WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label നന്ദിയോട്. Show all posts
Showing posts with label നന്ദിയോട്. Show all posts

Thursday, August 14, 2014

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

പാലോട്: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ഗ്രാമങ്ങളില്‍ നടത്തിവരുന്ന 'മത്സ്യസമൃദ്ധി' പദ്ധതി പ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യക്കൃഷി വ്യാപിപ്പിക്കുക, ശുദ്ധിജലമത്സ്യങ്ങള്‍ ഗ്രാമങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് 'മത്സ്യസമൃദ്ധി'. നന്ദിയോട് ഗ്രാമപ്പഞ്ചായത്തില്‍ നടന്ന മത്സ്യക്കുഞ്ഞ് വിതരണം ഉദയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകയായ സിന്ധു മത്സ്യക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധു, കോ-ഓര്‍ഡിനേറ്റര്‍ ജയ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 58 കര്‍ഷകരാണ് മത്സ്യക്കൃഷി നടത്തുന്നത്.

Sunday, August 10, 2014

സൗദി അറേബ്യയില്‍ നിന്നുള്ള കുട്ടികളുടെ പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും

പാലോട്: സംസ്ഥാന സ്‌കൗട്ട് പരിശീലന കേന്ദ്രത്തില്‍ നടന്നുവരുന്ന സൗദി അറേബ്യയില്‍ നിന്നുള്ള കുട്ടികളുടെ പരിശീലന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. കായികവും മാനസികവുമായി കുട്ടികളെ കരുത്തുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ 58 കുട്ടികളാണുള്ളത്. എല്ലാപേരും സൗദി അറേബ്യയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്.
മാനസിക കരുത്തിനും ഏകാഗ്രതയ്ക്കും യോഗ, എന്നിങ്ങനെ വവിധ മേഖലകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
പത്ത് അധ്യാപകരാണ് കുട്ടികളുടെ സംഘത്തിലുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇവരുടെ മടക്കയാത്ര. സൗദി അറേബ്യയിലുള്ള പീ.വീ ഗ്രൂപ്പ് സ്ഥാനങ്ങളിലെ കുട്ടികളാണ് അധികവും.
പച്ചപുതച്ചു നില്‍ക്കുന്ന സംസ്ഥാന പരിശീലന കേന്ദ്രത്തിലെ ഓരോ ദിവസവും വളരെ ആഘോഷപൂര്‍വമാണ് ഇവര്‍ ചെലവിടുന്നത്. സംസ്ഥാന സ്‌കൗട്ട്‌സ് ട്രെയിനിങ് കമ്മീഷണര്‍ തുളസീധരന്റെ നേതൃത്വത്തിലുള്ള 13 പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

വാളന്‍കുഴി റോഡിലെ വെള്ളക്കെട്ട്; ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു

പാലോട്. നന്ദിയോട് കുറുപുഴ വാര്‍ഡിലെ വാളന്‍കുഴി ആദിവാസി സെറ്റില്‍മെന്റില്‍ക്കൂടി കടന്നുപോകുന്ന റോഡിലെ വെള്ളക്കെട്ടു മൂലം രണ്ട് ആദിവാസി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്ന വിഷയത്തില്‍ പരിഹാരം കാണാത്ത അധികൃതരുടെ നിലപാടില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു. ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. സ്വകാര്യ വ്യക്തികള്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണു റോഡില്‍ വന്‍ വെള്ളക്കെട്ടുണ്ടായതെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും സംസ്ഥാന പ്രസിഡന്റ് കെ. രഘു ആവശ്യപ്പെട്ടു. വിഷയത്തില്‍ ആദിവാസി ക്ഷേമസമിതി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ മുഖാന്തരം ജില്ലാ കലക്ടര്‍ക്കു നിവേദനം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. 

സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരന്‍ കാണി, പി. ബാലകൃഷ്ണന്‍ കാണി, ബി. സദാനന്ദന്‍ കാണി, ആര്‍. കരുണാകരന്‍ കാണി, സുമതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. മോഹനന്‍ ത്രിവേണിയുടെ നേതൃത്വത്തിലുള്ള  ആദിവാസി മഹാസഭയും നേരത്തേ സ്ഥലം സന്ദര്‍ശിച്ചു പ്രതിഷേധം അറിയിച്ചിരുന്നു. വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ആദിവാസികളായ ശ്രീരാമന്‍ കാണി, അജിത് എന്നിവരാണു ദുരിതം അനുഭവിക്കുന്നത്.  ഇതുവഴിയുള്ള ബസ് സര്‍വീസും നിലച്ചു.

