WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label പെരിങ്ങമ്മല. Show all posts
Showing posts with label പെരിങ്ങമ്മല. Show all posts

Friday, October 24, 2014

ഇടിഞ്ഞാറില്‍ മണലൂറ്റ് വ്യാപകം; പാലം അപകടത്തില്‍

പാലോട്: കരയിടിച്ച് മണലൂറ്റ് വ്യാപകമായതോടെ ഇടിഞ്ഞാര്‍ കല്യാണിക്കരിക്കകം പാലം അപകടത്തിലായി. ഇടിഞ്ഞാറില്‍നിന്നും ഈയ്യക്കോട് ആദിവാസി സെറ്റില്‍മെന്റിലേക്കുള്ള പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
പാലത്തിന്റെ ഇരുകരകളില്‍നിന്നും നിരന്തരം മണലൂറ്റിമാറ്റുന്നതാണ് പാര്‍ശ്വഭിത്തികള്‍ ഇടിയാന്‍ കാരണം. ഒരുഭാഗത്തെ കല്ലുകെട്ടുകള്‍ പൂര്‍ണമായി ഇടിഞ്ഞുതാണു.
ഈയക്കോട്, കല്യാണിക്കരിക്കകം തുടങ്ങിയ നിരവധി സെറ്റില്‍മെന്റുകളിലുള്ള നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് ഈ പാലം നിത്യവും ഉപയോഗിക്കുന്നത്. ഇവരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് മണലൂറ്റ് സംഘം വിലസുന്നത്.

Saturday, October 11, 2014

പാട്ടഭൂമിയില്‍നിന്ന് സംഘജ്യോതി കൊയ്‌തെടുത്തത് നൂറുമേനി നെല്ല്‌

പെരിങ്ങമ്മല: പത്തുപറ കണ്ടം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യാനിറങ്ങുമ്പോള്‍ ഈ കൂട്ടായ്മയ്ക്ക് ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. എന്നാല്‍ വിളവ് എടുക്കാനിറങ്ങുമ്പോള്‍ നൂറുമേനി നെല്ല്. വട്ടപ്പന്‍കാട് സംഘജ്യോതി പുരുഷകര്‍ഷകസംഘത്തിന്റെ ആദ്യശ്രമമാണ് വിജയത്തിലെത്തുന്നത്. നന്ദിയോട് ഗ്രാമപ്പഞ്ചായത്തില്‍ വയല്‍ ഇല്ലാതെ വന്നതോടെ പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തിലാണ് ഇവര്‍ കണ്ടം പാട്ടത്തിനെടുത്തത്.
'ഉമ' ഇനത്തില്‍പ്പെട്ട നെല്ലാണ് ഇവര്‍ കൃഷിക്ക് തിരഞ്ഞെടുത്തത്. നന്ദിയോട് / പെരിങ്ങമ്മല കൃഷിഭവനുകളുടെയും പെരിങ്ങമ്മല നോര്‍ത്ത്പാടശേഖരസമിതിയുടെയും പ്രോത്സാഹനം തങ്ങള്‍ക്കുണ്ടായിരുന്നെന്ന് സംഘം പ്രസിഡന്റ് മോഹനനും സെക്രട്ടറി സജീഷും പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് വട്ടപ്പന്‍കാട്ടില്‍ തന്നെ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഭൂമിയില്‍ നിന്നും ഇവര്‍ വാഴയും പയറും വിളവെടുത്തു തുടങ്ങി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാട്ടഭൂമിയില്‍ നിന്ന് നൂറുമേനി നെല്ല് വിളയിക്കുന്നതും.

