വിതുര: പെന്റാവാലന്റ് വാക്സിന് നല്‍കിയതിന്റെ പിറ്റേദിവസം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ വിതുരയിലെത്തി. വിതുര ചെറ്റച്ചല്‍ മരുതുംമൂട് ഷാരിയര്‍ മന്‍സിലില്‍ ഷമീര്‍-ഷാജിലാ ദമ്പതിമാരുടെ മകള്‍ അന്‍സിയാണ് (രണ്ട് മാസം) കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് മരിച്ചത് വാക്സിനേഷനിലെ പിഴവല്ലെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.
അഞ്ച് രോഗങ്ങള്‍ക്കുള്ള ഒറ്റ പ്രതിരോധ കുത്തിവെയ്പായ പെന്റാവാലന്റ് വാക്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 14 നാണ് അന്‍സിക്ക് വാക്സിന് നല്‍കിയത്. വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞിന് കുത്തിവെയ്പ് എടുത്തത്. പിറ്റേന്ന് പുലര്‍ച്ചെ ഉറക്കത്തിനിടെ അന്‍സി മരിക്കുകയായിരുന്നു.
ശനിയാഴ്ച വിതുര ആസ്പത്രിയിലെത്തിയ വിദഗ്ദ്ധസംഘം ഇവിടത്തെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. അന്‍സിക്ക് കുത്തിവെയെ്പടുത്ത അതേ ബോട്ടിലില്‍ നിന്ന് വാക്സിന് നല്കിയ അഞ്ച് കുഞ്ഞുങ്ങളെ സംഘം പരിശോധിച്ചു. രണ്ട് കുഞ്ഞുങ്ങളെ ആസ്പത്രിയില്‍ വെച്ചും മൂന്നുപേരെ വീട്ടില്‍ ചെന്നുമാണ് പരിശോധന നടത്തിയത്. ഇവര്‍ക്കാര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ല.
അന്‍സിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവൂ. വിതുരയില്‍ നിന്ന് ഉച്ചതിരിഞ്ഞ് വിദഗ്ദ്ധസംഘം ആറ്റിങ്ങലില്‍ അന്‍സിയുടെ അച്ഛന് ഷമീറിന്റെ വീട്ടിലെത്തി. അമ്മ ഷാജിലയോട് സംസാരിച്ച സംഘം, മറ്റെന്തോ കാരണത്താലാണ് കുഞ്ഞ് മരിച്ചതെന്ന നിഗമനത്തിലാണ് എത്തിയത്. ലോകാരോഗ്യ സംഘടനയുടെ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ.ആശാ രാഘവന്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ശ്രീധര്‍, വിതുര മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.


