![]() |
| Photo : Anwar shan |
പാലോട്. മടത്തറ റോഡില്‍ ഒഴുകുപാറ ജംക്ഷനിലെ മരത്തില്‍ കൂടൊരുക്കിയ തേനീച്ചകള്‍ ശല്യക്കാരായി ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു. വന്മരത്തില് വര്‍ഷങ്ങളായി സീസണില്‍ കൂടൊരുക്കുന്ന തേനീച്ചകള്‍ നാട്ടുകാരെ ആക്രമിക്കുന്നതു പതിവു സംഭവമാണ്. കഴിഞ്ഞ സീസണില്‍ അനവധി പേര് ആക്രമണത്തിനിരയായി ആശുപത്രിയിലായിരുന്നു. വീണ്ടും മരത്തില്‍ അന്‍പതിലേറെ വന്കൂടുകളാണ് ഒരുക്കിയിരിക്കുന്നത്. വിശ്രമ മന്ദിരവും ബസ് സ്റ്റോപ്പുമൊക്കെയായ ഇവിടെ യാത്രക്കാര്‍ ഭീഷണിയുടെ നിഴലിലാണ്.
കാക്കയോ പരുന്തോ കൂടിനെ റാഞ്ചിയാല്‍ പിന്നെ തേനീച്ചകള്‍ ഇളകി ആക്രമണകാരികളാവും. ഇത് ഏതു നിമിഷവും സംഭവിക്കാം. ജംക്ഷനിലെ കച്ചവടക്കാര്‍ക്കും പരിസര വീടുകളിലും തേനീച്ച ഭീഷണിയും ശല്യവുമാകുന്നു. വെട്ടം കണ്ടാല്‍ അവിടെ പറന്നെത്തുകയാണ്. പരീക്ഷ സീസണ് ആയതോടെ കുട്ടികള്‍ക്കു പഠിക്കാനും കഴിയുന്നില്ലെന്നു പറയുന്നു. വര്‍ഷങ്ങളായി തേനീച്ചകളുടെ ആക്രമണത്തില്‍ കഴിയുന്ന ഒഴുകുപാറ ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും കൂടുകളെ നശിപ്പിച്ചു മരം മുറിച്ചുമാറ്റിയാലേ പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാവൂ എന്നുമാണു നാട്ടുകാരുടെ അഭിപ്രായം.


