WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label കുടിവെള്ളം. Show all posts
Showing posts with label കുടിവെള്ളം. Show all posts

Monday, June 11, 2012

ഇടവപ്പാതി കനിയുന്നില്ല:കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു


വിതുര. ഇടവ മാസം അവസാനിക്കാറായിട്ടും ശക്തമായി മഴ പെയ്യാത്തതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. അതികഠിനമായ ചൂടുമൂലം നീരുറവകളും നീര്‍ച്ചാലുകളും മറ്റും മാസങ്ങളായി വറ്റിവരണ്ടു കിടക്കുകയാണ്. ഭൂരിഭാഗം കിണറുകളില്‍നിന്നും ജലം അപ്രത്യക്ഷമായി കഴിഞ്ഞു. നദികളിലും ജലനിരപ്പു ഗണ്യമായി കുറഞ്ഞു. ഇടയ്ക്കു വേനല്‍മഴ പെയ്തെങ്കിലും ജലക്ഷാമത്തിനു പരിഹാരമായില്ല. തുലാമാസത്തിലാണു ശക്തമായ മഴ പെയ്തത്. തുലാവര്‍ഷം കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടെങ്കിലും മഴ കനിയാത്തതു കര്‍ഷകര്‍ക്കും മറ്റും കനത്ത ആഘാതമായിരിക്കുകയാണ്.

വേനല്‍ച്ചൂടിന്‍െറ തീഷ്ണത മൂലം കൃഷികളും മറ്റും വ്യാപകമായി ഉണങ്ങി നശിച്ചു. കടുത്ത വേനല്‍ കര്‍ഷകര്‍ക്കു കനത്ത നാശനഷ്ടമാണു വിതച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇക്കുറി ചൂടിന്‍െറ തീവ്രത വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. വെള്ളം ലഭ്യമല്ലാത്തതുമൂലം മിക്കവര്‍ക്കും കൃഷിയിറക്കാനും സാധിച്ചിട്ടില്ല. എങ്ങും ചൂടിന്‍െറ തീവ്രതയും ജലക്ഷാമവുമാണു ചര്‍ച്ചാവിഷയം. ചൂടു ക്രമാതീതമായി ഉയര്‍ന്നതോടെ വൈദ്യുതി ഉപഭോഗവും ഗണ്യമായി വര്‍ധിച്ചു. ഫാന്‍, എസി വില്‍പനയും കുത്തനെ കൂടി. ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി.

സൂര്യാഘാതമേറ്റു പൊള്ളലേറ്റ സംഭവവും, പശുക്കള്‍ കുഴഞ്ഞുവീണ സംഭവവും ഉണ്ടായി. കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നു ചില പഞ്ചായത്തുകളില്‍ ടാങ്കര്‍ലോറികളില്‍ ശുദ്ധജല വിതരണം നടത്തിയെങ്കിലും ഒരാഴ്ച പിന്നിട്ടപ്പോള്‍ നിര്‍ത്തി. നദിയില്‍
ജലനിരപ്പു താഴ്ന്നതു കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മിക്ക പ്രദേശത്തും ഡാമുകളില്‍നിന്നും മറ്റും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. വിതുര പഞ്ചായത്തിലെ പോറ്റിക്കുന്ന്, ആറ്റിന്‍പുറം, ലക്ഷംവീട്, തൊളിക്കോട് പഞ്ചായത്തിലെ ഉണ്ടപ്പാറ, തേക്കുംമൂട്, പച്ചമല പ്രദേശത്തുകാര്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്.

