WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label സര്‍ക്കാര്‍. Show all posts
Showing posts with label സര്‍ക്കാര്‍. Show all posts

Friday, June 15, 2012

പേര് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍; പക്ഷേ ചികിത്സ ഉച്ചവരെ മാത്രം



പാലോട്: പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിട്ടും പാലോട് ആസ്​പത്രിയുടെ ദുരിതകാലം കഴിയുന്നില്ല. ആസ്​പത്രിയില്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ ഉള്ളത് ഉച്ചവരെ മാത്രം. നിലവാരം ഉയര്‍ത്തിയിട്ടും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആസ്​പത്രി ജീവനക്കാര്‍ പറയുന്നു. രണ്ട് മണി കഴിഞ്ഞ് എന്തെങ്കിലും ചികിത്സ വേണ്ടവര്‍ 20. കി.മീ. അകലെ നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

സി.എച്ച്.സിയില്‍ ഏഴ് ഡോക്ടര്‍മാരും ഒരു സിവില്‍ സര്‍ജനുമാണ് വേണ്ടത്. എന്നാല്‍ ഇവിടെ നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഇക്കാരണത്താല്‍ ഒരു മണിയോടെ ആസ്​പത്രിയുടെ പ്രവര്‍ത്തനം അവസാനിക്കും. ഡോക്ടര്‍മാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇല്ലാത്തതിനാലാണ് പ്രശ്‌നം ഗുരുതരമായി തുടരുന്നത്. ജനപ്രതിനിധികള്‍ രണ്ടുവട്ടം ആരോഗ്യവകുപ്പ് മന്ത്രിയെ സമീപിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല.

പെരിങ്ങമ്മല, നന്ദിയോട്, പറണ്ടോട്, വിതുര ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പതിനായിരത്തിലധികം കുടുംബങ്ങളാണ് ഈ ആസ്​പത്രിയെ ആശ്രയിക്കുന്നത്. പനി ബാധിതരുടെ എണ്ണവും ക്രമാതീതമായി കൂടിയതോടെ പ്രതിദിനം 600 വരെ രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. പുതുതായി കുറെ കെട്ടിടങ്ങള്‍ കെട്ടിയിട്ടതൊഴിച്ചാല്‍ ആസ്​പത്രിയില്‍ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ പുരുഷന്മാരുടെ വാര്‍ഡ് ആയി ഉപയോഗിക്കുന്ന കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലായി. ആസ്​പത്രി പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് നിര്‍മിച്ച കെട്ടിടമാണിത്. 70 വര്‍ഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ചുവരുകള്‍ വിണ്ടുകീറി. എന്നിട്ടും 40-ലധികം രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കുന്നുണ്ട്.

ഗൈനക്കോളജി വിഭാഗത്തിനായി കെട്ടിയിട്ട കെട്ടിടം വര്‍ഷങ്ങളായി അടഞ്ഞുതന്നെ കിടക്കുന്നു. ആഴ്ചയിലൊരിക്കല്‍ ഗൈനക്കോളജി ഡോക്ടര്‍ വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഈ ഡോക്ടര്‍ മറ്റൊരാസ്​പത്രിയില്‍ പണിയെടുക്കുന്നു. ശമ്പളം വാങ്ങാന്‍വേണ്ടി മാത്രമാണ് പാലോട് ആസ്​പത്രിയിലെത്തുന്നത്. അഞ്ച് ഡോക്ടര്‍മാരേയും മൂന്ന് ക്ലറിക്കല്‍ സ്റ്റാഫുകളെയും ഹൗസ്‌സര്‍ജന്‍സി ചെയ്യുന്ന ഏതാനും പേരെയും പാലോട് ആസ്​പത്രിയില്‍ നിയമിച്ചാല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന ആശയം യാഥാര്‍ഥ്യമാകും. പക്ഷേ ആരോഗ്യവകുപ്പ് കനിയാതെ ഇതൊന്നും യാഥാര്‍ഥ്യമാകില്ലെന്ന് രോഗികളും ഇവിടത്തെ ജീവനക്കാരും പറയുന്നു.

Thursday, June 14, 2012

ഗവ. മാവേലി മെഡിക്കല്‍ഷോപ്പ് അനുവദിക്കണം


പാലോട്: ഗവ. ആസ്​പത്രി കേന്ദ്രമായി ഗവ. മാവേലി മെഡിക്കല്‍സ്റ്റോര്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് കേരളകോണ്‍ഗ്രസ്-ജേക്കബ്ബ് സംസ്ഥാന കമ്മിറ്റി അംഗം പെരിങ്ങമ്മല ത്രിവിക്രമന്റെ നേതൃത്വത്തില്‍ വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിലാഷ് പനങ്ങോട്, ബിജു പാപ്പനംകോട്, എ.ആര്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

ജീപ്പ് സര്‍വീസ് തുടങ്ങി


വിതുര: പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ കുട്ടികള്‍ക്കായി പട്ടികവര്‍ഗ വകുപ്പിന്റെ ജീപ്പ് സര്‍വീസ് തുടങ്ങി. മീനാങ്കല്‍ ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലേക്ക് രണ്ട് ജീപ്പുകളാണ് സര്‍വീസ് നടത്തുക. കാട്ടാനകളില്‍നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ കഴിഞ്ഞ അധ്യയനവര്‍ഷമാണ് ആദ്യമായി ജീപ്പ് സര്‍വീസ് തുടങ്ങിയത്. മധ്യവേനലവധിക്ക് നിര്‍ത്തിയ സര്‍വീസ് സ്‌കൂള്‍ തുറന്നിട്ടും തുടങ്ങാത്തതിനെപ്പറ്റി 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജീപ്പ് സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫീസില്‍ ധര്‍ണ നടത്തുകയുംചെയ്തു.

