വിതുര: കടന്നല്ശല്യംകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ കൂടിളകുംപോലെ നാട്ടുകാരുടെ പ്രതിഷേധം. വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രശ്നത്തിന് ഒടുവില്‍ പരിഹാരവും. പൊന്മുടി റോഡില്‍ ആനപ്പാറ ചിറ്റാര്‍ പാലത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ മരത്തിലെ ഇരുപതോളം കടന്നല്‍ക്കൂടുകളാണ് ഏറെ നാളായി നാട്ടുകാര്‍ക്ക് ഭീഷണിയായത്. ഞായറാഴ്ച പിഞ്ചുകുഞ്ഞുള്‍പ്പെടെ പത്തോളം പേര്‍ക്കുകൂടി കടിയേറ്റപ്പോള്‍ ക്ഷമകെട്ട ചിറ്റാര്‍ നിവാസികള്‍ തിങ്കളാഴ്ച രാവിലെ പൊന്മുടി സംസ്ഥാന ഹൈവേ ഉപരോധിച്ചു. വിതുര ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അനുനയത്തിന് വഴങ്ങാതെ നടത്തിയ ഉപരോധം തഹസില്‍ദാര്‍ ഡേവിഡ്ജോണ്‍ എത്തുംവരെ തുടര്‍ന്നു. ഒടുവില്‍ കൂടുകള്‍ കത്തിക്കാന്‍ 25,000 രൂപ അനുവദിക്കാന്‍ തീരുമാനമായി.
ഞായറാഴ്ച ചിറ്റാര്‍ പാലത്തിന് സമീപം അയ്യപ്പന്കെട്ട് നടക്കുന്നതിനിടെയാണ് കടന്നലുകള്‍ ഇളകിയത്. പത്തോളംപേര്‍ക്ക് കടിയേറ്റു. ചിറ്റാര്‍ എട്ടേക്കറില്‍ രഘു എന്നയാള്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയിലാണ്. തേന്‍ കുടിക്കാനായി കടന്നല്‍ക്കൂട്ടില്‍ പരുന്ത് വന്നിടിക്കുമ്പോഴാണ് ഇവ ഇളകാറ്. ഇടയ്ക്കിടെ ഇത്തരം സംഭവമുണ്ടാകുന്നതിനാല് നാട്ടുകാര്‍ സഹികെട്ട അവസ്ഥയിലായിരുന്നു.
ഉപരോധത്തെത്തുടര്‍ന്ന് രണ്ടുമണിക്കൂറോളം സംസ്ഥാന ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൂടുകള്‍ നശിപ്പിക്കാന്‍ ആനപ്പാറ സ്വദേശിയായ ഒരാളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിനൊപ്പം ഗ്രാമപ്പഞ്ചായത്തും ചെലവിന്റെ ഒരു പങ്ക് വഹിക്കണം. വനംവകുപ്പിന്റെയും മറ്റും അനുമതി കിട്ടുന്ന മുറയ്ക്ക് മരം മുറിക്കാനും തീരുമാനമായി. ചിറ്റാറില്‍ പുതിയ പാലം കെട്ടാനും ഈ മരം തടസമാണ്.