Sunday, August 10, 2014

ദൈവപ്പുര-കൊളേജ് റോഡ് തകര്‍ന്നു


ഈറ്റ ശേഖരിക്കാന്‍ കടമ്പകളേറെ; തൊഴിലാളികള്‍ ദുരിതത്തില്‍

പാലോട്: വനംവകുപ്പിന്റെ നിയമങ്ങള്‍ കാലത്തിനൊത്ത് പരിഷ്‌കരിക്കാത്തതിനാല്‍ ഈറ്റ ശേഖരവും വിപണനവും നടക്കുന്നില്ല. ഈറ്റ ഉത്പന്നങ്ങളുടെ വിപണനം നിലച്ചതോടെ ജില്ലയിലെ രണ്ടായിരത്തിലധികം വരുന്ന പാരമ്പര്യ ഈറ്റത്തൊഴിലാളികള്‍ പട്ടിണിയിലാകുന്നു.
ഈറ്റയ്ക്ക് തലച്ചുമടായിട്ടാണ് പാസ് നല്‍ക്കുന്നത്. എന്നാല്‍ റെയ്ഞ്ച് ഓഫീസില്‍ നിന്ന് പാസ് നല്‍കുന്നതിന് കടമ്പകള്‍ ഏറെയാണ്. ഒരാഴ്ചയില്‍ ഒരു കുടുംബത്തിന് രണ്ട് പാസ്സുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മാസത്തില്‍ അഞ്ച് പാസ്സുകള്‍ പോലും ഇവര്‍ക്ക് കിട്ടാനില്ല.
ഒരു പാസ് ഉപയോഗിച്ച് 35 ഈറ്റ കമ്പുകള്‍ വെട്ടാന്‍ അനുവദിച്ചിട്ടുണ്ട്. ഇത് തലച്ചുമടായി വേണം വീട്ടിലെ ത്തിക്കാന്‍. വണ്ടിയില്‍ കയറ്റാന്‍ അനുവാദമില്ല. ബ്രൈമൂര്‍ പോലുള്ള ഉള്‍കാട്ടില്‍ നിന്ന് ശേഖരിക്കുന്ന ഈറ്റ തലച്ചുമടായി ഇടിഞ്ഞാറിലെ വീട്ടിലെത്തിക്കാന്‍ രണ്ടുപേരുടെ ജോലിയാകും.
ഒരു കെട്ട് ഈറ്റയില്‍ നിന്നും പരമാവധി ഒരു പനമ്പോ അഞ്ച് വട്ടിയോ ഉണ്ടാക്കാം. ഇത് വിറ്റാല്‍ കിട്ടുന്നത് തുഛമായ വരുമാനം മാത്രമാണ്. മാത്രമല്ല വട്ടി, കുട്ട, മുറം എന്നിവയെല്ലാം ഫൈബര്‍ ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയതോടെ ഈറ്റയിലുള്ളവ വിറ്റുപോകാതെയുമായി.
ഏറെ വിപണന സാധ്യതയുള്ള ബിഗ്‌ഷോപ്പര്‍ പിടി, ചന്ദനതിരിക്കാവശ്യമായ കമ്പ്, കൗതുക വസ്തുക്കള്‍ എന്നിവയുണ്ടാക്കി വില്‍ക്കാം. പക്ഷെ വനംവകുപ്പ് ഇതിന് അനുവാദം നല്‍കുന്നില്ല. പരമ്പരാഗത ഉത്പന്നങ്ങള്‍ തന്നെ ഉണ്ടാക്കണം എന്ന പിടിവാശിയിലാണ് ഉദ്യോഗസ്ഥര്‍. ഉണ്ടാക്കുന്ന ഉത്പന്നങ്ങളും വണ്ടിയില്‍ കൊണ്ടുപോകാന്‍ പാടില്ല.
വിപണന സാധ്യത ഇല്ലാത്ത സാധനങ്ങള്‍ മാത്രം ഉണ്ടാക്കുക, ഈറ്റയും ഈറ്റ ഉത്പന്നങ്ങളും തലച്ചുമടായി മാത്രം കൊണ്ടുപോവുക, പാസ് നല്‍കുന്നതില്‍ കാലതാമസം വരുത്തുക എന്നിവയെല്ലാം മാറ്റിയാലെ തങ്ങള്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനമുള്ളൂ എന്ന് തൊഴിലാളികള്‍ പറയുന്നു.
ഇടിഞ്ഞാര്‍, മങ്കയം, പേത്തലക്കരിക്കകം, വേങ്കൊല്ല, മടത്തറ, പരുത്തിപ്പള്ളി, ബോണക്കാട്, മരുതാമല, പേപ്പാറ, പൊടിക്കാല, കുറ്റിച്ചല്‍, കോട്ടൂര്‍, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ഈറ്റത്തൊഴിലാളികള്‍ അധിവസിക്കുന്നത്.