Monday, June 11, 2012

സര്‍ക്കാര്‍ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശനിദശ മാറുന്നില്ല


പാലോട്. സര്‍ക്കാര്‍ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശനിദശ മാറുന്നില്ല. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ലാത്തതാണ് ഇവിടെ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട്. അഞ്ചു ഡോക്ടര്‍മാര്‍ ഉള്ളതില്‍ ഒരു ഡോക്ടര്‍ക്ക് 'ജോലി അവിടെയും കൂലി ഇവിടെയും എന്നതാണു സ്ഥിതി. ഒരു ലേഡി ഡോക്ടര്‍ വര്‍ക്ക് അറേജ്മെന്റില്‍ തൈക്കാട് ആശുപത്രിയിലാണു ജോലി നോക്കുന്നത്. എന്നാല്‍ ഡ്യൂട്ടി പാലോട് ആശുപത്രിയിലാണ്. ഇതുമൂലം ഇവിടെ പുതിയ നിയമനം നടത്താനും കഴിയുന്നില്ല.

ബാക്കി നാലു ഡോക്ടര്‍മാരുടെ ഡ്യൂട്ടി ഒരു മണിക്കു തീരും. പിന്നെയെത്തുന്ന രോഗികള്‍ക്ക് ഒന്നുകില്‍ താലൂക്ക് ആശുപത്രിയിലൊ ഡോക്ടര്‍മാരുടെ സ്വകാര്യ റൂമിലോ എത്തണം. നിത്യേന 500ലേറെ രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. കിടത്തി ചികില്‍സയില്‍ നൂറോളം രോഗികളുമുണ്ട്. ഇത്രയും രോഗികള്‍ ആശ്രയിക്കുന്ന മലയോര മേഖലയിലെ ആശുപത്രിയായിട്ടും വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അവഗണനയാണു ഫലം.

സിഎച്ച്സിയായി ഉയര്‍ത്തുമ്പോള്‍ ഒരു സിവില്‍ സര്‍ജന്‍ അടക്കം ഒന്‍പതു ഡോക്ടര്‍മാരും അതിനുവേണ്ട മറ്റ് ക്ളെറിക്കല്‍ സ്റ്റാഫുകളും വേണം മാത്രമല്ല മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ലിസ്റ്റില്‍ സിഎച്ച്സിയായി ഉയര്‍ത്തിയ ആശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇവിടെ ജനപ്രതിനിധികളും
ത്രിതല പഞ്ചായത്തുകളുമൊക്കെ ചേര്‍ന്ന് അശാസ്ത്രിയമായ കുറെ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെങ്കിലും നിലവില്‍ പുരുഷന്‍മാരുടെ വാര്‍ഡ് അപകട നിലയിലാണ്.

ആശുപത്രിയുടെ തുടക്കക്കാലത്തു നിര്‍മിച്ച കെട്ടിടം ചുവരുകള്‍ വിള്ളല്‍ വീണും ഓടുകള്‍ പൊട്ടി ചോര്‍ന്നും ബലക്ഷയത്തിലാണ്. പ്രസവ വാര്‍ഡിനായി നിര്‍മിച്ച കെട്ടിടം വെറുതെ കിടക്കുന്നു. ആശുപത്രിയുടെ ചുമതലയുള്ള  ബ്ളോക്ക് പഞ്ചായത്തും എച്ച്എംസി കമ്മിറ്റിയും അടിയന്തരമായി ഇടപ്പെട്ട് സിഎച്ച്സിയുടെ സൌകര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Wednesday, May 23, 2012

പറങ്കിമാംവിള വിജ്ഞാന്‍വാടി തുറന്നു

പാലോട്. വിവാദങ്ങള്‍ക്കു വിരാമമിട്ടു  പറങ്കിമാംവിള വിജ്ഞാന്‍വാടി തുറന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി പെരിങ്ങമ്മല പഞ്ചായത്തിലെ പറങ്കിമാംവിളയില്‍ അനുവദിച്ച  വാമനപുരം നിയോജകമണ്ഡലത്തിലെ വിജ്ഞാന്‍വാടി ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും തുറക്കാത്തതു സംബന്ധിച്ച് ഏറെ വിവാദവും അടുത്തിടെ സംഘര്‍ഷത്തിലേക്കും കലാശിച്ചിച്ചിരുന്നു. തുടര്‍ന്നാണു ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍  ഇടപെട്ടു തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ളോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍, അംഗം ജുമൈലാ സത്താര്‍, പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ജോസഫ്, ഷാഹിതാ ബീഗം, ബ്ളോക്ക് പട്ടികജാതി വികസന ഓഫിസര്‍ സുരേന്ദ്രന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു. വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനത്തിനു 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ശാന്ത (ചെയര്‍.), വിനോദ്( കണ്‍.)

