WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label മേള. Show all posts
Showing posts with label മേള. Show all posts

Sunday, April 8, 2012

മടത്തറ മേളയ്ക്ക് ഇന്നു തിരശീല വീഴും

പാലോട്. ഒന്‍പതു ദിനരാത്രങ്ങളായി മടത്തറ മേഖലയെ ഉല്‍സവ ലഹരിയിലാഴ്ത്തിയ കാര്‍ഷിക കലാ വ്യാപാര മേളയ്ക്ക് ഇന്നു തിരശീല വീഴും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. എംപിമാരായ അഡ്വ.എ. സമ്പത്ത്, പീതാംബരക്കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മികച്ച കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും ആദ്യകാല വ്യാപാരിയെയും ആദരിക്കല്‍, മടത്തറ സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടിക്കു ധന സഹായ വിതരണം, നിര്‍ധനര്‍ക്കുള്ള ധനസഹായ വിതരണം, അവാര്‍ഡ് ദാനം  തുടങ്ങിയവ സമ്മേളനത്തിന്റ ഭാഗമായി നടക്കും. രാത്രി 10ന് മ്യൂസിക്കല്‍ മെഗാഷോ. വന്‍തിരക്കാണ് മേളയില്‍ അനുഭവപ്പെടുന്നത്.

Wednesday, April 4, 2012

മടത്തറ മേളയില്‍ തിരക്കേറുന്നു

പാലോട്. മടത്തറ മേളയ്ക്കു തിരക്കേറുന്നു. ഓര്‍ക്കിഡ് അടക്കമുള്ള ചെടികളുടെയും ഉപഭോക്തൃ വസ്തുക്കളുടെയും കരകൌശല വസ്തുക്കളുടെയും സ്റ്റാളുകളുടെ സാനിധ്യം  മേളയിലുണ്ട്. അമ്യൂസ്മെന്റ് പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്എന്നിവയും ആസ്വാദനം സമ്മാനിക്കുന്നു. വിവിധ പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും കലാപരിപാടികളുമൊക്കെയായി നല്ല ജന പങ്കാളിത്തത്തോടെയാണു മേള നടക്കുന്നത്. മേളയില്‍ നടന്ന ചലച്ചിത്ര വിചാര സദസ് മുല്ലക്കര രത്നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മടത്തറ ശശിയുടെ അധ്യക്ഷതയില്‍ വി.കെ. ജോസഫ്, കെ.ജി. മോഹന്‍കുമാര്‍ എന്നിവര്‍ ക്ളാസെടുത്തു. ചലച്ചിത്ര പ്രദര്‍ശനവും നടന്നു. മേളയില്‍ ഇന്നു രാത്രി സൂപ്പര്‍ മെഗാഷോ നടക്കും.

Tuesday, April 3, 2012

പാങ്ങോട് മേളയ്ക്ക് തുടക്കം


പാങ്ങോട്. ഗ്രാമത്തിന് ഉല്‍സവ ലഹരി നല്‍കി പാങ്ങോട് മേള തുടങ്ങി. അവധിക്കാലമെത്തിയതോടെ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തവും മേളയ്ക്കുണ്ട്.  ആറുവരെ കെവിയുപിഎസ് മൈതാനത്തു നടക്കുന്ന മേളയില്‍ ശാസ്ത്ര- സാങ്കേതിക  പ്രദര്‍ശനം, വ്യാവസായിക മേള, കാര്‍ഷിക പ്രദര്‍ശനം, വാഹനമേള, പുസ്തക മേള, ഫ്ളവര്‍ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവ സംഘടിപ്പിച്ചു. മേളയില്‍ സ്റ്റുഡന്റ്സ് ഫെസ്റ്റ്, ഡോക്കുമെന്ററി ഷോ, പ്രതിഭാ സംഗമം, നാട്ടരങ്ങ്, കലാവിരുന്ന്, അനുമോദന അവാര്‍ഡ് ദാന സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

മടത്തറ മേളയില്‍ ഇന്ന് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം




പാലോട്. മടത്തറ മേളയില്‍ ഇന്നു തൊഴിലുറപ്പ് കുടുംബ ശ്രീ സംഗമം നടക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ കുസുമത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്യും. കില ഫാക്കല്‍റ്റി എം.പി. വേണുകുമാര്‍ ക്ളാസെടുക്കും. രാത്രി 10ന് ഗാനമേള.