പ്രദേശത്തെ എല്ലാ ജലസ്രോതസുകളും വറ്റിവരണ്ടിട്ടിട്ടു മാസങ്ങളായി. പൈപ്പുജല വിതരണം കൂടി അടിക്കടി തടസ്സപ്പെട്ടതു ഗ്രാമവാസികള്‍ക്ക് ആഘാതമായി. കിലോമീറ്ററുകളോളം നടന്നു നദിയില്‍നിന്നു ജലം ശേഖരിച്ചുകൊണ്ടുവന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണു നിലവില്‍. അനിയന്ത്രിതമായ മണലൂറ്റുമൂലം വാമനപുരം നദി വറ്റിവരണ്ടു. നദിയുടെ മിക്കഭാഗത്തും മണല്‍കുഴികളില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. നീരൊഴുക്കു ഗണ്യമായി കുറഞ്ഞതോടെ നദിയുടെ ചില ഭാഗങ്ങള്‍ നിശ്ചലമായി കിടക്കുന്നു. ജലക്ഷാമം അതിരൂക്ഷമായതോടെ നദിയിലെ മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.

കല്ലാറിലേക്കു വനത്തില്‍നിന്ന് ഒഴുകിയെത്തിയിരുന്ന വെള്ളച്ചാട്ടങ്ങളും മെലിഞ്ഞുണങ്ങി. ചില വെള്ളച്ചാട്ടങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. ആദിവാസിമേഖലയിലെ സ്ഥിതിയും വിഭിന്നമല്ല. പേപ്പാറ ഡാമിലും ജലനിരപ്പു കുറഞ്ഞു. വനാന്തരങ്ങളിലും ചൂടു വ്യാപിച്ചതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ശല്യം തുടങ്ങി. വനത്തിലും കഠിനമായ ജലക്ഷാമം നേരിടുന്നതായി ആദിവാസികള്‍ പറഞ്ഞു. പേപ്പാറ ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ആനകളുടെ എണ്ണവും വര്‍ധിച്ചു. ജൂണ്‍ മാസം പകുതിയാകുമ്പോഴെങ്കിലും മഴ തിമര്‍ത്തുപെയ്യുമെന്ന പ്രതീക്ഷയില്‍ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണു കര്‍ഷകരും മറ്റും.

Monday, May 14, 2012

നാല് ദിവസമായി കുടിവെള്ളമില്ല


പാലോട്: പാലോട് പമ്പ് ഹൗസിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ നാലുദിവസമായി കുടിവെള്ളം മുടങ്ങുന്നതായി പരാതി. പ്ലാവറ, കള്ളിപ്പാറ, പാലോട് ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളം സ്ഥിരമായി മുടങ്ങുന്നത്. ചൊവ്വാഴ്ച രാവിലെ വെള്ളം ലഭിച്ചിരുന്നു. തുടര്‍ന്ന് ലൈനില്‍ വെള്ളം വന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ആസ്​പത്രി, ഹോട്ടല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തകരാറിലാണ്.

Thursday, May 3, 2012

കുണ്ടാളംകുഴിയില്‍ പമ്പിങ് നിലച്ചു; മോട്ടോര്‍ രണ്ടും തകരാറില്‍

പെരിങ്ങമ്മല: രണ്ട് മോട്ടോറുകളും തകരാറിലായതോടെ കുണ്ടാളംകുഴി പമ്പ്ഹൗസ് പൂട്ടിയിട്ട നിലയിലായി. ജലവിതരണം പാടേ നിലച്ചു. വല്ലപ്പോഴും മാത്രം പ്രവര്‍ത്തിച്ചിരുന്ന പമ്പാണ് മൂന്ന് മാസമായി പൂര്‍ണമായും നിലച്ചത്. രണ്ട മോട്ടോറുകളില്‍ ഒന്ന് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നില്ല. പകരം പ്രവര്‍ത്തിപ്പിക്കേണ്ടിയിരുന്ന രണ്ടാമത്തെ മോട്ടോറാണ് ഇപ്പോള്‍ തകരാറിലായാത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പമ്പിങ് നിലയ്ക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കുടിവെള്ളമെത്തിക്കുന്നത് കുണ്ടാളംകുഴി പമ്പ് ഹൗസില്‍ നിന്നുമാണ്. കുണ്ടാളംകുഴി പമ്പ് ഹൗസ് ഏത് സമയവും നിലയ്ക്കുമെന്ന അവസ്ഥയെപ്പറ്റി രണ്ടാഴ്ച മുമ്പ് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 22 വര്‍ഷമായി ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ട്. ചുവരില്‍ തൊട്ടാല്‍ വൈദ്യുതാഘാതം എല്‍ക്കുന്ന സ്ഥിതി. വെള്ളം ശേഖരിക്കുന്ന ഗ്യാലറി ചെളികയറി അടഞ്ഞു. കിണര്‍ ശുചീകരിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയായി. ക്ലോറിന്‍ തട്ടുക മാത്രമാണ് ഏക ജോലി.

