WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label Mela2012. Show all posts
Showing posts with label Mela2012. Show all posts

Friday, February 17, 2012

പാലോട് മേള സമാപിച്ചു


പാലോട്: പെണ്‍പടയുടെ കലാശക്കൊട്ടോടെ 49-ാമത് പാലോട് മേളയ്ക്ക് സമാപനമായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍, ശൈലജാ രാജീവന്‍, വി. പാപ്പച്ചന്‍, ഡി. രഘുനാഥന്‍ നായര്‍, ജി.എസ്.ഷാബി എന്നിവര്‍ പ്രസംഗിച്ചു.

മികച്ച കര്‍ഷകരായ കള്ളിപ്പാറ റോബിന്‍സണ്‍, മൈലമൂട് പ്രഭാകരന്‍, ഉള്ളൂര്‍ രവീന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനില്‍കുമാര്‍ കൊച്ചിക്ക് അഡ്വ. എ.സമ്പത്ത് എം.പി. പുരസ്‌കാരം നല്‍കി. സംസ്ഥാന വടംവലി മത്സരത്തില്‍ വെള്ളറട യുവതാര ഒന്നാംസ്ഥാനത്തെത്തി. ഇവര്‍ക്ക് 7777 രൂപയും ഏഴ് പൂവന്‍കോഴിയും സമ്മാനമായി നല്‍കി.

ഈ വര്‍ഷത്തെ 'വനമിത്ര പുരസ്‌കാരം' നേടിയ വഴുതനപ്പള്ളി ജോസഫ് തോമസിനെ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. പൊന്നാട ചാര്‍ത്തി ആദരിച്ചു. സംസ്ഥാന പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഡി. ശ്യാമ, ബി.എസ്‌സി റാങ്ക് ജേതാവ് സൗമ്യ, സ്വാതി സുകു എന്നിവരെ ചടങ്ങില്‍ വി.കെ. മധു ആദരിച്ചു.

Saturday, February 11, 2012

ഒാലമെടഞ്ഞും തിരക്കിലമര്‍ന്നും പാലോട് മേള


പാലോട്. മേള തിരക്കിലമര്‍ന്നു. കൈകുഞ്ഞുങ്ങളടക്കം ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. മനസ്സുകളില്‍ ആസ്വാദനത്തിന്റെ വേലിയേറ്റം തീര്‍ക്കുന്ന കാര്‍ണിവലും ഫോട്ടോ പ്രദര്‍ശനങ്ങളും ഉപഭോഗ വസ്തുക്കളും, കൃഷി വിളകളും  കലാപരിപാടികളുമൊക്കെയായി മേള സജീവമാണ്.

മേളയില്‍ ഇന്നലെ കൃഷി സ്മരണകളുണര്‍ത്തി നടന്ന ഒാലമെടയല്‍ വൈവിധ്യമായി. സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്ത മല്‍സരത്തില്‍ തങ്കമണി ഒന്നാം സ്ഥാനവും വിജയന്‍ രണ്ടാം സ്ഥാനവും, പ്രഭാകരന്‍നായര്‍ മൂന്നാം സ്ഥാനവും നേടി.  പ്രീമിയര്‍ അക്കാദമി സംഘടിപ്പിച്ച ശുചിത്വാരോഗ്യ സെമിനാറും  എക്സൈസ് ബോധവല്‍ക്കരണവും നൃത്തസംഗമവും ഇന്നലെ നടന്നു.

എല്‍പി സ്കൂള്‍ മുറ്റത്ത് മരച്ചീനി വിളവ് കൌതുകമായി


പാലോട്. വിദ്യാലയമുറ്റത്തെ കൃഷിയില്‍  വിളവ് കൌതുകം തീര്‍ത്തപ്പോള്‍ അതു ജൈവവളത്തിന്റെ മഹിമ കൂടിയായി. നന്ദിയോട് പച്ച ഗവ. എല്‍പിഎസിന്റെ മുറ്റത്തു  കൃഷിചെയ്ത മരച്ചീനിയാണു വിളവില്‍ കൌതുകം സൃഷ്ടിച്ചത്. എച്ച്. 165 വര്‍ഗത്തില്‍പ്പെട്ട മരച്ചീനിക്കു 70 കിലോയിലേറെ തൂക്കമുണ്ട്. അധ്യാപകരും  കുട്ടികളും ചേര്‍ന്ന് കൃഷി ചെയ്ത മരച്ചീനി 11മാസം കൊണ്ടാണു വലിയ വിളവു നല്‍കിയത്. ഒരു തരി രാസവളംപോലും ഉപയോഗിക്കാതെ മണ്ണിര കമ്പോസ്റ്റാണ് ഉപയോഗിച്ചത്.