Thursday, March 29, 2012

മടത്തറമേള 30 മുതല്‍


പാലോട്: മടത്തറ പൗരാവലിയും വ്യാപാരികളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മടത്തറമേള 30ന് തുടങ്ങി ഏപ്രില്‍ എട്ടിന് സമാപിക്കും. 29ന് വൈകുന്നേരം നാലിന് വിളംബര മാരത്തോണ്‍. 30ന് നാലിന് സാംസ്‌കാരിക ഘോഷയാത്ര. 5.30ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മേള ഉദ്ഘാടനം ചെയ്യും. രാത്രി 10ന് ഗാനമേള.

31ന് രാവിലെ 10ന് കാര്‍ഷികസെമിനാര്‍, രാത്രി 10ന് നാടകം. ഏപ്രില്‍ ഒന്നിന് വൈകുന്നേരം 6ന് ഗതാഗത ബോധവത്കരണം, രാത്രി 8ന് നാടകം, 10ന് ഗാനമേള. രണ്ടിന് വൈകീട്ട് 5ന് ചലച്ചിത്ര വിചാരസദസ്സ്. രാത്രി 10ന് നാടകം. മൂന്നിന് വൈകീട്ട് 6ന് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം, രാത്രി 10ന് ഗാനമേള.

4ന് രാത്രി 10ന് കോമഡി ഫെസ്റ്റിവല്‍. 5ന് സാംസ്‌കാരിക സമ്മേളനം, രാത്രി 10ന് നാടകം. 6ന് വൈകീട്ട് 7ന് കവിയരങ്ങും സാംസ്‌കാരിക സമ്മേളനവും. രാത്രി 10ന് മിമിക്‌സ് മഹോത്സവം. 7ന് വൈകീട്ട് 6ന് പഴമയുടെ നിറവ്, രാത്രി 10ന് നൃത്തനാടകം. 8ന് സമാപന സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 10ന് മ്യൂസിക്കല്‍ മെഗാഷോ.

മേളയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ വിപണനമേളകള്‍ എന്നിവയും കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്.

Friday, February 17, 2012

പാലോട് മേള സമാപിച്ചു


പാലോട്: പെണ്‍പടയുടെ കലാശക്കൊട്ടോടെ 49-ാമത് പാലോട് മേളയ്ക്ക് സമാപനമായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍, ശൈലജാ രാജീവന്‍, വി. പാപ്പച്ചന്‍, ഡി. രഘുനാഥന്‍ നായര്‍, ജി.എസ്.ഷാബി എന്നിവര്‍ പ്രസംഗിച്ചു.

മികച്ച കര്‍ഷകരായ കള്ളിപ്പാറ റോബിന്‍സണ്‍, മൈലമൂട് പ്രഭാകരന്‍, ഉള്ളൂര്‍ രവീന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനില്‍കുമാര്‍ കൊച്ചിക്ക് അഡ്വ. എ.സമ്പത്ത് എം.പി. പുരസ്‌കാരം നല്‍കി. സംസ്ഥാന വടംവലി മത്സരത്തില്‍ വെള്ളറട യുവതാര ഒന്നാംസ്ഥാനത്തെത്തി. ഇവര്‍ക്ക് 7777 രൂപയും ഏഴ് പൂവന്‍കോഴിയും സമ്മാനമായി നല്‍കി.

ഈ വര്‍ഷത്തെ 'വനമിത്ര പുരസ്‌കാരം' നേടിയ വഴുതനപ്പള്ളി ജോസഫ് തോമസിനെ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. പൊന്നാട ചാര്‍ത്തി ആദരിച്ചു. സംസ്ഥാന പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഡി. ശ്യാമ, ബി.എസ്‌സി റാങ്ക് ജേതാവ് സൗമ്യ, സ്വാതി സുകു എന്നിവരെ ചടങ്ങില്‍ വി.കെ. മധു ആദരിച്ചു.