ഇപ്പോള്‍ രണ്ടാമത്തെ മോട്ടോര്‍ ബെയറിങ് നശിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കോയമ്പത്തൂരില്‍ കൊണ്ടുപോയി നന്നാക്കിയിരുന്നു. ഇവിടെ കൊണ്ടുവന്ന് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇതേ മോട്ടോറിന്റെ കോയില്‍ തകരാറിലായി. മോട്ടോര്‍ വീണ്ടും കോയമ്പത്തൂരിലേക്ക്. ഈ കാലയളവിലെല്ലാം പമ്പുഹൗസ് പ്രവര്‍ത്തനം പാടെ നിലയ്ക്കുകയാണ്.

അടിന്തരഘട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട പമ്പിനാണ് ഈ ഗതികേട്. എന്തുകൊണ്ട് പ്രധാന മോട്ടോര്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നില്ലെന്ന ചോദ്യത്തിന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് വ്യക്തമായ മറുപടിയില്ല. കാര്യക്ഷമതയില്ലാത്ത മോട്ടോറുകള്‍ ഘടിപ്പിച്ചതാണ് തകരാറിന് കാരണമെന്നും പറയുന്നു. സ്ഥിതി ദയനീയമായി തുടരവേ പെരിങ്ങമ്മല, കൊല്ലരുകോണം, മാന്തുരത്തി, ചിപ്പന്‍ചിറ, പറക്കോണം, ചൂണ്ടാമല, എന്‍.എസ്. ജങ്ഷന്‍, പ്ലാമൂട് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ വെള്ളം കിട്ടാതെ നെട്ടോട്ടത്തിലാണ്.

Tuesday, May 1, 2012

വിതുരയില്‍ ഇന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും

Add caption
വിതുര. പഞ്ചായത്തില്‍ അഞ്ചു ദിവസമായി തടസ്സപ്പെട്ട പൈപ്പ്ജല വിതരണം ഇന്നു പുനഃസ്ഥാപിക്കുമെന്ന് എഇ അറിയിച്ചു. നാലു ദിവസം മുന്‍പു ശക്തമായ ഇടിമിന്നലേറ്റതിനെ തുടര്‍ന്നു താവക്കല്‍ പമ്പ്ഹൌസിലെ രണ്ടു മോട്ടോറും കത്തിനശിച്ചിരുന്നു. ഇതോടെ പഞ്ചായത്തില്‍ കുടിവെള്ള വിതരണം പൂര്‍ണമായി നിലയ്ക്കുകയും ജനം കുടിനീരിനായി നെട്ടോട്ടമോടുകയും ചെയ്തു. കടുത്ത വേനലിനെ തുടര്‍ന്നു വിതുര മേഖലയിലെ കിണറുകളും മറ്റു ജലസ്രോതസുകളും വറ്റി വരണ്ടുകിടക്കുകയായിരുന്നു.

