പാലോട്: എന്തെല്ലാം വാഗ്ദ്ധാനങ്ങളായിരുന്നു. ബസ് ഡിപ്പോ ഇവിടേക്ക് മാറ്റിയാല്‍ ഡി.ടി.ഒ പട്ടം കിട്ടും. കെ.എസ്.ആര്‍.ടി.സിയുടെ നമ്പര്‍ വണ്‍ ഡിപ്പോയാകും. കളക്ഷന്‍ റെക്കാഡുകള്‍ ഭേദിക്കും. പക്ഷേ, കണ്ടില്ലേ . ബസ് പാര്‍ക്ക് ചെയ്യേണ്ടിടത്ത് പോത്തുകള്‍ നീരാടുന്നു. ഡിപ്പോയില്‍ കാലെടുത്തു കുത്താന്‍ വയ്യ. സര്‍വ്വത്ര ചെളിമയം. സര്‍വീസുകളും തഥൈവ.
മലയോര മേഖലയില്‍ പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ കാല്‍നൂറ്റാണ്ടു മുമ്പ് പാലോട്ട് ആരംഭിച്ച ട്രാന്‍. ഡിപ്പോയുടെ ദുരവസ്ഥയ്ക്ക് ഇപ്പോഴും അറുതിയില്ല. തെങ്കാശി റോഡില്‍ ആറ്റുകടവില്‍ സ്ഥിതി ചെയ്തിരുന്ന ഡിപ്പോ നിയമയുദ്ധം നടത്തിയാണ് കുശവൂരിലെ പഞ്ചായത്തുവക ഭൂമിയിലേയ്ക്ക് മാറ്റിയത്.
മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ അപര്യാപ്തതകള്‍ എടുത്തു കാട്ടിയാണ് ഡിപ്പോ മാറ്റത്തിന് കെ.എസ്.ആര്‍.ടി.സി പച്ചക്കൊടി കാട്ടിയത്. ഇവിടെ ഡിപ്പോ പ്രവര്‍ത്തിച്ചു തുടങ്ങിയാലുടന്‍ ഗ്രൌണ്ട് ടാറിംഗ് നടത്തുമെന്നും ജീവനക്കാര്‍ക്ക് ഭൌതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സ്ഥലത്തിന്റെ മുന്‍ ഉടമയായ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഉറപ്പു നല്‍കിയിരുന്നു.
മെയിന്‍ റോഡില്‍ നിന്നും ഡിപ്പോയില്‍ പ്രവേശിക്കാനും പുറപ്പെടാനും ഒരു റോഡു മാത്രമേ നിലവിലുള്ളു. ഇത് സങ്കീര്‍ണമായ ഗതാഗതക്കുരുക്കിനും യാത്രാ ദുരിതത്തിനുമാണ് വഴി വച്ചിരിക്കുന്നത്. 300 ഓളം ജീവനക്കാരുള്ള ഡിപ്പോയില്‍ ഒരു ലീവെടുക്കണമെങ്കിലും നെടുമങ്ങാട് ഡിപ്പോയെ ആശ്രയിക്കണം.
ബസ്സുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അനുയോജ്യമായ വര്‍ക്ക് ഷോപ്പില്ല. 31 ഷെഡ്യൂളുകള്‍ അനുവദിച്ചിട്ടുള്ളപ്പോള്‍ പലതും ഓപ്പറേറ്റ് ചെയ്യുന്നില്ല. ഇതു മൂലം രാവിലെയും വൈകിട്ടും വന്‍യാത്രാ ക്ളേശമാണ് ഡിപ്പോ പരിധിയിലെ റോഡുകളില്‍ അനുഭവപ്പെടുന്നത്. കോണ്‍വേയ് സര്‍വീസുകളാണ് അധികവും. ഇതു മൂലം കടുത്ത നഷ്ടവും കളക്ഷന്‍ ഇടിവും ഉണ്ടായിട്ടുണ്ട്. ഇതു ക്രമീകരിച്ചാല്‍ തന്നെ യാത്രാ ക്ളേശത്തിനും കളക്ഷന്‍ ഇടിവിനും പരിഹാരം കാണാനാവും.പഞ്ചായത്തധികൃതര്‍ വാക്കു പാലിച്ചാല്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്നതിന് പുതിയ റോഡും യാഥാര്‍ത്ഥ്യമാകും. പ്രവേശനത്തിന് നിലവിലുള്ള റോഡ് റീടാര്‍ ചെയ്യുന്നതോടെ ഈ ഭാഗത്തെ യാത്രാ തടസ്സത്തിനും പരിഹാരമാകും.



