WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label Accident. Show all posts
Showing posts with label Accident. Show all posts

Sunday, May 27, 2012

ദുരന്ത സ്മരണയില്‍ ഏഴുകുടിപ്പാലം; നെഞ്ചിടിപ്പോടെ രക്ഷിതാക്കള്‍

ചിത്രം:അപകടത്തെ തുടര്‍ന്നു തകര്‍ന്ന ജവാഹര്‍ കോളനി- ഏഴുകുടി ഹരിജന്‍ കോളനി പാലം




പാലോട്: കഴിഞ്ഞമാസം ഒടുവില്‍ നടന്ന അപകടത്തില്‍ മരിച്ചത് രണ്ടുപേര്‍. മൂന്നുപേര്‍ നട്ടെല്ലുതകര്‍ന്ന് കിടപ്പിലും. ഇതിനുമുമ്പ് നടന്ന അപകടങ്ങളുടെ ഓര്‍മകള്‍കൂടി നിറയുന്നതോടെ ജവഹര്‍ കോളനി-ഏഴുകുടി-കാക്കാഞ്ഞിരക്കരപാലം ഉപയോഗിക്കുന്ന നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പ് കൂടുന്നു. കാരണം സ്‌കൂള്‍ തുറക്കാന്‍ അവശേഷിക്കുന്നത് ദിവസങ്ങള്‍മാത്രം. പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും പുതിയ പാലം വരുമെന്ന് പ്രതീക്ഷിച്ചിരുന്നതിനിടെയാണ് കഴിഞ്ഞ മാസാവസാനം രണ്ടുപേരുടെ ജീവന്‍കൂടി പാലം കവര്‍ന്നത്.

ജവഹര്‍കോളനി-കാക്കാണിക്കര, ഏഴുകുടി പ്രദേശങ്ങളെ ബന്ധിപ്പിച്ച് 1986-ലാണ് മൂന്ന് സിമന്റ് സ്ലാബുകള്‍ പണിതത്. തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി അതൊരു പാലമായി. ആദ്യം ചെറിയ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ഇപ്പോള്‍ ലോറികള്‍ ഉള്‍പ്പെടെ ഓടുന്നു. അസ്ഥികൂടം കണക്കെ മെല്ലിച്ച പാലത്തിലൂടെ ഇപ്പോള്‍ ഓടുന്നത് മൂന്ന് സ്‌കൂള്‍ ബസ്സുകളാണ്. ഓരോതവണ പാലം കടന്നുകിട്ടുമ്പോഴും രക്ഷിതാക്കള്‍ മുഴുവന്‍ ദൈവങ്ങളെയും വിളിക്കാറുണ്ട്.

ഏഴുകുടി ഹരിജന്‍കോളനിയിലെ നൂറുകണക്കിന് താമസക്കാര്‍ക്കും ഈ പാലമാണ് ആശ്രയം. പാലം സാധ്യമായാല്‍ ടി.എസ്. റോഡില്‍നിന്നും ഭരതന്നൂര്‍ -പാങ്ങോട് വഴി എം.സി. റോഡിലെത്താനും എളുപ്പമാകും. ജവഹര്‍കോളനി ഗവ. യു.പി.എസ്,കാക്കാണിക്കര യു.പി.എസ്, കൊല്ലായില്‍ എസ്.എന്‍.യു.പി.എസ്. എന്നിവിടങ്ങളില്‍ പോകേണ്ട നൂറുകണക്കിന് കുട്ടികളാണ് പ്രതിദിനം ഈ പാലം ഉപയോഗിക്കുന്നത്.

കഴിഞ്ഞമാസം പാലത്തില്‍നിന്നും താഴെ മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പ്പെട്ട് സുജിത്ത് (28), സുഭാഷ് (29) എന്നിവര്‍ മരിച്ചു. ഇതേ അപകടത്തില്‍പ്പെട്ട ജവഹര്‍ കോളനി സ്വദേശികളായ സൈനുദ്ദീന്‍, വിഷ്ണു, സജി എന്നിവര്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആസ്​പത്രിക്കിടക്കയിലാണ്.