Thursday, May 17, 2012

സ്‌പീക്കറുടെ സമ്മാനമായി ബസ് സര്‍വീസ്


വിതുര: അരുവിക്കര നിയോജകമണ്ഡലത്തിന് നിയമസഭാസ്​പീക്കര്‍ ജി. കാര്‍ത്തികേയന്റെ സമ്മാനമായി രണ്ട് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍. സ്ഥലം എം.എല്‍.എ കൂടിയായ അദ്ദേഹം ഗതാഗതവകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് അനുവദിച്ചതെന്ന് സ്​പീക്കുടെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. വിതുര ഡിപ്പോയില്‍ നിന്ന് തുടങ്ങിയ പത്തനംതിട്ട സര്‍വീസ് ബുധനാഴ്ച ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. 

ആര്യനാട് ഡിപ്പോയില്‍ നിന്നുള്ള ഗുരുവായൂര്‍ സര്‍വീസിന്റെ ഉദ്ഘാടനം 28ന് നടക്കും. എം.എല്‍.എ ഫണ്ടുപയോഗിച്ച് ഡിപ്പോയില്‍ പണിത മന്ദിരത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 

Thursday, May 3, 2012

അനുശോചിച്ചു


വിതുര: കുളത്തൂപ്പുഴ വനം റേഞ്ചിലെതാത്കാലിക ജീവനക്കാരന്‍ അഷ്‌റഫ് ഡ്യൂട്ടിക്കിടെ മിന്നലേറ്റ് മരിച്ച സംഭവത്തില്‍ കേരളാ ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി.) ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. നഷ്ടപരിഹാരത്തിന് പുറമേ അഷ്‌റഫിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് വനംവകുപ്പില്‍ നിയമനം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കള്ളിക്കാട് ചന്ദ്രന്‍, സെക്രട്ടറി പാലോട് എ. രാജന്‍, സംസ്ഥാന ട്രഷറര്‍ മീനാങ്കല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, April 10, 2012

സ്ഥലപരിമിതി; തെന്നൂര് വില്ലേജ് ഓഫിസിന്റെ പ്രവര്ത്തനം അവതാളത്തിലവുന്നു....


തെന്നൂര്: സ്ഥലപരിമിതിമൂലം തെന്നൂര് വില്ലേജ് ഓഫിസിന്റെ പ്രവര്ത്തങ്ങള്‍ അവതാളത്തില്‍.
400 ചതുരശ്ര അടി മാത്രം വിസ്തീര്ണമുള്ള കെട്ടിടം വില്ലേജ് ഓഫിസിനായി ൨൦ വര്ഷം മുബ് നിര്മിതി കേന്ദ്രമാണ് നിര്മിച്ചു നല്കിയത്. ഇതുവരെയും കറണ്ട് പോലും ലഫിച്ചിട്ടില്ല ഓഫിസിനു അനുവദിച്ച കംബ്യുട്ടര് ഓഫിസിന്റെ ഒഴിഞ്ഞമൂലയില് ഉപേക്ഷിച്ചിരിക്കുകയാണ്. വേനല്ക്കാലത്ത് ഇടുങ്ങിയ മുറിക്കുള്ളില് ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്ക്കെത്തുന്നവരും ചൂട് സഹിക്കാനാവാതെ വീര്പ്പുമുട്ടുകയാണ്.
ഒരാള് നിവര്ന്നു നിന്നാല് തൊടാവുന്ന ഉയരം മാത്രമാണ് ഓഫിസിന്റെ സീലിങ്ങിനുള്ളത്. കോണ്ക്രിറ്റിനൊപ്പം ഓട് പാകിയിരിക്കുന്നതിനാല് മഴക്കാലത്ത് ഓഫിസ് ചോര്ന്നോലിക്കും. ഇതുമൂലം വര്ഷങ്ങള് സൂക്ഷിക്കേണ്ട ഭൂമി സംബന്ധിച്ച ഫയലുകള് പലതും നനവുപറ്റി ചിതല് കയറി നശിച്ചു.പെരിങ്ങമ്മല,നന്ദിയോട്,വിതുര പഞ്ചായത്തുകളിലായി വനം റവന്യു ഭൂമിയുള്പ്പടെ
മുപ്പതിനായിരത്തോളം ഏക്കാര് പ്രദേശമാണ് തെന്നൂര് വില്ലേജിലുള്ളത്...

ജി. കാര്‍ത്തികേയന് അഭിനന്ദനം


വിതുര. വാമനപുരം നദിയില്‍ പൊന്നാംചുണ്ടില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി പത്തു കോടി രൂപയും, പട്ടംകുളിച്ചപാറയില്‍ പാലത്തിനായി അഞ്ചു കോടി അഞ്ചുലക്ഷവും അനുവദിച്ച സ്ഥലം എംഎല്‍എയും സ്പീക്കറുമായ ജി. കാര്‍ത്തികേയനു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം അഭിനന്ദനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പള്ളിവിളസലീം, ജനറല്‍സെക്രട്ടറിമാരായ ഇ.എം.നസീര്‍,എസ്.ജയേന്ദ്രകുമാര്‍,ആനപ്പാററഷീദ് എന്നിവര്‍ പ്രസംഗിച്ചു.

പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അഞ്ച് മണികഴിഞ്ഞാല്‍ ഡോക്ടറില്ല


പാലോട്: പാലോട് ഗവ. ആസ്​പത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത് 2009 ഡിസംബറില്‍. അതിനുമുമ്പ് പി.എച്ച്.സി. ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നത് രണ്ട് ഡോക്ടര്‍മാര്‍. ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവിട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കിയപ്പോള്‍ അഞ്ച് മണികഴിഞ്ഞാല്‍ ഇവിടെയുള്ള രോഗികള്‍ അനാഥര്‍. അത്യാഹിതങ്ങള്‍ സംഭവിച്ച് ഇവിടെ എത്തുന്നവര്‍ക്ക് സ്വകാര്യ ആസ്​പത്രികളോ 18 കി.മീ. അകലെയുള്ള നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയോ ശരണം.

കഴിഞ്ഞ മുപ്പത് വര്‍ഷമായി പാലോട്ടുകാര്‍ ഈ ദുരിതം അനുവഭിച്ചുതുടങ്ങിയിട്ട്. ഏഴ് ഡോക്ടര്‍മാര്‍വേണ്ട സ്ഥലത്തുള്ളത് ആകെ നാലുപേര്‍. ഇവര്‍ നാലുപേരും രാവിലെ 8ന് എത്തി 2ന് മടങ്ങും. ഒ.പി.യില്‍ വരുന്നത് 700 മുതല്‍ 900 വരെ രോഗികള്‍. കിടത്തിചികിത്സിക്കുന്നത് 70 മുതല്‍ 100 വരെ രോഗികളെ. ഗര്‍ഭിണികളെയും കുട്ടികളെയും പ്രത്യേക പരിചരണയ്ക്ക് സംവിധാനങ്ങളില്ല. പ്രതിരോധ കുത്തിവെയ്പുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളും പരിമിതം.

മരുന്നുകള്‍ സൂക്ഷിക്കുന്ന ഫാര്‍മസിയാകട്ടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്തത്. കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചാലോ, ആര്‍ക്കെങ്കിലും അപകടം പിണഞ്ഞാലോ സ്ഥിതി ദയനീയമാണ്. ഇവരെ അടിയന്തരമായി മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസും ഇവിടെയില്ല.

ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത്, നന്ദിയോട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെല്ലാമുള്ള രോഗികള്‍ ഈ ആതുരാലയത്തിലാണ് ചികിത്സതേടി എത്തുന്നത്.

എന്‍.ആര്‍.എച്ച്.എം. വഴി കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ എത്തിക്കാം എന്ന അധികൃതരുടെ വാഗ്ദാനം മൂന്ന് വര്‍ഷമായി പ്രാവര്‍ത്തികമാകാതെ കിടക്കുന്നു. വര്‍ധിച്ചുവരുന്ന അപകടമരണങ്ങള്‍ക്ക് ഒരു കാരണം രാത്രികാലങ്ങളില്‍ സംഭവിക്കുന്ന ഇവിടുത്തെ ചികിത്സാ പിഴവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Thursday, April 5, 2012

വികസനസ്വപ്നവുമായി കിഴക്കന്‍ മലയോര മേഖല


പാലോട്. അവഗണനയുടെ കയത്തിലാണ്ട കിഴക്കന്‍ മലയോര മേഖലയുടെ വികസനസ്വപ്നങ്ങള്‍ പൂവണിയുന്നതുകാത്ത്  പ്രതീക്ഷയുടെ ലോകത്തു ജനം കഴിയാന്‍തുടങ്ങിയിട്ടു നാളേറെയായി. ഇതുവഴിയുള്ള റയില്‍വേയും അതിവേഗ റോഡ്വേയും യാഥാര്‍ഥ്യമാകാത്തതുമൂലം ഇന്നും അവികസിതമായി കഴിയുകയാണു കിഴക്കന്‍ മേഖല. റയില്‍പ്പാത വരുമെന്ന പ്രതീക്ഷയുടെ ലോകത്തു കഴിയാന്‍തുടങ്ങിയിട്ടു  വര്‍ഷങ്ങളായി. ഇതിനകം തന്നെ റയില്‍വേയുടെ ആവശ്യകത ചൂണ്ടിക്കാട്ടി വാര്‍ത്തകളും ചര്‍ച്ചകളും അനവധി ഉയര്‍ന്നെങ്കിലും അതിനായുള്ള ശ്രമത്തിന് ആക്കം കൂടുന്നില്ല എന്നതാണു യാഥാര്‍ഥ്യം.

വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ റയില്‍വേ മന്ത്രാലയം മലയോര റയില്‍വേ എന്ന പദ്ധതിക്കു രൂപം നല്‍കി നടത്തിയ പഠനത്തില്‍ തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചെങ്കോട്ട- തിരുവനന്തപുരം, ചെങ്കോട്ട- നാഗര്‍കോവില്‍ എന്നീ പാതകള്‍ സാധ്യതാ ലിസ്റ്റില്‍ ഇടംനേടിയെങ്കിലും അതിനെ പ്രായോഗികതലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണു നടക്കാതെപോകുന്നത്.