Sunday, April 13, 2014

വേനല്‍മഴ: പെരിങ്ങമ്മലയിലും നന്ദിയോടും വ്യാപകനാശനഷ്ടം


പാലോട്: രണ്ടുദിവസമായി തുടരുന്ന വേനല്‍മഴയില്‍ പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളില്‍ ലക്ഷങ്ങളുടെ കാര്‍ഷികവിളകള്‍ നശിച്ചു. 
രണ്ട് പഞ്ചായത്തുകളിലുമായി പന്ത്രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എങ്ങും ആളപായമില്ല. നന്ദിയോട് ആലംപാറ വിളവീട് വാധ്യാരുകുഴിയില്‍ കുമാരി, സുജിതാഭവനില്‍ േഗാപി ആശാരി, ആലംപാറ നരിക്കലില്‍ രാജീവിന്റെ കമ്പപ്പുര, പോങ്ങുംമൂട് സ്വദേശിനി ഗോമതി, വാധ്യാരുകുഴി അപ്പു, ആലംപാറ രാമഭദ്രാലയത്തില്‍ വാസുദേവന്റെ തൊഴുത്ത്, പ്ലാവറ പേരക്കുഴി മേക്കുംകരവീട്ടില്‍ ബാബു, ചരുവിളവീട്ടില്‍ തങ്കപ്പന്‍, പ്ലാവറ പച്ച എസ്.ജെ.എ. ഭവനില്‍ അനില്‍കുമാര്‍ എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണും ശക്തമായ കാറ്റിലും നശിച്ചത്.
കൊച്ചുതാന്നിമൂട് 3578-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരത്തിന്റെ മേല്‍ക്കൂര കാറ്റില്‍പറന്നുപോയി. റബ്ബര്‍, വാഴ, മരച്ചീനി, പ്ലാവ്, ആഞ്ഞിലി എന്നിവ വ്യാപകമായി നശിച്ചു. ആലംപാറ കാപ്പിതോട്ടത്തില്‍ നൂറുകണക്കിന് റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. വിളവീട്ടില്‍ അംബികയുടെ അമ്പത് റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. വിളവീട്ടില്‍ അംബികയുടെ അമ്പത് റബ്ബര്‍മരങ്ങള്‍, ആലംപാറ, സദനവിലാസത്തില്‍ അരുണിന്റെ 100മൂട് വാഴ, താന്നിമൂട്, കൊച്ചിലവില്‍ ബാലചന്ദ്രന്റെ 75 മൂട് റബ്ബര്‍, അമ്പതിലധികം വാഴകള്‍ എന്നിവഉള്‍പ്പെടെ പാപ്പനംകോട്, പനങ്ങോട് പ്രദേശങ്ങളിലുമായി അഞ്ഞൂറിലധികം വാഴകളും മരങ്ങളും നശിച്ചു.
പാലോട് പോലീസ് സ്റ്റേഷന്‍, പാപ്പനംകോട് ക്രിസ്റ്റ്യന്‍പള്ളി, കുറുപുഴ, വഞ്ചുവം എന്നീ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി.

Tuesday, February 25, 2014

നന്ദിയോട് ബജറ്റില്‍ പശു, പച്ചക്കറി ഗ്രാമം പദ്ധതി


പാലോട്. പച്ചക്കറി - പശു ഗ്രാമം പദ്ധതി, തരിശുഭൂമിരഹിത പഞ്ചായത്ത് എന്നിവയടക്കം അനവധി ശ്രദ്ധേയ പദ്ധതികളുമായി 22,55,22,000 രൂപ വരവും 22,06,40,000 ചെലവും 52,82,000 മിച്ചവും പ്രതീക്ഷിക്കുന്ന 2014-15 വര്‍ഷത്തെ നന്ദിയോട് ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ അവതരിപ്പിച്ചു. 

പഞ്ചായത്തിന്റെ സുവര്‍ണജൂബിലി സ്മാരക നിര്‍മാണം, നന്ദിയോട്- ആനാട് സമഗ്ര കുടിവെള്ള പദ്ധതി, ഒരു വാര്‍ഡില്‍ പത്തുപേര്‍ക്കു വീട്, തൊഴിലുറപ്പിനു പത്തുകോടി ചെലവഴിക്കല്‍, പൊതു ശ്മശാന നിര്‍മാണം, മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കല്‍, കോളനി വികസനം, ലക്ഷംവീട് പുനരുദ്ധാരണം, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം, സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം, ഹെല്‍ത്ത് ക്ളബ്, കലാ-കായിക ഗ്രാമം പദ്ധതി, മാര്‍ക്കറ്റ് നവീകരണം, കശാപ്പുശാല നിര്‍മാണം, പൊതു വിദ്യാഭ്യാസത്തിനു ഭൌതിക സാഹചര്യം ലഭ്യമാക്കല്‍, കൃഷി, മണ്ണ്, ജല സംരക്ഷണം അടക്കം അനവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണു ബജറ്റ് അവതരിപ്പിച്ചത്.

