വിതുര: ആര്യനാട്-വിതുര റൂട്ടില്‍ പുറമ്പോക്കു കയ്യേറ്റം വ്യാപകമായതായി പരാതി. ദൂരപരിധി ലംഘിച്ചു വീടുകളും കടകളും നിര്‍മിച്ചിട്ടും നടപടികളെടുക്കുന്നില്ല. റോഡരിക് വ്യാപകമായി കയ്യേറി പച്ചക്കറി, മരച്ചീനി, വാഴ കൃഷികള്‍ നടത്തിയിരിക്കുന്നതും ദൃശ്യമാണ്. ബസുകളും മറ്റും സൈഡ് നല്കുമ്പോള് കാര്‍ഷിക വിളകളും ചില്ലകളും ദേഹത്ത് അടിച്ചു പരുക്കേറ്റ സംഭവവുമുണ്ടായി. കെഎസ്ആര്‍ടിസി ബസുകളും മറ്റും വിളകളില്കൂടി സര്‍വീസ് നടത്തേണ്ട അവസ്ഥയാണു നിലവില്‍.
കഴിഞ്ഞ ദിവസം ഒരു ബസ് സൈഡ് നല്കിയപ്പോള് പുറമ്പോക്കു ഭൂമിയില്‍നിന്ന വാഴക്കുല ബസിനകത്തേക്കു നീണ്ടുവന്നു. ഇരുത്തലമൂല മുതല്‍ വിനോബാനികേതന്‍ വരെയുള്ള ഭാഗങ്ങളിലാണ് ഏറെ കയ്യേറ്റം നടത്തിയിരിക്കുന്നത്. മലയടി ഭാഗത്തു ദൂരപരിധി ലംഘിച്ചു വീട് നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഒപ്പിട്ട നിവേദനം തൊളിക്കോട് പഞ്ചായത്തില്‍ നല്കി. പുറമ്പോക്ക് കയ്യേറ്റത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നു നാട്ടുകാര്‍ അറിയിച്ചു.