സാധ്യതാ ലിസ്റ്റില്‍ ഒന്ന്, ചെങ്കോട്ട- തെന്മല-കുളത്തൂപ്പുഴ, മടത്തറ, പാലോട്- ചുള്ളിമാനൂര്‍-നെടുമങ്ങാട് വഴി തിരുവനന്തപുരവും മറ്റൊന്നു പാലോട് നിന്നു പെരിങ്ങമ്മല - വിതുര- പനയ്ക്കോട്- ആര്യനാട്-പൂവച്ചല്‍- കാട്ടാക്കട-നെയ്യാറ്റിന്‍കര വഴി നാഗര്‍കോവില്‍ എന്നിവയുമാണു പഠനത്തില്‍ സാധ്യത നേടിയത്. ഇതില്‍ ഏതു പാത യാഥാര്‍ഥ്യമായാലും കിഴക്കന്‍ മലയോര മേഖലയെ സംബന്ധിച്ചു മുതല്‍ക്കൂട്ടാവും.
കൃഷി മേഖലയുടെ ഉണര്‍വിനും ചരക്കു നീക്കത്തിനു വേഗം കൂട്ടാനും ഒപ്പം തെങ്കാശി, നാഗര്‍കോവില്‍, തിരുവനന്തപുരം യാത്രയ്ക്ക് അനായാസം കൈവരാനും സാധിക്കും.

അതു പോലെ തന്നെ വികസനത്തിന്റെ ഗതി മാറ്റാന്‍ പര്യാപ്തമായ കല്ലാര്‍ - അംബാസമുദ്രം അതിവേഗ റോഡും അവഗണനയുടെ കയത്തില്‍ തന്നെ.  ഈ റോഡ് ഗതാഗതയോഗ്യമാക്കുന്നതിലൂടെ തിരുവനന്തപുരം - തിരുനെല്‍വേലി യാത്രയില്‍ നിലവിലെ ദൂരത്തില്‍ 35 കി.മീ കുറയും. 1863ലെ റീസര്‍വേയില്‍ പ്രസ്തുത റോഡിനെ കുറിച്ചു പറയുന്നുണ്ട്. 'ട്രാവന്‍കൂര്‍ പാസ്വേ എന്നാണു റോഡ് അറിയപ്പെടുന്നത്. കേരളം ഇന്ന് ഈ പാത ശ്രദ്ധിക്കുന്നില്ലെങ്കിലും തമിഴ്നാടിന്റെ അതിര്‍ത്തിയിലുള്ള അംബാസമുദ്രം - പാണ്ടിപത്ത് വരെയുള്ള ഭാഗം  ഇന്നും ഗതാഗതയോഗ്യമാണ്.

പ്രസ്തുത റോഡ് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്. റയില്‍വേയും അതിവേഗ പാതയും യാഥാര്‍ഥ്യമായാല്‍ കിഴക്കന്‍ മലയോര മേഖലയിലെഇന്നത്തെ  വികസന പിന്നാക്കവസ്ഥയ്ക്കു  പരിഹാരമാകും. ലോകത്തു തന്നെ ശ്രദ്ധേയമായ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും അടക്കമുള്ള കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തിനു കൂട്ടായ്മയിലൂടെയുള്ള അതിവേഗ തീരുമാനമാണു വേണ്ടതെന്നാണു പൊതുജനാഭിപ്രായം.

പൊന്‍മുടിയുടെ ശനിദശ മാറുന്നു


വിതുര. അവഗണനയും അശ്രദ്ധയുംമൂലം നാശത്തിലേക്കു കൂപ്പുകുത്തിയിരുന്ന ലോകപ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടിയുടെ ശനിദശ മാറുന്നു. പൊന്‍മുടിയുടെ ദുരവസ്ഥയെക്കുറിച്ച് അഞ്ചു മാസംമുന്‍പ് മലയാളമനോരമ ദിനപത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും, വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും പൊന്‍മുടി സന്ദര്‍ശിക്കുകയും പേരായ്മകള്‍ ബോധ്യപ്പെടുകയും ചെയ്തിരുന്നു.

പൊന്‍മുടിയില്‍ വന്‍ ടൂറിസം വികസനപദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപനം നടത്തിയശേഷമാണ് ഇരുവരും പൊന്‍മുടി മലയിറങ്ങിയത്. അപ്പര്‍സാനറ്റോറിയത്തില്‍ അമിനിറ്റിസെന്റര്‍ നിര്‍മാണം, ചോര്‍ന്നൊലിക്കുന്ന ഗസ്റ്റ്ഹൌസ് നവീകരണം തുടങ്ങിയ അനവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തിലുണ്ടായിരുന്നു. ടൂറിസംമന്ത്രിയും, വനംമന്ത്രിയും കൈകോര്‍ത്തപ്പോള്‍ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായിത്തുടങ്ങി.

പൊന്‍മുടിയുടെ മുഖഛായമാറ്റി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി നാലു കോടി രൂപയുടെ പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. 100 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം വികസനത്തിനു സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. വനംവകുപ്പിന്റെ സഹകരണത്തോടെ മറ്റു പല പദ്ധതികളും പൊന്‍മുടിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.

