കെ മുഹമ്മദ് റാഫി
നെടുമങ്ങാട്: ഡിസംബര്‍ ആയതോടെ കോടമഞ്ഞ് പുതച്ച ഹരിതകുന്നായ പൊന്മുടിയിലേക്ക് ടൂറിസ്റുകളുടെ പ്രവാഹം ഉണ്ടാവുമ്പോഴും സര്‍ക്കാര്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് ആരോപണം. വിദേശികളും അന്യസംസ്ഥാനക്കാരും വന്നുപോവുന്ന പൊന്മുടിയില് കുടിവെള്ളത്തിനുപോലും കടുത്ത ക്ഷാമമാണ്. അപ്പര്‍ സാനിറ്റോറിയത്തില്‍ വെള്ളം ടാങ്കുകളില്‍ ശേഖരിച്ചാണ് വാട്ടര്‍ അതോറിറ്റി ജലവിതരണം നടത്തുന്നത്. ടാങ്കുകളിലെ വാല്‍വ് യഥാസമയം തുറക്കാത്തതിനാല്‍ ശുദ്ധജല വിതരണം മുടങ്ങുന്നതു പതിവുസംഭവമാണ്. പൊന്മുടിയിലെ റസ്റ്ഹൌസ്, റസ്റോറന്റ്, പോലിസ്സ്റേഷന്, പോസ്റ്ഓഫിസ്, പബ്ളിക് കംഫര്‍ട്ട് സ്റേഷന് എന്നിവിടങ്ങളിലെല്ലാം കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും പൊതുടാപ്പാണ് ഏക ആശ്രയം. ജലവിതരണം അടിക്കടി മുടങ്ങുന്നതുകൊണ്ട് ഇവയുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാവുന്നു. പൊന്മുടി അപ്പര്സാനിറ്റോറിയത്തിലെത്തുന്ന സഞ്ചാരികള്‍ക്കു മഴയും വെയിലുമേല്‍ക്കാതെ കയറിനില്ക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും സൌകര്യമില്ലെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനുപുറമെ ഒരുഗ്ളാസ് വെള്ളം കുടിക്കണമെങ്കില്‍ പൊന്മുടിയിലെത്തുന്നവര് മലയിറങ്ങണം.
മാസങ്ങള്‍ക്കു മുമ്പ് പൊന്മുടി സന്ദര്‍ശിച്ച മന്ത്രിമാരായ അനില്‍കുമാറും ഗണേഷ്കുമാറും വാര്‍ത്താമാധ്യമങ്ങളുടെ മുന്നില്‍വച്ച് നിരവധി വികസനപ്രഖ്യാപനങ്ങള്‍ നടത്തിയശേഷമാണ് മടങ്ങിയത്. മാസങ്ങള്‍ പലതുകഴിഞ്ഞിട്ടും വികസനപ്രവര്‍ത്തനങ്ങളുടെ പ്രാരംഭനടപടികള്‍പോലും തുടങ്ങിയിട്ടില്ല.
പൊന്മുടിയില് ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗസ്റ്ഹൌസില്‍ ഒരുദിവസം തങ്ങിയാല്‍ കൈ പൊള്ളും. 2,000 രൂപമുതല്‍ 4,000 രൂപ വരെയാണ് മുറിവാടക.
മുറി കിട്ടണമെങ്കില്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതുഭരണവകുപ്പില്‍ ദിവസങ്ങള്‍ക്കുമുമ്പ് അപേക്ഷ നല്‍കണം. ഗസ്റ്ഹൌസില്‍ നിന്ന് അപ്പര്‍ സാനിറ്റോറിയത്തില്‍ എത്തണമെങ്കില്‍ വനസംരക്ഷണ സമിതിക്ക് ടോള്‍ നല്‍കണം. ഇരുചക്രവാഹനങ്ങള്‍ക്ക് 10, നാലുചക്രവാഹനങ്ങള്‍ക്ക് 15, ബസ്സുകള്‍ക്ക് 30 എന്നിങ്ങനെയാണ് നിരക്കുകള്‍. വാഹനമില്ലാതെ നടന്നുപോയാലും ഇവിടെ 10 രൂപ നല്‍കണം.
ടോള്‍പിരിവിലൂടെ ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ട് വികസനമൊന്നും നടക്കുന്നില്ലെന്നുമാത്രമല്ല, ലക്ഷങ്ങള്‍ വെട്ടിക്കുന്നതായും ആക്ഷേപമുണ്ട്. പൊന്മുടിയിലെ ഗസ്റ്ഹൌസ് മേല്‍ക്കൂര നശിച്ച് ഏതുനിമിഷവും നിലംപൊത്താറായ നിലയിലാണ്. ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് സ്റേഷനില്‍ എസ്.ഐക്കുപോലും ഇരിക്കാന്‍ കസേരയില്ല.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കെ. ടി. ഡി.സി ബിയര്‍പാര്‍ലര്‍ പൂട്ടിയിട്ട് നാളുകളായി. നിലവിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് കാടുകയറി കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യവും പലപ്പോഴും സഹിക്കേണ്ടിവരുന്നു.


