News sent by: Sadirsha Palode
പാലോട്: കേരളത്തെ തമിഴ്‌നാടുമായി വളരെ കുറഞ്ഞ ദൈര്‍ഘ്യത്തില്‍ ബന്ധിപ്പിക്കുന്ന മലയോര റെയില്‍പ്പാത യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കന്യാകുമാരിയില്‍ നിന്നും നെടുമങ്ങാട്-വിതുര-പാലോട് വഴി തെന്മല-ചെങ്കോട്ടയിലെത്തുന്ന തരത്തില്‍ റെയില്‍പ്പാത വേണമെന്ന മൂന്നു പതിറ്റാണ്ടുകാലത്തെ ആവശ്യമാണ് ഇന്നും ഫയലില്‍ ഉറങ്ങുന്നത്. 1994ല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതിയാണ് അംഗീകാരവും പ്രതീക്ഷിച്ചു കിടക്കുന്നത്.തീരദേശ റെയില്‍പ്പാത സമാന്തരമായിട്ടാണ് മലയോര റെയില്‍പ്പാതയും തയ്യാറാക്കിയിരിക്കുന്നത്. 1982-ലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം മലയോര റെയില്‍വേ പാതയ്ക്ക് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനുവേണ്ടി 1994 ഏപ്രില്‍ 29ന് ശാസ്ത്രസാങ്കേതിക ഇന്‍സ്റ്റിട്യൂട്ടിനെ സര്‍വേ നടപടികള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
1995 ഏപ്രില്‍ മാസത്തില്‍ സര്‍വേ റിപ്പോര്‍ട്ട് സതേണ്‍ റെയില്‍വേക്ക് സമര്‍പ്പിക്കുകയും ചെയ്തു. കന്യാകുമാരി മുതല്‍ ചെങ്കോട്ടവരെ 70 കി.മീ. ദൂരമാണ് അന്ന് കണക്കാക്കിയിരുന്നത്. വളരെ കുറഞ്ഞ സമയത്തില്‍ തമിഴ്‌നാട്ടില്‍നിന്നും കന്യാകുമാരിയിലെത്താം എന്നൊരു പ്രത്യേകതയും അന്ന് വിദഗ്ദ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതര പാതകളുടെ നിര്‍മാണത്തെ അപേക്ഷിച്ച് കൂടിയൊഴിപ്പിക്കല്‍ ഭീഷണിയും 70 ശതമാനം കുറവായിരുന്നു. എന്നാല്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയില്ല.
1997-ല്‍ റെയില്‍മന്ത്രിയായിരുന്ന റാംവിലാസ് പസ്വാന്‍ റിപ്പോര്‍ട്ടില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും വരുത്തി പുനഃപരിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ മാറ്റംവരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സത്വര നടപടികള്‍ അതിന്‍മേലുണ്ടായില്ല.
മലയോര റെയില്‍പ്പാത യാഥാര്‍ഥ്യമായാല്‍ കന്യാകുമാരിയില്‍ നിന്നും നെടുമങ്ങാട്-പാലോട്-തെന്മല വഴി ചെങ്കോട്ടയിലെത്താന്‍ രണ്ടു മണിക്കൂര്‍ മതിയാകും. പൊന്മുടി, മങ്കയം, മീന്‍മുട്ടി, തെന്മല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും ദേശീയ സസ്യോദ്യാനം, സി.പി.സി.ആര്‍.ഐ., ഐ.എസ്.ആര്‍.ഒ. തുടങ്ങിയ നൂറുകണക്കിന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ വികസനത്തിനും കാരണമാകും. പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിവയുടെ സുഗമമായ യാത്ര വരുന്നതോടെ വന്‍വിലക്കുറവില്‍ ഗ്രാമീണമേഖലയില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്താനും ഈ റെയില്‍പ്പാത വഴിതുറക്കും.


