നന്ദിയോട്: ഗ്രാമീണ തൊഴിലുറപ്പിനൊപ്പം ആടുവളര്‍ത്തലില്‍ നിന്നുള്ള അധികവരുമാനം കൂടിയാകുന്നതോടെ നന്ദിയോട്ട് സ്ത്രീകള്‍ പുതിയ വിജയഗാഥയെഴുതുന്നു. പഞ്ചായത്തും കൃഷിഭവനും സംയുക്തമായിട്ടാണ് ആടുവളര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്നത്.
പശ്ചിമഘട്ട വികസന പരിപാടിയുടെ ഭാഗമായി പച്ചനീര്‍ത്തട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആടുവളര്‍ത്തല്‍ പദ്ധതി ആരംഭിച്ചത്. നന്ദിയോട്, നവോദയ, പുലിയൂര്‍, പച്ച, ആലുങ്കുഴി, കള്ളിപ്പാറ, കുറുന്താളി വാര്‍ഡുകളില്‍ നിന്നായി 18 യൂണിറ്റുകളിലായിട്ടാണ് ആടിനെ വിതരണം ചെയ്തിരിക്കുന്നത്. 'സുസ്ഥിര' എന്ന സര്‍ക്കാരിതര ഏജന്‍സിക്കാണ് നടത്തിപ്പിന്റെ ചുമതല. ഒരു യൂണിറ്റില്‍ മൂന്ന് ആടുകള്‍ ഉണ്ട്. 6000 രൂപ സബ്‌സിഡി നല്‍കും.
നെയ്യപ്പള്ളി സ്വദേശിനി റംലാബീവി, പാലുവള്ളി സ്വദേശിനി കല്യാണി, തോട്ടിന്‍പുറം സ്വദേശിനി ലതാകുമാരി തുടങ്ങിയവരെല്ലാം ആടുവളര്‍ത്തല്‍ പദ്ധതിയില്‍ വിജയം കണ്ടെത്തിയവരാണ്. നന്ദിയോട് കൃഷിഭവന്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവരുടെ നിരീക്ഷണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.