പുതിയ പാലം എന്ന ആവശ്യത്തിനുവേണ്ടി നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികളെല്ലാം കൈമലര്‍ത്തുന്നപക്ഷം ടി.എസ്. റോഡ് തടഞ്ഞുള്ള സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Sunday, May 13, 2012

പൊന്‍മുടിയില്‍ ലോറി കൊക്കയിലേക്കു മറിഞ്ഞു; ഡ്രൈവറടക്കം അഞ്ചുപേരും രക്ഷപ്പെട്ടു


വിതുര.  തമിഴ്നാട്ടില്‍ നിന്ന് ഇഷ്ടിക കയറ്റിവന്ന ലോറി പൊന്‍മുടി കുളച്ചിക്കര പതിനൊന്നാംവളവിനു സമീപം അഗാധമായ കൊക്കയിലേക്കു മറിഞ്ഞു.  ലോറിഡ്രൈവര്‍ തമിഴ്നാട് മാര്‍ത്താണ്ഡം ഉണ്ണാമലൈക്കടൈ പയണം സ്വദേശി എളിന്‍ മോഹന് (32) പരുക്കേറ്റു.  ഇയാളെ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളായ എസ്.ഗണേഷ്കുമാര്‍ (30), ടി. സുഖി (31), സി. ബിജിന്‍ (20), ടി. ജപരാജ് (30) എന്നിവര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ഐഎസ്ആര്‍ഒ പൊന്‍മുടി അപ്പര്‍ സാനറ്റോറിയത്തില്‍ നിര്‍മിക്കുന്ന ഐഎഎസ്ടി ഉപകേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ത്താണ്ഡത്തു നിന്നു ചുടുകല്ല് കയറ്റിവന്ന ലോറിയാണ് ഇരുനൂറ് അടിയോളം താഴ്ചയിലേക്കു മറിഞ്ഞത്. അമിതമായി ഇഷ്ടിക കയറ്റിയതിനാല്‍ കുത്തനെയുള്ള കയറ്റത്തു ലോറി കയറിയില്ല. ലോറി നടുറോഡില്‍ നിന്നതിനെ തുടര്‍ന്നു ക്ളീനറും സഹായികളും ലോറിയില്‍ നിന്നിറങ്ങി.

ലോറിക്ക് അടവച്ചു കയറ്റുകയായിരുന്നു.  പെട്ടെന്നു റോഡരികിടിഞ്ഞു ലോറി തലകീഴായി ഉയര്‍ന്ന്  അഗാധമായ കൊക്കയിലേക്കു പതിക്കുകയായിരുന്നു. ഡ്രൈവര്‍ ലോറിയില്‍ നിന്നു തെറിച്ചുവീണു. മറ്റു നാലുപേരും ചാടി രക്ഷപ്പെട്ടു. കൊക്കയിലേക്കുള്ള വീഴ്ചയുടെ ആഘാതത്തില്‍
ലോറി ഛിന്നഭിന്നമായി.  അപകടവാര്‍ത്തയറിഞ്ഞു നെടുമങ്ങാട്ടു നിന്നു ഫയര്‍ഫോഴ്സ് യൂണിറ്റും വിതുര, പൊന്‍മുടി സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തി. ലോറിയില്‍ നിന്നു തെറിച്ചുവീണു നെറ്റിയില്‍ മുറിവേറ്റു ചോര വാര്‍ന്നൊഴുകിയെങ്കിലും പരുക്ക് വകവയ്ക്കാതെ ഡ്രൈവര്‍ എളിന്‍ മോഹന്‍ കൊക്കയില്‍ നിന്നു കയറിവന്നു.

Monday, April 30, 2012

ലോറി അപകടത്തില്‍ മരിച്ച സുഹൃത്തുക്കള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ANWAR SHAN PALODE



പാലോട്: റബ്ബര്‍ തടി കയറ്റിവന്ന ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടത്തില്‍ മരിച്ച കയറ്റിയിറക്ക് തൊഴിലാളികള്‍ക്ക് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കണ്ണീരോടെ വിടനല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പാലോട് ജങ്ഷനില്‍ പൊതുദര്‍ശനത്തിന് വെച്ച സുഭാഷിന്റെയുംജോജോയുടെയും മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു ജവഹര്‍ കോളനിയില്‍ നിന്നും കാക്കാണിക്കരയിലേയ്ക്ക് പോകുന്ന തടി കയറ്റിവന്ന ലോറി പാലത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ മരിച്ച ദുരന്തത്തില്‍ ലോറിയിലുണ്ടായിരുന്ന അഞ്ചു പേര്‍ വളരെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ജോജോ, സുഭാഷ് എന്നിവരോടൊപ്പം ലോറിക്കടിയില്‍പ്പെട്ട് അപകടത്തിലായ വിഷ്ണു, സജിമോന്‍, സൈനുദ്ദീന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. പാലോട് ജങ്ഷനില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍. എ., ജില്ലാ പഞ്ചായത്തംഗം സോഫീതോമസ്, വി.കെ.മധു, പി.വത്സല എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ജോജോയുടെ മൃതദേഹം പാലോട് കുന്നുംപുറത്ത് വീട്ടിലും സുഭാഷിന്‍േറത് ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍ 10-ലും സംസ്‌കരിച്ചു. ജോജോയുടെ മരണത്തോടെ കുടുംബം തികച്ചും അനാഥമാവുകയാണ്. ജോജോയുടെ പിതാവ് റോബിന്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ ശരീരത്തിന്റെ ഒരുവശം തളര്‍ന്ന് കിടപ്പാണ്. അമ്മ സുശീലയാകട്ടെ ഹൃദ്‌രോഗം ബാധിച്ച് ചികിത്സയിലും.

