വിതുര: ഉയര്‍ന്ന വരുമാനം നല്‍കിയിരുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ നഷ്ടപ്പെട്ടതോടെ വിതുര കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ പ്രതിദിന കളക്ഷനില്‍ ഇടിവ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ശബരിമല സീസണ് തുടങ്ങിയപ്പോഴേ ബസ്സുകള്‍ വിട്ടുകൊടുക്കേണ്ടിവന്നതാണ് മലയോര ഡിപ്പോയ്ക്ക് തിരിച്ചടിയായത്.
മുമ്പൊക്കെ ശബരിമല സീസണ് തുടങ്ങി അല്പം കഴിഞ്ഞശേഷമാണ് വിതുര ഡിപ്പോയില്‍ നിന്നും മറ്റും ബസ്സുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം കെ.എസ്.ആര്.ടി.സി. പുതിയ ബസ്സുകള്‍ നിരത്തിലിറക്കാത്തതുകാരണം തുടക്കത്തിലേ രണ്ട് ബസ് നല്‍കേണ്ടിവന്നു. സീസണ് പകുതിയാവുമ്പോള്‍ വീണ്ടും ബസ്സുകള്‍ നല്കേണ്ടിവന്നാല് ഡിപ്പോയുടെ ദൈനംദിന പ്രവര്‍ത്തനം തന്നെ അവതാളത്തിലാവും.
രണ്ട് ബസ്സുകള്‍ കൊടുക്കേണ്ടി വന്നപ്പോള്‍ ദീര്‍ഘദൂര സര്‍വീസുകളായ ഈരാറ്റുപേട്ട, ചക്കുളത്തുകാവ് എന്നിവയാണ് ആദ്യം നിര്‍ത്തിയത്. യാത്രക്കാരുടെ ഭാഗത്തുനിന്ന് പരാതി ഉയര്‍ന്നപ്പോള്‍ ഒരെണ്ണം പുനഃസ്ഥാപിച്ചു. പകരം നഷ്ടമായത് സെക്രട്ടേറിയറ്റ് ഫാസ്റ്റ്പാസഞ്ചര്‍ സര്‍വീസ്.
ബസ്ക്ഷാമം കെ.എസ്.ആര്.ടി.സി. മൊത്തത്തില്‍ നേരിടുന്ന പ്രശ്നമാണെങ്കിലും വിതുര ഡിപ്പോയില്‍ കട്ടപ്പുറത്തിരിക്കുന്ന ബസ്സുകള്‍ അടിയന്തരമായി പുറത്തിറക്കി യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.


