![]() |
| Photo by: Jaggu Anish |
പാലോട്: പാലോട്ടെ ദേശീയ സസ്യോദ്യാനമായ 'ജവഹര്ലാല്നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍' 6 മുതല്‍ 10 വരെ 'ഓപ്പണ്‍ ഹൗസ്' സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഡോ. പി.ജി. ലത പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്ഥാപനത്തിന്റെ മൂന്നു പതിറ്റാണ്ടുകാലത്തെ മികവുകള്‍, റിസര്‍ച്ചുകള്‍, കണ്ടുപിടിത്തങ്ങള്‍, മണ്മറഞ്ഞുപോയ സസ്യസമ്പത്തുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ളതാവും ഓപ്പണ്‍ ഹൗസ്. ഈയവസരത്തില്‍ സ്ഥാപനത്തില്‍ പ്രവേശനം സൗജന്യമാണ്.
സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സെക്ടറുകളായ ഔഷധസസ്യങ്ങള്‍, മുളകള്‍, കള്ളിച്ചെടികള്‍, ഫലവൃക്ഷങ്ങള്‍, അപൂര്‍വസസ്യങ്ങള്‍ ഉള്‍പ്പെടുന്ന ജീന്‍ബാങ്ക്, വംശനാശഭീഷണി നേരിടുന്ന സസ്യങ്ങള്‍, ഓര്‍ക്കിഡ്/ആന്തൂറിയം എന്നിവയെല്ലാം നേരില്‍ കാണാന്‍ അവസരമൊരുക്കും. വിപുലമായ എക്സിബിഷന്, പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം, പുസ്തകശാല എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് 40,000 ഔഷധ/അലങ്കാര/ഫലവൃക്ഷ സസ്യങ്ങളുടെ തൈകള്‍ വില്പനയ്ക്കുണ്ടാകും.
പത്തുവര്‍ഷത്തിന് ശേഷമാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രയോജനപ്പെടുന്ന തരത്തില്‍ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഓപ്പണ്‍ഹൗസിന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. സ്പീക്കര്‍ ജി. കാര്ത്തികേയന് ഓപ്പണ്‍ഹൗസ് ഉദ്ഘാടനം ചെയ്യും. ദേശീയ സസ്യോദ്യാനം പ്രോഗ്രം കണ്‍വീനര്‍ ഡോ. എന്‍.മോഹനനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


