വിതുര: അടിപറമ്പ് ജഴ്സിഫാമിന് ദോഷമുണ്ടാകാത്ത തരത്തില്‍ ഇവിടെ നിന്നുതന്നെ 'ഇഗേ്നാ'യ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായി. കൃഷി-മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ.പി. മോഹനന്റെ ചേംബറിലാണ് സര്‍ക്കാര്‍ തീരുമാനം ഫാമിലെ തൊഴിലാളി പ്രതിനിധികളെ അറിയിച്ചത്. 'ഇഗേ്നാ'യ്ക്കായി ആദ്യം അളന്ന സ്ഥലം തന്നെയാവും ഏറ്റെടുക്കുക.
തൊഴിലാളി പ്രതിനിധികളെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ഡിവിഷന് അംഗം അഡ്വ. എല്‍. ബീന, 'ഇഗേ്നാ'യിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചൊവ്വാഴ്ച മന്ത്രിയുടെ ചേംബറിലെത്തിയിരുന്നു. ആദ്യം അളന്ന സ്ഥലംതന്നെ 'ഇഗേ്നാ'യ്ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി കെ.പി. മോഹനന് ഇവരെ അറിയിച്ചു. പുതിയ ലേബര്‍ ക്വാര്‍ട്ടേഴ്സുകളും കിണറുകളും ഫാമിന് പണിതുനല്‍കാനുള്ള തുക 'ഇഗേ്നാ' അധികൃതര്‍ നല്‍കും, ഫാമിന്റെ സ്ഥലം റീസര്‍വേ ചെയ്ത് നഷ്ടമായ നൂറേക്കര്‍ വീണ്ടെടുക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്നത്.
പുല്‍കൃഷി ഫാമിന്റെ പുറകിലെ കശുമാവിന് തോട്ടത്തിലേക്ക് കൂടി വ്യാപിപ്പിക്കും. ഹൈടെക് ഫാമിന്റെ വികസനം ഒരുതരത്തിലും തടസ്സപ്പെടില്ലെന്നും തൊഴിലാളി പ്രതിനിധികള്‍ക്ക് ഉറപ്പുകിട്ടിയിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പളം 300 രൂപയാക്കിയ ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ നടപ്പാക്കും. 2008 ഡിസംബര്‍ 18 വരെയുള്ള തൊഴിലാളികള്‍ക്ക് കാഷ്വല്‍ പദവി നല്‍കുകയും ചെയ്യും.
അതേസമയം സര്‍ക്കാര്‍ അംഗീകരിച്ച ഉപാധികളില്‍ ഏതെങ്കിലുമൊന്ന് നടപ്പായില്ലെങ്കില്‍ 'ഇഗേ്നാ'യുടെ വരവ് തടസ്സപ്പെടുത്തുമെന്ന് ജഴ്സിഫാമിലെ തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.