Saturday, August 9, 2014

പരിശീലനത്തിന് ഇടമില്ലെങ്കിലും വിജയം കൊയ്ത് ഞാറനീലി അംബേദ്കര്‍ വിദ്യാലയം


പാലോട്: കായിക പരിശീലനത്തിന് കളിസ്ഥലമില്ലെങ്കിലും സംസ്ഥാനത്തെ 48 സ്‌കൂളുകള്‍ മത്സരിച്ച സൗത്ത് സോണ്‍ സഹോദയാ കായികമേളയില്‍ ഞാറനീലി അംബേദ്കര്‍ വിദ്യാനികേതന്‍ 174 പോയിന്റുകളോടെ മികച്ച വിജയം നേടി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ രണ്ടുദിവസമായി നടന്ന മത്സരങ്ങളിലാണ് ഈ വിദ്യാലയം കിരീടം ചൂടിയത്.
ഓവറോള്‍ കിരീടത്തിനു പുറമെ കാറ്റഗറി 19 ചാമ്പ്യന്‍ഷിപ്പിലും മാര്‍ച്ച് പാസ്റ്റിലും ഒന്നാം സ്ഥാനം നേടുകയും മൂന്ന് വ്യക്തിഗത ഇനങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു.
32 സ്വര്‍ണ്ണം, 22 വെള്ളി, 11 വെങ്കല മെഡലുകള്‍ നേടി ഓവറോള്‍ കൈപ്പിടിയിലൊതുക്കിയ ഈ വിദ്യാലയത്തിന് സ്വന്തമായി കളിസ്ഥലമില്ല. സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍ നിന്നുള്ള ആദിവാസിക്കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ കീഴിലുള്ള ഏക സി.ബി.എസ്.ഇ. ഇംഗ്ലൂഷ് മീഡിയം സ്‌കൂള്‍ ആണിത്.
സ്ഥലം ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും പി.ടി.എ.യും അപേക്ഷ സമര്‍പ്പിക്കാന്‍ ഇടമില്ല. ഏറ്റവും ഒടുവില്‍ വനംവകുപ്പ് ഡി.എഫ്.ഒ.യുടെ പരിഗണനയിലാണ് വിഷയം. സ്‌കൂളിനോട് ചേര്‍ന്നുള്ള വനഭൂമിയില്‍ നിന്നും ഒരേക്കര്‍ സ്ഥലം കൂടി വിട്ടുകിട്ടിയാല്‍ ഇനിയും നേട്ടം കൊയ്യാനാകും. സ്‌കൂളിന്റെ പരിമിതമായ സൗകര്യങ്ങളില്‍ നിന്നും ഇവര്‍ നേടിയ വിജയം പകരം െവയ്ക്കാനില്ലാത്തതാണ്.
രാജിഷ്മ, സാവിത്രി, ഹരിത എന്നിവര്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടി. ഇവിടുത്തെ കായിക പ്രതിഭകള്‍ കഴിഞ്ഞ ആറ് മാസമായി വനാതിര്‍ത്തിയിലെ തരിശുഭൂമിയിലും പൊതുനിരത്തിലുമായിരുന്നു പരിശീലനം നടത്തിയത്.
53 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കായിക അധ്യാപകരായ സില്‍വി സാബു, തോമസ് ജോസഫ് എന്നിവരായിരുന്നു കുട്ടികളുടെ പരിശീലകര്‍.
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വിദ്യാലയം നേടിയ വിജയം പ്രോത്സാഹനജനകമാണെന്ന് പ്രിന്‍സിപ്പല്‍ വിജയകുമാര്‍, മാനേജര്‍ മുരളി എം.നായര്‍ എന്നിവര്‍ പറഞ്ഞു. 

Friday, August 8, 2014

ആദിവാസി ഊരില്‍നിന്ന് പള്ളിക്കൂടത്തില്‍ കുരുന്നുകളെത്തുന്നത് തോട്ടില്‍ക്കൂടി നടന്ന്‌