പേരയം ആയിരവില്ലി ക്ഷേത്രഉത്സവം

പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് ഉഷഃപൂജ, 8ന് പറയെടുപ്പ്, ഉച്ചയ്ക്ക് 12ന് അന്നദാനം, 6.30ന് ദീപാരാധന, രാത്രി 7ന് അത്താഴപൂജ, 8ന് നാടകം.

ബുധനാഴ്ച രാവിലെ 8ന് പറയെടുപ്പ്, രാത്രി 8ന് നാടകം 'സത്യം ഒരു നുണയല്ല'. വ്യാഴാഴ്ച രാവിലെ 8ന് പറയെടുപ്പ്, വൈകുന്നേരം 5.30ന് ഐശ്വര്യപൂജ. വെള്ളിയാഴ്ച ക്ഷേത്രച്ചടങ്ങുകള്‍ക്കു പുറമെ രാത്രി 8ന് നാടകം. ശനിയാഴ്ച രാവിലെ 8ന് പറയെടുപ്പ്, രാത്രി 8ന് നൃത്തനാടകം. ഞായറാഴ്ച പറയെടുപ്പും ക്ഷേത്രച്ചടങ്ങുകളും. കൂടാതെ രാത്രി 8ന് നൃത്തനൃത്യങ്ങള്‍.

തിങ്കളാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 7ന് പ്രഭാതഭക്ഷണം, 8ന് നവകം, 9ന് സമൂഹപൊങ്കാല, 10.30ന് തുലാഭാരം, 11ന് നാഗരൂട്ട്, 12ന് അന്നദാനം, വൈകുന്നേരം 5ന് ഉരുള്‍, 6.30ന് ദീപാരാധന, 7ന് താലപ്പൊലി ഘോഷയാത്ര, 7.15ന് ചാറ്റുപാട്ട്, 10ന് പൂത്തിരിമേളം, 11ന് മിമിക്‌സ്.

Thursday, July 5, 2012

മാലിന്യം: നന്ദിയോട് ചന്ത പുഴുത്തുനാറുന്നു

നന്ദിയോട്. മനുഷ്യ ജീവന്‍ അപഹരിച്ചു പനി താണ്ഡവമാടുമ്പോഴും  നന്ദിയോട് പഞ്ചായത്തിലെ ചന്തയ്ക്കകത്തെ  മാലിന്യ നിര്‍മാര്‍ജനം കടലാസില്‍ മാത്രം. മാലിന്യ കൂമ്പാരമായ ഇവിടെ  പുഴുത്തുനാറുകയാണ്. ഇത്തിരി ബ്ളീച്ചിങ് പൌഡര്‍ ഇടാനുള്ള നടപടികള്‍പോലും പഞ്ചായത്തോ ആരോഗ്യവകുപ്പോ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. മാത്രമല്ല ഇവിടത്തെ അറപ്പുളവാക്കുന്ന ഓടയില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ടു മാസങ്ങളായി ഇത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നു കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലുള്ള ഓടപോലും  മാലിന്യം നിറഞ്ഞ നിലയിലാണ്.  വിവിധ ജലാശയങ്ങളെ മലിനമാക്കുന്ന ഇത്തരം മാലിന്യകൂമ്പാരത്തെ കുറിച്ച് അടുത്തിടെ വാര്‍ത്തകളായെങ്കിലും കണ്ടഭാവമില്ല.

Saturday, June 23, 2012

ചെല്ലഞ്ചിപ്പാലം പണിക്ക് ആമയിഴയുന്ന വേഗം


പാലോട്: മൂന്നുഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം അന്‍പത്‌വര്‍ഷത്തെ കഠിനപരിശ്രമത്തിനൊടുവില്‍ പദ്ധതി പ്രഖ്യാപിച്ചു. നിര്‍മാണ ചെലവ് 11.5 കോടി. 2010 ജനവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ടു. 2012- ജനവരിയില്‍ പാലം തുറന്നുകൊടുക്കുമെന്ന് അന്ന് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ഉറപ്പും നല്‍കി. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് ചെല്ലഞ്ചിപ്പാലത്തിനായി ആകെ പണികഴിപ്പിച്ചത് വെള്ളത്തിനു മുകളില്‍ നാലടി പൊക്കത്തില്‍ കാണാവുന്ന രണ്ട് തൂണുകളും രണ്ട് കരയിലും പേരിനുമാത്രം നിര്‍മിച്ച രണ്ട് ബെയ്‌സ് ബീമുകളും മാത്രം.