ജവഹര്‍ കോളനി ജങ്ഷനില്‍ രണ്ടുപേരുടെയും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളില്‍പ്പെട്ടവര്‍, യൂണിയന്‍ നേതാക്കള്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആയിരങ്ങളാണ് ഇവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ജവാഹര്‍ കോളനിയിലെ ദുരന്തം നാടിനെ നടുക്കി

പാലോട്. ജവാഹര്‍ കോളനിയിലെ ദുരന്തം അക്ഷരാര്‍ഥത്തില്‍ നാടിനെ നടുക്കി. നടുക്കത്തില്‍നിന്ന് വിട്ടുമാറാതെ നാട്ടുകാര്‍ നില്‍ക്കുമ്പോള്‍, വൈകുന്നേരം വരെ തോളോടു തോളുരുമ്മി തങ്ങളോടൊപ്പം കളി ചിരി പങ്കുവച്ചു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ജോജോയും സുഭാഷും   നഷ്ടപ്പെട്ട വിവരം വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു സഹ തൊഴിലാളികള്‍. തേങ്ങലടക്കാനാവാതെ സുഹൃത്തുക്കളും.

കുടുംബങ്ങളുടെ അത്താണിയായിരുന്ന രണ്ടു പേരുടെ  വേര്‍പാടും  അകാലത്തില്‍ തന്നെ. സുഭാഷ് അവിവാഹിതനാണെങ്കിലും രോഗിയായ അച്ഛന്‍ ജോര്‍ജിന്റെയും അമ്മ ശൈലജയുടെയും അത്താണിയായിരുന്നു. മകന്റെ വേര്‍പാട് ഇവര്‍ക്കു താങ്ങാനാവുന്നില്ല. പറക്കമുറ്റാത്ത മകനെ അമ്മയെ ഏല്‍പ്പിച്ചാണു ജോജോ വിടവാങ്ങിയത്.  അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിയുന്ന മറ്റു തൊഴിലാളികള്‍ സുഖം പ്രാപിക്കുന്നു.

ജവാഹര്‍കോളനി അപകടം: പാലം പൊളിച്ചു പണിയണമെന്നു നാട്ടുകാര്‍
പാലോട്. ജവാഹര്‍കോളനിയില്‍ രണ്ടു തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ഇവിടത്തെ സംരക്ഷണ ഭിത്തിയില്ലാത്ത വീതികുറഞ്ഞ പാലവും റോഡുമാണെന്നു നാട്ടുകാര്‍ ആരോപിച്ചു. 1992ല്‍  പാലം പണിതപ്പോള്‍ വീതി കൂട്ടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. അതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായതെന്ന് അവര്‍ ആരോപിച്ചു. 'കാട്ടിക്കൂട്ടിയ പാലമാണ്
അന്നു പണിതതെന്നും, പാലം ബലക്ഷയത്തിലാണെന്നും, അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കാക്കാണിക്കര, ഏഴുകുടി, സേനാനിപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ജവാഹര്‍കോളനി ഗവ. യുപി സ്കൂളിലേക്കുള്ള സ്കൂള്‍ ബസ് അടക്കമുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന റൂട്ടിലെ സംരക്ഷണഭിത്തിയില്ലാത്ത പാലത്തിന്റെ ശോച്യാവസ്ഥ ആശങ്കയുളവാക്കുകയാണ്. പാലം പൊളിച്ചു പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം തയാറാക്കി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു  നല്‍കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ്.

Sunday, April 29, 2012

ലോറി മറിഞ്ഞു രണ്ടുപേര്‍ മരിച്ചു


പാലോട് തടി കയറ്റി വന്ന ലോറി പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞു രണ്ടുപേര്‍ മരിച്ചു

Friday, April 27, 2012

പാലോട് സര്‍ക്കിള്‍ ഓഫീസിന് മുകളില്‍ കൂടി മരം പിഴുതുവീണു


പാലോട്: പാലോട് സര്‍ക്കിള്‍ സ്റ്റേഷന് സമീപത്തുനിന്ന വലിയ പൂമരം ഓഫീസിന് മുകളിലൂടെ കടപുഴകിവീണു. കെട്ടിടത്തിന്റെ മേല്‍ക്കൂര, ഓടുകള്‍ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ട്. കുറേ ഫയലുകളും മഴയില്‍പ്പെട്ട് നശിച്ചു. തൊണ്ടി മുതലായി സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന ഒരു കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിലാണ് ഈ മരം അപകടത്തില്‍പ്പെട്ട് നിന്നത്.