പൊന്‍മുടിയില്‍ അതിവേഗം വികസനപ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍ യത്നിച്ച എ.പി. അനില്‍കുമാറിനെയും, കെ.ബി. ഗണേഷ്കുമാറിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഹെലിപ്പാഡ് കൂടി യാഥാര്‍ഥ്യമാകുന്നതോടെ പൊന്‍മുടിയില്‍ ടൂറിസ്റ്റുകളുടെ തിരക്കേറും. അതേസമയം, കെടിഡിസി കോട്ടേജുകള്‍ക്ക് ഇൌടാക്കുന്ന അമിതവാടകം ടൂറിസ്റ്റുകള്‍ക്കു പ്രശ്നമായിട്ടുണ്ട്. കന്റീനിലെ ചാര്‍ജും വളരെ കൂടുതലാണ്. പൊന്‍മുടി കെടിഡിസി കന്റീനില്‍ നിന്ന് ഒരുചായ കുടിച്ചാല്‍ വാറ്റ്ചാര്‍ജ് ഉള്‍പ്പെടെ ഇരുപതു രൂപ നല്‍കണം.

ഉൌണിന്റെയും, ബിരിയാണിയുടെയും വിലകോട്ടാല്‍ സഞ്ചാരികളുടെ തലകറങ്ങും. അമിതവിലമൂലം സഞ്ചാരികള്‍ കെടിഡിസിയെ തഴയുകയാണ്. റൂമുകളുടെ വാടകയും ഭക്ഷണപദാര്‍ഥങ്ങളുടെ വിലയും കുറച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കെടിഡിസി അധികൃതര്‍ സത്വരനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

സംസ്ഥാനവ്യാപകമായി നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും


വിതുര. സംസ്ഥാനവ്യാപകമായി നീതിമെഡിക്കല്‍സ്റ്റോറുകള്‍ ആരംഭിച്ചു കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളും മറ്റും വില കുറച്ചു നല്‍കുമെന്നും വിലക്കയറ്റം തടയാന്‍ എല്ലാ നിയോജകമണ്ഡലത്തിലും സഞ്ചരിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അറിയിച്ചു. ചായം സഹകരണബാങ്കിന്റെ സ്ട്രോങ്റൂം ഉദ്ഘാടനം ചെയ്ത് അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ബാങ്കിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു.

മുന്‍ പ്രസിഡന്റുമാരായ മണ്ണറ ബി.കെ.സോമശേഖരന്‍നായര്‍,കെ.കൃഷ്ണന്‍നായര്‍,എം.സെയ്ദ്മുഹമ്മദ്പിള്ള എന്നിവരെ ജോയിന്റ് റജിസ്ട്രാര്‍ വി.രാജേന്ദ്രന്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍,സെക്രട്ടറി ജി.കെ.ശൈലകുമാരി,സംസ്ഥാനയുവജനക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്,വിതുരശശി,ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,വെള്ളനാട്ബ്ളോക്ക് പ്രസിഡന്റ് ശോഭനാജോര്‍ജ്,

വിതുരപഞ്ചായത്ത്പ്രസിഡന്റ് എല്‍.വി.വിപിന്‍,എന്‍.സുദര്‍ശനന്‍,ഇന്ദുലേഖാദേവി,ശ്രീകുമാരി,മലയടിപുഷ്പാംഗദന്‍,കെ.കൃഷ്ണന്‍നായര്‍,എന്‍.ജയമോഹന്‍,തോട്ടുമുക്ക്അന്‍സര്‍,എസ്.എസ്.ഗീതാകുമാരി,വി.അനിരുദ്ധന്‍നായര്‍,എസ്.സഞ്ജയന്‍,എന്‍.ഗോപാലകൃഷ്ണന്‍,എ.എം.കാസിം,ഉവൈസ്ഖാന്‍,ഇ.എം.നസീര്‍,പി.ഗോപകുമാര്‍,ഭുവനേന്ദ്രന്‍നായര്‍,എ.രാജന്‍,എ.ഷിഹാബ്ദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉദ്യോഗസ്ഥരുടെ പേര് മലയാളത്തിലാകും; കാടിനുള്ളില്‍ പഞ്ചിങ് യന്ത്രവും-മന്ത്രി

പാലോട്: കാടിനുള്ളില്‍ കയറാത്ത റെയ്ഞ്ച് ഓഫീസര്‍മാരെ കുടുക്കാന്‍ ഉള്‍ക്കാടുകളില്‍ പഞ്ചിങ്‌മെഷീന്‍. ഫോറസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റര്‍, റെയ്ഞ്ച് ഓഫീസര്‍ എന്നീ തസ്തികകളുടെ പേര് മലയാളത്തിലേക്ക് മാറ്റും. വനത്തിനുള്ളില്‍ പോകുന്ന വനപാലകര്‍ക്ക് ആധുനിക ഉപകരണങ്ങളും ആയുധങ്ങളും ഘടിപ്പിക്കുന്ന ബല്‍റ്റ്, അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ സ്​പീഡ്‌ബോട്ടുകള്‍, ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍. വനംവകുപ്പില്‍ നിരവധി മാറ്റങ്ങളുടെ നിരയുമായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ രംഗത്ത്. അരിപ്പ വനപാലക പരിശീലനകേന്ദ്രത്തില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപന പ്രസംഗത്തിലാണ് മന്ത്രി മാറ്റങ്ങളുടെ പട്ടിക നിരത്തിയത്.