കല്ലറ, പുല്ലമ്പാറ, നന്ദിയോട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ചെല്ലഞ്ചിപ്പാലം പണിയുന്നത്. സര്‍ക്കാറിനു കീഴില്‍വരുന്ന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. ഇവര്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഹോപ്പ്' എന്ന കമ്പനിക്ക് കരാര്‍ കൈമാറി. ഇങ്ങനെ സബ്ബ് ടെന്‍ഡര്‍ നല്‍കിയതാണ് പണി ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്നു പറയുന്നു.

നല്ലവേനല്‍ കാലത്ത് വാമനപുരം നദി വറ്റിക്കിടന്ന ആറ് മാസവും കാര്യമായ പണി ഒന്നും നടന്നില്ല. ഇടയ്ക്ക് മഴക്കാലം വന്നതോടെ രണ്ട് ബീമുകളുടെ പ്രാരംഭ പണിമാത്രം തുടങ്ങിവച്ചു. ഇങ്ങനെ പോവുകയാണെങ്കില്‍ പത്ത്‌വര്‍ഷം കൊണ്ടും പാലംപണി എങ്ങുമെത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

2012 ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ പാലത്തിലൂടെ കുട്ടികള്‍ക്ക് ചെല്ലഞ്ചി സര്‍ക്കാര്‍ സ്‌കൂളിലെത്താം എന്നാണ് അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. കടത്തുവള്ളങ്ങളെ ആശ്രയിച്ചാണ് കല്ലറ പഞ്ചായത്തില്‍ നിന്നുള്ള കുട്ടികള്‍ ആറ്റിനിക്കരെ എത്തി പള്ളിക്കൂടത്തില്‍ പോയിരുന്നത്. പാലം പണിക്കായി ആറിന്റെ ഗതി തിരിച്ചുവിട്ടതോടെ ഉണ്ടായിരുന്ന കടത്തും നിലച്ചു. ഈ അധ്യയന വര്‍ഷം ആറ്റിനക്കരെ നിന്നും ഒരു കുട്ടി പോലും ചെല്ലഞ്ചി സ്‌കൂളില്‍ പഠിക്കാന്‍ എത്തിയില്ല. സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

പാലത്തിനു വേണ്ടി മുറവിളി കൂട്ടിയിരുന്നവരെ ആരെയും ഇപ്പോള്‍ കാണാനേയില്ല. പണി ആമയിഴയുന്ന സ്ഥിതിയിലായിട്ടും പ്രാദേശിക ഭരണകൂടത്തിനും അനക്കമില്ല. പൊതുമരാമത്തധികൃതരും ഈ വഴിക്ക് വന്നിട്ട് നാളേറെയായെന്ന് ഗ്രാമവാസികള്‍ പറയുന്നു. കടത്ത് മുടങ്ങിയതോടെ നന്ദിയോട്, കല്ലറ പഞ്ചായത്തുകള്‍ തമ്മിലുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ കൈമാറ്റവും നിലച്ചു. ചെറിയ കാര്യങ്ങള്‍ക്കുപോലും അന്‍പതിലധികം കിലോമീറ്ററുകള്‍ താണ്ടി ബസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും പോകേണ്ട ഗതികേടിലാണ് ആറ്റിന്റെ ഇരുകരകളിലുമുള്ള നിരവധി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍.

ആലുംമൂട്- തോട്ടുപുറം- മണ്ണാര്‍കുന്ന് റോഡില്‍ വെള്ളക്കെട്ടും ചെളിക്കളവും

പാലോട്: പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക്‌യോജന പദ്ധതി പ്രകാരം പണിത ആലുംമൂട്- തോട്ടുംപുറം- മണ്ണാര്‍കുന്ന് റോഡ് വെള്ളക്കെട്ടും ചെളിക്കളവും കൊണ്ട് ദുരിതയാത്രയായി. ആലുംമൂടിനും- പൗവത്തൂരിനും ഇടയ്ക്കാണ് ഏറ്റവും അധികം വെള്ളക്കെട്ട്. റോഡ് തുടങ്ങുന്ന ആലുംമൂട്ടില്‍ തന്നെ വലിയ കുഴികള്‍ രൂപപ്പെട്ടുകഴിഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും ചിലര്‍ മാസങ്ങളായി മണ്ണ് കൊണ്ടിറക്കിയതോടെയാണ് വെള്ളം കെട്ടിനിന്ന് റോഡ് കുഴിഞ്ഞുതാഴ്ന്നത്.

