പെരിങ്ങമ്മല: സ്വാതന്ത്ര്യദിനത്തില്‍ പാകിയ വിത്തുകള്‍ നൂറുമേനി വിളഞ്ഞതോടെ കുട്ടികളുടെ വിളവെടുപ്പുത്സവമായി. പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മട്ടുപ്പാവില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് ഉത്സവാന്തരീക്ഷത്തില്‍ നടന്നത്. വെണ്ട, പയര്‍, പടവലം, പാവല്‍, തക്കാളി എന്നിവയാണ് കുട്ടികള്‍ കൃഷിചെയ്തത്. 'മാതൃഭൂമി'യുടെ സീഡ് പദ്ധതിപ്രകാരം വിദ്യാലയത്തിലെ നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തകരാണ് കൃഷിയിറക്കിയത്.
വിളവെടുപ്പുത്സവം കൃഷി ഓഫീസര്‍ സി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റസീന, കൃഷി അസിസ്റ്റന്റ് ശശിധരന്‍പിള്ള, പി.ടി.എ. പ്രസിഡന്റ് കൊച്ചുകരിക്കകം നൗഷാദ്, പ്രോഗ്രാം ഓഫീസര്‍ എസ്.എം. ഷംനാദ്, എസ്. ഷാജഹാന് എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ വീടുകളിലും പച്ചക്കറി വിത്തുകള്‍ നല്‍കുക, അതിലൂടെ സമഗ്രപച്ചക്കറിക്ക് കുട്ടികളെ സജ്ജരാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് സ്കൂളിന്റെ പ്രവര്‍ത്തനം.

