WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, November 25, 2011

രജിസ്‌ത്രേഷന്‍ വകുപ്പറിയാതെ സ്വന്തം സ്ഥലം; ചോര്‍ന്നൊലിച്ച് ഓഫീസ്


വിതുര: ഓരോ വസ്തു ഇടപാടും രേഖപ്പെടുത്തുന്ന സംസ്ഥാന രജിസ്‌ത്രേഷന്‍ വകുപ്പിന് 40 ലക്ഷത്തോളം രൂപ മാര്‍ക്കറ്റ് വിലയുള്ള സ്വന്തം സ്ഥലത്തെപ്പറ്റി ഒന്നുമറിയില്ല. വിതുര സബ് രജിസ്ട്രാര്‍ ഓഫീസിന് മന്ദിരം പണിയാനായി കലുങ്ക് കവലയ്ക്ക് സമീപത്ത് 16 വര്‍ഷംമുമ്പ് ജില്ലാ കളക്ടര്‍ അനുവദിച്ചുകൊടുത്ത സ്ഥലത്തെപ്പറ്റിയാണ് അധികൃതര്‍ക്ക് ഒരു ധാരണയുമില്ലാത്തത്. ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ വാടകക്കെട്ടിടം അന്വേഷിക്കുന്ന തിരക്കിലാണ് ബന്ധപ്പെട്ടവരിപ്പോള്‍.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'ഫ്രാറ്റി'ന്റെ ഖജാന്‍ജി എസ്.സതീശചന്ദ്രന്‍ നായര്‍ക്കാണ് കഴിഞ്ഞദിവസം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് വിചിത്രമായ മറുപടി കിട്ടിയത്. വിതുരയിലെ 10 സെന്റ് സ്ഥലത്ത് എന്തുകൊണ്ട് കെട്ടിടം പണിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അവിടെ അങ്ങനെയൊരു സ്ഥലമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മറുപടിയും കിട്ടി.

1968-ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിതുര സബ്‌രജിസ്ട്രാര്‍ ഓഫീസിന് 1994 ഏപ്രില്‍ 28 നാണ് സ്ഥലമനുവദിച്ചത്. 1996 ജൂലായ് 8 ന് അന്നത്തെ സബ് രജിസ്ട്രാര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാവണം വകുപ്പ് മേധാവികള്‍ ഇക്കാര്യം അറിയാതിരിക്കാന്‍ കാരണമായത്. തുടര്‍ന്ന് വന്ന സബ്‌രജിസ്ട്രാര്‍മാരോ പ്രദേശത്തെ പൊതുപ്രവര്‍ത്തകരോ ഓഫീസ് മന്ദിരത്തിനായി ശ്രമം നടത്തിയില്ല. വിതുര സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ നനഞ്ഞ് നശിക്കുമ്പോള്‍ പോലും സ്വന്തം മന്ദിരത്തിന് നീക്കമുണ്ടായില്ല.

സതീശചന്ദ്രന്‍ നായര്‍ രജിസ്‌ത്രേഷന്‍ വകുപ്പിന്റെ സ്വന്തം സ്ഥലം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഈ സ്ഥലത്തെത്താന്‍ വഴിസൗകര്യമില്ലെന്നായിരുന്നു വിതുരയിലെ ഓഫീസ് അധികൃതരുടെ മറുപടി. തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിനെയും കൂട്ടിവന്ന് വഴി സൗകര്യം കാണിച്ചുകൊടുത്തു. തുടര്‍ന്നായിരുന്നു ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടത്. സംസ്ഥാനത്ത് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് ഇതിനകം സ്വന്തം മന്ദിരങ്ങളായി. സ്വന്തം മന്ദിരത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെക്കുറിച്ച് രജിസ്‌ത്രേഷന്‍ ഐ.ജി. ആണ്ടോടാണ്ട് വിവരശേഖരണം നടത്തുമ്പോഴാണ് സ്വന്തം സ്ഥലംപോലും ശ്രദ്ധയില്‍പ്പെടാതെ 16 വര്‍ഷം കഴിഞ്ഞുപോയത്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ അനുകൂലനടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.