പട്ടികജാതി കോളനിയായ ഒന്‍പതേക്കര്‍ കോളനിയിലേക്ക് പോകുന്നതിനുള്ള ഏകറോഡാണിത്. മാത്രമല്ല നന്ദിയോടുനിന്നും തൊളിക്കോട്, തുരുത്തി, ആലുങ്കുഴി, വെമ്പ്, താന്നിമൂട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പോകുന്നതിനും ഏറ്റവും എളുപ്പമാണ് പൗവത്തൂര്‍- മണ്ണാറംകുന്ന് റോഡ്. റോഡ് നിര്‍മാണ സമയത്ത് ഓടനിര്‍മാണം, പാര്‍ശ്വഭിത്തി കെട്ടല്‍ എന്നിവ നടത്താത്തതാണ് റോഡ് അകാലത്തില്‍ തകര്‍ന്നുപോകാന്‍ കാരണമെന്ന് പറയുന്നു. തോടിനോടുചേര്‍ന്നുള്ള ഭാഗങ്ങളില്‍ വശങ്ങളിലെ മണ്ണ് അടര്‍ന്നു വീണുപോയതും റോഡിന്റെ നാശത്തിനു കാരണമായി.

കുഞ്ഞ് ജിഷ്ണുവിന് വയറ്റിലെ മുഴ വളരുന്നു; ശസ്ത്രക്രിയയ്ക്ക് പണിമില്ലാതെ രക്ഷിതാക്കള്‍


പാലോട്: രണ്ട് വയസ്സുകാരനായ ജിഷ്ണുവിന്റെ വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പണം സ്വരൂപിക്കുകയാണ് ഇളവട്ടം പള്ളിത്തറ ഗ്രാമം. ജിഷ്ണു വളരുന്നതിനേക്കാള്‍ വേഗത്തിലാണ് വയറ്റിലെ മുഴ വളരുന്നത്. എസ്. എ. ടി. യിലെ ചികിത്സയിലാണ് ഇപ്പോള്‍ ജിഷ്ണു. ഓരോ ആഴ്ചയിലും മരുന്നുകള്‍ക്ക് മാത്രം 2500 രൂപവരെ ചെലവാകുന്നുണ്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍ രാജുവിന് ഇത്രയും പണം കണ്ടെത്താനും കുടുംബം പോറ്റാനുമാകുന്നില്ല.

രണ്ട് വട്ടം ശസ്ത്രക്രിയ തീരുമാനിച്ചിരുന്നെങ്കിലും പ്ലേറ്റ്‌ലറ്റുകളുടെ കുറവ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത മാസം രണ്ടാം വാരം വീണ്ടും ശസ്ത്രക്രിയ നടത്താം എന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ അതിനാവശ്യമായ പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ജിഷ്ണുവിന്റെ അച്ഛനമ്മമാരായ രാജുവും, ബിന്ദുവും. ഇതിനായി ഗ്രാമപ്പഞ്ചായത്ത് അംഗം കെ. സി. ബാബുവിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. സുമനസുകളുടെ സഹായങ്ങള്‍ ബിന്ദു, സി. എസ്. ഐ. പള്ളിത്തറ ജങ്ഷന്‍, ഇളവട്ടം പി. ഒ. എന്ന വിലാസത്തിലോ, നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന്റെ 9320 എന്ന അക്കൗണ്ട് നമ്പരിലോ എത്തിക്കാവുന്നതാണ്.

യൂത്ത് കോണ്‍ഗ്രസ് പഠനോപകരണ വിതരണം നടത്തി


നന്ദിയോട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. രാജ്കുമാറിന്റെ അധ്യക്ഷതയില്‍ ജവാഹര്‍ ബാലവേദിയുടെ ഉദ്ഘാടനം ജില്ലാ ചെയര്‍മാന്‍ വെള്ളൈക്കടവ് വേണുകുമാര്‍ നിര്‍വഹിച്ചു. കെപിസിസി അംഗം ബി.എല്‍. കൃഷ്ണപ്രസാദ്, ഡിസിസി അംഗങ്ങളായ പച്ചരവി, പി.എസ്. ബാജിലാല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍രാജന്‍, ആനന്ദ് കണ്ണശ, ബി. സുശീലന്‍, എന്‍. മോഹനന്‍, സന്തോഷ്, എസ്. സുജിത്, യു.വി. അഭിജിത് എന്നിവര്‍ പ്രസംഗിച്ചു.

നന്ദിയോട് ഹരിശ്രീ സ്കൂളില്‍ ബാലജനസഖ്യം യൂണിറ്റ് തുടങ്ങി


പാലോട്.നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളില്‍ ബാലജന സഖ്യം യൂണിറ്റ് തുടങ്ങി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ ദീപം തെളിച്ചു നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗ വാസനകള്‍ വളര്‍ത്തി കുട്ടികളെ  ഉത്തമ പൌരന്മാരാക്കി മാറ്റുന്ന ബാലജനസഖ്യത്തില്‍ അംഗമാകേണ്ടതു കുട്ടികളുടെ കടമയും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും ബാജിലാല്‍ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് എം. ജയകുമാറിന്റെ അധ്യക്ഷതയില്‍ ഹരിശീ സ്കൂള്‍ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. 