Saturday, February 11, 2012

ഒാലമെടഞ്ഞും തിരക്കിലമര്‍ന്നും പാലോട് മേള


പാലോട്. മേള തിരക്കിലമര്‍ന്നു. കൈകുഞ്ഞുങ്ങളടക്കം ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. മനസ്സുകളില്‍ ആസ്വാദനത്തിന്റെ വേലിയേറ്റം തീര്‍ക്കുന്ന കാര്‍ണിവലും ഫോട്ടോ പ്രദര്‍ശനങ്ങളും ഉപഭോഗ വസ്തുക്കളും, കൃഷി വിളകളും  കലാപരിപാടികളുമൊക്കെയായി മേള സജീവമാണ്.

മേളയില്‍ ഇന്നലെ കൃഷി സ്മരണകളുണര്‍ത്തി നടന്ന ഒാലമെടയല്‍ വൈവിധ്യമായി. സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്ത മല്‍സരത്തില്‍ തങ്കമണി ഒന്നാം സ്ഥാനവും വിജയന്‍ രണ്ടാം സ്ഥാനവും, പ്രഭാകരന്‍നായര്‍ മൂന്നാം സ്ഥാനവും നേടി.  പ്രീമിയര്‍ അക്കാദമി സംഘടിപ്പിച്ച ശുചിത്വാരോഗ്യ സെമിനാറും  എക്സൈസ് ബോധവല്‍ക്കരണവും നൃത്തസംഗമവും ഇന്നലെ നടന്നു.

എല്‍പി സ്കൂള്‍ മുറ്റത്ത് മരച്ചീനി വിളവ് കൌതുകമായി


പാലോട്. വിദ്യാലയമുറ്റത്തെ കൃഷിയില്‍  വിളവ് കൌതുകം തീര്‍ത്തപ്പോള്‍ അതു ജൈവവളത്തിന്റെ മഹിമ കൂടിയായി. നന്ദിയോട് പച്ച ഗവ. എല്‍പിഎസിന്റെ മുറ്റത്തു  കൃഷിചെയ്ത മരച്ചീനിയാണു വിളവില്‍ കൌതുകം സൃഷ്ടിച്ചത്. എച്ച്. 165 വര്‍ഗത്തില്‍പ്പെട്ട മരച്ചീനിക്കു 70 കിലോയിലേറെ തൂക്കമുണ്ട്. അധ്യാപകരും  കുട്ടികളും ചേര്‍ന്ന് കൃഷി ചെയ്ത മരച്ചീനി 11മാസം കൊണ്ടാണു വലിയ വിളവു നല്‍കിയത്. ഒരു തരി രാസവളംപോലും ഉപയോഗിക്കാതെ മണ്ണിര കമ്പോസ്റ്റാണ് ഉപയോഗിച്ചത്.

അധ്യാപകരായ ഹരിയും മോഹനനുമാണു കൃഷി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. എലിയും മറ്റും മരച്ചീനി തിന്നുന്നതു തടയാന്‍ അധ്യാപകര്‍ രാത്രിയിലും കാവല്‍കിടന്നാണു സംരക്ഷിച്ചത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന  ഈ സ്കൂള്‍ പരിസ്ഥിതി, കൃഷി സൌഹൃദ സ്കൂളാണ്. ഈ വിദ്യാലയ മുറ്റത്തു കോളിഫ്ളവര്‍ അടക്കമുള്ള മിക്ക കൃഷിയുമുണ്ട്. വിളവെടുത്ത മരച്ചീനി പാലോട് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മേള കഴിഞ്ഞാല്‍ കുട്ടികള്‍ക്കു മരച്ചീനി വേവിച്ചു നല്‍കും.