പാലോട്: ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികള്‍പോലും തോട് മുറിച്ചുകടന്നു പോകുന്നത് ഒരുപക്ഷേ കിടാരക്കുഴി ആദിവാസി സെറ്റില്‍മെന്റിലെ മാത്രം ദുരിതക്കാഴ്ചയായിരിക്കും. മലവെള്ളം കുത്തിയൊലിച്ചൊഴുകുന്ന തോട്ടില്‍ക്കൂടി നടന്നുപോകുന്നത് ഇരുപതിലധികം കുരുന്നുകള്‍. ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂളില്‍ പഠിക്കുന്നവരാണിവര്‍.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായതതിലെ മുത്തിപ്പാറ, കല്ലണ, കിടാരക്കുഴി ആദിവാസി ഊരുകളിലുള്ള കുട്ടികള്‍ക്കാണ് അപകടരമായ ഈ യാത്ര ചെയ്യേണ്ടിവരുന്നത്. ഇവര്‍ക്ക് പള്ളിക്കൂടത്തിലെത്താന്‍ മറ്റ് വഴികളൊന്നുമില്ല. ഉള്ളവഴിയാകട്ടെ അപകടം നിറഞ്ഞതും. തോട്ടില്‍ വഴുക്കന്‍ പാറകള്‍ കൂടിയുള്ളത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
മലവെള്ളം നിറഞ്ഞാല്‍ ചില രക്ഷിതാക്കള്‍കൂടി തോട് കടത്തിവിടാന്‍ എത്തും. എന്നാല്‍, തിരികെയുള്ള യാത്ര അപകടകരമാണ്. ജോലിക്കുപോകുന്ന രക്ഷിതാക്കള്‍ക്ക് വൈകുന്നേരം എത്തുന്ന കുട്ടികളെ ഒപ്പംകൂട്ടാല്‍ സാധിക്കില്ല. ചില മുതിര്‍ന്ന കുട്ടികള്‍ കൂട്ടത്തിലുള്ളതാണ് ഇവര്‍ക്ക് തെല്ലൊരാശ്വാസം. ഇടിഞ്ഞുപൊളിഞ്ഞ് കാല്‍നടപോലും അസാധ്യമായ റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇപ്പോള്‍ സ്ലാബ് ചെയ്യുന്നുണ്ട്.
എന്നാല്‍, തോടിന് കുറുകെ ഒരു പാലം എന്നത് കാടിന്റെ മക്കള്‍ക്ക് ഇന്നും ഒരു സ്വപ്‌നമാണ്. തോട്ടില്‍ വെള്ളം നിറഞ്ഞാല്‍ കുട്ടികളുടെ അധ്യയനം മുടങ്ങും. മാത്രമല്ല, രോഗികളെ ഊരിന് പുറത്തെത്തിക്കാന്‍ ഒരു വണ്ടിപോലും ഇതുവഴി വരില്ല. മുത്തിപ്പാറ, കിടാരക്കുഴി സെറ്റില്‍മെന്റുകളിലായി നൂറിലധികം കുടുംബങ്ങളാണുള്ളത്. ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും തങ്ങള്‍ക്ക് ഒരുപാലം കിട്ടുമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.

Wednesday, August 6, 2014

ഈറ്റത്തൊഴിലാളികള്‍ ധര്‍ണ നടത്തി

പാലോട്: ഈറ്റത്തൊഴിലാളികള്‍ പാലോട് വനം േറഞ്ച് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. വനത്തില്‍നിന്ന് ഈറ്റ ശേഖരിക്കുന്നതിന് ആഴ്ചതോറും തൊഴിലാളികള്‍ക്ക് നല്‍കുന്ന തലച്ചുമട് പാസ് സമയബന്ധിതമായി നല്‍കുക, ഈറ്റ ഉപേയാഗിച്ച് വിപണനസാധ്യതയുള്ള ഉല്പന്നങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ഇടിഞ്ഞാര്‍, മങ്കയം പ്രദേശത്തുള്ള തൊഴിലാളികള്‍ പാലോട് ടൗണില്‍നിന്ന് പ്രകടനമായാണ്‌ േറഞ്ച് ഓഫീസിന് മുന്നിലെത്തിയത്. ഈറ്റത്തൊഴിലാളി യൂണിയന്‍ സി.െഎ.ടി.യു.വി.ന്റെ നേതൃത്വത്തിലായിരുന്നു സമരം. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു. വി.കെ.മധു, പി.എസ്. മധു, പേരയം ശശി, ഇ.ജോണ്‍കുട്ടി, മനേഷ് ജി.നായര്‍, ഇ.കബീര്‍, സുദര്‍ശനന്‍, ജോയി, ശശീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tuesday, August 5, 2014

ഈറ്റത്തൊഴിലാളികള്‍ ധര്‍ണ നടത്തും

പാലോട്: തലച്ചുമടിന് പാസ്സ് അനുവദിക്കുക, വിപണിയില്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുക, കള്ളക്കേസ്സുകള്‍ അവസാനിപ്പിക്കുക, സൗജന്യ റേഷ്യന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പരമ്പരാഗത ഈറ്റ തൊഴിലാളികള്‍ പാലോട് റെയ്ഞ്ച് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. കോലിയേക്കാട് എന്‍.കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്യും.

