‌നാകരന്. ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് ഇത്തവണ എത്തിയത് ഗ്രാമീണ വിദ്യാലയമായ ജവഹര്‍ നവോദയയില്‍ എന്നതും നിമിത്തമായി. കണ്ണൂരിലെ കയരളത്തില്‍ ജനിച്ചു വളര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി ജവഹര്‍ നവോദയ അദ്ധ്യാപകനായി സര്‍വീസ് ആരംഭിച്ച ഈ 46 കാരന്‍ അവാര്‍ഡിന്റെ നിറവിലും വിനയം കൈവിടുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഇദ്ദേഹം നടപ്പിലാക്കിയ പുത്തന്‍ മാറ്റങ്ങളും വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 

1989 -ല്‍ മേഘാലയയില്‍ ജോലിയില്‍ പ്രവേശിച്ച രത്‌നാകരന്‍ സിക്കിം, കര്‍ണാടക,ഗുജറാത്ത്, സംസ്ഥാനങ്ങളില്‍ നേരത്തെ ജോലി നോക്കിയിരുന്നു. ആറ് വര്‍ഷം മുന്‍പാണ് ഇവിടെ എത്തിയത്. ഇന്ത്യ- യു.കെ പഠന കൈമാറ്റ പദ്ധതിയുടെ സൗത്ത് ഇന്‍ഡ്യന്‍ ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് ഇദ്ദേഹം. ഇന്‍ഡ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ബ്രിട്ടണിലെ നാല് വിദ്യാലയങ്ങളില്‍ ഈ പദ്ധതി പ്രകാരം പഠിക്കുന്നുണ്ട്.

സ്‌കൂളിലെ സമഗ്ര പച്ചക്കറി കൃഷി, കായിക രംഗത്തെ പുതിയ സംരംഭമായ വിഷന്‍ ഇന്‍ഡ്യ, ഐ.ടി രംഗത്തെ നൂതന കണ്ടുപിടിത്തങ്ങള്‍, കലാ സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വിദ്യാലയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായിരുന്ന കെ.ഒ.രത്‌നാകരനായിരുന്നു. വിദ്യാലയത്തിന്റെ സമീപ വാര്‍ഡുകളിലും ജില്ലയിലെ ഇതര സ്‌കൂളുകളിലും നവോദയ നേരിട്ട് നടത്തിയ ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളും അവാര്‍ഡിന് പരിഗണിച്ചിരുന്നു. മികച്ച പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് 'മാതൃഭൂമി'യുടെ സീഡ് പുരസ്‌ക്കാരവും രണ്ട് തവണ നവോദയ വിദ്യാലയത്തിന് ലഭിച്ചിരുന്നു.

2009 ല്‍ മികച്ച നവോദയ പ്രിന്‍സിപ്പലിനുള്ള അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥയായ അരുണയാണ് ഭാര്യ. മക്കള്‍ വിഷ്ണു, ഗോപിക. മികച്ച പ്രിന്‍സിപ്പലിനുള്ള രാഷ്ട്രപതിയുടെ പുരസ്‌ക്കാരം തന്റെ മാത്രമല്ല വിദ്യാലയത്തിലെ മുഴുവന്‍ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും കൂട്ടായ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്നും അവാര്‍ഡ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷം ഉണ്ടെന്നും പ്രിന്‍സിപ്പല്‍ കെ.ഒ.രത്‌നാകരന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. അധ്യാപക ദിനത്തില്‍ ഡല്‍ഹില്‍ വെച്ചാണ് അവാര്‍ഡുദാന ചടങ്ങ്.

Monday, March 19, 2012

നന്ദിയോട് ഹരിശ്രീ വാര്‍ഷികം


നന്ദിയോട്: ഹരിശ്രീ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അഡ്വ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. ജെ.ഡബ്ല്യു.ഗ്ലാഡ്സ്റ്റണ്‍, പ്രൊഫ. നബീസാ ഉമ്മാള്‍, കെ.ഒ. രത്‌നാകരന്‍, രാജന്‍ബാബു, വി.എല്‍. രാജീവ്, ബി. തുളസീധരന്‍പിള്ള, അനിത, കവിതാ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി സ്വാഗതവും എന്‍. രാജീവ് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ സംസ്ഥാന പ്രസംഗ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഡി.എം. ശ്യാമ, എം.എ. സംഗീത പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ സംഗീത ജി.എസ്. എന്നിവരെ ആദരിച്ചു.