വിതുര: വിദ്യാലയ ഉച്ചഭക്ഷണദിനമായ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ക്ക് പായസത്തോടുകൂടിയ സദ്യ നല്‍കണമെന്ന അറിയിപ്പ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചത് തലേദിവസം. സാമ്പത്തികപരിമിതിയും സമയക്കുറവും കാരണം താലൂക്കിലെ പല വിദ്യാലയങ്ങള്‍ക്കും സദ്യയൊരുക്കാന്‍ കഴിഞ്ഞില്ല. പെടാപ്പാടുപെട്ട് വിദ്യാര്‍ഥികള്‍ക്ക് സദ്യ വിളമ്പിയ സ്കൂളുകളും നിരവധി.
കുട്ടികള്‍ ഏറെയുള്ള സ്കൂളുകളാണ് സദ്യയൊരുക്കാന്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്. സദ്യയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികശേഷി പല സ്കൂളുകള്ക്കുമില്ലായിരുന്നു. പി.ടി.എ ഫണ്ട് കാര്യമായുള്ള വിദ്യാലയങ്ങള്‍ക്ക് വെല്ലുവിളിയായത് സമയക്കുറവ്.
തിരുവനന്തപുരം റവന്യൂ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള വിതുര ഗവ. യു.പി.സ്കൂള്‍ പരിമിതികള്‍ക്കിടയിലും പായസ സദ്യയൊരുക്കി. സദ്യയെപ്പറ്റി നേരത്തെ അറിയിപ്പില്ലാത്തതിനാല്‍ തിങ്കളാഴ്ച സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായത് അപ്രതീക്ഷിത സന്തോഷം.


