പാങ്ങോട്: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചായത്ത് റോഡ് സ്വകാര്യവ്യക്തി കൈയേറി ഗേറ്റിട്ട് വഴിയടച്ചതായി പരാതി. പാങ്ങോട് മൃഗാസ്പത്രി-ചന്തക്കുന്ന് റോഡാണ് കൈയേറി കെട്ടിയടച്ചതായി സമീപവാസികള്‍ മുഖ്യമന്ത്രിക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുള്ളത്.
റോഡിന്റെ ഒരുവശത്ത് വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാക്ഷരതാ കേന്ദ്രവും ഇതിനോട് ചേര്‍ന്ന് ഒരു ഗ്രൗണ്ട് വാട്ടര്‍ടാങ്കും ഉണ്ട്. 1974-ല്‍ പണികഴിപ്പിച്ച ടാങ്കിന് 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുണ്ട്. ഇതിന്റെ കുഴലുകള്‍ കടന്നുപോകുന്ന റോഡാണ് നാളുകള്‍ക്കു മുമ്പ് കെട്ടിയടച്ചത്.
സമീപവാസികള്‍ പരാതി പ്രാദേശികാധികൃതര്ക്ക് നല്‍കിയെങ്കിലും നടപടികളുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി സെന്റര്‍ പണിയുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ സ്ഥലത്തിലും കൈയേറ്റം നടന്നതായി പറയപ്പെടുന്നു.
ആദ്യം കല്ലറ പഞ്ചായത്തും പിന്നീട് പാങ്ങോട് പഞ്ചായത്തും വര്‍ഷാവര്‍ഷം മൃഗാസ്പത്രി - ചന്തക്കുന്ന് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിച്ചുപോന്നിരുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
അധികൃതര്‍ ഇടപെട്ട് കൈയേറ്റം അളന്നുതിട്ടപ്പെടുത്തണമെന്നും വഴി തുറക്കാന്‍ നടപടികളെടുക്കണമെന്നുമാണ് ആവശ്യം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


