പാലോട്: വേനല്‍ച്ചൂട് കഠിനമാകുന്നതിനിടെ പാലോട് ടൗണിലും ഉയര്‍ന്ന പ്രദേശങ്ങളിലും കുടിവെള്ളവിതരണം നിലച്ചു. കഴിഞ്ഞ ആറ് ദിവസമായി ലൈനില്‍ എത്തുന്ന വെള്ളവും പ്രതീക്ഷിച്ചിരിക്കുന്നവര്‍ വെള്ളം കിട്ടാഞ്ഞ് ദുരിതത്തിലാണ്. പാലോട്, നന്ദിയോട്, കള്ളിപ്പാറ, ഓട്ടുപാലം, ആസ്പത്രി ജങ്ഷന് എന്നിവിടങ്ങളിലാണ് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്.
പാലോട് ഗവ. ആസ്പത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ജലവിതരണം മുടങ്ങിയതോടെ ഏറെ ദുരിതത്തിലായി. പച്ച ഗവ. എല്‍.പി.എസ്, നന്ദിയോട് എസ്.കെ.വി. എച്ച്.എസ്, നളന്ദ ടി.ടി.ഐ. തുടങ്ങിയ വിദ്യാലയങ്ങളും കുടിവെള്ളക്ഷാമത്തില്‍ നട്ടം തിരിയുകയാണ്.
ഉയര്‍ന്ന മേഖലകളായ കള്ളിപ്പാറ, ചോനംവിള, മിച്ചഭൂമി, നാലുസെന്റ് കോളനി എന്നിവിടങ്ങളിലും കുടിവെള്ളമെത്തിയിട്ട് ദിവസങ്ങളായി. ശുദ്ധജലവിതരണം നിലച്ചതോടെ പാലോട്, നന്ദിയോട് പ്രദേശങ്ങളിലെ ഹോട്ടലുകളും പൂട്ടലിന്റെ വക്കത്താണ്.
പാലോട്, ചെറ്റച്ചല്‍, കുണ്ടാളംകുഴി തുടങ്ങിയ പമ്പ്ഹൗസുകളുടെ മധ്യഭാഗത്തുകിടക്കുന്ന പ്രദേശങ്ങള്‍ക്കാണ് ഈ ഗതികേട്. കുടിവെള്ളം മുടങ്ങുമ്പോഴും അധികൃതര്‍ ഓരോ പമ്പ്ഹൗസിലും പുതിയ ജീവനക്കാരെ തിരുകിക്കയറ്റാനുള്ള തിരക്കിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