അധ്യാപകരായ ഹരിയും മോഹനനുമാണു കൃഷി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. എലിയും മറ്റും മരച്ചീനി തിന്നുന്നതു തടയാന്‍ അധ്യാപകര്‍ രാത്രിയിലും കാവല്‍കിടന്നാണു സംരക്ഷിച്ചത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന  ഈ സ്കൂള്‍ പരിസ്ഥിതി, കൃഷി സൌഹൃദ സ്കൂളാണ്. ഈ വിദ്യാലയ മുറ്റത്തു കോളിഫ്ളവര്‍ അടക്കമുള്ള മിക്ക കൃഷിയുമുണ്ട്. വിളവെടുത്ത മരച്ചീനി പാലോട് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മേള കഴിഞ്ഞാല്‍ കുട്ടികള്‍ക്കു മരച്ചീനി വേവിച്ചു നല്‍കും.

പാലോട് മേളയില്‍ ഇന്ന് പുഞ്ചിരിമത്സരം


പാലോട്: പാലോട് കാര്‍ഷിക വ്യാപാരമേളയോടനുബന്ധിച്ച് ശനിയാഴ്ച 4.30ന് പുഞ്ചിരി മത്സരം നടക്കും. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മത്സരിക്കാം. വിജയികള്‍ക്ക് സ്വര്‍ണനാണയവും ക്യാഷ് അവാര്‍ഡും നല്‍കും. ഉച്ചയ്ക്ക് രണ്ടിന് കുടുംബശ്രീസംഗമം, 6.30ന് കാവ്യസന്ധ്യ. പുഞ്ചിരിമത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ 9946115181, 9526845065 എന്നീ ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Friday, February 10, 2012

ആദിവാസികള്‍ക്ക് അഭയമായി റോട്ടറി കമ്മ്യൂണിറ്റി സെന്റര്‍

നെടുമങ്ങാട്: ജില്ലാതിര്‍ത്തിയിലെ പാമ്പുചത്തമണ്ണ് ആദിവാസിമേഖലയിലെ കുടുംബങ്ങളുടെ കമ്മ്യൂണിറ്റി സെന്ററിനായുള്ള മുറവിളിക്ക് തിരുവനന്തപുരം സൌത്ത് റോട്ടറി ക്ളബിന്റെ കനിവില്‍ സാക്ഷാത്കാരം. വനംവകുപ്പ് പതിച്ചു നല്‍കിയ 5 സെന്റ് സ്ഥലത്ത് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. വിവാഹച്ചടങ്ങുകള്‍ക്കും മറ്റും ഉപകാരപ്രദമായ വിധത്തില്‍ ഹാളും ടോയ്ലറ്റ് സൌകര്യവും സെന്ററിലുണ്ട്. ലൈബ്രറിയും ശ്രദ്ധേയമാണ്.

പഞ്ചായത്ത് കിണര്‍ പുനര്‍നിര്‍മ്മിച്ച് പമ്പുസെറ്റും സംഭരണിയും സ്ഥാപിച്ച് ശുദ്ധജല വിതരണ സംവിധാനവും ഏര്‍പ്പെടുത്തി.റോട്ടറി ക്ളബ് പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ബാബുചാക്കോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവികസിത പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍റോട്ടറി ഗവര്‍ണ്ണര്‍ രഘുനാഥ് , പെരിങ്ങമ്മല പഞ്ചായത്ത്പ്രസിഡന്റ് പി.വത്സല, ബി. പവിത്രകുമാര്‍, യു. ഹംസ, തുടങ്ങിയവര്‍ സംസാരിച്ചു. റോട്ടറി മുന്‍പ്രസിഡന്റ് അലക്സാണ്ടര്‍ വൈദ്യന്‍ സ്വാഗതവും സൌത്ത് റോട്ടറി ക്ളബ് സെക്രട്ടറി മേജര്‍ ജനറല്‍ വര്‍ഗ്ഗീസ് പണിക്കര്‍ നന്ദിയും പറഞ്ഞു.

കാളയ്ക്കായൊരു 'മേള'


പാലോട്: ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനുമായി പാലോട്ട് പഴമക്കാര്‍ തുടങ്ങി വച്ച കാളച്ചന്ത കനകജൂബിലി ശോഭയില്‍. തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാര്‍ഷിക സംസ്കാരത്തിന്റെ വിത്തുപാകിയ കാളച്ചന്തയുടെ 49-ാമത് പുനഃസമാഗമത്തിന് ഇക്കഴിഞ്ഞ ദിവസം പാലോട് രവി എം.എല്‍.എ ഭദ്രദീപം തെളിച്ചു.