നാട്ടുകാര്‍ പൈപ്പ്ജലത്തെയാണ് ആശ്രയിച്ചിരുന്നത്. ഹോട്ടലുകളും പൈപ്പ്ജലത്തെ ആശ്രയിച്ചു കച്ചവടം നടത്തുന്നവരും മറ്റും കടകള്‍ പൂട്ടിയിട്ടു. കുടിവെള്ളം ലഭ്യമാകാതെവന്നതോടെ ശക്തമായ ജനരോഷം ഉയരുകയും ചെയ്തു. കുടിനീര്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസമായി ടാങ്കര്‍ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്തുവരികയാണ്. മുപ്പത് കിലോമീറ്റര്‍ ദൂരെ അരുവിക്കര ഡാമില്‍ നിന്നു ജലം ശേഖരിച്ചുകൊണ്ടുവന്നാണു വിതരണം ചെയ്യുന്നത്.

നാട്ടുകാര്‍ ക്യൂ നിന്നാണു ജലം വാങ്ങുന്നത്. രണ്ടു പമ്പും ഒരുമിച്ചു കേടായതുമൂലമാണു കുടിവെള്ളം മുടങ്ങിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഏതായാലും അടിക്കടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതു നാട്ടുകാര്‍ക്കു തലവേദനയായിട്ടുണ്ട്. താവക്കല്‍ പമ്പ് ഹൌസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ താവക്കല്‍
പമ്പ്ഹൌസില്‍ മൂന്നു പമ്പ് ഉണ്ട്.

ഇതില്‍ ഒരെണ്ണം കാലപ്പഴക്കംമൂലം കേടായതായി പറയുന്നു. കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ പമ്പിന് ഒാര്‍ഡര്‍ ചെയ്തിതിട്ടുണ്ടെന്നും ഇൌ ആഴ്ച തന്നെ പുതിയ പമ്പ് സ്ഥാപിക്കുമെന്നും എഇ അറിയിച്ചു.

വിതുരയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച; മോട്ടോര്‍ അറ്റകുറ്റപ്പണി മന്ദഗതിയില്‍

വിതുര: വിതുര മേഖലയിലെ കുടിവെള്ള പൈപ്പുകള്‍ കാഴ്ചവസ്തുവായിട്ട് ഒരാഴ്ച പിന്നിടുന്നു. വെള്ളം പമ്പ് ചെയ്യേണ്ട താവയ്ക്കല്‍ പമ്പുഹൗസിലെ മൂന്ന് മോട്ടോറുകളും പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണം. മോട്ടോറിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കോയമ്പത്തൂരില്‍ നിന്ന് വരുന്നതും കാത്തിരിക്കുകയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍. ഇതിനിടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ ജലവിതരണം തുടങ്ങിയെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ വെള്ളത്തിനായി പരക്കം പായുകയാണ്.

താവയ്ക്കല്‍ പമ്പ്ഹൗസിലെ മൂന്ന് മോട്ടോറുകളും ഒരുമിച്ച് കേടായത് ദുരൂഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പുണ്ടായ മിന്നലിലാണ് പമ്പുകള്‍ കേടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആദ്യം കേടായവ യഥാസമയം നന്നാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

വെള്ളം കിട്ടാതായതോടെ വിതുരസാമൂഹികാരോഗ്യകേന്ദ്രം, ഹോട്ടലുകള്‍, ബാങ്കുകള്‍, സ്‌കൂള്‍ തുടങ്ങിയവ ഒന്നടങ്കം പ്രതിസന്ധിയിലായി. ഇതോടെ കിണര്‍വെള്ളം സ്വപ്നം മാത്രമായ പോറ്റിക്കുന്ന്, പറങ്കിമാന്തോട്ടം തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ നെട്ടോട്ടത്തിലുമായി. ഡി.വൈ.എഫ്.ഐ. നടത്തിയ പഞ്ചായത്തോഫീസ് ഉപരോധത്തെ തുടര്‍ന്നാണ് ടാങ്കര്‍ ലോറി അയക്കാന്‍ തീരുമാനമായത്. ജനങ്ങള്‍ക്കുവേണ്ടിയാണ് സമരം നടത്തിയതെങ്കിലും പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കള്ളക്കേസ് എടുത്തതായി ഡി.വൈ.എഫ്.ഐ. ഭാരവാഹികള്‍ പറയുന്നു