Tuesday, April 24, 2012

ചക്ക തലയില്‍ വീണു പരുക്കേറ്റ വീട്ടമ്മ മരിച്ചു


വിതുര. ചക്ക അടര്‍ത്തുന്നതിനിടയില്‍  തലയില്‍ വീണു ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന പുളിച്ചാമല പരപ്പാറ റോഡരികത്തു വീട്ടില്‍ കെ. സലീമിന്റെ (ഗള്‍ഫ്) ഭാര്യ റജില (33) മരിച്ചു.  സംസ്കാരം ഇന്നു രാവിലെ 9.30നു തൊളിക്കോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ശനിയാഴ്ച രാവിലെ വീട്ടുവളപ്പിലാണു സംഭവം. ചക്ക അടര്‍ത്തിയപ്പോള്‍ കൊമ്പില്‍ തട്ടി തലയില്‍ വീഴുകയായിരുന്നു.

കഴുത്തിനാണു ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പുളിച്ചാമല വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളിയും കുടുംബശ്രീ പ്രവര്‍ത്തകയുമാണ്. റജിലയുടെ പിതാവ് മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മാതാവും മരിച്ചു. മാതാവ് മരിച്ച് ഒരു വര്‍ഷം തികഞ്ഞപ്പോഴാണു റജിലയും മരിച്ചത്. വിദേശത്തു ജോലിചെയ്യുന്ന റജിലയുടെ ഭര്‍ത്താവ് സലീം ഇന്നു രാവിലെ നാട്ടിലെത്തിയശേഷമാണു സംസ്കാരം. മക്കള്‍: വിദ്യാര്‍ഥികളായ റിസ്വാനത്ത് (10), അബ്ദുല്‍ റസാക്ക് (ഏഴ്).

Monday, April 23, 2012

കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ ടയറുകള്‍ ഊരിത്തെറിച്ച് അപകടം പതിവാകുന്നു


പാലോട്: പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നും കഴിഞ്ഞ രണ്ട് ദിവസമായി ഓട്ടംപോയ ബസ്സുകള്‍ രണ്ടും മെക്കാനിക്കല്‍ തകരാര്‍ കാരണം വഴിയില്‍ അപകടം സംഭവിച്ചു. രണ്ടപകടങ്ങളിലും തലനാരിഴയ്ക്കാണ് നൂറുകണക്കിന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച നെടുമങ്ങാട്-കുളത്തൂപ്പുഴ സര്‍വീസ് നടത്തിയ ആര്‍.ടി. 130 എന്ന ബസ് വഞ്ചുവം ഇറക്കം ഇറങ്ങുന്നതിനിടെ 'സ്റ്റിയറിങ് റാഡ് എന്‍ഡ്' ഊരി നിയന്ത്രണംവിട്ടു. കൊടും വളവും ഇറക്കവുമായിരുന്നിട്ടും ഡ്രൈവറുടെ മനോധൈര്യംകൊണ്ടുമാത്രം സമീപത്തെ മണ്‍തേരിയില്‍ ഇടിച്ച് ബസ് നിര്‍ത്തുകയായിരുന്നു.

ഉച്ചയ്ക് 3.30ന് ഈ അപകടം നടക്കുമ്പോള്‍ ബസ്സില്‍ 82 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ ഭാഗ്യംകൊണ്ടുമാത്രമാണ് ആര്‍ക്കും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ചയും സമാനമായ അപകടം നടന്നു. നെടുമങ്ങാട്ടുനിന്നും അഗ്രിഫാമിലേക്ക് വരികയായിരുന്ന ആര്‍.ടി. 130 എന്ന ബസ്സാണ് മുന്‍ ചക്രം ഊരിത്തെറിച്ച് വലിയ അപകടത്തില്‍പ്പെട്ടത്.

