WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, November 29, 2011

മുരളീധരന്‍ നായരുടെ മരണം ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി



പാലോട്: ചോദിച്ചുവാങ്ങിയാണ് ഇത്തവണ മുരളീധരന്‍ നായര്‍ ശബരിമല ഡ്യൂട്ടിക്ക് പോയത്. ഏഴുദിവസത്തെ ജോലി കഴിഞ്ഞ് മടങ്ങിവരേണ്ടിയിരുന്നത് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു. തീരുമാനിച്ചിരുന്നതുപോലെ മുരളീധരന്‍ നായര്‍ മടങ്ങിവന്നു. പക്ഷേ അത് വെള്ളത്തുണിയില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം മാത്രമായിരുന്നു. ശബരിമല സന്നിധാനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്താല്‍ മരിച്ച പാലോട് മൈലമൂട് ശക്തിഭവനില്‍ മുരളീധരന്‍ നായരു(55)ടെ മരണം കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. 2012 മാര്‍ച്ച് 30ന് സര്‍വീസ് അവസാനിക്കാനിരിക്കെയാണ് മുരളീധരന്‍ നായരെ അപ്രതീക്ഷിതമായി മരണം കൂട്ടിക്കൊണ്ടുപോയത്.

എല്ലാവര്‍ഷവും വൃശ്ചികം ആദ്യംതന്നെ മുരളീധരന്‍ നായര്‍ ശബരിമല ഡ്യൂട്ടി ചോദിച്ചുവാങ്ങിയാണ് പോയിരുന്നത്. കാരണം തിരികെ എത്തിയാല്‍ മൈലമൂട് കോട്ടയപ്പന്‍ ക്ഷേത്രഭാരവാഹിയെന്ന നിലയില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാനുണ്ടായിരുന്നു ഇദ്ദേഹത്തിന്. നെടുമങ്ങാട് എകൈ്‌സസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എന്ന നിലയിലും മികച്ച സേവനമാണ് മുരളീധരന്‍ നായര്‍ കാഴ്ചവെച്ചിരുന്നത്. സഹപ്രവര്‍ത്തകരെക്കാള്‍ ഏറെക്കാലത്തെ സര്‍വീസ് കൂടുതലുണ്ടായിരുന്നതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കുപോലും സര്‍വീസ് കാര്യങ്ങളില്‍ ഇദ്ദേഹം ഒരു പാഠപുസ്തകമായിരുന്നു.

ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന മകന്‍ അര്‍ജ്ജുനന്റെ പരീക്ഷയ്ക്കു മുമ്പായി മടങ്ങിയെത്താമെന്നും പരീക്ഷാകാലത്ത് അവനെ സഹായിക്കാമെന്നുള്ള വാഗ്ദാനത്തോടെയാണ് ഈ മാസം 21ന് ഇരുമുടിയില്ലാതെ കൃത്യനിര്‍വഹണത്തിനായി അച്ഛന്‍ മുരളീധരന്‍ നായര്‍ മലകയറിയത്. പക്ഷേ വിധിവൈപരീത്യം എന്നപോലെ മകന്റെ മുമ്പില്‍ എത്തിയത് അച്ഛന്റെ വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹമായിരുന്നു. പെരുന്തല്‍മണ്ണയില്‍ ബി.എസ്‌സി. നഴ്‌സിങ്ങിന് പഠിക്കുന്ന മകള്‍ രേവതി എത്തിയതിനുശേഷം രാത്രി പത്തരയോടെയാണ് മുരളീധരന്‍ നായരുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.

ജോലിസ്ഥലമായ നെടുമങ്ങാട് എകൈ്‌സസ് ഓഫീസിലും മുരളീധരന്‍ നായരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഓഫീസിലും വീട്ടിലുമായി നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍, എകൈ്‌സസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.