തുടക്കം കൊയ്തൊഴിഞ്ഞ വയലുകളില്‍

പണപ്പിരിവില്ലാതെ പതിനായിരങ്ങളുടെ കൂടിച്ചേരലിനും കലാസ്വാദനത്തിനും കാര്‍ഷിക വിളകളുടെ വിപണനത്തിനും വേദിയൊരുക്കുന്നു എന്നതാണ് ഈ ഗ്രാമോത്സവത്തിന്റെ സവിശേഷത. ചിങ്ങകൊയ്ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ കൊയ്തൊഴിഞ്ഞ പാടങ്ങളായിരുന്നു ചന്തയുടെ പ്രഥമ വേദികള്‍. അവിടെ തിങ്ങിപ്പാര്‍ത്തിരുന്ന ഒരു കൂട്ടം കുശവന്മാരാണ് ചന്തയുടെ ആദ്യകാല പ്രചാരകര്‍. അവരെ കൃഷിയിലേയ്ക്ക് തിരിച്ചു വിടാനും പുതിയൊരു സംസ്കൃതിക്ക് നാന്ദി കുറിക്കാനും കാളച്ചന്ത പ്രചോദനമായി.

കൃഷിയൊഴിഞ്ഞിട്ടും കയ്യൊഴിയാതെ

ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷികോല്പന്നങ്ങളുടെ ക്രയവിക്രയത്തിനുമായി പാണ്ടി നാടുകളില്‍ നിന്നുള്‍പ്പെടെ കര്‍ഷകരും തൊഴിലാളികളും ഒഴുകിയെത്തിയതോടെ കാളച്ചന്ത ഒരു കാര്‍ഷിക മാമാങ്കത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. മകരം രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കാര്‍ഷികമേള ഒരാഴ്ചക്കാലം മലയോര ജനതയെ ആഹ്ളാദത്തിന്റെ കൊടുമുടിയേറ്റും. കൃഷിനഷ്ടക്കച്ചവടമാകുന്ന ഘട്ടത്തിലും മേളയെ കയ്യൊഴിയാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചു വരുന്ന ജനപങ്കാളിത്തം. ഏഴുകൊല്ലം മുമ്പ് ടൂറിസം വാരാഘോഷമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ പ്രാധാന്യമേറി. മൂന്നു വര്‍ഷമായി ഒമ്പതു ദിവസമാണ് മേള. പുതിയ കാഴ്ചകളും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ജനങ്ങളുടെ ഒഴുക്കാരംഭിച്ചു.

Wednesday, February 8, 2012

പാലോട് മേളയ്ക്ക് തിരിതെളിഞ്ഞു


പാലോട്. 49ാമതു പാലോട് കാര്‍ഷിക-കലാ-വ്യാപാര മേളയ്ക്കു തിരിതെളിഞ്ഞു.  ശ്രീ. വി.കെ. മധു മേള ഉത്ഘാടനം ചെയ്തു.വൈകുന്നേരം ചെയര്‍മാന്‍ എം.എം. സലിമിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വിനോദസഞ്ചാര വാരാഘോഷത്തിന്റെ ഉദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള ഉപഹാര സമര്‍പ്പണം നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല,  ബ്ളോക്ക് അംഗം  ബി. പവിത്രകുമാര്‍, മേള ജനറല്‍ സെക്രട്ടറി മനേഷ് ജി. നായര്‍, ട്രഷറര്‍ പി.എസ്. ദിവാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ സര്‍പ്പബന്ധു പട്ടം നേടിയ വാവ സുരേഷ്, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നേടിയ ഒഴുകുപാറ അസീസ്, സമാന്തര വിദ്യാഭ്യാസ രംഗത്തു ശ്രദ്ധേയനായ പ്രീമിയര്‍ അക്കാദമി പ്രിന്‍സിപ്പല്‍ ജി.എസ്. രാജന്‍, ചിത്രരചനയില്‍ സമ്മാനം നേടിയ പ്രണവ് എന്നിവരെ ആദരിച്ചു. രാവിലെ മേളയുടെ ഉദ്ഘാടനം വി.കെ. മധു നിര്‍വഹിച്ചു.

Tuesday, February 7, 2012

മേളയ്ക്ക് ഫേസ്ബുക്കില്‍ ആശംസാ പ്രവാഹം