കല്ലംപാറ വളവിനടുത്തെ തടി മില്ലിനടുത്തുവെച്ചാണ് ബസ്സിന്റെ ഇടതുവശത്തെ ചക്രം ഊരി തടിക്കൂട്ടത്തിന്റെ മുകളിലേക്ക് പോയത്. എന്നിട്ടും ബസ് ആക്‌സില്‍ തറയിലുരഞ്ഞ് ഇരുപത് മീറ്ററിലധികം ദുരം സഞ്ചരിച്ചു. അപകടസമയത്ത് ബസ്സില്‍ 80 യാത്രക്കാരുണ്ടായിരുന്നു. കൂട്ട നിലവിളിയും നിലയ്ക്കാത്ത പ്രാര്‍ഥനയുംകൊണ്ടാണ് വന്‍ ദുരന്തത്തില്‍നിന്നും യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടത്. തടിമില്ലിലെ തടി ഇല്ലായിരുന്നെങ്കില്‍ ബസ് ഒരുപക്ഷേ സമീപത്തെ തോട്ടിലേക്ക് മറിയുമായിരുന്നു.

ബോര്‍ഡ്‌ലൈറ്റും വൈപ്പറുകളും ബ്രേക്കും ഇല്ലാതെ ഓടുന്ന ജന്റം ബസ്സുകളും പാലോട് ഡിപ്പോയിലെ മാത്രം കാഴ്ചയാണ്. അധികൃതരുടെ അശ്രദ്ധയും നിരന്തരപരിശോധനയും ഇല്ലാത്തതുകാരണം സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മിക്കപ്പോഴും രക്തസാക്ഷികളാകുന്നത് ഈ ഡിപ്പോയിലെ പാവം ഡ്രൈവര്‍മാരാണ്. സമീപകാലങ്ങളില്‍ പച്ചമല ബസ്സില്‍ നടന്ന അപകടംപോലും ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Friday, March 30, 2012

ബൈക്ക് അപകടം: ദേവസ്വം ബോര്‍ഡിന്റെ ശബരിമല ജീവനക്കാരന്‍ മരിച്ചു

വിതുര. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു വിതുര ചാരുപാറ കിഴക്കിന്‍കര റോഡരികത്തു വീട്ടില്‍ ബാലകൃഷ്ണന്‍നായരുടെ മകന്‍ വിനോദ്(37) മരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്. അഞ്ചു വര്‍ഷമായി ശബരിമലയിലാണു ജോലി നോക്കിയിരുന്നത്.  കരകുളം ഏണിക്കര ആറാംകല്ലിനു സമീപംവച്ചാണ് അപകടം. ബൈക്ക്  ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചാണ്  അപകടം. ഭാര്യ പാലോട് കുന്നുമ്പുറം രാജി ഭവനില്‍ രാജിക. മക്കള്‍ ഹരികൃഷ്ണന്‍, യദുകൃഷ്ണന്‍. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Tuesday, March 27, 2012

സ്വകാര്യബസ് വീട്ടിലേക്ക് ഇടിച്ചുകയറി 25 പേര്‍ക്ക് പരിക്കേറ്റു.



നിലമേല്‍-മടത്തറ റോഡില്‍ തുമ്പമണ്‍തൊടിയില്‍ സ്വകാര്യബസ് വീട്ടിലേക്ക് ഇടിച്ചുകയറി 25 പേര്‍ക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മറ്റുള്ളവരെ കടയ്ക്കല്‍ ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. ആറ്റിങ്ങലില്‍നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ് തുമ്പമണ്‍തൊടിയില്‍ മജ്‌നുവിന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വീടിന്റെ മുന്‍ഭാഗം തകര്‍ന്നു.

ചോഴിയക്കോട് ചരുവിള പുത്തന്‍വീട്ടില്‍ അജിത (25), കിഴക്കുംഭാഗം ഷമീന മന്‍സിലില്‍
കാസിംകുഞ്ഞ് (65), കല്ലുവെട്ടാംകുഴി നിയാസ് മന്‍സിലില്‍ ഷംനാദ്(18), ചോഴിയക്കോട് ശ്യാമാലയത്തില്‍ ശ്യം (23), ഇലവുപാലം സജിന ഭവനില്‍ ശോഭനന്‍ (60), ബസ് കണ്ടക്ടര്‍ കടയ്ക്കല്‍ ആല്‍ത്തറമൂട് വിനോദ്ഭവനില്‍ ദീപു (32), തുമ്പമണ്‍തൊടി തസ്‌ലിം (18) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.