പിടിഎ വൈസ് പ്രസിഡന്റ് എന്‍. രാജീവ്, അംഗങ്ങളായ രാജന്‍ബാബു, തുളസീധരന്‍പിള്ള, യൂണിറ്റ് പ്രസിഡന്റ് നന്ദന, സെക്രട്ടറി സുവര്‍ണ, ശ്രീജിത് ശശി, ബാലജനസഖ്യം പാലോട് യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവ്, അധ്യാപകര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കു സഖ്യത്തിന്റെ സമ്മാനങ്ങളും വിതരണം ചെയ്തു. ഭാരവാഹികള്‍: എ.ആര്‍. നന്ദന(പ്രസി.), അബി(വൈ.പ്രസി), ആര്‍.എസ്. സുവര്‍ണ(സെക്ര.), അമല്‍( യൂണിയന്‍ പ്രതിനിധി), അശ്വതി(ബാലികാ വിഭാഗം കണ്‍വീനര്‍), ശ്യംശങ്കര്‍(കലാ വിഭാഗം കണ്‍വീനര്‍), നീരജ( സേവന വിഭാഗം ഓഫിസര്‍), വര്‍ഷ(ട്രഷ.)

Sunday, June 17, 2012

പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍ ഒന്നാം ക്ളാസില്‍ കുട്ടികള്‍ കുറഞ്ഞു




പാലോട്. വിദ്യാഭ്യാസ ഉപജില്ലയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  ഈ അധ്യയന വര്‍ഷം ഒന്നാം ക്ളാസ് നവാഗതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷം 1499 കുട്ടികള്‍ ഒന്നാം ക്ളാസില്‍ പ്രവേശിച്ചപ്പോള്‍ ഇത്തവണ അത് 1436 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 കുട്ടികളുടെ കുറവ്. ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളില്‍ 994 കുട്ടികളും, എയ്ഡഡ് മേഖലയില്‍ 416 കുട്ടികളും, അണ്‍ എയ്ഡഡ് മേഖലയില്‍ 26 കുട്ടികളും പ്രവേശനം നേടി.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ 999 പേരും, എയ്ഡഡ് മേഖലയില്‍ 463 പേരും, അണ്‍ എയ്ഡഡ് മേഖലയില്‍ 37 പേരും ഉണ്ടായിരുന്നു. 143 കുട്ടികള്‍ എത്തിയ വിതുര ഗവ. യുപിഎസ് ആണ് നവാഗതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 103പേര്‍ എത്തിയ പെരിങ്ങമ്മല ഗവ. യുപിഎസ് രണ്ടാം സ്ഥാനത്തുമാണ്. പൊന്‍മുടി, ബോണക്കാട് ഗവ. യുപിഎസുകളാണ് ഏറ്റവും പിന്നില്‍.

ഈ രണ്ടു സ്കൂളുകളിലും  രണ്ടു  കുട്ടികള്‍ വീതമാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത്. മേത്തൊട്ടി ട്രൈബല്‍ സ്കൂള്‍, തേമല എല്‍പിഎസ് എന്നിവിടങ്ങളില്‍  മൂന്നും, ചെട്ടിയാന്‍പാറ എല്‍പിഎസില്‍ അഞ്ചും, ആനാകുടി യുപിഎസില്‍ ആറും കുട്ടികളാണ് ഇത്തവണ ഒന്നാം ക്ളാസിലെത്തിയത്.


Thursday, June 14, 2012

ഗവ. മാവേലി മെഡിക്കല്‍ഷോപ്പ് അനുവദിക്കണം


പാലോട്: ഗവ. ആസ്​പത്രി കേന്ദ്രമായി ഗവ. മാവേലി മെഡിക്കല്‍സ്റ്റോര്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് കേരളകോണ്‍ഗ്രസ്-ജേക്കബ്ബ് സംസ്ഥാന കമ്മിറ്റി അംഗം പെരിങ്ങമ്മല ത്രിവിക്രമന്റെ നേതൃത്വത്തില്‍ വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിലാഷ് പനങ്ങോട്, ബിജു പാപ്പനംകോട്, എ.ആര്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

Wednesday, June 13, 2012

വിരുന്നുകാരായി മയിലുകളെത്തി

പാലോട്: തികച്ചും അപ്രതീക്ഷിതമായി രണ്ട് മയിലുകളെത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. പാലോട് ടൗണിനോട് ചേര്‍ന്ന് പാണ്ഡ്യന്‍പാറ റോഡിനരികത്താണ് മയിലുകള്‍ ഇണകളായി പറന്നിറങ്ങിയത്. ആദ്യം ഒന്നുരണ്ടു പേര്‍ വാഹനങ്ങളിലിരുന്നുകൊണ്ട് മയിലുകളെ കണ്ടു.

