വിതുര: ന്യൂ ഇയര്‍ ആഘോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചു. ടൂറിസംകേന്ദ്രങ്ങളില്‍ യുവാക്കള്‍ കുപ്പികള്‍ പൊട്ടിച്ചാണു പുതുവര്‍ഷത്തെ വരവേറ്റത്. ബവ്റിജസ് ഷോപ്പുകളില്‍ പുതുവല്‍സരത്തലേന്നു മദ്യംവാങ്ങാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. മിക്ക മദ്യശാലകളിലും രാവിലെതന്നെ മദ്യം വാങ്ങാന്‍ എത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. മഴയെ അവഗണിച്ചു മണിക്കൂറുകളോളം ക്യൂ നിന്നാണു മദ്യം സ്വന്തമാക്കിയത്. വൈകിട്ടു തിരക്കു വര്‍ധിച്ചു. മദ്യശാലകളില്‍ ഡിസംബര്‍ 31നു റെക്കോര്‍ഡ് കലക്ഷന്‍ ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
മിക്ക ബവ്റിജസ് ഷോപ്പിലും പൊലീസിന്‍െറ നിയന്ത്രണത്തിലാണു മദ്യം വിറ്റഴിച്ചത്. തിരക്കു വര്‍ധിച്ചതോടെ ചില ഷോപ്പുകളില്‍ മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മില്‍ ചില്ലറ പ്രശ്നങ്ങളും ഉണ്ടായി. വിതുര ബവ്റിജസ് ഷോപ്പിലെ തിരക്ക് ഗതാഗത തടസ്സവുമുണ്ടാക്കി. മദ്യം വാങ്ങി വില്പന നടത്തുന്നവര്‍ രാവിലെ തന്നെ സഞ്ചിയുമായി എത്തി കുപ്പിക്കണക്കിനു മദ്യം വാങ്ങി. വൈകിട്ട് തിരക്ക് വര്‍ധിച്ചു. ഒന്നാം തീയതി മദ്യശാലയ്ക്ക് അവധി ആയതിനാല്‍ സമാന്തര ബാറുകള്‍ സജീവമായി. ബവ്റിജസ് അടഞ്ഞുകിടന്നെങ്കിലും ഇന്നലെയും വിദേശമദ്യം സുലഭമായി ഒഴുകി.
പുതുവല്‍സരം മുന്‍നിര്‍ത്തി പൊന്മുടി, ബോണക്കാട്, പേപ്പാറ വനമേഖലയില്‍ തമ്പടിച്ച് വാറ്റുലോബികള് വന്‍ തോതില്‍ ചാരായം വാറ്റി പുറത്തേക്ക് ഒഴുക്കിയിരുന്നു. കവറുകളിലും കുപ്പികളിലും നിറച്ച വാറ്റു ചാരായം ടൂറിസം മേഖലകളില്‍ വിശേഷ
ദിനങ്ങളില്‍ വില്‍ക്കുകയാണു പതിവ്. ക്രിസ്മസ് ആഘോഷ വേളയിലും ബവ്റിജസ് ഷോപ്പുകളില്‍ മദ്യം വാങ്ങാന്‍ വന്‍ തിരക്കായിരുന്നു. ക്രിസ്മസിനു വിറ്റഴിഞ്ഞതിനേക്കാള് കൂടുതല്‍ മദ്യം 31നു വിറ്റു.
മിക്ക ബവ്റിജസ് ഷോപ്പുകളിലും മദ്യം നേരത്തേ വിറ്റുതീര്‍ന്നു. ബാറുകളിലെ സ്ഥിതിയും വിഭിന്നമല്ലായിരുന്നു. പൊന്മുടി, കല്ലാര്‍, പേപ്പാറ, ബോണക്കാട് ടൂറിസം മേഖലകളില്‍ മദ്യവുമായി ആഘോഷത്തിനെത്തിവരെ പൊന്മുടി പൊലീസും വിതുര പൊലീസും ചേര്‍ന്നു പിടികൂടി മദ്യക്കുപ്പികള്‍ വാങ്ങി പൊട്ടിച്ചു കളഞ്ഞശേഷം വിട്ടു. പൊന്മുടിയിലും കല്ലാറിലും ബോണക്കാട്ടും പേപ്പാറയിലും ചാത്തന്കോട്ടും നൂറുകണക്കിനു യുവാക്കള്‍ ന്യൂഇയര്‍ ആഘോഷിക്കാനെത്തി. ഇവിടെയും മദ്യത്തിന്‍െറ കുത്തൊഴുക്കായിരുന്നു. 31നു ചിക്കന്‍ കടകളിലും വന്‍ തിരക്കായിരുന്നു. ചിക്കനും ആട്ടിറച്ചിയും ബീഫും വന്‍തോതില്‍ വിറ്റഴിഞ്ഞു. പുതുവല്‍സരം പ്രമാണിച്ചു ബാറുകളില്‍ മദ്യപര്‍ക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.


