പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്‍ക്കറ്റിനു പുറകിലായുള്ള വിഷ്ണു ക്ഷേത്രത്തിനു സമീപം അനധികൃതമണലൂറ്റ് പൊടിപൊടിക്കുന്നു. വയല്‍ കുഴിച്ചു മണലൂറ്റി അരിച്ച് വൃത്തിയാക്കിയ ശേഷം ചാക്കുകളില്‍ കയറ്റി വാഹനങ്ങളില്‍ കടത്തുന്നതാണ് പതിവ്. ഇതിന് തൊട്ടു സീപത്താണ് പെരിങ്ങമ്മല വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വയല്കുഴിച്ച് മണലൂറ്റ് നടത്താന്‍ പാടില്ല എന്ന നിയമം ലംഘിച്ച് അധികൃതരുടെ കണ്മുന്നിലൂടെ മണല്‍കടത്തല്‍ നടന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മണലൂറ്റ് വ്യാപകമായതോടെ ഇതിന് സമീപമുള്ള നീരുറവകളില്‍ ജല ദൌര്‍ലഭ്യം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മണലൂറ്റിയശേഷം മണല്‍ കഴുന്ന മലിന ജലം സമീപത്തുള്ള ചെറുതോടിലാണ് ഒഴുക്കി വിടുന്നത്.
ഈ കൈതോടിനെ മാത്രം ആശ്രയിക്കുന്ന നിരവധി പേര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. വില്ലേജ് ഓഫീസിലും പഞ്ചായത്തിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ മൌനം പാലിക്കുന്നത് മണല്‍ കടത്തുന്നവര്‍ക്ക് മൌനാനുവാദം നല്‍കുന്നതുകൊണ്ടാണെന്നാണ് പരക്കേയുള്ള ആക്ഷേപം.
മണല്‍കടത്തുന്ന വിവരം വിളിച്ചുപറഞ്ഞാലും വാഹനം പിടികൂടാന്‍ അധികൃതര്‍ മെനക്കെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. മണല്‍ കടത്തലിനെതിരേ പരാതി പറഞ്ഞ ചിലരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.