Sunday, April 13, 2014

വേനല്‍മഴ: പെരിങ്ങമ്മലയിലും നന്ദിയോടും വ്യാപകനാശനഷ്ടം


പാലോട്: രണ്ടുദിവസമായി തുടരുന്ന വേനല്‍മഴയില്‍ പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളില്‍ ലക്ഷങ്ങളുടെ കാര്‍ഷികവിളകള്‍ നശിച്ചു. 
രണ്ട് പഞ്ചായത്തുകളിലുമായി പന്ത്രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എങ്ങും ആളപായമില്ല. നന്ദിയോട് ആലംപാറ വിളവീട് വാധ്യാരുകുഴിയില്‍ കുമാരി, സുജിതാഭവനില്‍ േഗാപി ആശാരി, ആലംപാറ നരിക്കലില്‍ രാജീവിന്റെ കമ്പപ്പുര, പോങ്ങുംമൂട് സ്വദേശിനി ഗോമതി, വാധ്യാരുകുഴി അപ്പു, ആലംപാറ രാമഭദ്രാലയത്തില്‍ വാസുദേവന്റെ തൊഴുത്ത്, പ്ലാവറ പേരക്കുഴി മേക്കുംകരവീട്ടില്‍ ബാബു, ചരുവിളവീട്ടില്‍ തങ്കപ്പന്‍, പ്ലാവറ പച്ച എസ്.ജെ.എ. ഭവനില്‍ അനില്‍കുമാര്‍ എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണും ശക്തമായ കാറ്റിലും നശിച്ചത്.
കൊച്ചുതാന്നിമൂട് 3578-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരത്തിന്റെ മേല്‍ക്കൂര കാറ്റില്‍പറന്നുപോയി. റബ്ബര്‍, വാഴ, മരച്ചീനി, പ്ലാവ്, ആഞ്ഞിലി എന്നിവ വ്യാപകമായി നശിച്ചു. ആലംപാറ കാപ്പിതോട്ടത്തില്‍ നൂറുകണക്കിന് റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. വിളവീട്ടില്‍ അംബികയുടെ അമ്പത് റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. വിളവീട്ടില്‍ അംബികയുടെ അമ്പത് റബ്ബര്‍മരങ്ങള്‍, ആലംപാറ, സദനവിലാസത്തില്‍ അരുണിന്റെ 100മൂട് വാഴ, താന്നിമൂട്, കൊച്ചിലവില്‍ ബാലചന്ദ്രന്റെ 75 മൂട് റബ്ബര്‍, അമ്പതിലധികം വാഴകള്‍ എന്നിവഉള്‍പ്പെടെ പാപ്പനംകോട്, പനങ്ങോട് പ്രദേശങ്ങളിലുമായി അഞ്ഞൂറിലധികം വാഴകളും മരങ്ങളും നശിച്ചു.
പാലോട് പോലീസ് സ്റ്റേഷന്‍, പാപ്പനംകോട് ക്രിസ്റ്റ്യന്‍പള്ളി, കുറുപുഴ, വഞ്ചുവം എന്നീ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി.

Wednesday, July 25, 2012

നെല്‍കൃഷിയെ തിരിച്ചുപിടിക്കാനൊരുങ്ങുന്നു.

പെരിങ്ങമ്മല പഞ്ചായത്തിലെ പിന്നാക്ക ഗ്രാമമായ 'പോട്ടോമാവും' കൈവിട്ട നെല്‍കൃഷിയെ തിരിച്ചുപിടിക്കാനൊരുങ്ങുന്നു. നീര്‍ത്തടാധിഷ്ഠിത ഭൂവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പോട്ടോമാവില്‍ കരനെല്‍ കൃഷി ആരംഭിച്ചത്. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍. എ. വിത്ത് വിതച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം സോഫീ തോമസ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു

Thursday, July 5, 2012

വീട്ടില്‍ സ്ഫോടനം; ഒളിവില്‍ കഴിഞ്ഞ സിപിഎം അംഗം പിടിയിലായി

പാലോട്. വീട്ടില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയും  സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ  ചല്ലിമുക്കിനടുത്ത് ഇലവുപാലം തേരി ബ്ളോക്ക് നമ്പര്‍ 68 സൂര്യ ഭവനില്‍  ബാബുരാജ് (44) പിടിയിലായി. ഇന്നലെ പുലര്‍ച്ചെ കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിനു സമീപത്തു നിന്നു പാലോട് സിഐ: വി.എസ് പ്രദീപ്കുമാറിന്റെയും എസ്ഐ: വി. ബൈജുവിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.  26നു പുലര്‍ച്ചെയാണു ബാബുരാജിന്റെ വീട്ടില്‍ സ്ഫോടനം നടന്നത്. അന്നു മുതല്‍ കുടുംബസമേതം ഒളിവിലായിരുന്നു.  