വനപാലകരുടെ ഡ്യൂട്ടി യൂണിഫോം പാടെ പരിഷ്‌കരിക്കും. വനസംരക്ഷണസമിതികളുടെ നിയന്ത്രണത്തിലുള്ള ടൂറിസം സെന്ററുകളില്‍ കമ്പ്യൂട്ടര്‍വല്‍കൃത പാസുകള്‍ നല്‍കും. 'കലവറ മണല്‍' വിതരണത്തിന് ഇടനിലക്കാരെ പാടെ ഒഴിവാക്കും. കുറുവാദ്വീപിന്റെ നിയന്ത്രണം വി.എസ്.എസിനെ ഏല്പിക്കും. ഇവിടെനിന്നുള്ള വരുമാനം ഒന്നരക്കോടിയായി ഉയര്‍ത്തും. വരവുചെലവുകള്‍ സമര്‍പ്പിക്കാത്ത വി.എസ്.എസുകളെ പിരിച്ചുവിട്ട് പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

വാളയാറിലെയും അരിപ്പയിലെയും പരിശീലന കേന്ദ്രങ്ങളില്‍ ഏറ്റവും പുതിയ ഉപകരണങ്ങളുള്ള ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കും. കെ.എഫ്.ഡി.സിയുടെ സഹായത്തോടെ അരിപ്പയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷിത ടൂറിസ്റ്റ്‌കേന്ദ്രം തുറക്കും. പൊന്മുടിയില്‍ അമിറ്റിസെന്റര്‍, ടോയ്‌ലറ്റ്, പോലീസ് എയ്ഡ്‌പോസ്റ്റ് എന്നിവ തുറക്കും. താഴ്‌വരയില്‍ അപകടരഹിതമായ തരത്തില്‍ ഫാമിലി ട്രക്കിങ് തുടങ്ങും. പദ്ധതി മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ആദിവാസി മേഖലയിലേക്കുള്ള റോഡ്, വൈദ്യുതി എന്നിവയ്ക്ക് വനംവകുപ്പിനെ ഫണ്ട് ഏല്പിക്കുന്നപക്ഷം മൂന്നു മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ചു നല്‍കും. ഇതിനായി എല്ലാ എം.എല്‍.എ.മാര്‍ക്കും പ്രത്യേക അപേക്ഷാഫോറത്തോടൊപ്പം കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതികളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.രാജരാജവര്‍മ, അഡീഷണല്‍ കണ്‍സര്‍വേറ്റര്‍ ജി.ജെ. ടെഗ്ഗി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എസ്.പി.സിങ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോഫീതോമസ്, ബി.പവിത്രകുമാര്‍, വി.പ്രസാദ് എന്നിവരും പങ്കെടുത്തു.

Wednesday, April 4, 2012

പൊന്‍മുടിയിലെ പുതിയ ഗസ്റ്റ് ഹൗസ് നിര്‍മാണം തുടങ്ങി; ഹെലിപ്പാഡും വരും

വിതുര: ഒടുവില്‍ പൊന്‍മുടിയുടെ തലവര മാറുന്നു. ഇവിടെ അഞ്ചു നിലകളുള്ള പുതിയ ഗസ്റ്റ്ഹൗസും അപ്പര്‍ സാനിട്ടോറിയത്തില്‍ വിനോദസഞ്ചാര സൗകര്യകേന്ദ്രവും നിര്‍മിക്കുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച വൈകീട്ട് നിര്‍വഹിച്ചു. ഒപ്പം അജണ്ടയില്‍ ഇല്ലാതിരുന്ന ഒരു വാഗ്ദാനം കൂടി - ഹെലിപ്പാഡ്.

മുഖ്യമന്ത്രിയുടെ ആശയത്തെ വനം മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും കാര്യമായെടുക്കുക കൂടി ചെയ്തതോടെ മലയോരവിനോദ കേന്ദ്രത്തിന് ഒരു പദ്ധതികൂടി കിട്ടി.

കോവളം കടല്‍ത്തീരത്തിന്റെയും ആക്കുളം കായലിന്റെയും സാമീപ്യം പൊന്‍മുടിയുടെ ടൂറിസം സാധ്യത തെളിയിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. വേഗതയോടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിനോദസഞ്ചാര സൗകര്യകേന്ദ്രത്തിനുള്ള അനുമതി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചു. കര്‍ണാടക മാതൃകയില്‍ വനം ടൂറിസം കേരളത്തില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷനായി. പൊന്‍മുടി നേരിടുന്ന അവഗണനയെപ്പറ്റിയുള്ള മാധ്യമ റിപ്പോര്‍ട്ടുകളാണ് വികസനപദ്ധതികള്‍ക്ക് പ്രേരകമെന്ന് എ.പി.അനില്‍കുമാര്‍ പറഞ്ഞു. ടൂറിസം ഡയറക്ടര്‍ റാണിജോര്‍ജ് റിപ്പോര്‍ട്ടവതരിപ്പിച്ചു. എ.സമ്പത്ത് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, ടൂറിസം സെക്രട്ടറി ടി.കെ.മനോജ്കുമാര്‍, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല തുടങ്ങിയവര്‍ സംസാരിച്ചു. 

