പാലോട്: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മടത്തറ ശാസ്താംനട കുന്നുബംഗ്ലാവില്‍ വീട്ടില്‍ അനില്‍ (50) മരിച്ചു. അനില്‍ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന വേങ്കൊല്ല അരിപ്പ ഷാജുമന്‍സിലില്‍ ഷാജു (30)വിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ തിരുവനന്തപുരം-തെങ്കാശി റോഡില്‍ പാലോട് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന വളവിലായിരുന്നു അപകടം. വിതുര ചായത്ത് റബ്ബര്‍മരം മുറിക്കുന്ന പണികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനിലും ഷാജുവും. പാലോട്ടു നിന്ന് നന്ദിയോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ജീപ്പ്. സമീപത്തെ ഓടയിലേക്ക് ബൈക്കിനൊപ്പം വീണ അനിലിന്റെ പുറത്തേക്ക് കയറിയ ജീപ്പ് തൊട്ട് ചേര്‍ന്ന മണ്‍തിട്ടയിലിടിച്ചു നിന്നു. അനില്‍ തല്‍ക്ഷണം മരിച്ചു. ജീപ്പിടിച്ച സമയത്ത് ഷാജു തെറിച്ച് വീഴുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ കല്ലറ സ്വദേശി സുനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അനിലിന്റെ ഭാര്യ അനിത. മക്കള്‍: രാഹുല്‍, ആര്യ.