പാലോട്: മാസങ്ങളായി നിലനിന്ന അവ്യക്തതയ്ക്കുശേഷം ജില്ലാ കൃഷിത്തോട്ടത്തിലെ തൊഴില്‍തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമവായം ഉണ്ടായത്. ദിവസവേതന ക്രമത്തില്‍ തൊഴില്‍ ചെയ്തിരുന്ന എല്ലാ തൊഴിലാളികളെയും സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള കാഷ്വല്‍ തൊഴിലാളികളാക്കാന്‍ തീരുമാനമായി.
നിലവിലുള്ള 192 ദിവസവേതന തൊഴിലാളികളില്‍ നിന്നും തുടര്‍ച്ചയായി ജോലിക്കെത്തുന്ന 158 തൊഴിലാളികളെ മുന്‍ഗണന നല്കി മുഴുവന്‍ പേരെയും കാഷ്വല്‍ തൊഴിലാളികളാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ 300 രൂപ ദിവസവേതനം ലഭിച്ചിരുന്ന തൊഴിലാളികള്‍ക്ക് സ്ഥിരപ്പെടുന്നതിനനുസരിച്ച് ശമ്പളം 450 രൂപയായി ഉയരും. മുന്‍ഗണനാ ക്രമം അനുസരിച്ച് ലിസ്റ്റില്‍ വരുന്ന തൊഴിലാളികളെ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരപ്പെടുത്തും.
ഫാം കൗണ്‍സില്‍ ഇടപെട്ട് നേരത്തെ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായരും ജില്ലാ പഞ്ചായത്ത് അംഗം സോഫിതോമസും മുന്‍കൈയെടുത്താണ് മൂന്നാംവട്ട ചര്‍ച്ച വിളിച്ചുകൂട്ടിയത്. ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ശ്രീലി ശ്രീധരന് അധ്യക്ഷയായിരുന്നു. ട്രേഡ് യൂണിയന് നേതാക്കളായ ഐ.എന്‍.ടി.യു.സി. ഫാം ഫെഡറേഷന് സംസ്ഥാന സെക്രട്ടറി മണ്ണറ വേണു, ഫാം ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ ഡി. രഘുനാഥന് നായര്‍, എല്‍. സാജന്, പുഷ്കരാനന്ദന്‍ നായര്‍ (ഐ.എന്‍.ടി.യു.സി.), ബാലകൃഷ്ണന് (സി.ഐ.ടി.യു.), വാര്‍ഡംഗം കൊച്ചുവിള അന്‍സാരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