ആളപായമുണ്ടാകുന്ന തരത്തിലുള്ള സ്ഫോടകവസ്തുവാണു നിര്‍മിച്ചതെന്നു തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു.  വന്യമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ടു ബാബുരാജിനെതിരെ നേരത്തെ തന്നെ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. സിഎംപി കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ദാസിനെ കൊലപ്പെടുത്തിയ  കേസിലെ അഞ്ചാം പ്രതിയാണു ബാബുരാജ്. ചല്ലിമുക്കില്‍ അടുത്തകാലത്തായി അനവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ നടന്ന സ്ഫോടനം സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു.

Monday, June 25, 2012

ഇലവുപാലം കൈപ്പറ്റ ഭദ്രാഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠ ഇന്ന്


പാലോട്. ഇലവുപാലം കൈപ്പറ്റ ആയിരവില്ലി, ഭദ്രാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്നു രാവിലെ 6.09നും 6.36നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി മാധവര് ശംഭു പോറ്റി കാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍ ബാഗ് വിതരണവും ചികില്‍സാ സഹായ വിതരണവും നടക്കും. 

കൊല്ലം കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ചിതറ മധു ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ. ദേവരാജന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ. സതീഷ്ചന്ദ്രന്‍, റവ. ഫാ. സാമുവേല്‍ പാറവിള, കടുവയില്‍ മുഹമ്മദ് ത്വാഹ റഷാദി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഒന്‍പതിനു പൂത്തിരിമേള.

ആനപ്പേടിയില്‍ 'വെങ്കിട്ട' ഏറുമാടങ്ങളില്‍ കാവലാള്‍


പാലോട്: ഏറുമാടങ്ങളില്‍നിന്നുള്ള ടയാളവാക്യങ്ങള്‍ക്കനുസരിച്ചാണ് 'വെങ്കിട്ട'യെന്ന ആദിവാസി ഗ്രാമത്തിന്റെ ഹൃദയസ്​പന്ദനം. കാരണം സദാ ആനച്ചൂരിന്റെ ഗന്ധം പേറുന്ന ഈ ഉള്‍വനാന്തര്‍ഗ്രാമങ്ങളില്‍ ഏതുനിമിഷവും കാട്ടാനക്കൂട്ടം ചിന്നംവിളിച്ചെത്തും.

പാലോട് റെയ്ഞ്ചില്‍, പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ മങ്കയത്തുനിന്നും ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി വേണം വെങ്കിട്ട എന്ന ഈ ആദിവാസി ഊരിലെത്താന്‍. കാട്ടാനക്കൂട്ടത്തിന്റെ കൊമ്പുകള്‍ക്കിടയിലും ചവിട്ടടിയിലും ഞെരിഞ്ഞമരാതെ ഈ ഉള്‍വനത്തില്‍ കഴിയുന്നത് അഞ്ച് ആദിവാസി കുടുംബങ്ങളാണ്.

ആദിച്ചന്‍കാണിയും ഭാര്യ ലക്ഷ്മിയുമാണ് അര നൂറ്റാണ്ട് മുമ്പ് 'വെങ്കിട്ട'യില്‍ കാട് വെട്ടിത്തെളിച്ച് സ്ഥിര താമസമാക്കിയത്. കഠിനാധ്വാനിയായിരുന്ന ആദിച്ചന്‍കാണി പകലന്തിയോളം കിളച്ചുമറിച്ച് വിതയെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ചു. മക്കളും മണ്ണിനെ സ്‌നേഹിക്കുന്നവരായിരുന്നതിനാല്‍ വെങ്കിട്ടയില്‍ ഒരു കാര്‍ഷികഗ്രാമംതന്നെയുണ്ടായി. കപ്പയും ഇഞ്ചിയും വാഴയും പച്ചക്കറിയും കുരുമുളകുമെല്ലാം വെങ്കിട്ടയില്‍നിന്നും മലയിറങ്ങി പെരിങ്ങമ്മല ചന്തയിലെത്തി.

എന്നാല്‍ ഇന്ന് സ്ഥിതി മാറി. കാട് വെട്ടിത്തെളിച്ച് വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എന്ന പുത്തന്‍ പരിഷ്‌കാരം തുടങ്ങിയതോടെ കാട്ടാനകളും കാട്ടുപന്നികളും ഇത്തരം ഗ്രാമങ്ങളിലേക്ക് അന്നം തേടിയിറങ്ങി. വെങ്കിട്ടയിലെ ഇരുപത്തിയഞ്ചില്‍പ്പരം വരുന്ന കാടിന്റെ മക്കള്‍ക്ക് അന്തിയുറങ്ങാന്‍തന്നെ ഇതോടെ ഭയമായി. പകല്‍ പന്ത്രണ്ട് മണിക്കുപോലും ഇവരുടെ വിളകള്‍തേടി കാട്ടാനക്കൂട്ടം ഇറങ്ങിത്തുടങ്ങി. കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തും ചവിട്ടിയരച്ചും അരിശം തീര്‍ത്ത് അവ കടന്നുപോകും.

