പൊന്‍മുടി ഗസ്റ്റ്ഹൌസ് പരിസരം കാട് മൂടിയ നിലയില്‍.
വിതുര: കാട് മൂടിയ പൊന്‍മുടി മേഖലയില്‍ പാമ്പുകള്‍ ഫണം വിടര്‍ത്തിയാടുന്നു. സൂക്ഷിച്ചില്ലെങ്കില്‍ സഞ്ചാരികള്‍ക്കു കടിയേല്‍ക്കേണ്ടിവരും. പൊന്‍മുടി ഗസ്റ്റ് ഹൌസ് പരിസരം പാമ്പുകളുടെ പറുദീസയായിട്ടു മാസങ്ങളായി. പരിസരമാകെ കാട് മൂടിയതോടെയാണു പാമ്പുകള്‍ രംഗത്തിറങ്ങിയത്. കുട്ടികളുടെ പാര്‍ക്ക് നിറയെ കാടാണ്. രാത്രി പൊലീസ് സ്റ്റേഷനില്‍ വരെ പാമ്പ് കയറിയ സംഭവമുണ്ടായി.
ടൂറിസ്റ്റുകളും പൊലീസുകാരും അനവധി തവണ പാമ്പുകളെ തല്ലിക്കൊന്നിട്ടുണ്ട്. പൊന്‍മുടിയിലെയും പരിസരത്തെയും കാട് നീക്കിയിട്ടു മാസങ്ങളായി. മഴക്കാലത്തു കാട് തഴച്ചുവളര്‍ന്നു. ഒാണക്കാലത്തുപോലും കാട് നീക്കം ചെയ്യുകയോ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തില്ല. അപ്പര്‍ സാനറ്റോറിയത്തും സമീപത്തും പുല്ല് നിറഞ്ഞു. കാട് നിറഞ്ഞതോടെ ട്രക്കിങ്ങും മറ്റും നടത്തുന്നവര്‍ ബുദ്ധിമുട്ടിലായി.
പൊന്‍മുടി ഏഴാംവളവ് പാമ്പുകളുടെ താവളമാണ്. അടുത്തിടെ ഇൌ മേഖലയില്‍ വാവ സുരേഷ് പിടികൂടിയ രാജവെമ്പാല ഉള്‍പ്പെടെ അനവധി പാമ്പുകളെ കൊണ്ടുവന്നു തുറന്നുവിട്ടിരുന്നു. ഇൌ പാമ്പുകള്‍ ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്കും മറ്റും തലവേദനയായി മാറിയിട്ടുണ്ട്. ചിലപ്പോള്‍ നടുറോഡില്‍ വരെ പാമ്പുകള്‍ ഫണംവിടര്‍ത്തിയാടുന്നതു കാണാം.
സാധാരണ ഉള്‍ക്കാടുകളിലാണു പാമ്പുകളെ കൊണ്ടുവിടാറുള്ളത്. ഇവിടെ പിടികൂടിയ പാമ്പുകളെ റോഡരുകിലാണു കൊണ്ടുവിട്ടതെന്നു പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഏഴാംവളവില്‍
റോഡരുകില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടൂറിസ്റ്റുകളെ രാജവെമ്പാല കടിക്കാന്‍ ശ്രമിച്ചു. ടൂറിസ്റ്റുകള്‍ കൂറ്റന്‍ പാമ്പിനെക്കണ്ടു ഭയന്നോടി. അടുത്തിടെ മൂന്നു രാജവെമ്പാലകളെയാണ് ഇൌ മേഖലയില്‍ ഇറക്കിവിട്ടത്. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ പൊന്‍മുടിയിലേക്കു സഞ്ചാരികള്‍ ഒഴുകുകയാണ്.
കോടമഞ്ഞും ആനക്കൂട്ടവും സഞ്ചാരികള്‍ക്കു ഹരം പകരുന്നു. ടൂറിസ്റ്റുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടും ടൂറിസം വകുപ്പ് അനങ്ങുന്നില്ല. വാഹനപ്പെരുപ്പംമൂലം പൊന്‍മുടി-കല്ലാര്‍ റൂട്ടില്‍ അപകടങ്ങളും പെരുകുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലാത്തതു മൂലമാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. അപ്പര്‍ സാനിറ്റോറിയത്തിലെത്തുന്ന സഞ്ചാരികള്‍ കുടിവെള്ളം പോലും ലഭിക്കാതെ നട്ടം തിരിയുന്നു.
കുടിവെള്ളം വിറ്റിരുന്ന തട്ടുകട വരെ അടച്ചുപൂട്ടി. മാന്‍ പാര്‍ക്കും ബീയര്‍ പാര്‍ലറും നേരത്തേ പൂട്ടിക്കെട്ടി. കുട്ടികളുടെ പാര്‍ക്ക് കാട് മൂടി നശിക്കുന്നു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തു പൊന്‍മുടിയില്‍ കോടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതായാണു കണക്ക്. മുന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ രണ്ടു തവണ പൊന്‍മുടിയിലെത്തിയിരുന്നു.
ഒരു മാസം മുന്‍പു ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും പൊന്‍മുടി സന്ദര്‍ശിച്ചപ്പോള്‍ പൊന്‍മുടിയുടെ മുഖസൌന്ദര്യം വര്‍ധിപ്പിച്ച്, അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ഇപ്പോഴും കടലാസിലാണ്.