വിതുര: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടിലും അതിര്‍ത്തിയിലും കേരളജനതയ്ക്കു നേരെ ആക്രമണങ്ങള്‍ പെരുകുമ്പോള്‍ തമിഴ്നാട് മക്കള്‍ സുഖമായി കേരളത്തിലെത്തുകയും തടസ്സങ്ങളൊന്നുമില്ലാതെ മടങ്ങുകയും ചെയ്യുന്നു. വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയില് ഇന്നലെ അനവധി തമിഴ് കുടുംബങ്ങള്‍ സന്ദര്‍ശനം നടത്തി. അനവധി സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു.
കാറുകളിലും ടെംപോ വാനുകളിലുമാണു തമിഴ്നാട് സ്വദേശികള്‍ എത്തിയത്. ഉച്ചയ്ക്കു സര്‍ക്കാര്‍ വക ഗസ്റ്റ് ഹൌസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം അപ്പര്‍ സാനറ്റോറിയവും പരിസരവും മുഴുവന്‍ ചുറ്റിക്കറങ്ങി പ്രകൃതിഭംഗി ആസ്വദിച്ചു. വൈകിട്ട് ആറു മണിയോടെ ഇവര്‍ മടങ്ങി. പൊന്മുടിയില് തമിഴ് സംഭാഷണം മുഴങ്ങിക്കേട്ടെങ്കിലും ആരും ഇവരോടു പ്രതിഷേധിക്കാന്‍ എത്തിയില്ല.