മടത്തറ ജാസ്മി മന്‍സിലില്‍ ജാസ്മി (21), മഹാഗണി ബ്ലോക്ക് 5-ല്‍ ശോഭ (25), കല്ലുവെട്ടാംകുഴി ബ്ലോക്ക് 13-ല്‍ റിയാസ് (18), കല്ലുവെട്ടാംകുഴി നിയാസ് മന്‍സിലില്‍ ഷഹബാസ് (18), കുളത്തൂപ്പുഴ ഷീബ മന്‍സിലില്‍ ഷൈനു (38), കുളത്തൂപ്പുഴ മലയില്‍വീട്ടില്‍ സോഫിയ (27), നൂറുല്‍ സലാമില്‍ അന്‍സാര്‍ (28), ആയിരവല്ലിക്കുന്ന് ശശാങ്കന്‍ (41), ശിവന്‍മുക്ക് വട്ടവിളവീട്ടില്‍ സേതുലക്ഷ്മി (18), ശാസ്താംനട ചരുവിളവീട്ടില്‍ ഷിബു (25), ഓന്തുപച്ച വയലിറക്കത്ത് ആര്യ (12), മടത്തറ എം. എസ്.മന്‍സിലില്‍ സജിത (24), ചെറുവള്ളിമുക്ക് ചരുവിളവീട്ടില്‍ ശിവന്‍ പിള്ള (62), മടത്തറ ബ്ലോക്ക് 6-ല്‍ സുഭാഷിണി (65), മംഗലത്തുവീട്ടില്‍ ഷബിന (16), കുളത്തൂപ്പുഴ സോഫിയ ഭവനില്‍ അസുമാബീവി (73), ചോഴിയക്കോട് ചരുവിളവീട്ടില്‍ സുരേഷ് (32), കുളത്തൂപ്പുഴ സഫിയ മന്‍സിലില്‍ സുലേഖാബീവി (41), എന്നിവരെയാണ് കടയ്ക്കല്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.Courtesy Mathrubhumi

തീപ്പൊള്ളലേറ്റ യുവതി കിണറ്റില്‍ച്ചാടി

പാലോട്: പാലോടിനുസമീപം തെന്നൂര്‍ സൂര്യകാന്തി നാലുസെന്റ് കോളനിയില്‍ സേതുവിന്റെ മകള്‍ സൗമ്യ (24) തീപ്പൊള്ളലേറ്റ നിലയില്‍ കിണറ്റില്‍ ചാടി. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. നാട്ടുകാരെത്തി സൗമ്യയെ പുറത്തെടുത്തപ്പോള്‍ ശരീരമാസകലം തീപ്പൊള്ളലേറ്റ അവസ്ഥയിലായിരുന്നു. അതീവഗുരുതരാവസ്ഥയിലായ സൗമ്യയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് സൗമ്യയുടെ ഭര്‍ത്താവും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. പാലോട് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു

Monday, February 27, 2012

ചേന്നന്‍പാറയില്‍ ബൈക്കപകടം: വിദ്യാര്‍ഥിക്കു പരുക്കേറ്റു


വിതുര. ചേന്നന്‍പാറ ജംക്ഷനിലുണ്ടായ  ബൈക്കപകടത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. വിതുര ഗവ. യുപിഎസിലെ ഏഴാംക്ളാസ് വിദ്യാര്‍ഥി അര്‍ഷാദിനും ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്കുമാണു പരുക്ക്. അര്‍ഷാദ് സ്കൂളിലേക്കു പോകാന്‍ ബസ് കയറുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍  ബൈക്ക് ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കാലുകള്‍ക്കു പരുക്കുണ്ട്.

Monday, February 6, 2012

കടം വീട്ടാന്‍ ദൂരെ ജോലിക്കുപോയ ഗൃഹനാഥന് ദാരുണാന്ത്യം


വിതുര: മൂത്ത മകളെ വിവാഹം കഴിപ്പിച്ച് അയച്ചതിന്റെ കടം വീട്ടാന്‍ കോട്ടയത്ത് തടിപ്പണിക്കുപോയ ഗൃഹനാഥന് അവിടെ ദാരുണ അന്ത്യം. വിതുര ആനപ്പെട്ടി ഗീതുഭവനില്‍ സുദര്‍ശന(48) നാണ് കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബസ് കയറി ശനിയാഴ്ച വൈകീട്ട് മരിച്ചത്. വീട്ടിലേക്ക് തിരിക്കാന്‍ സ്റ്റാന്‍ഡിലേക്ക് വന്ന സുദര്‍ശനന്‍ തിരുവനന്തപുരം ബസ്സിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ വീണാണ് അപകടമുണ്ടായത്.

