പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവം തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്കറിയില്ലെന്നും അതറിഞ്ഞാല്‍ അവര്‍ കേരളത്തിന്റെ ആവശ്യം ഉള്‍ക്കൊളളുമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരായ തമിഴ് ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹാരമാകാത്തതിനു പിന്നില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ അപക്വമായ നിലപാടുകളാണെന്ന് പത്രപ്രവര്‍ത്തകനായ ആനന്ദും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും എഴുത്തുകാരിയുമായ ഉമാമഹേശ്വരിയും ആരോപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നു പറയുന്ന മുഖ്യമന്ത്രി ജയലളിതയ്ക്കു വൈക്കോയ്ക്കും ഡാമിന്റെ നിജസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഡാമിന്റെ അവസ്ഥയെക്കുറിച്ച് ശരിയായ അറിവില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ ആനന്ദ് വ്യക്തമാക്കി.
കേരളം പുതിയ ഡാം നിര്‍മ്മിച്ചാല്‍ തമിഴ്‌നാടിന് വെളളം ലഭ്യമാകില്ലെന്ന തെറ്റായ ധാരണയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ പ്രചരിപ്പിക്കുന്നത്. ഇടുക്കി ഡാം പോലും ദോഷമാണെന്നും അവര്‍ വാദിക്കുന്നു. തമിഴ്‌നാട്ടിലെ 200 വര്‍ഷത്തോളം പഴക്കമുളള കല്ലണ ഡാം ഇതുവരെ തകര്‍ന്നില്ല.
![]() |
| 200 വര്‍ഷത്തോളം പഴക്കമുളള കല്ലണ ഡാം |
കേരളത്തിലെ 36 ഡാമുകളില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുകയാണ്. കേരളത്തിന് മുല്ലപ്പെരിയാറിലെ ഒരു ബക്കറ്റ് വെളളം പോലും വേണ്ടെന്നു പറയുമ്പോഴും തമിഴ്‌നാട് സര്‍ക്കാര്‍ യാഥാര്‍ഥ്യമുള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. കേരളത്തിലെ നാല് ജില്ലകളിലെ 30 ലക്ഷം ജനങ്ങളെയാണ് ഡാമിന്റെ തകര്‍ച്ച ബാധിക്കുന്നതെങ്കില്‍ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കുടിവെള്ളം കിട്ടാക്കനിയാവും.
നിലവിലെ മുല്ലപ്പെരിയാര്‍ ഡാം ഇരു സംസ്ഥാനങ്ങളുടെയും സൗഹൃദത്തിന്റെ അടയാളമായും സ്മാരകമായും നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കണം. ഇതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിക്കണം. പുതിയ കനാലുകള്‍ കൂടുതല്‍ താഴ്ചയില്‍ നിര്‍മ്മിച്ച് കൂടുതല്‍ വെളളം തമിഴ്‌നാട് കൊണ്ടുപോകണം. കൂടുതലായി ലഭിക്കുന്ന വെളളം തമിഴ്‌നാട് വൈഗൈ അണക്കെട്ടിലോ കൂടല്ലൂര്‍ ഭാഗത്ത് അണക്കെട്ട് നിര്‍മ്മിച്ചോ സംരക്ഷിക്കണം. മുല്ലയാര്‍, പെരിയാര്‍ തുടങ്ങി 12 കാട്ടാറുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് മുല്ലപ്പെരിയാര്‍ ഡാമിലേക്കുളള നീരൊഴുക്ക് നിയന്ത്രിക്കണം. നിലവിലുളള ഡാമില്‍ 120 അടിയായി മാത്രം വെളളം നിര്‍ത്തുകയും തമിഴ്‌നാട് അതിര്‍ത്തിയില്‍ പുതിയ ഡാം തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുകയും ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഇരു സര്‍ക്കാരുകളും പങ്കുവെയ്ക്കുകയും ചെയ്യണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു.
ദുരഭിമാനത്തിന്റെ പേരില്‍ കേരളത്തിലെ 30 ലക്ഷം ജനങ്ങളെ കൊന്നൊടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് കൂട്ടുനില്‍ക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ആനന്ദും ഉമാമഹേശ്വരിയും പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കുമെന്നും വിഷയം ഇരു സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍പെടുത്തുമെന്നും ഇരുവരും പറഞ്ഞു. കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ആനക്കട്ടി സ്വദേശികളായ ആനന്ദും ഉമാമഹേശ്വരിയും വര്‍ഷങ്ങളായി അട്ടപ്പാടി ഷോളയൂരിലാണ് താമസം.