പാലോട് മേളയില്‍ ഇന്ന് പുഞ്ചിരിമത്സരം


പാലോട്: പാലോട് കാര്‍ഷിക വ്യാപാരമേളയോടനുബന്ധിച്ച് ശനിയാഴ്ച 4.30ന് പുഞ്ചിരി മത്സരം നടക്കും. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മത്സരിക്കാം. വിജയികള്‍ക്ക് സ്വര്‍ണനാണയവും ക്യാഷ് അവാര്‍ഡും നല്‍കും. ഉച്ചയ്ക്ക് രണ്ടിന് കുടുംബശ്രീസംഗമം, 6.30ന് കാവ്യസന്ധ്യ. പുഞ്ചിരിമത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ 9946115181, 9526845065 എന്നീ ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Friday, February 10, 2012

ആദിവാസികള്‍ക്ക് അഭയമായി റോട്ടറി കമ്മ്യൂണിറ്റി സെന്റര്‍

നെടുമങ്ങാട്: ജില്ലാതിര്‍ത്തിയിലെ പാമ്പുചത്തമണ്ണ് ആദിവാസിമേഖലയിലെ കുടുംബങ്ങളുടെ കമ്മ്യൂണിറ്റി സെന്ററിനായുള്ള മുറവിളിക്ക് തിരുവനന്തപുരം സൌത്ത് റോട്ടറി ക്ളബിന്റെ കനിവില്‍ സാക്ഷാത്കാരം. വനംവകുപ്പ് പതിച്ചു നല്‍കിയ 5 സെന്റ് സ്ഥലത്ത് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. വിവാഹച്ചടങ്ങുകള്‍ക്കും മറ്റും ഉപകാരപ്രദമായ വിധത്തില്‍ ഹാളും ടോയ്ലറ്റ് സൌകര്യവും സെന്ററിലുണ്ട്. ലൈബ്രറിയും ശ്രദ്ധേയമാണ്.

പഞ്ചായത്ത് കിണര്‍ പുനര്‍നിര്‍മ്മിച്ച് പമ്പുസെറ്റും സംഭരണിയും സ്ഥാപിച്ച് ശുദ്ധജല വിതരണ സംവിധാനവും ഏര്‍പ്പെടുത്തി.റോട്ടറി ക്ളബ് പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ബാബുചാക്കോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവികസിത പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍റോട്ടറി ഗവര്‍ണ്ണര്‍ രഘുനാഥ് , പെരിങ്ങമ്മല പഞ്ചായത്ത്പ്രസിഡന്റ് പി.വത്സല, ബി. പവിത്രകുമാര്‍, യു. ഹംസ, തുടങ്ങിയവര്‍ സംസാരിച്ചു. റോട്ടറി മുന്‍പ്രസിഡന്റ് അലക്സാണ്ടര്‍ വൈദ്യന്‍ സ്വാഗതവും സൌത്ത് റോട്ടറി ക്ളബ് സെക്രട്ടറി മേജര്‍ ജനറല്‍ വര്‍ഗ്ഗീസ് പണിക്കര്‍ നന്ദിയും പറഞ്ഞു.

കാളയ്ക്കായൊരു 'മേള'


പാലോട്: ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനുമായി പാലോട്ട് പഴമക്കാര്‍ തുടങ്ങി വച്ച കാളച്ചന്ത കനകജൂബിലി ശോഭയില്‍. തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാര്‍ഷിക സംസ്കാരത്തിന്റെ വിത്തുപാകിയ കാളച്ചന്തയുടെ 49-ാമത് പുനഃസമാഗമത്തിന് ഇക്കഴിഞ്ഞ ദിവസം പാലോട് രവി എം.എല്‍.എ ഭദ്രദീപം തെളിച്ചു.

തുടക്കം കൊയ്തൊഴിഞ്ഞ വയലുകളില്‍

പണപ്പിരിവില്ലാതെ പതിനായിരങ്ങളുടെ കൂടിച്ചേരലിനും കലാസ്വാദനത്തിനും കാര്‍ഷിക വിളകളുടെ വിപണനത്തിനും വേദിയൊരുക്കുന്നു എന്നതാണ് ഈ ഗ്രാമോത്സവത്തിന്റെ സവിശേഷത. ചിങ്ങകൊയ്ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ കൊയ്തൊഴിഞ്ഞ പാടങ്ങളായിരുന്നു ചന്തയുടെ പ്രഥമ വേദികള്‍. അവിടെ തിങ്ങിപ്പാര്‍ത്തിരുന്ന ഒരു കൂട്ടം കുശവന്മാരാണ് ചന്തയുടെ ആദ്യകാല പ്രചാരകര്‍. അവരെ കൃഷിയിലേയ്ക്ക് തിരിച്ചു വിടാനും പുതിയൊരു സംസ്കൃതിക്ക് നാന്ദി കുറിക്കാനും കാളച്ചന്ത പ്രചോദനമായി.

