വിതുര: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ള ഗുണ്ട ഷാജി എന്ന പോത്ത് ഷാജി (33)യെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര തൊളിക്കോട് തേവന്‍പാറ സ്വദേശിയായ ഷാജിയെ 24ന് രാത്രി 11 ഓടെ തൊളിക്കോട്ടുനിന്നാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് അറിയിച്ചു. വിതുരയിലെ സ്വകാര്യ ബാറില്‍ 23ന് കാഷ്യറെ ഷാജി വാള് കാട്ടി ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് ചോദിച്ചതായി പരാതിയുണ്ടായിരുന്നു. ഗുണ്ടാനിയമപ്രകാരം നേരത്തേ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഷാജി തന്റെ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിലും റിമാന്‍ഡിലായിട്ടുണ്ട്. മാല, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവ മോഷ്ടിച്ച സംഭവങ്ങളില്‍ നെടുമങ്ങാട്, പാലോട്, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പോലീസ് അറിയിച്ചു. പോത്തിനെ എവിടെ കണ്ടാലും മോഷ്ടിക്കുന്നതിനാലാണ് പോത്ത് ഷാജിയെന്ന പേര് വീണത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം പാലോട് സി.ഐ. ജി.എസ്. പ്രദീപ്കുമാര്‍, വിതുര എസ്.ഐ. സിജു കെ.എല്‍. നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


