പാലോട്. രാജ്യം കാക്കുന്നതിനിടെ കാര്‍ഗിലില്‍ അപകടത്തില്‍പ്പെട്ട് അകാലത്തില്‍ പൊലിഞ്ഞ ധീരജവാന്‍ അരുണി(29)ന്റെ സംസ്കാര ചടങ്ങുകള്‍ ചോഴിയക്കോട് ഗ്രാമത്തെ കണ്ണീര്‍ചാലുകളാക്കി. പൂര്‍ണ സൈനിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ജനം ഒഴുകിയെത്തി.
തിരുവനന്തപുരത്തു നിന്നും രാവിലെ എട്ടുമണിയോടെ ചോഴിയക്കോട്ട് എത്തിച്ച മൃതദേഹത്തെ വലിയ നിര സുഹൃത്തുക്കളടക്കം നാട് വിതുമ്പലോടെ ഏറ്റുവാങ്ങി സ്നേഹപ്പൂക്കള്‍ അര്‍പ്പിച്ചു. ആദ്യം ജംക്ഷനു സമീപം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ഒരുനോക്കുകാണാന്‍ വന്‍ ജനാവലിയുടെ നീണ്ടനിര ദൃശ്യമായി. തുടര്‍ന്നു സമീപത്തെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയിരുന്ന ഓരോരുത്തരിലും അടക്കിവച്ചിരുന്ന ദു:kഖം അണപൊട്ടിയൊഴുകി നിലവിളികളായി ഉയര്‍ന്നു.
ഭാര്യ കലയുടെ അന്ത്യചുബന രംഗങ്ങള്‍ ഹൃദയഭേദകമായി. മാതാവ് ചന്ദ്രികഅമ്മയുടെയും സൈനികന്‍ കൂടിയായ അനുജന്‍ അനൂപിന്റെയും സഹോദരി അനൂജയുടെയും മറ്റു ബന്ധുക്കളുടെയും വിലാപം കണ്ടുനിന്നവര്‍ക്കു താങ്ങാനായില്ല. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം വീട്ടുവളപ്പില്‍ സൈന്യം ആചാരവെടി ഉതിര്‍ത്തു, സല്യൂട്ട് നല്‍കി തങ്ങളുടെ സഹപ്രവര്‍ത്തകനെ യാത്രയാക്കി.
ചോഴിയക്കോട് ചന്ദ്രികാഭവനില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെയും ചന്ദ്രിക അമ്മയുടെയും മകനായ അരുണ്‍ ജമ്മുകശ്മീരിലെ കാര്‍ഗില്‍ സെക്ടറില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കംപ്യൂട്ടര്‍ ജീവനക്കാരനാണ്. ലേ സിയാച്ചിന്‍ ഗേസിയര്‍ മേഖലയിലെ മഞ്ഞുമലയ്ക്കു മുകളിലൂടെ പട്രോളിങ്ങിന്റെ ഭാഗമായി റോപ്പിലൂടെ സഞ്ചരിക്കവെ പൊട്ടിവീണു പരുക്കേറ്റാണു മരണം സംഭവിച്ചത്.