പാലോട്: വനംവകുപ്പിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്ന ഇടിഞ്ഞാറിലെ ഈറ്റ കടത്ത് വീണ്ടും തുടങ്ങി. ഈറ്റക്കാടുകള്‍ ഇല്ലാതാക്കി പ്രതിദിനം ടണ്‍കണക്കിന് ഈറ്റയാണ് ഇവിടെനിന്നും കടത്തിക്കൊണ്ടുപോകുന്നത്.
കാട് കരിഞ്ഞുതുടങ്ങിയതോടെ കഴിഞ്ഞദിവസം നാട്ടുകാര്‍ ഈറ്റ കയറ്റിവന്ന ലോറികള്‍ ഇടിഞ്ഞാര്‍ ജങ്ഷനില്‍ തടഞ്ഞു. ഇത് സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കും കാരണമായി. വനം വകുപ്പിന്റെ രേഖാമൂലമുള്ള പാസ്സോ കെ.എഫ്.ഡി.സി. ഉദ്യോഗസ്ഥരോ സ്ഥലത്തെത്താതെ ഈറ്റ ലോറികള്‍ വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. കരാറുകാരന്റെ പേരിലുള്ള പാസ് നല്‍കാന്‍ ലോറിക്കാര്‍ക്ക് കഴിഞ്ഞതുമില്ല.
ഇടിഞ്ഞാറിലുള്ള ചിലരെ സ്വാധീനിച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘമാണ് നൂറുകണക്കിന് ജോലിക്കാരെക്കൊണ്ട് ഈറ്റവെട്ടുന്നത്. പ്രായപൂര്‍ത്തി ആയതും അല്ലാത്തതുമായ ഈറ്റക്കാടുകള്‍ വെട്ടിയശേഷം ബാക്കി വരുന്ന ഈറ്റക്കുടിലുകള്‍ ഇവര്‍ തീയിട്ടുനശിപ്പിക്കുന്നു. ഇത് കാട് പാടേ കരിഞ്ഞുണങ്ങുന്നതിനും വനവിഭവങ്ങള്‍ തേടുന്ന ആദിവാസികള്‍ക്കും വന്യമൃഗങ്ങള്‍ക്കും കടുത്ത പ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നു. തീറ്റതേടി ഗ്രാമങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ ജനജീവിതത്തിനും ഭീഷണിയാകുന്നു.
കാടുവെട്ടിത്തെളിച്ച് ശേഖരിക്കുന്ന ഈറ്റകള്‍ മങ്കയത്തെ സൊസൈറ്റിയുടെ മുന്നില്‍ കൊണ്ടിറക്കുന്നു. ഇവിടെനിന്നും യന്ത്രങ്ങള്‍ ഉപയോഗിച്ച് മുറിച്ച് കെട്ടുകളാക്കിയശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്. വനംകൊള്ള നടത്താനെത്തുന്ന തമിഴ്കരാറുകാര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് വനം വകുപ്പും വനവികസന കോര്‍പ്പറേഷനുമാണെന്ന് ഇടിഞ്ഞാറിലെ നാട്ടുകാര്‍ പറയുന്നു.
യന്ത്രവാള്‍ ഉപയോഗിച്ച് മരം ഉള്‍പ്പെടെ മുറിച്ച് ഈറ്റയോടൊപ്പം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ പേരില്‍ വനം വകുപ്പിലെ സ്‌ക്വാഡ് നേരത്തെ ഈ സാധനങ്ങളെല്ലാം കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് തൊണ്ടിമുതലായി എടുത്ത യന്ത്രവാളുകളും ജനറേറ്ററുമാണ് ഇപ്പോഴും ഈ സംഘം ഉപയോഗിച്ചുപോരുന്നതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.