മൂത്ത മകള്‍ ഗീതുവിന്റെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് സുദര്‍ശനന് കുറച്ച് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ ശമ്പളവും മറ്റും കിട്ടുമെന്നതിനാല്‍ കോട്ടയത്ത് കരാര്‍ ജോലിക്ക് പോവുകയായിരുന്നു. സുദര്‍ശനന്റെ രണ്ടാമത്തെ മകള്‍ നീതു വിതുരയിലെ മെഡിക്കല്‍ഷോപ്പില്‍ ജോലിക്ക് പോവുകയാണ്. മകന്‍ സൂരജ് പഠനത്തിനൊപ്പം തൊളിക്കോട്ടെ തടിക്കടയിലും ജോലിചെയ്യുന്നു. വീടുപണിക്കാരനായ സുദര്‍ശനന് മണ്‍കട്ട കൊണ്ട് പണിത സ്വന്തം വീടിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഞായറാഴ്ച രാവിലെ കോട്ടയത്ത് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ട് ആനപ്പെട്ടിയില്‍ എത്തിച്ച മൃതദേഹം രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശോഭനയാണ് ഭാര്യ. മരുമകന്‍: ഹര്‍ഷകുമാര്‍.

Tuesday, January 24, 2012

ടാന്‍സ്ഫോര്‍മര്‍ നിന്നുനിന്ന് നടുക്കായി


കല്ലറ : ഭരതന്നൂര്‍ ജംഗ്ഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത് റോഡിന്റെ ഒത്ത നടുക്കാണ്. കെഎസ്.ഇ.ബി കല്ലറ സെക്ഷന്റെ പരിധിയിലുള്ള ഭരതന്നൂര്‍ ഓവര്‍സിയര്‍ ഓഫീസിന് തൊട്ടടുത്താണ് ട്രാന്‍സ്ഫോര്‍ എന്നതാണ് ഏറെ കൌതുകം.ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുമ്പോള്‍ റോഡരികില്‍ തന്നെയായിരുന്നു. റോഡിന്റെ വീതി കൂട്ടിയപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന കാര്യം അധികൃതര്‍ മറന്നുപോയി. തുടര്‍ന്നിത് റോഡിന്റെ മധ്യഭാഗത്തായി. ഭരതന്നൂര്‍ പബ്ളിക് മാര്‍ക്കറ്റിന്റെ ഗേറ്റിനുമുന്നില്‍ റോഡില്‍ വളവിലാണ് ട്രാന്‍സ്ഫോര്‍മര്‍. അപകടമുണ്ടാകാന്‍ ഇതിനപ്പുറം വേറെന്ത് വേണം?

ചെറിയ ഒരു അശ്രദ്ധ മതി വാഹനങ്ങള്‍ ഇതിനുള്ളിലേക്ക് ഇടിച്ച് കയറാന്‍. ജംഗ്ഷനില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഭാഗമാണിവിടം. ചന്ത ദിവസങ്ങളില്‍ തിരക്ക് പത്തിരട്ടിയാകും. അര ഏക്കറോളം വരുന്ന ഇവിടത്തെ പബ്ളിക് മാര്‍ക്കറ്റിലോ മറ്റോ പഞ്ചായത്തില്‍ നിന്ന് അനുവാദം വാങ്ങി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചു.

Monday, January 23, 2012

തിളച്ച മീന്‍കറി വീണ് പൊള്ളലേറ്റു യുവാവ് മരിച്ചു


വിതുര: തിളച്ച മീന്‍കറി ദേഹത്തുവീണ് പൊള്ളലേറ്റതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹോട്ടല്‍ ജീവനക്കാരനായ യുവാവ് മരിച്ചു. വിതുര കോട്ടിയത്തറ മണ്‍പുറത്തു വീട്ടില്‍ തുരുത്തി ബഷീര്‍, നബീസ ദമ്പതികളുടെ മകന്‍ ബി. സുധീര്‍ഖാന്‍(34) ആണു മരിച്ചത്.

തിരുവനന്തപുരം കണ്ണേറ്റുമുക്കിലുള്ള ഹോട്ടലില്‍വച്ച് ശനിയാഴ്ച ഉച്ചയ്ക്കാണു തിളച്ച മീന്‍കറി ദേഹത്തുവീണു ഗുരുതരമായി പൊള്ളലേറ്റത്്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ശനിയാഴ്ചയാണു സുധീര്‍ഖാന്‍ കണ്ണേറ്റുമുക്കിലെ ഹോട്ടലില്‍  ജോലിക്കെത്തിയത്. അടുക്കളയില്‍ ജോലിചെയ്യവേ ഉച്ചയോടെ കുഴഞ്ഞുവീണുവെന്നും വീണപ്പോള്‍ പാത്രത്തില്‍ തട്ടി തിളച്ചമീന്‍കറി ദേഹത്തു വീണതായും കടയുടമ മൊഴിനല്‍കിയതായി പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വിതുര ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മരണത്തില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി സുധീര്‍ഖാന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുധീര്‍ഖാനു ഭാര്യയും രണ്ടു മക്കളുമുണ്ട്.

