വിതുര: ടൂറിസ്റ്റ് കേന്ദ്രമായ പൊന്‍മുടി മലനിര അടിമുടി പൂത്തുലഞ്ഞു. കല്ലാര്‍ ഗോള്‍ഡന്‍വാലി മുതല്‍ മരങ്ങള്‍ പൂവണിഞ്ഞുനില്‍ക്കുന്നതു സഞ്ചാരികള്‍ക്കു വര്‍ണക്കാഴ്ച ഒരുക്കുന്നു. പൊന്‍മുടി മലനിരയിലെ തേന്‍മാവും തേക്കും ഇലഞ്ഞിയും വാകയും കൊന്നയും മരുതും തുടങ്ങി ഗുല്‍മോഹര്‍ വരെ പൂത്തു. പുല്‍മേടുകളും സ്വര്‍ണവര്‍ണമണിഞ്ഞു. പൊന്‍മുടിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
അവധി ദിനങ്ങളിലാണു നൂറുകണക്കിനു ടൂറിസ്റ്റുകള്‍ എത്തുന്നത്. മഴ മാറിയതോടെ കുടുംബസമേതം എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. സുഖശീതളമായ കാലാവസ്ഥയും പ്രകൃതിരമണീയതയും സഞ്ചാരികളെ മാടിവിളിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ അപ്പര്‍ സാനറ്റോറിയവും പരിസരവും വാഹനങ്ങളെക്കൊണ്ടു നിറയുകയും ഗതാഗതതടസ്സമുണ്ടാകുകയും ചെയ്യുന്നു. അപകടങ്ങളും പതിവാണ്.
ഇവിടെ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ശക്തമായ കോടമഞ്ഞിനു പുറമെ ഇപ്പോള്‍ പാണ്ടിക്കാറ്റും വീശുന്നുണ്ട്. മഞ്ഞും കാറ്റും തണുപ്പും പൂവണിഞ്ഞുനില്‍ക്കുന്ന മലനിരകളും സഞ്ചാരികള്‍ക്കു നവ്യാനുഭൂതി പകരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം ടൂറിസ്റ്റുകള്‍ക്കു കൌതുകക്കാഴ്ചയായി മാറി. കെടിഡിസിയുടെ കെട്ടിടവാടക സഞ്ചാരികള്‍ക്കു പ്രശ്നമായി മാറിയിട്ടുണ്ട്.
വാടക കുറച്ചു മുറികള്‍
ലഭ്യമാക്കണമെന്നാണു സഞ്ചാരികളുടെ ആവശ്യം. ഗസ്റ്റ്ഹൌസിലെ മുറികള്‍ മിക്കപ്പോഴും ഫുള്ളാണ്. വികസനം മുരടിച്ചു ശോച്യാവസ്ഥയിലായിരുന്ന പൊന്‍മുടിയുടെ മുഖഛായ മാറ്റാന്‍ സര്‍ക്കാര്‍ വിവിധ വികസനപദ്ധതികള്‍ ആവഷ്കരിച്ചിരിക്കുകയാണ്. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും പൊന്‍മുടി സന്ദര്‍ശിച്ചു ദുരവസ്ഥ മനസ്സിലാക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി 60 ലക്ഷം അനുവദിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി ഇടിഞ്ഞുപൊളിഞ്ഞുകിടന്ന ഗസ്റ്റ്ഹൌസ് പൊളിച്ചുതുടങ്ങി. കുട്ടികളുടെ പാര്‍ക്കും നവീകരിക്കും. അപ്പര്‍ സാനറ്റോറിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ടൂറിസം വകുപ്പു തീരുമാനമെടുത്തിട്ടുണ്ട്.