പാലോട്. പുരാതനവും പ്രസിദ്ധ ശാസ്താക്ഷേത്രങ്ങളിലൊന്നുമായ നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ദേശീയോല്സവം ഇന്നു സമാപിക്കും. ഉച്ചയ്ക്കു 2.30നു ധര്‍മശാസ്താവിനെ ആനപ്പുറത്തെഴുന്നെള്ളിക്കുന്ന ചടങ്ങ് നടക്കും. നിറപറയെടുപ്പ് ഘോഷയാത്ര പച്ച തേവരുകോണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. 5.30നു പച്ച ജംക്ഷനില്‍ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര പാലോട് ജംക്ഷന് ചുറ്റി പയറ്റടി വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോള്‍ രാത്രി 11ന് ആറാട്ട് നടക്കും.
രാത്രി എട്ടിനു പിന്നണിഗായിക രഞ്ജിനി ജോസിന്റെ ഗാനമേളയും രാത്രി 12നു മല്‍സര പൂത്തിരിമേളയും അരങ്ങേറും. ഘോഷയാത്രയില്‍ പുലിക്കളി അടക്കം വൈവിധ്യമാര്‍ന്ന താളമേളങ്ങള്‍ അണിനിരക്കും. ഘോഷയാത്രയെ വരവേല്‍ക്കാന്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള അഞ്ചു കിലോമീറ്റര്‍ പ്രദേശം ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുകയാണ്. പച്ച, ആലുംമൂട്, നന്ദിയോട്, പ്ളാവറ, പേരക്കുഴി, ആശുപത്രി ജംക്ഷന്, പാലോട് ജംക്ഷന്, പയറ്റടി എന്നിവിടങ്ങളില്‍ ജനകീയ ദീപാലങ്കാര കമ്മിറ്റികള്‍ ദീപക്കാഴ്ചയും കലാപരിപാടികളും അന്നദാനവും ദാഹജല വിതരണവും ഒരുക്കിയിട്ടുണ്ട്. ഇത്ര വ്യാപ്തിയില്‍ നടക്കുന്ന ദീപക്കാഴ്ചയെ ജില്ലയിലെ വലിയ ദീപക്കാഴ്ചയെന്നാണു വിശേഷിപ്പിക്കുന്നത്.