പിന്നാലെ ഫോണ്‍ കോളുകളുടെ ഒഴുക്ക് തുടങ്ങിയതോടെ മയിലുകളെ കാണാന്‍ നാട്ടുകാര്‍ ധാരാളമെത്തി. റോഡുവക്കില്‍ നിന്നും ആഹാരം കൊത്തിപ്പെറുക്കുന്ന മയിലുകള്‍ കുട്ടികള്‍ക്കും കൗതുകമായി. വി.ബി.ഐ ക്ക് സമീപം ധാരാളം അപൂര്‍വയിനം പക്ഷികള്‍ എത്താറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.

ബൈക്ക് യാത്രികരെ പോലീസ് മര്‍ദിച്ചതായി ആരോപണം


പാലോട്: പാലോട് കുറുന്താളി സ്വദേശികളായ സജിത്ത് (22), ശ്യാം (29) എന്നിവരെ അകാരണമായി പാലോട് എസ്. ഐ. ബൈജു മര്‍ദിച്ചുവെന്ന് ബി.ജെ.പി. വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

റോഡുവക്കില്‍ വാഹനം ഒതുക്കിയശേഷം കടയില്‍ സാധനം വാങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇവരുടെ ബൈക്കില്‍ മണല്‍ കടത്തുകാരുടെ വാഹനം ഇടിച്ചിരുന്നു. എന്നാല്‍ ഇടിച്ച വാഹനത്തിന് പകരം പോലീസ് സജിത്തിനേയും ശ്യാമിനേയും കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയായിരുന്നു.

പോലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് സജിത്ത് പാലോട് ഗവണ്‍മെന്റ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. വാമനപുരം കമ്മിറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

'മാതൃഭൂമി'-ഫാമിലി ഇന്‍ഷുറന്‍സ് തുക കൈമാറി

പാലോട്: പുഴയില്‍ വീണുമരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് 'മാതൃഭൂമി'യുടെ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള 1,02,000 രൂപ കൈമാറി. പാലോട് ചിപ്പന്‍ചിറ, ഈച്ചരന്‍കാലയില്‍ വീട്ടില്‍ മോഹനകുമാറിന്റെ ഭാര്യ പ്രേമലത പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. കഴിഞ്ഞ ഡിസംബറിലാണ് കുളിക്കാനിറങ്ങുന്നതിനിടെ പുഴയില്‍ കാല്‍വഴുതിവീണ് മോഹനകുമാര്‍ മരിച്ചത്.

മോഹനകുമാറിന്റെ വീട്ടില്‍ നടന്ന ചെക്ക് കൈമാറ്റ ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ജി. ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം സോഫീ തോമസ്, വാര്‍ഡംഗം ഗീതാപ്രിജി, മാതൃഭൂമി ഇക്ബാല്‍ കോളേജ് ഏജന്റ് ദിനേശ് എന്നിവര്‍ പങ്കെടുത്തു. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പിനിയുമായി സഹകരിച്ചാണ് വരിക്കാര്‍ക്കുള്ള ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.

Monday, June 11, 2012

സര്‍ക്കാര്‍ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശനിദശ മാറുന്നില്ല


പാലോട്. സര്‍ക്കാര്‍ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശനിദശ മാറുന്നില്ല. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ലാത്തതാണ് ഇവിടെ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട്. അഞ്ചു ഡോക്ടര്‍മാര്‍ ഉള്ളതില്‍ ഒരു ഡോക്ടര്‍ക്ക് 'ജോലി അവിടെയും കൂലി ഇവിടെയും എന്നതാണു സ്ഥിതി. ഒരു ലേഡി ഡോക്ടര്‍ വര്‍ക്ക് അറേജ്മെന്റില്‍ തൈക്കാട് ആശുപത്രിയിലാണു ജോലി നോക്കുന്നത്. എന്നാല്‍ ഡ്യൂട്ടി പാലോട് ആശുപത്രിയിലാണ്. ഇതുമൂലം ഇവിടെ പുതിയ നിയമനം നടത്താനും കഴിയുന്നില്ല.