കൃഷിയൊഴിഞ്ഞിട്ടും കയ്യൊഴിയാതെ

ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷികോല്പന്നങ്ങളുടെ ക്രയവിക്രയത്തിനുമായി പാണ്ടി നാടുകളില്‍ നിന്നുള്‍പ്പെടെ കര്‍ഷകരും തൊഴിലാളികളും ഒഴുകിയെത്തിയതോടെ കാളച്ചന്ത ഒരു കാര്‍ഷിക മാമാങ്കത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. മകരം രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കാര്‍ഷികമേള ഒരാഴ്ചക്കാലം മലയോര ജനതയെ ആഹ്ളാദത്തിന്റെ കൊടുമുടിയേറ്റും. കൃഷിനഷ്ടക്കച്ചവടമാകുന്ന ഘട്ടത്തിലും മേളയെ കയ്യൊഴിയാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചു വരുന്ന ജനപങ്കാളിത്തം. ഏഴുകൊല്ലം മുമ്പ് ടൂറിസം വാരാഘോഷമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ പ്രാധാന്യമേറി. മൂന്നു വര്‍ഷമായി ഒമ്പതു ദിവസമാണ് മേള. പുതിയ കാഴ്ചകളും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ജനങ്ങളുടെ ഒഴുക്കാരംഭിച്ചു.

Wednesday, February 8, 2012

പാലോട് മേളയ്ക്ക് തിരിതെളിഞ്ഞു


പാലോട്. 49ാമതു പാലോട് കാര്‍ഷിക-കലാ-വ്യാപാര മേളയ്ക്കു തിരിതെളിഞ്ഞു.  ശ്രീ. വി.കെ. മധു മേള ഉത്ഘാടനം ചെയ്തു.വൈകുന്നേരം ചെയര്‍മാന്‍ എം.എം. സലിമിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വിനോദസഞ്ചാര വാരാഘോഷത്തിന്റെ ഉദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള ഉപഹാര സമര്‍പ്പണം നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല,  ബ്ളോക്ക് അംഗം  ബി. പവിത്രകുമാര്‍, മേള ജനറല്‍ സെക്രട്ടറി മനേഷ് ജി. നായര്‍, ട്രഷറര്‍ പി.എസ്. ദിവാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ സര്‍പ്പബന്ധു പട്ടം നേടിയ വാവ സുരേഷ്, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നേടിയ ഒഴുകുപാറ അസീസ്, സമാന്തര വിദ്യാഭ്യാസ രംഗത്തു ശ്രദ്ധേയനായ പ്രീമിയര്‍ അക്കാദമി പ്രിന്‍സിപ്പല്‍ ജി.എസ്. രാജന്‍, ചിത്രരചനയില്‍ സമ്മാനം നേടിയ പ്രണവ് എന്നിവരെ ആദരിച്ചു. രാവിലെ മേളയുടെ ഉദ്ഘാടനം വി.കെ. മധു നിര്‍വഹിച്ചു.