ഈ ആനത്താരയില്‍ക്കൂടിയാണ് എല്‍.പി.ക്ലാസ്സുകാരായ രേവതി, അശ്വതി, ഈവ, ഇന്ദ്രജ, അരുണ്‍, മണികണ്ഠന്‍ എന്നീ കുരുന്നുകള്‍ നാല് കിലോമീറ്ററിലധികം നടന്ന് അക്ഷരവെട്ടം തേടി ഇടിഞ്ഞാര്‍ സ്‌കൂളിലെത്തുന്നത്. മക്കള്‍ വീട്ടില്‍നിന്നിറങ്ങിയാല്‍ തിരിച്ചെത്തുന്നതുവരെ ചങ്കില്‍ തീയാണെന്ന് രക്ഷിതാക്കള്‍.

രാത്രിയും പകലും കാവലിനായി വലിയ മരങ്ങളുടെ മുകളില്‍ കെട്ടിയ ഏറുമാടങ്ങളില്‍ ആളുണ്ടാവും. കരിവീരന്മാര്‍ കാടിളക്കിവരുന്നതറിയിക്കാന്‍ ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അതോടെ ഊരുകള്‍ ഉണരും. പിന്നീട് ഉറക്കമില്ലാത്ത രാവുകളിലേക്ക് കത്തിച്ച പന്തങ്ങളുമായി 'വെങ്കിട്ട' ഉണര്‍ന്നിരിക്കും. ഇതെല്ലാം ഇപ്പോള്‍ പതിവായെന്ന് ഈച്ചിക്കുട്ടിയും വിശ്വനാഥനും ലക്ഷ്മി (76) യും പറയുന്നു. നിരവധി തവണ ഇവരുടെ മാടങ്ങളും കാര്‍ഷികവിളകളും കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചുകഴിഞ്ഞു. സ്വന്തമായി കിണറും കക്കൂസും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊന്നുമില്ലെങ്കിലും ഇവര്‍ പകലന്തിയോളം ഇപ്പോഴും മണ്ണില്‍ പണിയെടുക്കുന്നുണ്ട്; മികച്ച വിളകള്‍ തിരിച്ചെടുക്കാമെന്ന ശുഭപ്രതീക്ഷയില്‍.

Saturday, June 23, 2012

പൊന്‍മുടിയില്‍ കുട്ടികള്‍ക്ക് കമ്പിളി വസ്ത്രം വിതരണം ചെയ്തു


പെരിങ്ങമ്മല. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  പൊന്‍മുടി അംഗന്‍വാടി കുട്ടികള്‍ക്കു കമ്പിളി വസ്ത്രം വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശ്രീലതാ ശിവാനന്ദന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍സാരി കൊച്ചുവിള, വാര്‍ഡ് അംഗം  സുകുമാരി മനോഹരന്‍, പഞ്ചായത്ത് അംഗങ്ങളായ ഡി. പുഷ്കരാനന്ദന്‍നായര്‍, ജി. സുഭാഷ്, നസീമാ ഇല്യാസ്, സരസ്വതി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sunday, June 17, 2012

പച്ചപ്പിന്റെ പറുദീസയായി വെങ്കിട്ടമൂട് ആദിവാസി ഗ്രാമം


വെങ്കിട്ടമൂട് ആദിവാസി ഗ്രാമത്തിലെ ഏറുമാടം
പാലോട്. കാട്ടാനകളടക്കമുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമായിട്ടും അതൊക്കെ അതിജീവിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെയും കൃഷി മാഹാത്മ്യത്തിന്റെയും പച്ചപ്പിന്റെ കാഴ്ചയാണു പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഉള്‍ഗ്രാമമായ വെങ്കിട്ടമൂട്. അന്തരിച്ച ആദിച്ചന്‍ കാണിയുടെ മക്കളുടെ  അഞ്ചു കുടുംബങ്ങളാണ് ഈ കൊച്ചുഗ്രാമത്തില്‍ കഴിയുന്നത്.