Sunday, January 22, 2012

റബ്ബര്‍ സംഭരണശാലയ്ക്ക് തീപിടിച്ച് ഒരു കോടിയുടെ നാശനഷ്ടം

കല്ലറ: പാങ്ങോട് പാലുവള്ളിയില്‍ റബ്ബര്‍ സംഭരണശാലയ്ക്ക് തീപിടിച്ച് ഒരു കോടി രൂപയുടെ നാശനഷ്ടം. പാലുവള്ളി റസ്‌ല മന്‍സിലില്‍ അബ്ദുല്‍റഹ്മാന്റെ റബ്ബര്‍സംഭരണശാലയാണ് അഗ്‌നിക്കിരയായത്. ശനിയാഴ്ച രാവിലെ ആറിന് നാട്ടുകാരാണ് തീ കത്തുന്നതായി കണ്ടത്.

60 ലക്ഷത്തോളം രൂപയുടെ റബ്ബര്‍ഷീറ്റ് നശിച്ചതായാണ് കണക്കുകൂട്ടല്‍. കല്ലറയിലെ റബ്ബര്‍വ്യാപാരിയാണ് അബ്ദുല്‍റഹ്മാന്‍. സംഭരണശാലയായ കോണ്‍ക്രീറ്റ്‌കെട്ടിടവും പൂര്‍ണമായി തകര്‍ന്നു. നെടുമങ്ങാട്, ആറ്റിങ്ങല്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിശമനസേനാ വിഭാഗമാണ് തീ കെടുത്തിയത്.

അപകടകാരണം വ്യക്തമായിട്ടില്ലെന്ന് പാങ്ങോട് എസ്.ഐ. പറഞ്ഞു. ഞായറാഴ്ച സയന്റിഫിക് അനാലിസിസ് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും അപകടസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.

Saturday, January 21, 2012

ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്


വിതുര: തോട്ടുമുക്ക് കവലയ്ക്കുസമീപം ബൈക്ക് കാറിലിടിച്ച് ബൈക്ക്‌യാത്രികന് സാരമായി പരിക്കേറ്റു. വിതുര ഹൈസ്‌കൂളിന് മുന്‍വശം ഷിബു മന്‍സിലില്‍ ഷിബുവിനാണ് (32) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഷിബുവിനെ മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ബസില്‍ നിന്നു തെറിച്ചുവീണു വീട്ടമ്മയ്ക്കു പരുക്കേറ്റു

വിതുര:  കെഎസ്ആര്‍ടിസി ബസില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണു വീട്ടമ്മയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു.  വിതുര മൂന്നാംനമ്പര്‍ ശാന്തിനഗര്‍ അനിതാ ഭവനില്‍ രാജേഷ്കുമാറിന്റെ ഭാര്യ മിനി (34)ക്കാണു പരുക്കേറ്റത്.  ഇന്നലെ ഉച്ചയ്ക്കു ബോണക്കാട്ടു നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ബസിലാണു സംഭവം. മൂന്നാംനമ്പര്‍ ശാന്തി നഗറില്‍ നിന്നാണു മിനി ബസില്‍ കയറിയത്. മൂന്നാംനമ്പര്‍ ജംക്ഷനു സമീപം വച്ചാണ്  അപകടം നടന്നത്.

വളവു തിരിഞ്ഞപ്പോള്‍ ബസിനകത്തു നിന്നിരുന്ന മിനി പിടിവിട്ടു ഡോറിലേക്കു  വീണുവെന്നും വീഴ്ചയെത്തുടര്‍ന്നു ഡോറിന്റെ ലോക്ക്  ഇളകുകയും ഡോര്‍ തുറന്നതോടെ  മിനി പുറത്തേക്കു റോഡില്‍ തലയിടിച്ചു വീഴുകയുമായിരുന്നുവെന്നും പറയുന്നു. മിനിയെ ഉടന്‍ തന്നെ അപകടം നടന്ന ബസില്‍ കയറ്റി വിതുരയില്‍ കൊണ്ടുവരികയും തുടര്‍ന്നു 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മിനി ഒബ്സര്‍വേഷനിലാണ്.

Tuesday, January 17, 2012

പെരിങ്ങമ്മലയില്‍ കാറപകടം

kL01 BB 3882 നമ്പര്‍ കാറാണ്‍ അപകടത്തില്‍പ്പെട്ടത്. ആളപായമില്ല...പെരിങ്ങമ്മലനിന്നും നൌഫല്‍ മോഅബൈലില്‍ പകര്‍ത്തിയ ദൃശ്യം