Tuesday, February 7, 2012

പാലോട് മേളയ്ക്ക് ഇന്നു സമാരംഭം


പാലോട്. 49ാമതു പാലോട് കാര്‍ഷിക കലാവ്യാപാര മേളയ്ക്കും വിനോദ സഞ്ചാരവാരാഘോഷത്തിനും ഇന്നു സമാരംഭം കുറിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ നൂറിലേറെ പ്രദര്‍ശന വിപണന സ്റ്റാളുകളും അമ്യൂസ്മെന്റ് പാര്‍ക്കും  മേളയില്‍ പ്രവര്‍ത്തിക്കും. ആറു വയസ്സിനു താഴെ പ്രയമുള്ള കുട്ടികള്‍ക്കായി പുഞ്ചിരി മല്‍സരം, ഇരട്ടകളുടെ സംഗമം, തേങ്ങാ പൊതിക്കല്‍, ഓലമെടയല്‍, ഗ്രാമീണ കലാകാരന്‍മാരുടെ കൂട്ടായാമ, കടങ്കഥ, പഴഞ്ചൊല്ല് മല്‍സരം, വടംവലി,  വിവിധ സെമിനാറുകള്‍, കാവ്യ സന്ധ്യ, വിവിധ മേഖലകളില്‍പ്പെട്ടവരെ  ആദരിക്കല്‍, മെഡിക്കല്‍ ക്യാംപുകള്‍, ഫോട്ടോ പ്രദര്‍ശനം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, കുടുംബശ്രീ സംഗമം, കലാസന്ധ്യകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഇന്നു  രാവിലെ ഏഴിനു മേള വി.കെ. മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിനു കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. എ. സമ്പത്ത് എംപി മുഖ്യപ്രഭാഷണവും പാലോട് രവി എംഎല്‍എ സാംസ്കാരിക മേള ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ പ്രതിഭകളെ ആദരിക്കലും മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ഉപഹാര സമര്‍പ്പണവും നിര്‍വഹിക്കും. രാത്രി ഒന്‍പതിനു സ്നേഹനിലാവ് നാടകം നടക്കും.

Wednesday, January 18, 2012

പാലോട് മേള: സംസ്ഥാന വടംവലി മത്സരം 14 ന്


പാലോട്: പാലോട് കാര്‍ഷികമേളയോടനുബന്ധിച്ചുള്ള സംസ്ഥാനവടംവലി മത്സരം ഫിബ്രവരി 14ന് നടക്കും. 7777 രൂപയും ഏഴു പൂവന്‍കോഴിയുമാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി 3333 രൂപയും മൂന്നാം സമ്മാനമായി 1111 രൂപയും നല്‍കും. ടീമുകള്‍ ഫിബ്രവരി 7ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. 

Saturday, December 3, 2011

പാലോട് മേള സംഘാടകസമിതി


പാലോട്: പാലോട് കാര്‍ഷികമേളയുടെ സംഘാടകസമിതി രൂപവത്കരിച്ചു. മേളയുടെ 49-ാം വര്‍ഷമാണിത്. ഫിബ്രവരി 7 മുതല്‍ 15 വരെ ടൂറിസം വകുപ്പിന്റെ സഹായത്തോടെയാണ് മേള നടക്കുന്നത്. ഭാരവാഹികളായി എം.എം.സലിം (ചെയര്‍മാന്‍), മനേഷ് ജി.നായര്‍ (ജനറല്‍ സെക്രട്ടറി), പി.എസ്.ദിവാകരന്‍നായര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Friday, December 2, 2011

പാലോട് മേളയ്ക്കു സംഘാടക സമിതിയായി

പാലോട്: 49-ാമത് പാലോട് കാര്‍ഷിക കലാ വ്യാപാര മേളയ്ക്കു സംഘാടക സമിതിയായി. തെക്കന്‍ കേരളത്തിലെ പ്രധാന മേളകളിലൊന്നായ പാലോട് മേള  ഫെബ്രുവരി ഏഴുമുതല്‍ 15വരെ നടക്കും. അത്യാകര്‍ഷകമായ പ്രദര്‍ശന വിപണന സ്റ്റാളുകളും പുരാതന കൃഷി ഉപകരണങ്ങളുടെ പ്രദര്‍ശനവും അമ്യൂസ്മെന്റ് പാര്‍ക്കും അടക്കം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍  കോര്‍ത്തിണക്കി  ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണു മേള സംഘടിപ്പിക്കുന്നത്. ഭാരവാഹികള്‍: എം.എം. സലിം (ചെയ), മനേഷ് ജി. നായര്‍ (ജന സെക്ര), പി.എസ്. ദിവാകരന്‍ നായര്‍ (ട്രഷ).