ഗ്രാമത്തെ പച്ചപ്പണിയിച്ചുകൊണ്ട് ഇല്ലാത്ത വിളകള്‍ ചുരുക്കം. നാട്ടിന്‍പുറങ്ങളില്‍ നിന്നൊക്കെ അന്യമായ കാച്ചിലിന്റെ വള്ളികള്‍ പടര്‍ന്നുപന്തലിച്ചും  ചേമ്പും ചേനയും  കൂവക്കിഴങ്ങും മരച്ചീനിയും കവുങ്ങും മാവും വെറ്റിലയും  ഒക്കെ തഴച്ചുവളരുന്നു. ഇപ്പോഴിതാ  കൃഷി വകുപ്പിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍  ഒരു ഹെക്ടര്‍ ഭൂമിയില്‍ കരനെല്ലു കൃഷിയും ആരംഭിച്ചു. ഇവര്‍ ഭംഗിയായി കൃഷി നോക്കിനടത്തും എന്ന ബോധ്യം തന്നെയാണ് ഈ കുഗ്രാമത്തെ കരനെല്ലിനു തിരഞ്ഞെടുത്തതും.

കൃഷിവിളകള്‍ക്കു പുറമെ ചെടികളാലും സമൃദ്ധമാണിവിടം.  ഈറക്കുടിലുകളുടെ ചുറ്റും ചെടികളുടെ സാന്നിധ്യം കാഴ്ചയാവുന്നതാണ്. ഗ്രാമത്തെ പച്ചപ്പണിയിക്കാന്‍ ഇവരുടെ ത്യാഗം ചില്ലറയല്ല. വന്യമൃഗങ്ങളെ തുരത്താന്‍ ഏറുമാടങ്ങള്‍ കെട്ടിയാണു കാവലിരുപ്പ്. ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. മൂന്നു കിലോമീറ്റര്‍ കൊടുംവനം താണ്ടി മങ്കയത്തെത്തി ഏറ്റവും അടുത്ത വിപണിയായ പെരിങ്ങമ്മലയിലെത്തണം.

ഇതൊക്കെയാണെങ്കിലും
ഇവിടെ ഒരു കുടുംബത്തിനും കക്കൂസോ കിണറോ ഇല്ല. കാട്ടരുവിയിലെ വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കരനെല്ല് കൃഷിയുടെ ഉദ്ഘാടനവേളയില്‍ ഇവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

അധ്യാപക ഒഴിവ്


പാലോട്: പെരിങ്ങമ്മല ഗവ. യു. പി. സ്‌കൂളില്‍ അറബിക്കിന് ഒരു ജൂനിയര്‍ ലാംഗ്വേജ് ടീച്ചറുടെ താല്ക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 19ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍ ഒന്നാം ക്ളാസില്‍ കുട്ടികള്‍ കുറഞ്ഞു




പാലോട്. വിദ്യാഭ്യാസ ഉപജില്ലയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  ഈ അധ്യയന വര്‍ഷം ഒന്നാം ക്ളാസ് നവാഗതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷം 1499 കുട്ടികള്‍ ഒന്നാം ക്ളാസില്‍ പ്രവേശിച്ചപ്പോള്‍ ഇത്തവണ അത് 1436 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 കുട്ടികളുടെ കുറവ്. ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളില്‍ 994 കുട്ടികളും, എയ്ഡഡ് മേഖലയില്‍ 416 കുട്ടികളും, അണ്‍ എയ്ഡഡ് മേഖലയില്‍ 26 കുട്ടികളും പ്രവേശനം നേടി.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ 999 പേരും, എയ്ഡഡ് മേഖലയില്‍ 463 പേരും, അണ്‍ എയ്ഡഡ് മേഖലയില്‍ 37 പേരും ഉണ്ടായിരുന്നു. 143 കുട്ടികള്‍ എത്തിയ വിതുര ഗവ. യുപിഎസ് ആണ് നവാഗതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 103പേര്‍ എത്തിയ പെരിങ്ങമ്മല ഗവ. യുപിഎസ് രണ്ടാം സ്ഥാനത്തുമാണ്. പൊന്‍മുടി, ബോണക്കാട് ഗവ. യുപിഎസുകളാണ് ഏറ്റവും പിന്നില്‍.

ഈ രണ്ടു സ്കൂളുകളിലും  രണ്ടു  കുട്ടികള്‍ വീതമാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത്. മേത്തൊട്ടി ട്രൈബല്‍ സ്കൂള്‍, തേമല എല്‍പിഎസ് എന്നിവിടങ്ങളില്‍  മൂന്നും, ചെട്ടിയാന്‍പാറ എല്‍പിഎസില്‍ അഞ്ചും, ആനാകുടി യുപിഎസില്‍ ആറും കുട്ടികളാണ് ഇത്തവണ ഒന്നാം ക്ളാസിലെത്തിയത്.