Thursday, March 29, 2012

വിതുരയിലെ ആദിവാസി മേഖലയില്‍ വെളിച്ചം എത്തുന്നു

വിതുര. പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ വെളിച്ചം എത്തിക്കാനുള്ള നടപടികള്‍ക്കു തുടക്കമായി. വൈദ്യുതി നല്‍കാന്‍ വനം വകുപ്പ് അടിയന്തര അനുമതി നല്‍കിയതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയനും വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും ഇടപെട്ടാണു വൈദ്യുതി നല്‍കാനുള്ള ശ്രമങ്ങള്‍  വേഗത്തിലാക്കിയത്. ചാട്ടന്‍കോട്, ചെമ്മാംകാല, വലിയകാല എന്നീ ആദിവാസി ഉൌരുകളിലാണു വെളിച്ചം എന്ന സ്വപ്നം പൂവണിയുന്നത്. വൈദ്യുതീകരണത്തിനുള്ള തൂണ്‍നാട്ടല്‍ കര്‍മത്തിന്റെ ഉദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജി. ഗിരീഷ്കുമാര്‍, ജി.ഡി. ഷിബുരാജ്, കെഎസ്ഇബി വിതുര അസി. എന്‍ജിനീയര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, March 28, 2012

ആദിവാസി ഊരുകളില്‍ വൈദ്യുതീകരണ നടപടി തുടങ്ങി


വിതുര: കാത്തിരിപ്പിന് അറുതി കുറിച്ച് വിതുര ഗ്രാമപ്പഞ്ചായത്തിലെ ചാത്തന്‍കോട് - ചെമ്മാന്‍കാല, വലിയകാല ആദിവാസി ഊരുകളില്‍ വൈദ്യുതീകരണത്തിന് നടപടി തുടങ്ങി. വൈദ്യുതിതൂണ്‍നാട്ടല്‍ പഞ്ചായത്തു പ്രസിഡന്റ് എല്‍.വി.വിപിന്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ഗിരീഷ് കുമാര്‍, ജി.ഡി.ഷിബുരാജ്, കെ.എസ്.ഇ.ബി. വിതുര എ.ഇ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Monday, March 26, 2012

കന്നുക്കുട്ടി വിതരണം നടന്നു


പാലോട്. ബ്ളോക്ക് പഞ്ചായത്തിന്റെ കിടാരി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി നന്ദിയോട് പഞ്ചായത്തിലെ കുറുന്താളി സമഖ്യ സ്വയം സഹായ സംഘത്തിലെ പത്തു കുടുംബങ്ങള്‍ക്കുള്ള കന്നുക്കുട്ടികളുടെ വിതരണം ബ്ളോക്ക് അംഗം മഞ്ചു മധുസൂദനന്‍ നിര്‍വഹിച്ചു. ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ ഉഷാവിജയന്‍, പഞ്ചായത്ത് അംഗം അഡ്വ. ജി. അനില്‍കുമാര്‍, അരുണ്‍രാജന്‍, വി. രാജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

11 കെ.വി. ലൈന്‍ കടന്നുപോകുന്ന തൂണുകള്‍ ഒടിഞ്ഞ നിലയില്‍


കല്ലറ: മരുതമണ്‍ ഏലായിലൂടെ 11 കെ.വി. ലൈന്‍ കൊണ്ടുപോകുന്നതിനുവേണ്ടി സ്ഥാപിച്ചിരുന്ന തടിതൂണുകള്‍ ഒടിഞ്ഞ് അപകട ഭീതി ഉയര്‍ത്തുന്നു. കിളിമാനൂര്‍ സബ് സ്റ്റേഷനില്‍ നിന്നും കല്ലറയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുവേണ്ടി വലിച്ചിട്ടുള്ള കമ്പികള്‍ ഘടിപ്പിച്ചിരിക്കുന്ന തൂണുകളാണ് ദ്രവിച്ച് ഒടിഞ്ഞിട്ടുള്ളത്. നാട്ടുകാര്‍ പരാതി അറിയിച്ചപ്പോള്‍ കെ.എസ്.ഇ.ബി. അധികൃതര്‍ കമ്പികള്‍ വച്ചുകെട്ടി ബലപ്പെടുത്തിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.

ഒടിഞ്ഞുനില്‍ക്കുന്ന തൂണുകളില്‍ നിന്നാണ് ശരവണ കവലയിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വൈദ്യുതി എത്തുന്നത്. ഈ തൂണുകള്‍ക്ക് തൊട്ടടുത്ത തൂണില്‍ നിന്നും തണ്ണിയത്തേക്ക് കെ.വി. ലൈന്‍ തിരിഞ്ഞുപേകുന്നുണ്ട്. കല്ലറ -പാങ്ങോട് റോഡിനോട് ചേര്‍ന്ന് ശരവണ ഓഡിറ്റോറിയത്തിന് കിഴക്കു വശത്തുള്ള ഏലായിലാണ് തൂണുകള്‍ അപകടഭീതി ഉയര്‍ത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂണുകള്‍ ദ്രവിച്ച് ഒടിയാറായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം കെ.എസ്.ഇ.ബി. യെ അറിയിച്ചിരുന്നു. സ്ഥലം പരിശോധിച്ച അധികൃതര്‍ തൂണിന്റെ വശങ്ങളില്‍ കമ്പിവച്ചുകെട്ടി നിര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ തൂണുകള്‍ ഒടിഞ്ഞുമാറിയ നിലയിലാണ്. ഇവ നിലംപതിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വിവരം അറിയിച്ചിട്ടും അധികൃതര്‍ നടപടി എടുക്കാത്തതില്‍ ജനത്തിന് വന്‍ പ്രതിഷേധമുണ്ട്. അടിയന്തരമായി ഇവിടെ പുതിയ തൂണുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.