വിതുര: തൊളിക്കോട്,വിതുര പഞ്ചായത്തുകളില്‍ പന്നിശല്യം വ്യാപകമാകുന്നു. ഒരാഴ്ചക്കിടയില്‍ അഞ്ചു ലക്ഷത്തില്‍പ്പരം രൂപയുടെ കൃഷി നശിപ്പിച്ചതായാണു കണക്ക്. വാഴ, മരച്ചീനി, പച്ചക്കറി കൃഷികളാണു തകര്‍ത്തത്.
കഴിഞ്ഞ ദിവസം രാത്രി മാതൃകാ കര്‍ഷകനായ മലയടി തച്ചന്‍കോട് മനോഹരന്‍നായരുടെ വിളയില്‍ കൃഷി ചെയ്തിരുന്ന ചേമ്പ്, കാച്ചില്‍, ചേന, ചെറുകിഴങ്ങ്, മരച്ചീനി,കുട്ടിത്തെങ്ങ് എന്നിവ പന്നിക്കൂട്ടം നശിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി ചൂണ്ടിക്കാട്ടി മനോഹരന്‍നായര്‍ പഞ്ചായത്തിലും വനംവകുപ്പിലും കൃഷി ഒാഫിസിലും പരാതി നല്‍കി. മരുതാമല ഇ.എസ്. മോഹനന്റെ മൂന്ന് ഏക്കറിലെ മരച്ചീനി കൃഷിയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. മരുതാമല എം.എസ്. ചെട്ടിയാരുടെ കാര്‍ഷികവിളകളും പന്നികള്‍ നശിപ്പിച്ചു. വായ്പയെടുത്തു കൃഷിയിറക്കിയിരുന്നവര്‍ കടക്കെണിയിലായി.
കൃഷിനാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ തോക്കെടുത്തിട്ടില്ല. പന്നിയെ വെടിവച്ചാല്‍ കേസുണ്ടാകുമെന്ന ഭയത്തിലാണു കര്‍ഷകര്‍ ഇപ്പോഴും. ആദിവാസി മേഖലയ്ക്കു പുറമെ കാട്ടുപന്നികള്‍ നാട്ടിലും ഇറങ്ങി ഭീതിയും നാശവും വിതയ്ക്കുന്നുണ്ട്. പകല്‍സമയത്തു നാട്ടിലിറങ്ങിയ പന്നികള്‍ അനവധി പേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച സംഭവവുമുണ്ടായി. പന്നിക്കു പുറമെ ആനശല്യം കൂടി വര്‍ധിച്ചതോടെ
കര്‍ഷകരുടെ സ്ഥിതി പരമദയനീയമായി. വനം വകുപ്പിലും പഞ്ചായത്തിലും കൃഷിഒാഫിസുകളിലും കര്‍ഷകരുടെ പരാതിപ്രളയമാണ്.
കൃഷി നശിപ്പിച്ചതുമൂലം വായ്പയെടുത്ത പണം തിരികെ അടയ്ക്കാന്‍ കഴിയാതെ ആത്മഹത്യാമുനമ്പിലാണെന്നു ചൂണ്ടിക്കാട്ടി കര്‍ഷകര്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. വായ്പയെടുത്തു കൃഷിചെയ്ത കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന ആവശ്യം ശക്തമായി.