ബാക്കി നാലു ഡോക്ടര്‍മാരുടെ ഡ്യൂട്ടി ഒരു മണിക്കു തീരും. പിന്നെയെത്തുന്ന രോഗികള്‍ക്ക് ഒന്നുകില്‍ താലൂക്ക് ആശുപത്രിയിലൊ ഡോക്ടര്‍മാരുടെ സ്വകാര്യ റൂമിലോ എത്തണം. നിത്യേന 500ലേറെ രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. കിടത്തി ചികില്‍സയില്‍ നൂറോളം രോഗികളുമുണ്ട്. ഇത്രയും രോഗികള്‍ ആശ്രയിക്കുന്ന മലയോര മേഖലയിലെ ആശുപത്രിയായിട്ടും വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അവഗണനയാണു ഫലം.

സിഎച്ച്സിയായി ഉയര്‍ത്തുമ്പോള്‍ ഒരു സിവില്‍ സര്‍ജന്‍ അടക്കം ഒന്‍പതു ഡോക്ടര്‍മാരും അതിനുവേണ്ട മറ്റ് ക്ളെറിക്കല്‍ സ്റ്റാഫുകളും വേണം മാത്രമല്ല മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ലിസ്റ്റില്‍ സിഎച്ച്സിയായി ഉയര്‍ത്തിയ ആശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇവിടെ ജനപ്രതിനിധികളും
ത്രിതല പഞ്ചായത്തുകളുമൊക്കെ ചേര്‍ന്ന് അശാസ്ത്രിയമായ കുറെ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെങ്കിലും നിലവില്‍ പുരുഷന്‍മാരുടെ വാര്‍ഡ് അപകട നിലയിലാണ്.

ആശുപത്രിയുടെ തുടക്കക്കാലത്തു നിര്‍മിച്ച കെട്ടിടം ചുവരുകള്‍ വിള്ളല്‍ വീണും ഓടുകള്‍ പൊട്ടി ചോര്‍ന്നും ബലക്ഷയത്തിലാണ്. പ്രസവ വാര്‍ഡിനായി നിര്‍മിച്ച കെട്ടിടം വെറുതെ കിടക്കുന്നു. ആശുപത്രിയുടെ ചുമതലയുള്ള  ബ്ളോക്ക് പഞ്ചായത്തും എച്ച്എംസി കമ്മിറ്റിയും അടിയന്തരമായി ഇടപ്പെട്ട് സിഎച്ച്സിയുടെ സൌകര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Saturday, June 9, 2012

പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം പെരുകുന്നു


പാലോട്. തെരുവുനായ്ക്കള്‍ ക്രമാതീതമായി പെരുകുകയും അവയെ നിയന്ത്രിക്കാനുള്ള നടപടികളില്ലാത്തതുംമൂലം ഗ്രാമങ്ങളില്‍ പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം പെരുകുന്നു. കുട്ടികളടക്കം ഇന്ന് അനവധി പേര്‍ ചികില്‍സയിലാണ്. പാലോട് സര്‍ക്കാര്‍ സിഎച്ച്സിയില്‍ 80 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. പലപ്പോഴും കുത്തിവയ്പിനുള്ള മരുന്ന് തികയാത്ത അവസ്ഥയാണ്.  മാത്രമല്ല പാലോട് ആശുപത്രിയും പരിസരവും നായ്ക്കളുടെ പിടിയിലുമാണ്.

ഇവിടെയെത്തുന്ന രോഗികള്‍ക്കിടയിലൂടെ നായ്ക്കള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതു ബദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാല്‍ പിന്നെ നായ്ക്കളുടെ വിശ്രമകേന്ദ്രമാകുകയാണ് ആശുപത്രി.  വാര്‍ഡുകളില്‍ വരെ കടന്നുചെല്ലുന്ന നായ്ക്കള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.  നന്ദിയോട്, പെരിങ്ങമ്മല മാര്‍ക്കറ്റുകളും നായ്ക്കളെക്കൊണ്ടു നിറഞ്ഞതായി പരാതിയുണ്ട്. മറ്റു പൊതു സ്ഥലങ്ങളിലും നായ്ക്കള്‍ ജനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് ഇവയെ കൊല്ലാനോ പിടിക്കാനോ നിയമമില്ലത്രെ.

എന്നാല്‍ വന്ധ്യംകരണം നടത്താം.  അതു മൃഗാശുപത്രി മുഖേനയാണു നടത്തേണ്ടത്. അതു പോലും ഇപ്പോള്‍ നടക്കുന്നില്ലെന്നു പരാതിയുണ്ട്. നന്ദിയോട് സ്കൂളില്‍ കയറി കുട്ടികളെ കടിച്ച സംഭവംവരെ അടുത്തകാലത്ത് ഉണ്ടായിട്ടും അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമായില്ല. ജനത്തിനു ഭീഷണി ഉയര്‍ത്തുന്ന നായ്ക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.